Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുഭാഷ് വാസുവിനൊപ്പം സെൻകുമാർ വാർത്താസമ്മേളനത്തിനെത്തിയത് യാദൃശ്ചികമല്ല; വരാൻ പോകുന്നത് അങ്ങോട്ടുമിങ്ങോട്ടും ചാടിക്കളിക്കുന്ന വെള്ളാപ്പള്ളിക്കും മകനുമിട്ടുള്ള മുട്ടൻ പണി; സുഭാഷ് വാസുവിനെ ബിജെപി കൈവിടില്ലെന്ന് സൂചന; സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്ന വെല്ലുവിളിയും ബിജെപിയുടെ ബലത്തിൽ; മുൻ ഡിജിപിയെ മുൻനിർത്തി എസ്എൻഡിപി പിടിക്കാൻ ബിജെപി നീക്കം; വിരണ്ടുപോയ വെള്ളാപ്പള്ളി യൂണിയൻ നേതാക്കളുടെ പിന്തുണ തേടി; എൻഫോഴ്സ്മെന്റ് പേടിയിലും വെള്ളാപ്പള്ളിയും മകനും

സുഭാഷ് വാസുവിനൊപ്പം സെൻകുമാർ വാർത്താസമ്മേളനത്തിനെത്തിയത് യാദൃശ്ചികമല്ല; വരാൻ പോകുന്നത് അങ്ങോട്ടുമിങ്ങോട്ടും ചാടിക്കളിക്കുന്ന വെള്ളാപ്പള്ളിക്കും മകനുമിട്ടുള്ള മുട്ടൻ പണി; സുഭാഷ് വാസുവിനെ ബിജെപി കൈവിടില്ലെന്ന് സൂചന; സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്ന വെല്ലുവിളിയും ബിജെപിയുടെ ബലത്തിൽ; മുൻ ഡിജിപിയെ മുൻനിർത്തി എസ്എൻഡിപി പിടിക്കാൻ ബിജെപി നീക്കം; വിരണ്ടുപോയ വെള്ളാപ്പള്ളി യൂണിയൻ നേതാക്കളുടെ പിന്തുണ തേടി; എൻഫോഴ്സ്മെന്റ് പേടിയിലും വെള്ളാപ്പള്ളിയും മകനും

ശ്രീലാൽ വാസുദേവൻ

ആലപ്പുഴ: ബിഡിജെഎസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും മാവേലിക്കര എസ്എൻഡിപി യൂണിയൻ മുൻപ്രസിഡന്റുമായ സുഭാഷ് വാസുവിനോട് ഇടഞ്ഞ വെള്ളാപ്പള്ളി നടേശനും മകൻ തുഷാറും പെട്ടിരിക്കുന്നത് ഊരാക്കുടുക്കിൽ. ബിഡിജെഎസ് പുറത്താക്കിയ സുഭാഷ് വാസുവിനെ ബിജെപി സംരക്ഷിക്കും. ഇടത്തോട്ടും വലത്തോട്ടും ബിജെപിയിലേക്കും സ്വന്തം നേട്ടത്തിനായി ചാടിക്കളിക്കുന്ന അച്ഛനും മകനും മുട്ടൻ പണി കൊടുക്കാൻ ബിജെപിയുടെ നീക്കം. മുൻ ഡിജിപി ടിപി സെൻകുമാറിനെ മുൻ നിർത്തി എസ്എൻഡിപി പിടിക്കാനുള്ള നീക്കം ബിജെപി കേന്ദ്രനേതൃത്വം ആരംഭിച്ചുവെന്നാണ് വിവരം.

സെൻകുമാറിനെയും ഈഴവ സമുദായത്തിലെ കൊള്ളാവുന്ന വ്യക്തികളെയും മുൻ നിർത്തി ശക്തമായ ഒരു എതിർപക്ഷം വന്നാൽ തന്റെ ചീട്ടുകീറുമെന്ന് മനസിലായ വെള്ളാപ്പള്ളി അങ്കലാപ്പിലായി. ഇതോടെ സംസ്ഥാനത്തെ മുഴുവൻ എസ്എൻഡിപി യൂണിയനുകളോടും തനിക്ക് പിന്തുണ പ്രഖ്യാപിച്ച് പത്രസമ്മേളനം വിളിക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് വെള്ളാപ്പള്ളി നടേശൻ. കഴിഞ്ഞ ദിവസങ്ങളിലായി കൊല്ലം, ആലപ്പുഴ ജില്ലകളിലെ യൂണിയൻ നേതാക്കൾ പത്രസമ്മേളനം വിളിച്ച് വെള്ളാപ്പള്ളിക്ക് പിന്തുണ അറിയിച്ചിരുന്നു. ഇന്ന് പത്തനംതിട്ട ജില്ലയിലെ യൂണിയൻ നേതാക്കൾ പത്രസമ്മേളനം വിളിച്ചിട്ടുണ്ട്.

സുഭാഷ് വാസുവും വെള്ളാപ്പള്ളി നടേശനുമായി ഇടയാനുണ്ടായ കാരണം സത്യത്തിൽ മാവേലിക്കര എസ്എൻഡിപി യൂണിയനിലെ മൈക്രോഫിനാൻസ് തട്ടിപ്പ് അല്ല. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് മുതൽ എൻഡിഎ സഖ്യത്തിന് ഹാനികരമാകുന്ന പ്രസ്താവനകൾ നടത്തിയതിന്റെ പേരിലാണ് സുഭാഷ് വാസു വെള്ളാപ്പള്ളിയുമായി അഭിപ്രായ ഭിന്നത ആരംഭിച്ചത്. സ്പൈസസ് ബോർഡ് ചെയർമാൻ കൂടിയായ സുഭാഷ് വാസു ബിജെപിയോട് ആഭിമുഖ്യമുള്ളയാളാണ്. സിപിഎമ്മിനോട് യാതൊരു താൽപര്യവും ഇദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് സിപിഎമ്മിനെ സഹായിക്കുന്ന പ്രസ്താവനകൾ വെള്ളാപ്പള്ളി നടത്തിക്കൊണ്ടിരുന്നത്.

സംസ്ഥാനത്ത് ഉള്ള മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അകത്തു പോകാതെ സ്വന്തം തടി രക്ഷിക്കാൻ വേണ്ടി വെള്ളാപ്പള്ളി നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് സിപിഎം അനുകൂല പ്രസ്താവനയെന്ന് ആരോപണം ഉയർന്നിരുന്നു. ശബരിമല നവോഥാന മതിൽ അടക്കം വെള്ളാപ്പള്ളി സ്വീകരിച്ച പല നിലപാടുകളോടും സുഭാഷ് വാസു എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പാലാ, അരൂർ, കോന്നി ഉപതെരഞ്ഞെടുപ്പുകളിൽ ബിഡിജെഎസും എസ്എൻഡിപിയും സ്വീകരിച്ച നിലപാടുകളും അദ്ദേഹത്തിന് ഹിതകരമായിരുന്നില്ല. ബിഡിജെഎസിനൊപ്പം നിൽക്കുമ്പോൾ തന്നെ സ്പൈസസ് ബോർഡ് ചെയർമാൻ എന്ന നിലയിൽ ബിജെപി കേന്ദ്രനേതൃത്വവുമായി അദ്ദേഹം നല്ലൊരു ബന്ധം ഉണ്ടാക്കിയിരുന്നു.

കേരളത്തിലെ എൻഡിഎയ്ക്കെതിരേ വെള്ളാപ്പള്ളിയും മകനും സ്വീകരിച്ചിരിക്കുന്ന നിലപാടുകളും അദ്ദേഹം ബിജെപി കേന്ദ്രനേതൃത്വത്തിന് ബോധ്യമാക്കി കൊടുത്തു. ഇതോടെയാണ് വെള്ളാപ്പള്ളിയുമായി സുഭാഷ് വാസു ശരിക്കും തെറ്റിയത്. കേരളത്തിലെ ഏറ്റവും വലിയ വോട്ട് ബാങ്കായ ഈഴവ സമുദായം കൈപ്പിടിയിലാക്കാൻ ഇതിലും വലിയ അവസരം വേറെയില്ല എന്നു മനസിലാക്കിയാണ് ബിജെപി രംഗത്തുള്ളത്. സുഭാഷ് വാസുവിനേക്കാളുപരി ജനങ്ങൾ അംഗീകരിക്കുന്ന ഒരു മുഖം മുന്നോട്ടു വയ്ക്കാനാണ് ലക്ഷ്യം. ശബരിമല കർമ സമിതി നേതൃസ്ഥാനത്തുണ്ടെങ്കിലും സെൻകുമാർ പൂർണമായും ഒരു ബിജെപിക്കാരനല്ല എന്നുള്ളതും ഐപിഎസുകാരനായതും നേട്ടമാകുമെന്ന് കരുതുന്നു.

ഈഴവ സമുദായത്തിലെ കണ്ടാൽ നാലുപേർ തെറ്റു പറയാത്ത വ്യക്തിത്വങ്ങളെ മുൻ നിർത്തി സെൻകുമാറിന്റെ നേതൃത്വത്തിൽ ഒരു എതിർപാനൽ തയാറാക്കും. നിലവിൽ സംസ്ഥാനത്തെ മുഴുവൻ യൂണിയൻ നേതാക്കളും വെള്ളാപ്പള്ളിയെ വണങ്ങുന്നുണ്ടെങ്കിലും അവരിൽ ആർക്കും തന്നെ മനസു കൊണ്ട് ഇദ്ദേഹത്തോട് താൽപര്യമില്ല. ഒറ്റയ്ക്ക് എതിർക്കാനുള്ള ശക്തി ഇല്ലാത്തതു കൊണ്ട് കാണുമ്പോഴൊക്കെ സമുദായ നേതാക്കൾ വെള്ളാപ്പള്ളിയുടെ കാലിൽ വീഴുകയാണ് ചെയ്യുന്നത്. ശക്തനായ എതിരാളിയുണ്ടായാൽ ഇവരൊക്കെ തനിക്കിട്ട് പാലം വലിക്കുമെന്ന് വെള്ളാപ്പള്ളിക്കും അറിയാം.

ഈ സാഹചര്യത്തിലാണ് തന്റെ ശക്തിപ്രകടനത്തിനായി പത്രസമ്മേളനം വിളിക്കാൻ വിവിധ യൂണിയൻ നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുമ്പും വെള്ളാപ്പള്ളിക്ക് എതിരേ സമുദായത്തിൽ എതിർപ്പുയർന്നിരുന്നു. ബിജു രമേശ്, ഗോകുലം ഗോപാലൻ, വിദ്യാസാഗർ, എംബി ശ്രീകുമാർ എന്നിവർ ശ്രീനാരായണ ധർമവേദി രൂപീകരിച്ച് പട പൊരുതിയെങ്കിലും തമ്മിൽ ഭേദം വെള്ളാപ്പള്ളിയാണെന്ന തിരിച്ചറവിൽ മറ്റുള്ളവരുടെ പിന്തുണ ലഭിച്ചിട്ടില്ല. നിലവിൽ തന്നെ അനുകൂലിക്കുന്ന യൂണിയനുകൾക്ക് മാത്രമാണ് വെള്ളാപ്പള്ളി ഭരണ സമിതി ഉണ്ടാക്കാൻ അനുവദിച്ചിരിക്കുന്നത്.

അല്ലാത്ത സ്ഥലങ്ങളിൽ തന്റെ വിശ്വസ്തരെ ചെയർമാൻ ആക്കി അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റി രൂപീകരിച്ചിരിക്കുകയാണ്. എക്കാലവും സമുദായാംഗങ്ങളെ പറ്റിച്ച് മുന്നോട്ടു പോകാൻ കഴിയില്ലെന്നും ഇദ്ദേഹത്തിന് നല്ല ബോധ്യമുണ്ട്. എസ്എൻഡിപി പിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ വെള്ളാപ്പള്ളിക്കെതിരേ എൻഫോഴ്സമെന്റ് റെയ്ഡ് അടക്കം നടത്താനുള്ള ഒരുക്കത്തിലാണെന്നും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP