Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹൈക്കമാൻഡ് സ്വരം കടുപ്പിച്ചതോടെ ജംബോ പട്ടിക വെട്ടിച്ചുരുക്കാൻ മണിക്കൂറുകൾ പോലും വേണ്ടിവന്നില്ല; വർക്കിങ് പ്രസിഡന്റിനെ ഒഴിവാക്കിയ പട്ടികയിൽ 10 വൈസ് പ്രസിഡന്റുമാരും 20 ജനറൽ സെക്രട്ടറിമാരും; കേന്ദ്രനേതൃത്വത്തിന്റെ നടപടി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനുള്ള പരോക്ഷ പിന്തുണ; 45 പേരടങ്ങുന്ന അന്തിമ പട്ടിക ഹൈക്കമാൻഡ് അംഗീകരിക്കുക സോണിയാ ഗാന്ധിയും കണ്ട ശേഷം

ഹൈക്കമാൻഡ് സ്വരം കടുപ്പിച്ചതോടെ ജംബോ പട്ടിക വെട്ടിച്ചുരുക്കാൻ മണിക്കൂറുകൾ പോലും വേണ്ടിവന്നില്ല; വർക്കിങ് പ്രസിഡന്റിനെ ഒഴിവാക്കിയ പട്ടികയിൽ 10 വൈസ് പ്രസിഡന്റുമാരും 20 ജനറൽ സെക്രട്ടറിമാരും; കേന്ദ്രനേതൃത്വത്തിന്റെ നടപടി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനുള്ള പരോക്ഷ പിന്തുണ; 45 പേരടങ്ങുന്ന അന്തിമ പട്ടിക ഹൈക്കമാൻഡ് അംഗീകരിക്കുക സോണിയാ ഗാന്ധിയും കണ്ട ശേഷം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഹൈക്കമാൻഡ് സ്വരം കടുപ്പിച്ചതോടെ ദിവസങ്ങളായി തുടരുന്ന തർക്കം അവസാനിപ്പിച്ച് സമവായത്തിലെത്താൻ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് മണിക്കൂറുകൾ പോലും വേണ്ടിവന്നില്ല. കെപിസിസി പുനഃസംഘടനക്കായി സമർപ്പിച്ച ജംബോ പട്ടിക അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം നിലപാടെടുത്തതോടെ ഡൽഹിയിലുള്ള കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ തിരക്കിട്ട കൂടിയാലോചനകൾ നടത്തി പട്ടിക വെട്ടിച്ചുരുക്കിയത്.

ഹൈക്കമാന്റ് വെട്ടിച്ചുരുക്കിയ അന്തിമ പട്ടികയിൽ 45 പേരാണ് ഉള്ളതെന്നാണ് വിവരം. വർക്കിങ് പ്രസിഡന്റ് സ്ഥാനം ഒഴിവാക്കിയാണ് പുതിയ പട്ടിക. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനുള്ള പരോക്ഷ പിന്തുണ കൂടിയാണ് ഹൈക്കമാന്റ് നടപടി. പത്ത് വൈസ് പ്രസിഡന്റുമാരും 20 ജനറൽ സെക്രട്ടറിമാരും അടങ്ങന്നതാണ് പുതിയ പട്ടികയെന്നാണ് വിവരം, 45 പേരടങ്ങിയ പട്ടിക മുകുൾ വാസ്‌നികിന് കൈമാറിയിട്ടുണ്ട്. ഈ പട്ടിക സോണിയാ ഗാന്ധി കണ്ട ശേഷമായിരിക്കും പ്രഖ്യാപനം ഉണ്ടാകുക. ഭാരവാഹികളുടെ എണ്ണം കുറയ്ക്കണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആവശ്യം തള്ളിയാണ് ജംബോ പട്ടിക ധാരണയായത്. ആറ് വർക്കിങ് പ്രസിഡന്റുമാരും 36 ജനറൽ സെക്രട്ടറിമാരും 70 സെക്രട്ടറിമാരും 13 വൈസ് പ്രസിഡന്റുമാരും ട്രഷററും അടങ്ങുന്നതായിരുന്നു കേരള നേതൃത്വം സമർപ്പിച്ച പട്ടിക.

പട്ടികയിൽ വനിതാ പ്രാതിനിധ്യം കുറവാണെന്നും പ്രവർത്തന മികവ് പരിഗണിച്ചില്ലെന്നും ഹൈക്കമാൻഡ് വിലയിരുത്തി. ഗ്രൂപ്പ് നോക്കി പട്ടികയിൽ ആളുകളെ തിരുകികയറ്റിയെന്ന് ചൂണ്ടിക്കാണിച്ച് നേതാക്കൾ ഹൈക്കമാൻഡിന് പരാതി നൽകിട്ടുണ്ട്. ഹൈക്കമാൻഡ് മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ ഒന്നും പരിഗണിച്ചില്ലെന്നാണ് വിലയിരുത്തൽ. വനിതാ പ്രാതിനിധ്യം നന്നേ കുറവാണ്. ചെറിയ സംസ്ഥാനമായ കേരളത്തിൽ പോലും പട്ടിക ജംബോയിലെത്തിയത് രാഹുൽ ഗാന്ധിക്കും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഗ്രൂപ്പ് അനുസരിച്ച് അംഗങ്ങളെ തിരുകിക്കയറ്റിയെന്ന് കാട്ടി നേതാക്കൾ ഹൈക്കമാൻഡിന് കത്തയക്കും ചെയ്തു. ഒരാൾക്ക് ഒരു പദവി എന്നത് ഒഴിവാക്കിയതിലും തന്റെ നിർദ്ദേശങ്ങൾ തള്ളിക്കളഞ്ഞതിലുമുള്ള കടുത്ത അതൃപ്തി ഹൈകമാൻഡിനെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും അറിയിച്ചു.

നിലവിൽ ജനപ്രതിനിധികളായവരെ പാർട്ടി നേതൃത്വത്തിലേക്ക് പരിഗണിക്കേണ്ടതില്ലെന്നാണ് ഹൈക്കമാൻഡ് നിലപാട്. തങ്ങളെ കെപിസിസി ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് കാണിച്ച് വിഡി സതീശൻ,ടിഎൻ പ്രതാപൻ, എപി അനിൽ കുമാർ എന്നീ നേതാക്കൾ എഐസിസിക്ക് കത്ത് നൽകിയിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷ ആവശ്യപ്പെട്ടാൽ വർക്കിങ് പ്രസിഡന്റ് സ്ഥാനം ഒഴിയാമെന്ന് കൊടിക്കുന്നിൽ സുരേഷും വ്യക്തമാക്കി. ഗ്രൂപ്പ് നേതാക്കളല്ല വർക്കിങ് പ്രസിഡന്റുമാരെ നിയമിച്ചതെന്നും പാർട്ടി വലുതാകുന്നതുകൊണ്ടാണ് ഭാരവാഹി പട്ടികയും വലുതാകുന്നതെന്നും കൊടിക്കുന്നിൽ തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ടി.എൻ പ്രതാപൻ എം പി ഹൈക്കമാന്റിന് കത്ത് നൽകി. കെപിസിസി പുനഃസംഘടിപ്പിക്കുമ്പോൾ ജംബോ ഭാരവാഹികൾ വേണ്ടെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. വിഡി സതീശൻ എംഎൽഎയും എപി അനിൽകുമാർ എംഎൽഎയും തങ്ങളെ നേതൃത്വത്തിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് കാണിച്ച് കത്ത് നൽകിയിട്ടുണ്ട്.

കെപിസിസി വർക്കിംങ് പ്രസിഡന്റ് സ്ഥാനത്തേക്ക് തന്നെ പരിഗണിക്കേണ്ടെന്ന് വി ഡി സതീശൻ എ ഐ സി സി നേതൃത്വത്തെ അറിയിച്ചുജംബോ കമ്മിറ്റിയെന്ന ആശയത്തോട് യോജിപ്പില്ലെന്നും ഈ കമ്മിറ്റി നിലവിൽ വന്നാൽ പൊതു ജനമധ്യത്തിൽ അപഹാസ്യരാകുമെന്നും അതിന് താൽപര്യമില്ലെന്നും സതീശൻ വ്യക്തമാക്കിയിരുന്നു. പട്ടിക വൈകുന്നതിനാലാണ് ജനപ്രതിനിധികൾ ഒഴിയാൻ തീരുമാനിച്ചതെന്ന് പി.സി വിഷ്ണുനാഥ് അറിയിച്ചു. ജംബോ പട്ടികയിൽ പുനപരിശോധന നടക്കുന്നുണ്ടെന്നും വിഷ്ണുനാഥ് വ്യക്തമാക്കിയിരുന്നു.

ഉമ്മൻ ചാണ്ടിയുടെ ആവശ്യപ്രകാരം ടി സിദ്ദിഖിനെ വർക്കിങ് പ്രസിഡന്റാക്കി. കെ വി തോമസ്, കൊടിക്കുന്നിൽ സുരേഷ്, കെ സുധാകരൻ, വി ഡി സതീശൻ, പി സി വിഷ്ണുനാഥ് എന്നിവരും വർക്കിങ് പ്രസിഡന്റുമാരായി പട്ടികയിലുണ്ടായിരുന്നത്. ശൂരനാട് രാജശേഖരൻ, അടൂർ പ്രകാശ്, വി എസ് ശിവകുമാർ, സി പി മുഹമ്മദ്, എ പി അനിൽകുമാർ, ജോസഫ് വാഴയ്ക്കൻ, കെ പി ധനപാലൻ, തമ്പാനൂർ രവി, മോഹൻ ശങ്കർ, എഴുകോൺ നാരായണൻ, ഒ അബ്ദുറഹ്മാൻകുട്ടി, കെ സി റോസക്കുട്ടി, ടി എൻ പ്രതാപൻ എന്നിവരുമായിരുന്നു വൈസ് പ്രസിഡന്റുമാരായി പട്ടികയിലുള്ളത്.

ഭാരവാഹികളുടെ എണ്ണം കുറയ്ക്കണമെന്നും ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഒഴിവാക്കണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. ഗ്രൂപ്പുകൾ നൽകിയ പട്ടികയിലെ പേരുകൾ വെട്ടാൻ അദ്ദേഹം ദിവസങ്ങളോളം ഡൽഹിയിൽ തങ്ങി. തന്റെ നിലപാട് അംഗീകരിച്ചില്ലെങ്കിൽ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും വാർത്തകൾ വന്നു. 115 പേരുള്ള പട്ടികയിലെ എണ്ണം 75 ആയി കുറയ്ക്കാൻ നീക്കമുണ്ടായി. എന്നാൽ, രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും അവരുടെ നിലപാടിൽ ഉറച്ചുനിന്നതോടെ ഭാരവാഹികളുടെ എണ്ണം വീണ്ടും ഉയരുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP