Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കഴുത്തിൽ കുരുക്ക് മുറുക്കുന്നതിന് മുൻപ് അണിയിക്കുന്ന മുഖാവരണം നിരസിച്ച് ധീരമായി മരണത്തെ നേരിട്ട സദ്ദാം ഹുസൈനും താൻ തൂക്കിലേറ്റപ്പെടാൻ പോവുകയാണ് എന്ന സത്യം തിരിച്ചറിഞ്ഞ നിമിഷം 'എനിക്ക് തെറ്റുപറ്റി പോയല്ലോ ' എന്ന് വിലപിച്ച അജ്മൽ കസബും വധശിക്ഷയുടെ വ്യത്യസ്ത മുഖങ്ങൾ കാട്ടിത്തരുന്നു; വധശിക്ഷയുടെ നീതിശാസ്ത്രത്തെ കുറിച്ച് അഡ്വ. സുനിൽ സുരേഷ് എഴുതുന്നു

കഴുത്തിൽ കുരുക്ക് മുറുക്കുന്നതിന് മുൻപ് അണിയിക്കുന്ന മുഖാവരണം നിരസിച്ച് ധീരമായി മരണത്തെ നേരിട്ട സദ്ദാം ഹുസൈനും താൻ തൂക്കിലേറ്റപ്പെടാൻ പോവുകയാണ് എന്ന സത്യം തിരിച്ചറിഞ്ഞ നിമിഷം 'എനിക്ക് തെറ്റുപറ്റി പോയല്ലോ ' എന്ന് വിലപിച്ച അജ്മൽ കസബും വധശിക്ഷയുടെ വ്യത്യസ്ത മുഖങ്ങൾ കാട്ടിത്തരുന്നു; വധശിക്ഷയുടെ നീതിശാസ്ത്രത്തെ കുറിച്ച് അഡ്വ. സുനിൽ സുരേഷ് എഴുതുന്നു

അഡ്വ. സുനിൽ സുരേഷ്

നിർഭയ കേസിലെ പ്രതികൾക്കായി കൊലമരം ഒരുങ്ങുന്നു. മകളെ നഷ്ടപ്പെട്ട അമ്മയും മകനെ നഷ്ടപ്പെടാൻ പോകുന്ന അമ്മയും കോടതിവരാന്തയിൽ നേർക്കുനേർ. ഇന്ദിരാഗാന്ധിയുടെ ഘാതകരെ തൂക്കിലേറ്റിയ ആരാച്ചാർ കല്ലു ജല്ലാദിന്റെ കൊച്ചുമകൻ പവൻ ജല്ലാദ് ആരാച്ചാരുടെ കുപ്പായം അണിയുമ്പോൾ സ്വതന്ത്ര ഭാരതം സാക്ഷ്യം വഹിച്ച ഏറ്റവും പ്രമാദമായ പീഡനക്കേസിനും ഏറ്റവും വെറുക്കപ്പെട്ട പ്രതികളുടെ ജീവിതത്തിനും തിരശ്ശീല വീഴുകയാണ്. നിർഭയയുടെ മൊഴി പ്രകാരം ഏറ്റവും മാരകമായി പീഡനം ഏൽപ്പിച്ച കൂട്ടുപ്രതി ഇന്ന്, ജുവനൈൽ അനുകൂല്യം പറ്റി കൊലമരത്തിൽ നിന്നും ഏറെ ദൂരെ 'സ്വസ്ഥ ജീവിതം' നയിച്ചു വരുന്നു.

എന്തുകൊണ്ട് വധ ശിക്ഷ? മാപ്പർഹിക്കാത്ത തെറ്റ് ചെയ്യുന്ന ഒരുവനെ സമൂഹത്തിൽ നിന്നും ഉന്മൂലനം ചെയ്യുക എന്നതുതന്നെ മുഖ്യം. ഭരണഘടനയുടെ ഇരുപത്തിയൊന്നാം ആർട്ടിക്കിൾ പ്രകാരം കൃത്യമായ ഒരു നടപടിക്രമത്തിലൂടെയല്ലാതെ ഒരാളുടെ ജീവൻ എടുക്കുവാൻ പാടുള്ളതല്ല. ഇന്ത്യൻ നിയമ വ്യവസ്ഥിതി പ്രകാരം ഒരാൾക്ക് ജീവിക്കുവാനുള്ള അവകാശം ഉണ്ടായിരിക്കുന്നതും, സ്വയം ജീവൻ ഒടുക്കാതിരിക്കുന്നതിനുള്ള കർത്തവ്യം ഉണ്ടായിരിക്കുന്നതും, മറ്റൊരാളുടെ ജീവൻ എടുക്കാതിരിക്കുന്നതിനുള്ള ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതും ആകുന്നു.

ഒരു കേസ് അപൂർവ്വങ്ങളിൽ അപൂർവ്വം ആകുന്ന സാഹചര്യത്തിലാണ് സാധാരണ വധശിക്ഷ വിധിക്കാറുള്ളത്. എപ്രകാരം ഒരു കേസ് അപൂർവ്വങ്ങളിൽ അപൂർവ്വം ആകുന്നു? സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന അതിക്രൂരമായ കൊലപാതകങ്ങൾ, അപ്രകാരം കൊല്ലപ്പെടുന്നത് നിസ്സഹായയായ ഒരു സ്ത്രീയോ കുട്ടിയോ ആകുന്നത് ഇങ്ങനെ സാഹചര്യങ്ങൾക്കനുസൃതമായി പരമോന്നത കോടതിക്ക് തീർപ്പ് കൽപ്പിക്കാവുന്നതായ ഒന്നാണ് അപൂർവ്വങ്ങളിൽ അപൂർവ്വം എന്ന സാഹചര്യം. ഇന്ത്യൻ ശിക്ഷാ നിയമത്തിൽ വിവിധ കുറ്റങ്ങൾക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിൽ കൂടി അവയുടെ പ്രത്യേക സ്വഭാവം തലനാരിഴകീറി വിശകലനം ചെയ്ത ശേഷം മാത്രമായിരിക്കും അന്തിമ നിഗമനത്തിൽ എത്തുക.

കുറ്റവാളി എത്ര കൊടും ക്രൂരനായിരുന്നാൽത്തന്നെ ന്യായമായ വിചാരണയ്ക്കും നടപടിക്രമങ്ങൾക്കും വിധേയമായി മാത്രമേ വധശിക്ഷ നടപ്പിലാക്കാവൂ എന്ന് നിയമം അനുശാസിക്കുന്നു.
ക്രിമിനൽ പ്രൊസീജിയർ കോഡ് വകുപ്പ് 354 (3) പ്രകാരം ഒരു കുറ്റവാളിക്ക് വധശിക്ഷ വിധിക്കുന്നു എങ്കിൽ അതിനെ ന്യായീകരിക്കുന്ന പ്രത്യേകകാരണങ്ങൾ രേഖപ്പെടുത്തേണ്ടതാണ്. അതുപോലെതന്നെ സെഷൻസ് ജഡ്ജ് വിധിക്കുന്ന വധശിക്ഷ ഹൈക്കോടതിയുടെ ഉറപ്പോടുകൂടി മാത്രമേ നടപ്പിലാക്കുവാൻ പാടുള്ളൂ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്ന പ്രതി ഗർഭിണിയാണെങ്കിൽ ശിക്ഷ നടപ്പാക്കുന്നത് നീട്ടി വെയ്ക്കുന്നതിനോ ആയത് ജീവപര്യന്തം തടവ്ശിക്ഷയായി ലഘൂകരിക്കുന്നതിനോ ക്രിമിനൽ നിയമം വ്യവസ്ഥ ചെയ്യുന്നു.

പുരാണങ്ങൾ മുതൽക്കേ ഹീനമായ കുറ്റങ്ങൾക്ക് വധശിക്ഷ നൽകി വന്നിരുന്നു. കുരിശിലേറ്റുക, വന്യമൃഗങ്ങൾക്ക് എറിഞ്ഞു കൊടുക്കുക തുടങ്ങി പ്രാകൃതമായ വധശിക്ഷാരീതികൾ ആയിരുന്നു പ്രാചീനകാലത്ത് പ്രചാരത്തിൽ ഉണ്ടായിരുന്നത്.
പുരാതന അസീറിയയിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ഭീകരമായ ഒരു ശിക്ഷാ രീതിയായിരുന്നു ജീവനോടെ തൊലിയുരിച്ചു കൊല്ലുക എന്നത്. കുറ്റവാളിയെ കല്ലെറിഞ്ഞു കൊല്ലുന്നത് പ്രാചീന ഹീബ്രു നിയമവ്യവസ്ഥയിൽ വ്യാപകമായിരുന്നു. സമാനമായ തീവ്ര വധശിക്ഷാരീതികൾ പ്രാചീന റോമിലും പരീക്ഷിക്കപ്പെട്ടിരുന്നു. 1890 കളിൽ കണ്ടുപിടിച്ച വൈദ്യുതകസേര ഇന്നും ചില രാജ്യങ്ങൾ പിന്തുടരുന്നു. ഏകദേശം 2000 വോൾട്ട് വൈദ്യുതിയാണ് കുറ്റവാളിയുടെ ശരീരത്തിലൂടെ പായിക്കുക. കുറ്റവാളികളെ വിഷം കുത്തിവെച്ച് കൊല്ലുന്ന രീതി 1977 ൽ അമേരിക്കയിൽ അവതരിപ്പിക്കപ്പെട്ടു.1890 കളിൽ വധശിക്ഷ നടപ്പിലാക്കാനായി ഫ്രാൻസിൽ അവതരിപ്പിക്കപ്പെട്ട ഒരു സംവിധാനമാണ് ഗില്ലറ്റിൻ. യഹൂദരെ കൂട്ടക്കൊല ചെയ്യാൻ ഹിറ്റ്‌ലറുടെ ഭരണകാലത്ത് വിഷവാതകം നിറച്ച ഗ്യാസ് ചേംബറുകൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടു.

കുറ്റവാളിയെ പൊതുജനമധ്യത്തിൽ തൂക്കിലേറ്റുന്ന രീതി ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങൾ പിന്തുടർന്നു വന്നിരുന്നു. എന്നാൽ ഈ രീതി ഭരണഘടനാവിരുദ്ധമാണെന്ന് 1986 ൽ ലച്മ ദേവി കേസിൽ സുപ്രീംകോടതി പ്രസ്താവിച്ചിട്ടുള്ളതാണ്.
ഇന്ത്യയിൽ മുഗൾ ഭരണകാലത്ത് ഏറ്റവും ക്രൂരമായ രീതിയിൽ വധശിക്ഷാരീതികൾ നടപ്പിലാക്കപ്പെട്ടിരുന്നു. ബ്രിട്ടീഷ് ആവിർഭാ ത്തോടുകൂടി ഇത്തരം രീതികൾ നിരോധിക്കപ്പെടുകയായിരുന്നു.
ദിന വേ. സ്റ്റേറ്റ് ഓഫ് യു.പി, ശ്രീമതി ശശി നായർ വേ. യൂണിയൻ ഓഫ് ഇന്ത്യ കേസുകളിൽ മരണംവരെയും തൂക്കിക്കൊല്ലുന്ന രീതി മനുഷ്യത്വരഹിതവും ക്രൂരവും ആണെന്ന വാദത്തിന്മേൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാൽ സുപ്രീംകോടതി ഈ വാദങ്ങളെല്ലാം തള്ളുകയാണ് ഉണ്ടായത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ കണക്കുകൾ പ്രകാരം ഏകദേശം 1300 ഓളം പേർക്ക് വധശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും നാലു പേരുടെ ശിക്ഷ മാത്രമാണ് നടപ്പാക്കിയിട്ടുള്ളത്. (അജ്മൽ കസബ്, അഫ്‌സൽ ഗുരു, ധനജ്ഞയ് ചാറ്റർജി, യാക്കൂബ് മേമൻ) കേരളത്തിൽ ഇരുപത്തെട്ട് വർഷങ്ങൾക്ക് മുൻപ് കണ്ണൂർ സെൻട്രൽ ജയിലിൽ റിപ്പർ ചന്ദ്രനെയും നാൽപ്പത്തൊന്നു വർഷങ്ങൾക്ക് മുൻപ് പൂജപ്പുര സെൻട്രൽ ജയിലിൽ അഴകേശൻ എന്ന ദുർമന്ത്രവാദിയെയുമാണ് അവസാനമായി തൂക്കിലേറ്റിയത്.

വധശിക്ഷ വേണമോ വേണ്ടയോ എന്ന കാര്യത്തിൽ ലോകമൊട്ടാകെ ചർച്ചകൾ നടക്കുകയാണ്. പരിഷ്‌കൃതമായ (എന്ന് വിശേഷിപ്പിക്കുന്ന) പല രാജ്യങ്ങളും വധശിക്ഷ നിർത്തലാക്കിയിട്ടുണ്ട്. ജസ്റ്റിസ് വി ആർ കൃഷ്ണയ്യരെ പോലുള്ള ന്യായാധിപന്മാർ വധശിക്ഷക്കെതിരെ ശബ്ദമുയർത്തിട്ടുള്ളതാണ്. നിയമ കമ്മീഷൻ 262 ആം റിപ്പോർട്ടിൽ തീവ്രവാദം ഒഴികെയുള്ള വിഷയങ്ങളിൽ വധശിക്ഷ ഒഴിവാക്കണം എന്ന് അഭിപ്രായപ്പെട്ടിരുന്നു. ജീവിക്കാനുള്ള അവകാശം ഭരണഘടനയാൽ ഉറപ്പു നൽകുന്ന ഒരു ജനാധിപത്യ രാഷ്ട്രത്തിൽ അതേ വ്യക്തിയുടെ ജീവനെടുക്കുന്നതിനുള്ള അധികാരം സ്റ്റേറ്റിൽ നിക്ഷിപ്തമായിരിക്കുന്നത് വിരോധാഭാസമായി തോന്നാം. എങ്കിലും പീഡനത്തിൽ ജീവൻ നഷ്ടപ്പെട്ട ഇരയുടെ മാതാപിതാക്കളും ബന്ധുമിത്രാദികളും പ്രതിയുടെ മരണത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നുണ്ടാവില്ല. കൊല്ലപ്പെട്ട സൗമ്യയുടെ മാതാവ് നിർഭയകേസ് പ്രതികളുടെ വധശിക്ഷ ന്യായീകരിക്കുന്നതും ഒപ്പം എത്രയും പെട്ടെന്ന് ഗോവിന്ദചാമിയുടെ വധശിക്ഷ കൂടി നടപ്പിലാക്കി കാണുവാൻ ആഗ്രഹിക്കുന്നതും മറ്റൊരു നീതിശാസ്ത്രം. അഫ്‌സൽ ഗുരുവിന്റെ വധശിക്ഷ നടപ്പിലാക്കുന്നതിന് മുമ്പ് അവസാനമായി ബന്ധുക്കൾക്ക് കാണുന്നതിനുള്ള അവസരം നൽകാതിരുന്നതിലെ മനുഷ്യാവകാശ ലംഘനവും നീതി ശാസ്ത്രവും തമ്മിലുള്ള പൊരുത്തക്കേടുകൾക്ക് കൃത്യമായ ഒരു നിർവചനം ഇനിയും നൽകേണ്ടിയിരിക്കുന്നു.

തെറ്റായ തീരുമാനത്തിലൂടെ ഒരാൾ തൂക്കിലേറ്റപ്പെടുകയാണെങ്കിൽ ഒരിക്കലും തിരുത്താനാവാത്ത അനീതി ആയിരിക്കും നടപ്പിലാകുക. കൊലപാതകങ്ങളുടെ നിരക്ക് സംബന്ധിച്ച് വിവിധ രാജ്യങ്ങളിൽ നടത്തിയിട്ടുള്ള വിവിധ സർവ്വേകൾ വെളിപ്പെടുത്തുന്നത് വധശിക്ഷ ശക്തമാക്കിയതുകൊണ്ട് മാത്രം കൊലപാതകങ്ങളുടെ എണ്ണത്തിൽ കാര്യമായ കുറവ് വരുന്നില്ല എന്നതാണ്. ബലാത്സംഗക്കേസുകളിലെ പ്രതികൾക്ക് വധശിക്ഷ നൽകുന്നതിലൂടെ പീഡനങ്ങൾ കുറയുമോ എന്ന ചോദ്യം ഒരു പൊതുതാൽപര്യ ഹർജി പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതി ഉന്നയിച്ചത് ശ്രദ്ധേയമായിരുന്നു. വധശിക്ഷയെ അനുകൂലിക്കുന്നവരുടെ അഭിപ്രായത്തിൽ, പ്രതിക്ക് ചെയ്യുന്ന കുറ്റത്തിന് അനുസൃതമായ ശിക്ഷ തന്നെ ലഭിക്കണം. ഒരു വ്യക്തിയുടെ ജീവനെടുക്കുന്നയാൾക്ക് തുടർന്ന് ജീവിക്കാനുള്ള അവകാശം ഇല്ല എന്നത് ഒരു വാദം. ജീവിതകാലം മുഴുവൻ ഒരു കൊടും കുറ്റവാളിയെ തീറ്റിപോറ്റേണ്ട ഭാരിച്ച ചെലവ് കണക്കിലെടുക്കുമ്പോൾ വധശിക്ഷ എത്രയോ മെച്ചം എന്നത് മറ്റാരു വാദം.

കീഴ്‌കോടതി വധശിക്ഷ വിധിക്കുന്നതു മുതൽ നടപ്പിലാക്കുന്നതു വരെയുള്ള കാലതാമസം ആണ് മറ്റൊരു പ്രശ്‌നം. ശിക്ഷയോ ശിക്ഷയിൽനിന്നുള്ള മുക്തിയോ ആകട്ടെ, വൈകി ലഭിക്കുന്ന നീതി നീതി നിഷേധത്തിന് തുല്യമാണ് എന്നാണ് ഇന്ത്യൻ നിയമവ്യവസ്ഥിതി വിലയിരുത്തുന്നത്. ഭരണഘടനയിലെ ഇരുപത്തിഒന്നാം ആർട്ടിക്കിൾ ഉറപ്പ് നൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ പരിധിയിൽ വേഗതയിലുള്ള വിചാരണയും കൂടി ഉൾപ്പെടുന്നു. രാഷ്ട്രപതിയുടെ ദയാഹർജി തീർപ്പാക്കുന്നതിനായിആറ് മുതൽ പന്ത്രണ്ട് വർഷം വരെ കാലതാമസം നേരിട്ട കേസുകൾ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. ഇവയിൽ പലതിലെയും ദീർഘമായ കാലതാമസത്തിന്റെ അടിസ്ഥാനത്തിൽ വധശിക്ഷ ജീവപര്യന്തമായി സുപ്രീംകോടതി വെട്ടിച്ചുരുക്കിയിട്ടുമുണ്ട്.

അപ്പീൽ, പുന പരിശോധന ഹർജി, തിരുത്തൽ ഹർജി, ദയാഹർജി എന്നിങ്ങനെ കുറ്റവാളിക്ക് മുൻപാകെയുള്ള എല്ലാ വാതിലുകളും അടഞ്ഞു കഴിഞ്ഞാൽ വധശിക്ഷ വിധിച്ച ജഡ്ജി അത് നടപ്പിലാക്കുന്ന കാര്യം ജയിൽ അധികാരിയെ ഔദ്യോഗികമായി അറിയിക്കുന്ന രേഖയായ ഫോറം 42 അഥവാ ബ്ലാക്ക് വാറണ്ട് പുറപ്പെടുവിക്കുന്നു. തൂക്കിലേറ്റുന്നതിന് ദിവസങ്ങൾക്ക് മുൻപ് പ്രതിയെ ഏകാന്തതടവിലേക്ക് മാറ്റുന്നു.ഈ കാലയളവിൽ പ്രതിയുടെ ന്യായമായ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്ന പതിവുണ്ട്. വിൽപത്രം തയ്യാറാക്കണമെങ്കിൽ അതിനുള്ള സംവിധാനങ്ങളും ഒരുക്കിക്കൊടുക്കുന്നതാണ്.

തൂക്കുമരത്തിനു സമീപം ജയിൽ അധികൃതർ, കളക്ടർ, ജഡ്ജ്, മെഡിക്കൽ ഓഫീസർ, പൊലീസ് മേധാവി തുടങ്ങി ചുരുക്കം ചിലർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കപ്പെട്ടിരിക്കുന്നത്. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി പുലർച്ചയോടെ പ്രതിയെ തൂക്കിലേറ്റുന്നു. സംസ്‌കരിക്കുന്നതിനും മരണാനന്തരകർമ്മങ്ങൾക്കായും മൃതദേഹം നേരത്തെതന്നെ വിട്ടുകൊടുക്കുന്നതിന് വേണ്ടിയാണിത്. പ്രതിയുടെ തൂക്കുകയർ തയ്യാറാക്കുന്നതും കുരുക്ക് ഇടുന്നതും മുഖാവരണം അണിയിക്കുന്നതും ഒടുവിൽ ട്രാപ്പ് ഡോർ ലിവർ വലിക്കുന്നതുമെല്ലാം ആരാച്ചാരുടെ ജോലിയാണ്. കഴുത്തിൽ മുറുകിയ കുരുക്കുമായി ഒൻപത് അടിയോളം താഴ്ചയിലേക്ക് പ്രതിയുടെ ശരീരം പൊടുന്നനെ വന്നു നിൽക്കുമ്പോൾ കഴുത്തെല്ല് തകരുകയും സുഷുമ്‌നാ നാഡിയും തലച്ചോറും തമ്മിലുള്ള ബന്ധം ക്ഷണനേരത്തിനുള്ളിൽ വിച്ചേദിക്കപ്പെടുകയും ചെയ്യുന്നു. തുടർന്ന് രക്തസമ്മർദ്ദം പൂജ്യത്തിൽ എത്തുകയും ആയത് മസ്തിഷ്‌ക മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. കൂടുതലായി എന്തെങ്കിലും മനസ്സിലാക്കുന്നതിനു മുൻപുതന്നെ പ്രതിയുടെ ബോധം മറഞ്ഞിരിക്കും. മരണം ഔദ്യോഗികമായി മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയശേഷമാണ് മൃതദേഹം തൂക്കു കയറിൽ നിന്നും മാറ്റുന്നത്. പ്രതിയുടെ ഉയരം തൂക്കം എന്നിവയ്ക്ക് ആനുപാതികമായ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് തൂക്കുകയർ തയ്യാറാക്കുന്നത്.

കഴുത്തിൽ കുരുക്ക് മുറുക്കുന്നതിന് മുൻപ് അണിയിക്കുന്ന മുഖാവരണം നിരസിച്ച് ധീരമായി മരണത്തെ നേരിട്ട സദ്ദാം ഹുസൈനും, താൻതൂക്കിലേറ്റപ്പെടാൻ പോവുകയാണ് എന്ന സത്യം തിരിച്ചറിഞ്ഞ നിമിഷം 'എനിക്ക് തെറ്റുപറ്റി പോയല്ലോ ' എന്ന് വിലപിച്ച അജ്മൽ കസബും വധശിക്ഷയുടെ വ്യത്യസ്ത മുഖങ്ങൾ കാട്ടിത്തരുന്നു. ആരാച്ചാരും തൂക്കിലേറ്റപ്പെടുവാൻ പോകുന്നയാളും ശിക്ഷ നടപ്പാക്കുന്നതിൽ ബാധ്യസ്ഥരായ ഉദ്യാഗസ്ഥരും നേരിടേണ്ടിവരിക അതിതീവ്രമായ മാനസിക സമ്മർദ്ദമായിരിക്കും. വധശിക്ഷ ഉറപ്പായിക്കഴിഞ്ഞാൽ ഓരോ നിമിഷവും എണ്ണി കൊലമരത്തിലേക്ക് നടന്നടുക്കുന്ന പ്രതിയുടെ മാനസികാവസ്ഥ ചിന്ത്യം.

പ്രതികളെ ഒന്നൊന്നായി തൂക്കിലേറ്റുമ്പോൾ അഞ്ച് പെൺമക്കളുടെ പിതാവ് കൂടിയായ ആരാച്ചാർ പവൻ ജല്ലാദ് എന്താവും മനസ്സിൽ വിചാരിക്കുക? ധനഞ്ജയ് ചാറ്റർജിക്ക് തന്റെ ശിക്ഷ നടപ്പിലാക്കപ്പെടുന്നതിനു മുൻപ് അനൂപ് ജെലോട്ടയുടെ ഗസൽ കേൾക്കണമെന്നും മധുരം കഴിക്കണം എന്നുള്ള ആഗ്രഹം ജയിലധികൃതർ സാധിച്ചു കൊടുത്തിരുന്നു. തൂക്കിലേറ്റുന്നതിനുമുൻപായി എൺപത്തഞ്ചുകാരനായ ആരാച്ചാരെ ധനഞ്ജയ്ചാറ്റർജി അനുഗ്രഹിച്ചതും ആരാച്ചാർ കുഴഞ്ഞുവീണതുമൊക്കെ വധശിക്ഷയുടെ കാണാപ്പുറങ്ങളാണ്.

Adv. സുനിൽ സുരേഷ് (അസി: പ്രൊഫസർ, കേരള ലോ അക്കാഡമി ലോ കോളേജ് തിരുവനന്തപുരം)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP