Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല വിഷയത്തിൽ പരിഗണനാ വിഷയത്തിന്റെ കരടിൽ ഉപചോദ്യങ്ങൾ ഉൾപ്പെടെ 17 ചോദ്യങ്ങൾ; മുതിർന്ന അഭിഭാഷകൻ വി ഗിരി കരടിന് രൂപം നൽകിയത് മറ്റ് അഭിഭാഷകരുമായി ചർച്ച നടത്തിയ ശേഷം; ഭരണഘടനാ ബെഞ്ചിന് കൈമാറുക അടുത്ത ആഴ്‌ച്ച വീണ്ടും യോഗം ചേർന്ന ശേഷം

ശബരിമല വിഷയത്തിൽ പരിഗണനാ വിഷയത്തിന്റെ കരടിൽ ഉപചോദ്യങ്ങൾ ഉൾപ്പെടെ 17 ചോദ്യങ്ങൾ; മുതിർന്ന അഭിഭാഷകൻ വി ഗിരി കരടിന് രൂപം നൽകിയത് മറ്റ് അഭിഭാഷകരുമായി ചർച്ച നടത്തിയ ശേഷം; ഭരണഘടനാ ബെഞ്ചിന് കൈമാറുക അടുത്ത ആഴ്‌ച്ച വീണ്ടും യോഗം ചേർന്ന ശേഷം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമല വിഷയത്തിൽ പരിഗണനാ വിഷയത്തിന്റെ കരട് തയ്യാറായി. ഉപ ചോദ്യങ്ങൾ ഉൾപ്പെടെ 17 ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന കരടിനാണ് സീനിയർ അഭിഭാഷകൻ വി ഗിരി രൂപം നൽകിയിരിക്കുന്നത്. സോളിസിറ്റർ ജനറൽ തുഷാർ മേത്ത, സീനിയർ അഭിഭാഷകരായ അഭിഷേക് മനു സിങ്വി, ഇന്ദിര ജയ്സിങ് തുടങ്ങിയവർ ഉൾപ്പടെ നിരവധി അഭിഭാഷകരുമായി ചർച്ച ചെയ്താണ് വി ഗിരി കരടിന് രൂപം നൽകിയിരിക്കുന്നത്. കരട് അടുത്ത ആഴ്ച അഭിഭാഷകരുടെ യോഗം വീണ്ടും ചർച്ച ചെയ്ത ശേഷം ഭരണഘടന ബെഞ്ചിന് കൈമാറും. ഭരണഘടന ബെഞ്ചാണ് പരിഗണന വിഷയങ്ങൾ അന്തിമമായി തീരുമാനിക്കുക.

പരിഗണന വിഷയങ്ങളുടെ കരട് തയ്യാറാക്കാൻ അഭിഭാഷകരോട് ഭരണഘടന ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സീനിയർ അഭിഭാഷകൻ വി.ഗിരിയെ കരട് തയ്യാറാക്കാൻ അഭിഭാഷകർ ചുമതലപ്പെടുത്തിയിരുന്നു. ശബരിമല പുനഃപരിശോധന ഹർജികൾ പരിഗണിച്ച അഞ്ചംഗ ബെഞ്ച് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് ഏഴ് വിഷയങ്ങളാണ് തയ്യാറാക്കിയിരുന്നത്. ഈ വിഷയങ്ങളിൽ നിന്നാണ് ഉപചോദ്യങ്ങൾ ഉൾപ്പടെ 17 പരിഗണന വിഷയങ്ങളും തയ്യാറാക്കിയത്.

തൊട്ടുകൂടായ്മ, ജാതീയമായ അയിത്തമോ അല്ലാത്തതോ ആയ മതാചാരങ്ങളുടെ ഭാഗമായുള്ള വിലക്കുകളിൽ കോടതിക്ക് ഇടപെടാൻ കഴിയുമോ എന്ന ചോദ്യവും കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കാൻ കഴിയുമോ അതോ അവ സമുദായത്തിന് ഉള്ളിൽ നിന്നുള്ള പരിഷ്‌ക്കാരങ്ങൾക്ക് വിട്ടുനൽകണമോ ഭരണഘടന ധാർമികത കോടതി വിധികളിലൂടെ നടപ്പിലാക്കാൻ കഴിയുമോ ഭരണഘടന ധാർമികത ഭരണഘടന കാഴ്ചപ്പാടിൽ നിലനിൽക്കുമോ ആചാരങ്ങളുടെ പേരിൽ ഒരു പ്രത്യേക വിഭാഗത്തിന് വിലക്ക് കൽപ്പിക്കാൻ കഴിയുമോ മതാചാരങ്ങൾ ഭരണഘടനയുടെ 14, 15, 17, 19, 21, 25, 26 അനുച്ഛേദങ്ങൾ പ്രകാരമുള്ള പരിശോധനകൾക്ക് വിധേയമാക്കാൻ സാധിക്കുമോ എന്നിവയാണ് കരടിലെ മറ്റ് ചോദ്യങ്ങൾ.

മുൻ അറ്റോർണി ജനറൽ കെ പരാശനാകും ഭരണഘടന ബെഞ്ചിന് മുമ്പാകെ വാദം ആരംഭിക്കുക. എൻഎസ്എസ്സിന് വേണ്ടിയാണ് പരാശരൻ ഹാജരാകുന്നത്. കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരാകും. ഭരണഘടന ബെഞ്ചിന് മുമ്പാകെ സ്വന്തം നിലപാട് അറിയിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫാലി എസ്. നരിമാൻ കുറിപ്പ് കൈമാറിയിരുന്നു. രണ്ട് ദിവസം വാദിക്കാനുള്ള താത്പര്യമാണ് നരിമാൻ അറിയിച്ചിരിക്കുന്നത്.

ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ ബെഞ്ച് കഴിഞ്ഞ തിങ്കളാഴ്ച വിഷയം പരിഗണിച്ചപ്പോഴാണ് പരിഗണനാ വിഷയത്തിന്റെ കരട് തയ്യാറാക്കാൻ ഇതുമായി ബന്ധപ്പെട്ട അഭിഭാഷകർക്ക് നിർദ്ദേശം ഉണ്ടായത്. വിഷയങ്ങൾ ആസ്പദമാക്കിയുള്ള വാദഗതികൾ എങ്ങനെയാകണം, ഏതൊക്കെ വിഷയങ്ങളാണ് പുതുതായി ഉയർത്തേണ്ടത്, ഓരോ വിഷയത്തിനും നൽകുന്ന സമയം, ഓരോ വാദത്തിനും നൽകുന്ന സമയം തുടങ്ങിയ കാര്യങ്ങൾ അഭിഭാഷക യോഗം ചർച്ചചെയ്യും.

ശബരിമല പുനഃപരിശോധന ഹരജികൾ പരിഗണിച്ച അഞ്ചംഗ ബെഞ്ച് മുന്നോട്ടുവെച്ച ഏഴു വിഷയങ്ങൾ ഒഴികെ ഏതെങ്കിലും പ്രത്യേക വിഷയത്തിൽ ഒമ്പതംഗ ബെഞ്ച് വാദംകേൾക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ശബരിമല യുവതി പ്രവേശനം, മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശനം, ബോറ വിഭാഗത്തിലെ പെൺചേലാകർമം, പാഴ്‌സി വനിതകളുടെ ആരാധനാ സ്വാതന്ത്ര്യം തുടങ്ങിയവയാണ് വിശാല ബെഞ്ചിന്റെ പരിഗണനക്ക് വരുന്നത്. എന്നാൽ, അവ ഓരോന്നും വേർതിരിച്ച് പരിഗണിക്കില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP