Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വന്തം മകളുടെ വിവാഹം നടത്തുമ്പോലെ എല്ലാ മുന്നൊരുക്കങ്ങളുമായി നിന്നത് ജമാഅത്ത് സെക്രട്ടറി നജുമുദീൻ; 10 പവൻ സ്വർണ്ണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും നൽകി സഹായിച്ചത് മഹല്ല് അംഗം നസീർ; വിവാഹവേദി ഒരുക്കാനും പാചകം ചെയ്യാനും തോരണം കെട്ടാനും ഓടിനടന്നത് നാട്ടുകാർ; ബാങ്ക് വിളി മുഴങ്ങിയതിന് പിന്നാലെ പള്ളി മുറ്റത്തെ പന്തലിൽ മന്ത്രോച്ഛാരണങ്ങളോടെ താലികെട്ട്; ആശംസകൾ നേർന്ന് എത്തിയത് രാഷ്ട്രീയ നേതാക്കളും; ചേരാവള്ളി ജുമാ മസ്ജിദ് തിരുമുറ്റത്തിൽ നടന്ന അഞ്ജു - ശരത് വിവാഹത്തിലെ കാഴ്‌ച്ചകൾ ഇങ്ങനെ

സ്വന്തം മകളുടെ വിവാഹം നടത്തുമ്പോലെ എല്ലാ മുന്നൊരുക്കങ്ങളുമായി നിന്നത് ജമാഅത്ത് സെക്രട്ടറി നജുമുദീൻ; 10 പവൻ സ്വർണ്ണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും നൽകി സഹായിച്ചത് മഹല്ല് അംഗം നസീർ; വിവാഹവേദി ഒരുക്കാനും പാചകം ചെയ്യാനും തോരണം കെട്ടാനും ഓടിനടന്നത് നാട്ടുകാർ; ബാങ്ക് വിളി മുഴങ്ങിയതിന് പിന്നാലെ പള്ളി മുറ്റത്തെ പന്തലിൽ മന്ത്രോച്ഛാരണങ്ങളോടെ താലികെട്ട്; ആശംസകൾ നേർന്ന് എത്തിയത് രാഷ്ട്രീയ നേതാക്കളും; ചേരാവള്ളി ജുമാ മസ്ജിദ് തിരുമുറ്റത്തിൽ നടന്ന അഞ്ജു - ശരത് വിവാഹത്തിലെ കാഴ്‌ച്ചകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ഏഴു തിരിയിട്ട് കൊളുത്തിയ നിലവിളക്ക്. നിറപറയും പൂങ്കുലയും. മന്ത്രജപങ്ങളോടെ തന്ത്രിയുടെ പൂജകളും. കർപ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും ഗന്ധം തളം കെട്ടി നിൽക്കുന്ന അന്തരീക്ഷം. എല്ലാം കൊണ്ടും ഒരു ഹൈന്ദ ആചാരങ്ങൾ കൊണ്ടു നിറഞ്ഞു നിന്നിരുന്നു ഇന്ന് കായംകുളം ചേരാവള്ളി ജുമാ മസ്ജിദിന്റെ തിരുമുറ്റം. ഹൈന്ദവ യുവാവിന്റെും യുവതിയുടെയും വിവാഹത്തിനായി ഹൈന്ദവ വിധിപ്രകാരമുള്ള എല്ലാ ചടങ്ങുകളും ഒരുക്കി നൽകുകയായിരുന്നു ഈ മുസ്ലിം പള്ളിയിലെ വിശ്വാസികൾ. മതവ്യത്യാസങ്ങളെ മറികടന്ന് വേറിട്ടൊരു വിവാഹ ആഘോഷമായിരുന്നു ഇന്ന് ഇവിടെ നടന്നത്. ചന്ദനക്കുറി തൊട്ട ഹിന്ദുവും നിസ്‌ക്കാര തഴമ്പുള്ള മുസൽമാനും കൊന്ത ഇട്ട ക്രൈസ്തവനും ഒന്നിച്ചിരുന്ന് സാക്ഷിയായി മതങ്ങൾക്കപ്പുറമുള്ള ഈ വിവാഹത്തിന്.

ചേരാവള്ളി അമൃതഞ്ജലിയിൽ ബിന്ദുവിന്റെയും പരേതനായ അശോകന്റെയും മകൾ അഞ്ജുവും കൃഷ്ണപുരം കാപ്പിൽ കിഴക്ക് തോട്ടേതെക്കേടത്ത് തറയിൽ ശശിധരന്റെയും മിനിയുടെയും മകൻ ശരതും തമ്മിലുള്ള വിവാഹമാണ് നടന്നത്. രണ്ട് വർഷം മുൻപ് ഉറപ്പിച്ചിരുന്ന വിവാഹം പെൺകുട്ടിയുടെ അച്ഛന്റെ മരണത്തോടെ നീണ്ടു പോകുകയായിരുന്നു. സാമ്പത്തിക ശേഷി ഇല്ലാത്തതിനെതുടർന്ന് മഹല്ല് കമ്മറ്റിക്ക് സഹായം അഭ്യർത്ഥിച്ച് കത്തു നൽകിയതോടെയാണ് വിവാഹം നടത്താൻ പള്ളിക്കമ്മറ്റി തീരുമാനിച്ചത്.

ജമാഅത്ത് സെക്രട്ടറി നുജൂമുദീൻ ആലും മൂട്ടിലിന്റെ നേതൃത്വത്തിലുള്ള പള്ളിക്കമ്മറ്റി അംഗങ്ങൾ മുന്നിട്ടിറങ്ങിയാണ് വിവാഹത്തിനായുള്ള പണം കണ്ടെത്തിയത്. പള്ളിയിലെ അംഗവും നാട്ടുകാരനുമായ നസീർ പട്ടന്റയ്യത്താണ് വിവാഹത്തിനുള്ള ചെലവ് മുഴുവൻ വഹിക്കാമെന്നേറ്റ് മുന്നോട്ട് വന്നത്. 10 പവൻ സ്വർണ്ണാഭരണങ്ങളും 2 ലക്ഷം രൂപയുമാണ് നസീർ നൽകിയത്.

ഇന്നലെ രാത്രി മുതൽ പള്ളിയിൽ വിവാഹത്തിന്റെ മുന്നൊരുക്കങ്ങളായിരുന്നു. പന്തൽ ഇടാനും പാചകം ചെയ്യാനും തോരണം കെട്ടാനുമൊക്കെ മതഭേദമന്യേ എല്ലാവരും മുൻപിലുണ്ടായിരുന്നു. രാവിലെ മുതൽ വിവാഹത്തിനായി നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ അപൂർവ്വമായ ഈ കാഴ്ച കാണാൻ എത്തിയിരുന്നു. അതിഥികൾക്ക് കൂൾ ഡ്രിങ്ക്സ് നൽകി സ്വീകരിച്ചത് മദ്രസയിലെ കുട്ടികളും പള്ളിയിലെ യുവജനങ്ങളും ചേർന്നാണ്. 12 മണിയോടെ വരനെ സ്വീകരിച്ചു. വേദിയിലേക്ക് ആനയിച്ചത് നസീറിന്റെ ഭാര്യ ജന്നത്തും ജമാ അത്ത് അംഗങ്ങളും ചേർന്നായിരുന്നു. പള്ളിയിൽ ളുഹർ നമസ്‌ക്കാരത്തിനുള്ള ബാങ്ക് വിളി മുഴങ്ങുമ്പോൾ പള്ളി മുറ്റത്തെ പന്തലിൽ മന്ത്രോച്ഛാരണങ്ങളോടെ താലികെട്ട് നടക്കുകയായിരുന്നു.

താലികെട്ടിന് ശേഷം ആലപ്പുഴ എംപി എ.എം ആരിഫ് ദമ്പതികൾക്ക് ആശംസയേകി. കേരളം ലോകത്തിന് മുന്നിൽ മാതൃകയാണ് എന്ന് പറയുന്നത് വെറും വാചകമടിയല്ല എന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ് വീണ്ടും എന്നാണ് അദ്ദേഹം പ്രതികരിച്ചത്. മതവിശ്വാസങ്ങൾക്കപ്പുറമായി മനുഷ്യസ്നേഹമാണ് വലുത് എന്ന് തെളിയിച്ചിരിക്കുകയാണ് ഈ പള്ളിക്കമ്മറ്റി അംഗങ്ങൾ. രാജ്യത്ത് മതത്തിന്റെ പേര് പറഞ്ഞ് ആളുകളെ തല്ലിക്കൊല്ലുമ്പോൾ ഇവിടെ മതത്തിനും അപ്പുറമായി മനുഷ്യരെ ചേർത്തു പിടിക്കുകയാണ് ചെയ്യുന്നത്. മത സൗഹാർദ്ധത്തിന്റെ സന്ദേശം പകരുന്ന വിവാഹത്തിന് എല്ലാ ആശംസകളും നേരുന്നു എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മത സൗഹാർദ്ധത്തിന് തന്നെ ഉത്തമ മാതൃകയാണ് ഈ കല്യാണം അതിനാൽ തന്നെ ഏറെ സന്തോഷം തോന്നുന്നു എന്നാണ് വിവാഹത്തിന് ശേഷം ദമ്പതികൾ പ്രതികരിച്ചത്.

ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം.ലിജു, ബിജെപി നേതാക്കൾ എന്നിവർ വിവാഹത്തിൽ പങ്കെടുത്തു. ഭാഗവതാചാര്യൻ പള്ളിക്കൽ സുനിലും വിവാഹ വേദിയിൽ ആശംസ അർപ്പിച്ച് സംസാരിച്ചു. വിവാഹ ശേഷം വിഭവ സമൃദ്ധമായ സദ്യയായിരുന്നു. പ്രഥമനും പാൽപ്പായസവും സദ്യക്ക് മേമ്പൊടിയേകി. നാട്ടുകാർ മത്സരിച്ചാണ് പള്ളിയിലെത്തി വിവാഹിതർക്ക് മംഗളാശംസകൾ നേർന്നത്. ബിരിയാണിക്ക് പകരം സദ്യ ഒരുക്കി പള്ളികമ്മിറ്റി ഗംഭീരമായി ആതിഥേയത്വം വഹിച്ചു. മതത്തിന്റെ പേരിൽ മനഷ്യനെ വേർതിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് രാജ്യത്ത് തന്നെ മാതൃകയായി ഈ വിവാഹം നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP