Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒടുവിൽ ഇന്ത്യയോട് സുല്ലു പറഞ്ഞ് മലേഷ്യ! തങ്ങൾ വളരെ ചെറിയ രാജ്യമാണ്, ഇന്ത്യയുമായി വ്യാപാര പോരിനില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ്; പാമോയിൽ ഇറക്കുമതി വെട്ടിക്കുറയ്ക്കുമെന്ന ഇന്ത്യൻ പ്രഖ്യാപനത്തോടെ എട്ടിന്റെ പണി കിട്ടിയ മലേഷ്യ ഒടുവിൽ മോദി വരച്ച വരയിൽ; ഇന്ത്യയെ ചൊടിപ്പിച്ചത് കാശ്മീർ, പൗരത്വം വിഷയങ്ങളിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടിയെ മലേഷ്യ വിമർശിച്ചത്

ഒടുവിൽ ഇന്ത്യയോട് സുല്ലു പറഞ്ഞ് മലേഷ്യ! തങ്ങൾ വളരെ ചെറിയ രാജ്യമാണ്, ഇന്ത്യയുമായി വ്യാപാര പോരിനില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ്; പാമോയിൽ ഇറക്കുമതി വെട്ടിക്കുറയ്ക്കുമെന്ന ഇന്ത്യൻ പ്രഖ്യാപനത്തോടെ എട്ടിന്റെ പണി കിട്ടിയ മലേഷ്യ ഒടുവിൽ മോദി വരച്ച വരയിൽ; ഇന്ത്യയെ ചൊടിപ്പിച്ചത് കാശ്മീർ, പൗരത്വം വിഷയങ്ങളിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടിയെ മലേഷ്യ വിമർശിച്ചത്

മറുനാടൻ ഡെസ്‌ക്‌

ക്വലാലംപൂർ: ഇന്ത്യൻ ആഭ്യന്തര വിഷയങ്ങളിൽ അനാവശ്യമായി ഇടപെട്ട മലേഷ്യക്ക് കിട്ടിയത് എട്ടിന്റെ പണി. പാമോയിൽ വാങ്ങുന്നത് നിർത്തിവച്ച ഇന്ത്യയുടെ നടപടിയോടെ മലേഷ്യ ഇന്ത്യൻ നിലപാടുകളുടെ വഴിയേ എത്തി. ഈ വിഷയത്തിൽ ഇന്ത്യയെ അനുനയിപ്പിക്കുന്ന നിലപാടിലാണ് മലേഷ്യ ഇപ്പോൾ നീങ്ങുന്നത്. ഇന്ത്യക്കെതിരെ പ്രതികാരമില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് വ്യക്തമാക്കി. തങ്ങൾ വളരെ ചെറിയ രാജ്യമാണെന്നും ഇന്ത്യയുമായി വ്യാപാര പോരിനില്ലെന്നും അദ്ദേഹം ലങ്കാവി ദ്വീപ് സന്ദർശനത്തിനിടെ വ്യക്തമാക്കി.

ലോകത്ത് ഏറ്റവും കൂടുതൽ പാമോയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. മലേഷ്യയിൽ നിന്നാണ് ഇന്ത്യ പ്രധാനമായും പാമോയിൽ ഇറക്കുന്നത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഇറക്കുമതി ഈ മാസം മുതൽ ഇന്ത്യ നിർത്തിവച്ചിരിക്കുകയാണ്. കശ്മീർ, പൗരത്വം വിഷയങ്ങളിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടിയെ മലേഷ്യൻ പ്രധാനമന്ത്രി വിമർശിച്ചതാണ് ഇന്ത്യയെ ചൊടിപ്പിച്ചത്.

ഇന്ത്യ ഇറക്കുമതി നിർത്തിയത് തിരിച്ചടിയാണ്. ഇത് തരണം ചെയ്യാൻ മലേഷ്യ ബദൽ മാർഗങ്ങൾ കണ്ടെത്തുമെന്നും മഹാതീർ മുഹമ്മദ് പറഞ്ഞു. എന്നാൽ ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തെ അദ്ദേഹം വീണ്ടും എതിർത്തു. സുതാര്യമായ നടപടിയല്ല ഇന്ത്യ സ്വീകരിച്ചതെന്ന് മഹാതീർ മുഹമ്മദ് കുറ്റപ്പെടുത്തി. കഴിഞ്ഞ അഞ്ചുവർഷമായി മലേഷ്യയിൽ നിന്ന് പാമോയിൽ കൂടുതൽ ഇറക്കുന്നത് ഇന്ത്യയാണ്. ഇന്ത്യ ഇടപാട് നിർത്തിയ സാഹചര്യത്തിൽ ബദൽ സംവിധാനം തേടുകയാണ് അവർ. മതപ്രഭാഷകൻ സാക്കിർ നായിക്കിന് അഭയം നൽകിയിരിക്കുന്നത് മലേഷ്യയാണ്. അദ്ദേഹത്തെ വിട്ടുകിട്ടാൻ ഇന്ത്യ ശ്രമിക്കുന്നുണ്ടെങ്കിലും മലേഷ്യ തയ്യാറായിട്ടില്ല.

തുടർച്ചയായ ഇന്ത്യാവിരുദ്ധ നിലപാടുകൾ എടുക്കുന്ന മലേഷ്യക്ക് കേന്ദ്ര സർക്കാറിന്റെ മുട്ടൻ പണി. മലേഷ്യയുടെ സാമ്പത്തിക അടിത്തറയെ ബാധിക്കുന്ന രീതിയിൽ നേരത്തെ പമോയിൽ ഇ്‌റക്കുമതി കുറച്ച ഇന്ത്യ ഇപ്പോൾ ആ നിയന്ത്രണം കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കയാണ്. പാമോയിൽ ഇറക്കുമതി നിയന്ത്രണത്തിന് പുറമേ ഇലക്ട്രോണിക്‌സ് ഉൽപ്പന്നങ്ങൾക്കും നിയന്ത്രണം കൊണ്ടുവരുാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. ഖനിമേഖലയിലും നിയന്ത്രണത്തിന് സാധ്യതയുണ്ട്. കശ്മീർ വിഷയത്തിലാണ് മലേഷ്യ ആദ്യം ഇന്ത്യയ്‌ക്കെതിരെ രംഗത്ത് വന്നത്. പിന്നാലെ പൗരത്വ നിയമ ഭേദഗതിയിലും മലേഷ്യ വിമർശനം ഉയർന്നിരുന്നു.കൂടാതെ സാക്കിർ നായിക്കിനെ ഇന്ത്യക്ക് വിട്ടുനൽകണമെന്ന ആവശ്യവും മലേഷ്യ അംഗീകരിച്ചിരുന്നില്ല.

ഈ മൂന്ന് വിഷയങ്ങളിൽ കടുത്ത പ്രതിഷേധം അറിയിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇന്ത്യ എന്തെങ്കിലും തെറ്റുകൾ ചെയ്താൽ ചൂണ്ടിക്കാട്ടേണ്ടത് മലേഷ്യയുടെ ആവശ്യമാണ്, ഇല്ലെങ്കിൽ തെറ്റുകൾ ആവർത്തിക്കുമെന്നായിരുന്നു മാധ്യമപ്രവർത്തകരോട് കഴിഞ്ഞ ദിവസം മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് പറഞ്ഞത്. എന്നാൽ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ മലേഷ്യ ഇടപെടേണ്ട സാഹചര്യമില്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.

മലേഷ്യയിലെ ഹിന്ദുക്കൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയിട്ടും, വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കിനെതിരെ യാതൊരു നടപടിയെടുക്കാതെ മലേഷ്യൻ സർക്കാറിന്റെ നടപടി വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. മലേഷ്യൻ പൗരന്മാരായ ഹിന്ദുക്കൾക്ക് ഇവിടുത്തെ പ്രധാനമന്ത്രിയേക്കാൾ വിശ്വാസവും കൂറും, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണെന്ന സാക്കിർ നായിക്കിന്റെ പ്രസ്താവന നേരത്തെ വൻ വിവാദം സൃഷ്ടിച്ചിരുന്നു. മലേഷ്യയിലെ മാനവ വിഭവശേഷി മന്ത്രിയും ഇന്ത്യൻ വംശജനുമായ എം കുലശേഖരൻ ഇക്കാര്യത്തിൽ ശക്തമായി പ്രതിഷേധിച്ചിട്ടും, ഇന്ത്യയിൽ മതപരിവർത്തനവും വിദേശനാണ്യവിനിയ ലംഘനവും അടക്കമുള്ള ഗുരുതരമായ കേസുകൾ നേരിടുന്ന നായിക്കിനെ സംരക്ഷിക്കുകയാണ് മലേഷ്യ ചെയ്യുന്നത്.സാക്കിർ നായിക്കിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ നിരവധി തവണ ആവശ്യപ്പെട്ടിട്ടും മലേഷ്യ അംഗീകരിച്ചിട്ടില്ല. സാക്കിർ നായിക്കിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്നാണ് മലേഷ്യൻ പ്രധാനമന്ത്രി മുഹാതിർ മുഹമ്മദ് ആവർത്തിച്ച് പറയുന്നത്.

ഇതും ഇന്ത്യ-മലേഷ്യാ ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തുകയാണ്. ഇന്ത്യൻ വംശജനായ സാക്കിർ നായിക്ക് വിവാദങ്ങളെ തുടർന്ന് മലേഷ്യയിലേക്ക് കുടിയേറി സ്ഥിരം താമസക്കാരൻ എന്ന പദവി നേടിയ വ്യക്തിയാണ്. എന്നാൽ ഇതേ കുടിയേറ്റക്കാരൻ തന്നെ തലമുറകൾക്ക് മുമ്പ് മലേഷ്യയിൽ കുടിയേറിയ ഇന്ത്യാക്കാരെ ആക്ഷേപിക്കുന്നതിന്റെ വൈരുധ്യം പലരും ചൂണ്ടിക്കാട്ടിയിരുന്നു.ഇന്ത്യൻ ഏജൻസികൾ മുൻപ് രണ്ട് തവണ സാക്കിർ നായിക്കിന് വേണ്ടി ഇന്റർപോളിനെ സമീപിച്ചിരുന്നെങ്കിലും രണ്ട് തവണയും ഇന്റർപോൾ ഇന്ത്യയുടെ ആവശ്യം നിരാകരിക്കുകയായിരുന്നു. സാക്കിർ നായിക്കിനെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയായിരുന്നു എൻഫോഴ്സ്മെന്റ് വീണ്ടും ഇന്റർപോളിനെ സമീപിച്ചത്. സാക്കിർ നായിക്കിനെ മലേഷ്യയിൽ നിന്നും വിട്ടുകിട്ടാനും ഇദ്ദേഹത്തിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്നുമായിരുന്നു ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് മുൻപും രണ്ട് തവണ ഇതേ ആവശ്യം ഇന്ത്യൻ അന്വേഷണ ഏജൻസികൾ ഉന്നയിച്ചിട്ടും ഇന്റർപോൾ വഴങ്ങിയിരുന്നില്ല.

സാമ്പത്തിക തിരിമറി കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം പുറപ്പെടുവിച്ചിരുന്നു. ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചാൽ പിന്നെ എല്ലാ അംഗരാജ്യങ്ങളിലുള്ള കുറ്റവാളികളെയും വിട്ടുകൊടുക്കണം.മലേഷ്യ ഇന്റർപോളിന്റെ അംഗരാഷ്ട്രമാണ്. 2010 ൽ ഇന്ത്യയുമായി കുറ്റവാളികളെ കൈമാറ്റം ചെയ്യുന്നതിനുള്ള കരാറിൽ ഇവർ ഒപ്പുവച്ചിട്ടുമുണ്ടായിരുന്നു. എന്നാൽ സാക്കിർ നായികിനെ വിട്ടുനൽകാൻ സാധിക്കില്ലെന്നാണ് മലേഷ്യയും നിലപാടെടുത്തിരിക്കുന്നത്.സാക്കിർ നായിക്ക് വിദേശത്തും സ്വദേശത്തുമായി 193 കോടിയുടെ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് കേസ്. സാക്കിർ നായികിന്റെ 50 കോടിയിലേറെ വില വരുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് വിഭാഗം കണ്ടുകെട്ടിയിരുന്നു.

പാമോയിൽ ഇറക്കുമതി ചെയ്യുന്നതിലെ ഇന്ത്യയുടെ പുതിയ നിയന്ത്രണങ്ങളെക്കുറിച്ച് ആശങ്കാകുലരാണെന്ന് മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ രാജ്യത്തിനു സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടായാലും തെറ്റായ കാര്യങ്ങൾക്കെതിരെ സംസാരിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞൂ. മലേഷ്യൻ പാം റിഫൈനറുകൾ ബിസിനസ്സിൽ വൻ നഷ്ടം ഉറ്റുനോക്കുമ്പോൾ, തന്റെ സർക്കാർ പരിഹാരം കാണുമെന്നും മഹാതിർ പറഞ്ഞു. 'ഇന്ത്യയിലേക്കു കൂടുതൽ പാമോയിൽ കയറ്റുമതി ചെയ്യുന്നതിനാൽ ഇതിൽ ഞങ്ങൾ ആശങ്കാകുലരാണ്. എന്നാൽ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ അത് തുറന്നുപറയുകയും വേണം. കാര്യങ്ങളെ തെറ്റായി അനുവദിക്കുകയും പണത്തെക്കുറിച്ചു മാത്രം ചിന്തിക്കുകയും ചെയ്താൽ ഞങ്ങളും മറ്റുള്ളവരും ഒരുപാട് തെറ്റായ കാര്യങ്ങൾ ചെയ്യുമെന്ന് ഞാൻ കരുതുന്നു' അദ്ദേഹം പറഞ്ഞു 2019ൽ ഏറ്റവും കൂടുതൽ പാമോയിൽ വാങ്ങുന്ന രാജ്യമായിരുന്നു ഇന്ത്യ, ഏകദേശം 4.4 ദശലക്ഷം ടണ്ണാണ് ഇന്ത്യ വാങ്ങിയത്. ബന്ധം മെച്ചപ്പെട്ടില്ലെങ്കിൽ 2020ൽ വാങ്ങലുകൾ ഒരു ദശലക്ഷം ടണ്ണിൽ താഴെയാകുമെന്ന് ഇന്ത്യൻ വ്യാപാരികൾ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP