Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭീകരർക്കൊപ്പം പിടിയിലായ കശ്മീർ പൊലീസ് ഉദ്യോഗസ്ഥനും മൂന്ന് ഹിസ്ബുൾ ഭീകരരും എൻഐഎ കസ്റ്റഡിയിൽ; ദേവീന്ദർ സിംഗിനെയും കൂട്ടാളികളെയും 15 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത് ജമ്മുവിലെ എൻഐഎ കോടതി; പ്രതികളെ അന്വേഷണത്തിന്റെ ഭാഗമായി ഡൽഹിയിലെത്തിക്കും എന്നും റിപ്പോർട്ടുകൾ

ഭീകരർക്കൊപ്പം പിടിയിലായ കശ്മീർ പൊലീസ് ഉദ്യോഗസ്ഥനും മൂന്ന് ഹിസ്ബുൾ ഭീകരരും എൻഐഎ കസ്റ്റഡിയിൽ; ദേവീന്ദർ സിംഗിനെയും കൂട്ടാളികളെയും 15 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത് ജമ്മുവിലെ എൻഐഎ കോടതി; പ്രതികളെ അന്വേഷണത്തിന്റെ ഭാഗമായി ഡൽഹിയിലെത്തിക്കും എന്നും റിപ്പോർട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

ജമ്മു: ഭീകരർക്കൊപ്പം പിടിയിലായ കശ്മീർ പൊലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിംഗിനെ കോടതി 15 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഇയാൾക്കൊപ്പമുണ്ടായിരുന്ന മൂന്ന് ഹിസ്ബുൾ ഭീകരരേയും എൻഐഎ കസ്റ്റഡിയിൽ വിടാൻ ജമ്മുവിലെ എൻഐഎ കോടതിയാണ് ഉത്തരവിട്ടത്. ഹിസ്ബുൾ ഭീകരർക്കൊപ്പം ഡൽഹിയിലേക്കുള്ള കാർ യാത്രയ്ക്കിടെയാണ് ദേവീന്ദ്രർ സിങ് പിടിയിലായത്. കാർ യാത്രയിൽ കൂടെയുണ്ടായിരുന്ന ഹിസ്ബുൾ ഭീകരൻ നവീദ് ബാബുവിനെയും സംഘത്തേയും കശ്മീർ അതിർത്തി കടക്കാൻ ദേവീന്ദർ സിങ് സഹായിക്കുകയായിരുന്നെന്നാണ് വിവരം.

അന്വേഷണത്തിന്റെ ഭാഗമായി എൻഐഎ ദേവീന്ദർ സിംഗിനെയും മറ്റ് പ്രതികളെയും ഡൽഹിയിലേക്ക് കൊണ്ടു വരുമെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം എൻഐഎ സംഘം ദേവീന്ദർ സിംഗിന്റെ ശ്രീനഗറിലെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. ദേവീന്ദർ സിങ് ഭീകരവാദികളെ വീട്ടിൽ താമസിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടക്കത്തിൽ കേസ് അന്വേഷിച്ച പൊലീസ് ഇയാളുടെ വീട്ടിൽ നിന്നും എകെ 47 തോക്കും, പിസ്റ്റലുകളും, ഗ്രനേഡുകളും കണ്ടെടുക്കുകയും ചെയ്തിരുന്നു.

ദേവീന്ദർ 2005 ൽ നാല് ഭീകരരെ സഹായിക്കുന്നതിനുവേണ്ടി എഴുതിയ കത്ത് ഇന്റലിജൻസ് ബ്യൂറോ കണ്ടെത്തിയതോടെയാണ് ഭീകരതയുടെ ചിത്രം കൂടുതൽ വ്യക്തമാകുന്നത്. കശ്മീരിൽനിന്ന് ഡൽഹിയിലേക്ക് നാല് ഭീകരർക്കും സുരക്ഷിതമായി യാത്രചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന് നിർദ്ദേശിച്ചുകൊണ്ട് എഴുതിയ കത്താണ് കണ്ടെത്തിയിട്ടുള്ളത്. ഈ കത്തിനെക്കുറിച്ചും ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷണം നടത്തും. ഭീകരരെ സ്ഥിരമായി സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കലായിരുന്നു ഈ പൊലീസിലെ ഭീകരന്റെ ജോലിയെന്നാണ് സൂചന. ദേവീന്ദർ സിങ് മറ്റു ഭീകരർക്കും സഹായം നൽകിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്ന് ഉയരുന്നതിനിടെയാണ് സുപ്രധാന കത്തിന്റെ വിവരം പുറത്തുവന്നിട്ടുള്ളത്. പാർലമെന്റ് ആക്രമണത്തിലും പുൽവാമ ഭീകരാക്രമണത്തിലും ദേവീന്ദറിന്റെ പങ്ക് അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

2005 ജൂലായ് ഒന്നിന് ഗുരുഗ്രാം - ഡൽഹി അതിർത്തിയിൽനിന്ന് ഡൽഹി പൊലീസ് അറസ്റ്റുചെയ്ത നാല് ഭീകരർക്കുവേണ്ടി ദേവീന്ദർ സിങ് എഴുതിയ കത്താണ് കണ്ടെത്തിയിട്ടുള്ളത്. മിലിട്ടറി ഇന്റലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരർ പിടിയിലായത്. ആയുധങ്ങളും വെടിക്കോപ്പുകളും 50000 രൂപയുടെ കള്ളനോട്ടും അവരിൽനിന്ന് പിടിച്ചെടുത്തിരുന്നു. സക്വീബ് റഹ്മാനെന്ന മസൂദ്, ഹസി ഗുലാം മൊയ്‌നുദീൻ ദർ എന്നീ രണ്ടുപേർ അടക്കമുള്ളവരാണ് അന്ന് പിടിയിലായത്. പുൽവാമ സ്വദേശിയായ ദറിന് പിസ്റ്റളും വയർലെസ് സെറ്റും കൈവശംവെക്കാൻ അനുമതി നൽകുന്ന കത്താണ് അന്ന് ജമ്മു കസ്മീരിലെ ഡിഐഡി ഡെപ്യൂട്ടി എസ്‌പി ആയിരുന്ന ദേവീന്ദർ സിങ് നൽകിയത്. പരിശോധനകളൊന്നും നടത്താതെ ഇയാൾക്ക് സുരക്ഷിത യാത്രയ്ക്കുള്ള സൗകര്യം ഒരുക്കണമെന്നും സിങ്ങിന്റെ ഔദ്യോഗിക ലെറ്റർപാഡിൽ എഴുതിയ കത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിരുന്നു.

അതിനിടെ, വിവിധ അന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യലിൽ ദേവീന്ദർ സിങ് വെളിപ്പെടുത്തിയ കാര്യങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്നും കശ്മീർ ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്. കുൽഗാമിലെ മിർ ബസാറിന് അടുത്തുനിന്നാണ് ദേവീന്ദർ സിങ് ഭീകരർക്കൊപ്പം അറസ്റ്റിലായത്. ഹിസ്ബുൾ മുജാഹിദീൻ ഭീകരരായ നവീദ് ബാവ, അൽത്താഫ് എന്നിവർക്കൊപ്പം സഞ്ചരിക്കവെയാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പിടിയിലായത്. ദേവീന്ദർ സിങ്ങിന് വിശിഷ്ട സേവനത്തിനുള്ള മെഡലുകളൊന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയിട്ടില്ലെന്ന് കശ്മീർ പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഹിസ്ബുൾ ഭീകരർക്ക് സഹായം നൽകി വരുന്നതായി സിങ് വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.

അതിനിടെ ദേവീന്ദർ സിങ് കഴിഞ്ഞ ജൂണിലും ചണ്ഡീഗഡിലെത്തിയിരുന്നതായി വിവരം പുറത്തു വന്നിട്ടുണ്ട്. 3 ഹിസ്ബുൽ ഭീകരർ അദ്ദേഹത്തോടൊപ്പം താമസിക്കുകയും ചെയ്തിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ വെളിപ്പെട്ടതായി അറിയുന്നു. ദേവീന്ദറാണു കശ്മീരിൽ നിന്ന് ഇവരെ ചണ്ഡീഗഡിലെത്തിച്ചത്. കശ്മീരിൽ പിടിയിലായ ഹിസ്ബുൽ ഭീകരൻ നവീദ് ബാബുവിന്റെ സഹോദരനടക്കമുള്ളവർ ഇവരെ സന്ദർശിച്ചതായും വിവരമുണ്ട്. അവിടെ ഒരു അപ്പാർട്മെന്റിൽ 3-4 ദിവസം ഇവർ താമസിച്ചിരുന്നു. ശ്രീനഗറിലെ ഇന്ദിരാ നഗറിൽ ആർമി കേന്ദ്രത്തിനോടു ചേർന്നു നിർമ്മിക്കുന്ന കോടികൾ വിലമതിക്കുന്ന വീടിനു പുറമേ സന്നത് നഗറിലും ദേവീന്ദർ വീടുണ്ടാക്കിയിട്ടുണ്ട്. ഇയാളെ പിടികൂടിയത് ശിവ്പുരയിലെ മൂന്നാമത്തെ വീട്ടിൽ നിന്നാണ്. ഇന്ദിരാനഗറിലെ പുതിയ വീട്ടിൽ നിന്ന് തൊട്ടടുത്തുള്ള സൈനിക കേന്ദ്രത്തിന്റെ മാപ്പും പിടികൂടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP