Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗരത്വ ഭേദഗതിക്കെതിരേയും കേന്ദ്രത്തിനെതിരേയും ആഞ്ഞടിച്ചു കൊണ്ടുള്ള നയപ്രഖ്യാപനം തയ്യാർ; ഗവർണ്ണർ മടക്കി അയയ്ക്കുകയോ വായിച്ച ശേഷം പ്രതിഷേധിക്കുകയോ തിരുത്തി വായിക്കുകയോ ചെയ്താൽ പണിയാകും; നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ ഗവർണ്ണറുമായി പൂർണ്ണമായും ഏറ്റുമുട്ടാൻ ഒരുങ്ങി സർക്കാർ; നിയമോപദേശം തേടി രാജ്ഭവൻ

പൗരത്വ ഭേദഗതിക്കെതിരേയും കേന്ദ്രത്തിനെതിരേയും ആഞ്ഞടിച്ചു കൊണ്ടുള്ള നയപ്രഖ്യാപനം തയ്യാർ; ഗവർണ്ണർ മടക്കി അയയ്ക്കുകയോ വായിച്ച ശേഷം പ്രതിഷേധിക്കുകയോ തിരുത്തി വായിക്കുകയോ ചെയ്താൽ പണിയാകും; നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ ഗവർണ്ണറുമായി പൂർണ്ണമായും ഏറ്റുമുട്ടാൻ ഒരുങ്ങി സർക്കാർ; നിയമോപദേശം തേടി രാജ്ഭവൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : നിയമസഭാ സമ്മേളനത്തിനു തുടക്കം കുറിച്ചു ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നടത്തുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമം ഉൾപ്പെടെയുള്ള കാര്യങ്ങളിലെ സംസ്ഥാന സർക്കാരിന്റെ കേന്ദ്രവിരുദ്ധ നിലപാടുകളും ഉൾപ്പെടുത്തുമ്പോൾ അത് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടനൽകും. നയപ്രഖ്യാപന പ്രസംഗത്തിനു മന്ത്രിസഭ അംഗീകാരം നൽകി. സംസ്ഥാന സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന ഗവർണർ നയപ്രഖ്യാപന പ്രസംഗം തിരിച്ചയക്കാനിടയുണ്ടെന്നു ചില മന്ത്രിമാർ ചൂണ്ടിക്കാട്ടി. പൗരത്വ ഭേദഗതിക്കെതിരേയും കേന്ദ്രത്തിനെതിരേയും ആഞ്ഞടിച്ചു കൊണ്ടുള്ള നയപ്രഖ്യാപനം ഗവർണ്ണർ മടക്കി അയയ്ക്കുകയോ വായിച്ച ശേഷം പ്രതിഷേധിക്കുകയോ തിരുത്തി വായിക്കുകയോ ചെയ്താൽ പണിയാകും. നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ ഗവർണ്ണറുമായി പൂർണ്ണമായും ഏറ്റുമുട്ടാൻ ഒരുങ്ങി സർക്കാർ മുമ്പോട്ട് വരുമ്പോൾ നിയമോപദേശം തേടി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും തയ്യാറെടുക്കുകായണ്.

ഉള്ളടക്കത്തോടു വിയോജിച്ച് ഗവർണർ മടക്കി അയച്ചാലും വീണ്ടും സർക്കാർ അയച്ചു കൊടുത്താൽ അദ്ദേഹത്തിന് അംഗീകരിക്കേണ്ടി വരുമെന്നു മന്ത്രിസഭ വിലയിരുത്തി. ഗവർണർക്കു നയപ്രഖ്യാപനപ്രസംഗം നടത്താതിരിക്കാനാവില്ല; എന്നാൽ വിയോജിപ്പുള്ള ഭാഗങ്ങൾ വായിക്കാതെ വിടാം. മുഴുവൻ വായിക്കാതെ തുടക്കവും ഒടുക്കവും മാത്രം വായിച്ചാൽ നയപ്രഖ്യാപനം സഭയിൽ അവതരിപ്പിച്ചതായി കണക്കാക്കാം. എന്നാൽ വിയോജിപ്പുള്ള ഭാഗം വായിച്ച ശേഷം അതിനോടു തനിക്കു വിയോജിപ്പുണ്ടെന്നു ഗവർണർ പരസ്യമായി പ്രഖ്യാപിച്ചാൽ അതു ഭരണഘടനാ പ്രതിസന്ധിക്കു വഴി തെളിക്കും. ഈ സാഹചര്യത്തെ എങ്ങനെ നേരിടുമെന്ന് സർക്കാർ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. അതിനിടെ വ്യക്തമായ നിയമോപദേശം തേടിയ ശേഷമാകും ഇക്കര്യത്തിൽ ഗവർണ്ണർ അന്തിമ തീരുമാനം എടുക്കുക.

കേന്ദ്ര സർക്കാരിന് എതിരായ പരാമർശങ്ങൾ നീക്കാൻ ഗവർണർ ആവശ്യപ്പെട്ടാൽ വഴങ്ങേണ്ട കാര്യമില്ലെന്നും മന്ത്രിസഭാ യോഗത്തിൽ ഭൂരിപക്ഷ അഭിപ്രായം. അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള കേരള നിയമസഭയുടെ പ്രമേയം നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തണമെന്ന പ്രതിപക്ഷ നേതാവിന്റെആവശ്യം അതേപടി പരിഗണിച്ചിട്ടില്ലെന്നു സൂചന. കേരളത്തിന് പ്രളയാനന്തര ധനസഹായം നൽകുന്നതിലടക്കം കേന്ദ്രസർക്കാർ കാട്ടുന്ന അവഗണന ഉൾപ്പെടെ രാഷ്ട്രീയ വിമർശനമായി പ്രസംഗത്തിൽ ചേർത്തിട്ടുണ്ടെന്നാണു സൂചന. തിരുത്തൽ വേണമെന്ന ആവശ്യവുമായി ഗവർണർ മടക്കിയാലും രണ്ടാമത് സർക്കാർ അയച്ചാൽ അത് അദ്ദേഹത്തിന് അംഗീകരിക്കാതിരിക്കാനാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ ചൂണ്ടിക്കാട്ടി. തിരുത്തൽ ആവശ്യപ്പെട്ടാൽ അതിനു സർക്കാർ വഴങ്ങേണ്ടതില്ലെന്നായിരുന്നു ഭൂരിഭാഗം മന്ത്രിമാരുടെയും അഭിപ്രായം.

പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച സർക്കാർ നടപടിക്കു മന്ത്രിസഭയുടെ അംഗീകാരം നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം കേസ് ഫയൽ ചെയ്ത ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയെ സംരക്ഷിക്കാൻ കൂടിയാണ് ഈ തീരുമാനം മന്ത്രിസഭയുടെ പരിഗണനയ്ക്കു സമർപ്പിച്ചു ശരിവച്ചത്. തന്നെ അറിയിക്കാതെ പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ കേസിനു പോയ സർക്കാരിനോടു ഗവർണർ വിശദീകരണം തേടിയിരുന്നു. അദ്ദേഹത്തിനു രേഖാമൂലം മറുപടി നൽകാനാണു ഫയൽ മന്ത്രിസഭയുടെ അനുമതിക്കു സമർപ്പിച്ചു ശരി വച്ചത്. കേസ് ഫയൽ ചെയ്യുന്നതിനു മുൻപു മന്ത്രിസഭയിൽ ഇക്കാര്യം അവതരിപ്പിച്ചിരുന്നില്ല.

കേസ് ഫയൽ ചെയ്ത ഉദ്യോഗസ്ഥനെതിരെ ഗവർണർ ചട്ടലംഘനം ചൂണ്ടിക്കാട്ടി കേന്ദ്രത്തിനു റിപ്പോർട്ട്് നൽകിയാൽ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിക്കെതിരെ കേന്ദ്ര സർക്കാരിന് അച്ചടക്ക നടപടിയെടുക്കാം. ഈ സാഹചര്യത്തിലാണു തീരുമാനം മന്ത്രിസഭ പരിഗണിച്ചു ശരിവച്ചത്. മന്ത്രിസഭയുടെ തീരുമാനപ്രകാരം പ്രവർത്തിച്ച ഉദ്യോഗസ്ഥനെതിരെ നടപടി പ്രയാസമാകും. ഇതിനിടെയാണ് നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം 29നു നയപ്രഖ്യാപന പ്രസംഗത്തോടെ വിളിച്ചു ചേർക്കാൻ ഗവർണറോടു ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 30നു സഭ തുടങ്ങാനായിരുന്നു മുൻ തീരുമാനം. പൗരത്വ നിയമത്തിനെതിരെ മുന്നണിയുടെ മനുഷ്യ ഭൂപടം പരിപാടി നടക്കുന്നതിനാൽ അന്ന് അസൗകര്യമുണ്ടെന്നു യുഡിഎഫ് അറിയിച്ച സാഹചര്യത്തിലാണു മാറ്റം.

ഫെബ്രുവരി മൂന്നു മുതൽ അഞ്ചു വരെ നന്ദിപ്രമേയ ചർച്ച. തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം കൂട്ടാനുള്ള പഞ്ചായത്ത്രാജ്, മുനിസിപ്പൽ ഭേദഗതി ബില്ലുകൾ ആറിനു പരിഗണിച്ചേക്കും. ഒൻപത് ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകൾ സർക്കാരിന്റെ പരിഗണനയിലുണ്ട്. ഫെബ്രുവരി ഏഴിനാണു ബജറ്റ്. 10 മുതൽ 12 വരെ ബജറ്റിന്മേലുള്ള പൊതുചർച്ച. 12നു സമ്മേളനം പിരിയാനാണ് ഇപ്പോഴത്തെ ധാരണ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP