Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റിപ്പബ്ലിക് ദിനം അലങ്കോലമാക്കാൻ ലണ്ടനിൽ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ 5000 ലേറെ പ്രതിഷേധക്കാരെത്തും; കനത്ത സുരക്ഷയുമായി മെട്രോപൊളിറ്റൻ പൊലീസ് സേന; ഭരണഘടനയുടെ സംരക്ഷകരും പൗരത്വ ബിൽ പ്രതിഷേധക്കാരും മൗനത്തിൽ; ഇന്ത്യക്കെതിരെ വെല്ലുവിളി ഉയരുമ്പോൾ യുകെയിലെ ഇന്ത്യക്കാർക്കു ഒളിച്ചുകളി; ഇന്ത്യൻ ഭരണഘടനയുടെ കോപ്പി തെരുവിൽ കത്തിക്കാൻ ആഹ്വാനം

റിപ്പബ്ലിക് ദിനം അലങ്കോലമാക്കാൻ ലണ്ടനിൽ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ 5000 ലേറെ പ്രതിഷേധക്കാരെത്തും; കനത്ത സുരക്ഷയുമായി മെട്രോപൊളിറ്റൻ പൊലീസ് സേന; ഭരണഘടനയുടെ സംരക്ഷകരും പൗരത്വ ബിൽ പ്രതിഷേധക്കാരും മൗനത്തിൽ; ഇന്ത്യക്കെതിരെ വെല്ലുവിളി ഉയരുമ്പോൾ യുകെയിലെ ഇന്ത്യക്കാർക്കു ഒളിച്ചുകളി; ഇന്ത്യൻ ഭരണഘടനയുടെ കോപ്പി തെരുവിൽ കത്തിക്കാൻ ആഹ്വാനം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വിലപറയാൻ ലണ്ടനിൽ വീണ്ടും ശ്രമം. ഇന്ത്യ ഞായറാഴ്ച റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ തയ്യാറെടുക്കുമ്പോൾ ഒരു പറ്റം ഇന്ത്യ വിരോധികൾ വീണ്ടും ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷൻ ഓഫീസിനു മുന്നിൽ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളുമായി എത്തും. രണ്ടാം മോദി സർക്കാർ കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ സാഹചര്യത്തിൽ ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലും പിന്നീട് സെപ്റ്റംബർ മൂന്നിനും ലണ്ടനിൽ ഇന്ത്യക്കെതിരെ കലാപ ആഹ്വനം ഉയർത്തിയ പാക് അനുകൂല പ്രതിഷേധക്കാർ ചീമുട്ടയും പുഴുത്ത തക്കാളിയും എറിഞ്ഞു ഹൈ കമ്മീഷൻ ഓഫിസ് മലിനമാക്കിയിരുന്നു.

നൂറുകണക്കിന് പ്രതിഷേധക്കാർ എത്തിയപ്പോൾ പൊലീസിന് കാര്യമായി ഒന്നും ചെയ്യാനാകാതെ നോക്കി നിൽക്കേണ്ടി വന്നു. ഒടുവിൽ പത്രപ്രവർത്തകയും ഇന്ത്യ അനുകൂല പ്രചാരണത്തിന്റെ മുൻ നിരയിൽ ഉള്ള കാത്തി ഹോപ്കിൻസ് അടക്കമുള്ള ബ്രിട്ടീഷ് വംശജരും ഇന്ത്യൻ സമൂഹവും എംബസി ജീവനക്കാരും ചേർന്നാണ് പ്രതിഷേധക്കാർ ഉപേക്ഷിച്ചിട്ട മാലിന്യങ്ങൾ നീക്കം ചെയ്തത്. ഇതിനെതിരെ ഇന്ത്യ ശക്തമായ ഭാഷയിൽ ബ്രിട്ടനെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ പൗരത്വ ബിൽ ഇന്ത്യ പാസ്സാക്കിയ സാഹചര്യത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചുവടു പിടിച്ചു വീണ്ടും പ്രതിഷേധക്കാർ രംഗത്തു വന്നിരിക്കുകയാണ്. ഇത്തവണ കൂടുതൽ ശക്തിപ്രകടനം കാട്ടുവാൻ ആണ് ഇവരുടെ നീക്കം. ഇത് മുൻകൂട്ടി കണ്ടു ശക്തമായ പൊലീസ് സംരക്ഷണം ഉണ്ടാകണമെന്ന് ഇന്ത്യൻ എംബസി അധികൃതർ മെട്രോപൊളിറ്റൻ പൊലീസിനെ അറിയിച്ചു കഴിഞ്ഞു.

ചുരുങ്ങിയത് 5000 പ്രതിഷേധക്കാർ ഞായറാഴ്ച ലണ്ടനിൽ ഇന്ത്യൻ ഹൈ കമ്മീഷന് മുന്നിൽ പ്രകടനമായി എത്തും എന്നാണ് ലഭ്യമായ വിവരം. എന്നാൽ പ്രതിഷേധക്കാർ എംബസി പരിസരത്ത് എത്തും മുൻപ് തടയാൻ ഉള്ള നീക്കമാണ് പൊലീസ് ആലോചിക്കുന്നത്. പ്രതിഷേധം അക്രമത്തിലേക്ക് വഴുതിമാറുന്നത് പൊലീസ് തടയും എന്ന സൂചനയാണ് മെട്രോപൊളിറ്റൻ പൊലീസ് അധികാരികൾ മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നതും.

ഞായറാഴ്ച നടക്കുന്ന പ്രതിഷേധ റാലിക്ക് റൈസ് ഫോർ കാശ്മീർ എന്നാണ് പേരിട്ടിരിക്കുന്നത്. കാശ്മീർ വിഷയം ഉയർത്തിക്കാട്ടി ബ്രിട്ടീഷ് മണ്ണിൽ ഇന്ത്യ വിരുദ്ധ വികാരം ശക്തിപ്പെടുത്താൻ ഉള്ള നീക്കമാണ് പാക് അനുകൂല പ്രതിഷേധക്കാർ നടത്തുന്നത്. കാശ്മീർ വിഷയം ലോക മാധ്യമങ്ങളുടെ ശ്രദ്ധയിൽ സജീവമാക്കി നിർത്താൻ ബ്രിട്ടീഷ് മണ്ണിലെ പ്രതിഷേധം വഴി സാധിക്കും എന്നും ഇവർ കണക്കുകൂട്ടുന്നു.

ഹൈക്കമ്മീഷൻ ഓഫിസിനു മുന്നിൽ ഉച്ചക്ക് ഒരുമണി മുതൽ മൂന്നു മണി വരെ പ്രതിഷേധം നടത്താൻ ആണ് പ്രക്ഷോഭകർ ആലോചിക്കുന്നത്. എന്നാൽ ആയിരം പേരിൽ താഴെ വരുന്ന ജനക്കൂട്ടം സ്വതന്ത്ര ദിനത്തിൽ നടത്തിയ അഴിഞ്ഞാട്ടം പോലും വ്യാപകമായ നാശനഷ്ടം വരുത്തിയ സാഹചര്യത്തിൽ അതിന്റെ അഞ്ചിരട്ടി ആളുകൾ എത്തുമ്പോൾ എന്തായിരിക്കും സംഭവിക്കുക എന്ന ആശങ്ക ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നു.

അതേസമയം ഇന്ത്യ വിരുദ്ധ പ്രക്ഷോഭത്തിന് എത്തുന്നവർക്ക് പണവും ഭക്ഷണവും ഉൾപ്പെടെ നൽകിയാണ് തെരുവിൽ എത്തിക്കുന്നതെന്നു ഇന്ത്യ ആരോപണം ഉയർത്തിക്കഴിഞ്ഞു. പ്രക്ഷോഭത്തിൽ പാങ്കെടുക്കാൻ ഏരിയ തിരിച്ചു ഇതിനകം പാക് രാഷ്ട്രീയ അനുകൂല നിലപാടുകൾ ഉള്ളവർ യോഗങ്ങൾ നടത്തി ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. ഇന്ത്യക്കാർ ചേരി തിരിഞ്ഞു നിൽക്കുന്നതിനു വിരുദ്ധമായി ഇന്ത്യ വിരുദ്ധ വികാരം ആളിക്കത്തിക്കുന്നതിൽ പാക് അനുകൂലികൾ ഒറ്റക്കെട്ടാണ്. പ്രധാന പാക് രാഷ്ട്രീയ പാർട്ടികളായ പിപിപി യുടെയും പിഎംഎലിന്റെയും അണികൾ കൈകോർത്താണ് ലണ്ടനിൽ ഇന്ത്യ വിരുദ്ധ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.

വിദേശ പാക് വംശജരുടെ കാര്യത്തിൽ പാക് പ്രധാനമന്ത്രിയെ സഹായിക്കുന്ന സുൽഫി ബുകാരിയുടെ സാന്നിധ്യം കഴിഞ്ഞ തവണ പ്രതിഷേധ റാലിയിൽ ഉണ്ടായതോടെയാണ് ഇത് പാക് സ്‌പോൺസേർഡ് പ്രോഗ്രാം ആണെന്ന വിവരം വ്യക്തമായതു. മുൻപ് മോദി യുകെയിൽ എത്തിയപ്പോൾ നടന്ന പ്രതിഷേധത്തിൽ പാക് അധീന കശ്മീരിലെ ഉന്നത രാഷ്ട്രീയ നേതൃത്വമാണ് മുന്നിൽ നിന്നത്.

ഇത്തരം രാഷ്ട്രീയ നീക്കങ്ങൾ ബ്രിട്ടൻ തുടർച്ചയായി അനുവദിക്കുന്നത് ഇന്ത്യ നിരീക്ഷിച്ചു വരുകയാണെന്നും ഇതിൽ ഉള്ള പ്രതിഷേധം ബ്രിട്ടനെ അറിയിച്ചിട്ടുണ്ട് എന്നുമാണ് പുറത്തു വരുന്ന വിവരങ്ങൾ. ഞായറാഴ്ച നടക്കുന്ന പ്രതിഷേധത്തിൽ ഖാലിസ്ഥാൻ വാദികളായ സിഖ് വംശജരെയും അണിനിരത്തും എന്നാണ് സൂചന. മാത്രമല്ല ഇന്ത്യൻ ഭരണ ഘടന ലണ്ടൻ തെരുവിൽ കത്തിക്കാനുള്ള ആഹ്വാനവും വാട്സാപ്പ് സന്ദേശം വഴി പ്രചരിക്കുന്നുണ്ട്.

തെരീഖ് ഇ കാശ്മീർ യുകെ, സിഖ് ഫോർ ജസ്റ്റിസ് (ഇന്ത്യൻ നിരോധിത സംഘടനാ) വേൾഡ് സിഖ് പാർലിമെന്റ് എന്നിവയാണ് പരിപാടിയുടെ പ്രധാന പ്രചാരകർ. തങ്ങൾ പണം വാങ്ങിയാണ് പ്രക്ഷോഭം നടത്തുന്നത് എന്ന ആരോപണം തെരീഖ് ഇ കാശ്മീർ യുകെ തലവൻ ഫാഹിം കായാനി നിഷേധിച്ചു. ബ്രിട്ടനിലെ കാശ്മീരികളും സിഖുകാരുമാണ് പ്രതിഷേധിക്കുന്നത് എന്നാണ് ഇവരുടെ നിലപാട്. അക്രമം ഉണ്ടാകില്ലെന്ന ഉറപ്പും സംഘാടകർ നൽകുന്നുണ്ട്.

ബിർമിങ്ഹാം ഉൾപ്പെടെയുള്ള മുസ്ലിം ഭൂരിഭാഗം പ്രദേശത്തു നിന്ന് 40 ബസുകൾ പ്രതിഷേധക്കാരെ എത്തിക്കാൻ ബുക്ക് ചെയ്തിരിക്കുകയാണ്. എന്നാൽ കാനഡ, ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിൽ നിന്നും പോലും സിഖ് അനുകൂലികൾ പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയതായാണ് ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി പറയുന്നത്. പരിപാടിക്കായി 500 ബസുകളിൽ ആൾ എത്തുമെന്നാണ് തങ്ങൾക്കു ലഭിച്ച വിവരമെന്നും സംഘടനാ പ്രസിഡന്റ് കുൽദീപ് സിങ് കുൽദീപ് ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, പ്രതിഷേധം സംബന്ധിച്ച് വാർത്തകൾ ആഴ്ചകൾക്കു മുൻപ് പുറത്തു വന്നെങ്കിലും ഇന്ത്യൻ ഭരണ ഘടന സംരക്ഷിക്കണമെന്നും പൗരത്വ ബിൽ നടപ്പാക്കരുതെന്നും ഇന്ത്യൻ ജനാധിപത്യത്തിന്റെ കാവൽക്കാരാണെന്നും അവകാശപ്പെടുന്ന നിരവധി ഗ്രൂപ്പുകൾ ബ്രിട്ടനിലെ ഇന്ത്യക്കാർക്കിടയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും പാക് അനുകൂലികളായ പ്രതിഷേധക്കാർക്കെതിരെ പ്രതികരിക്കാൻ ഒരു സംഘടനയും തയ്യാറായിട്ടില്ല എന്നതും ശ്രദ്ധ നേടുന്നു.

ഇന്ത്യ വികാരത്തെക്കാൾ ഇന്ത്യൻ സർക്കാരിനോടുള്ള രാഷ്ട്രീയ പ്രതികരണമാണ് ഇത്തരക്കാരുടെ ലക്ഷ്യം എന്ന ആരോപണത്തിന് മൂർച്ച കൂട്ടുന്നതാണ് തുടർച്ചയായി ഇന്ത്യ വിരുദ്ധ വികാരവുമായി അക്രമത്തിന്റെ ഭാഷ ഉപയോഗിച്ചുള്ള മുദ്രാവാക്യങ്ങളുമായി തെരുവിൽ എത്തുന്നവരെ അപലപിക്കാൻ പോലും തയ്യാറല്ലാത്തവരുടെ നിലപാട് എന്നും വിമർശനമുണ്ട്. മലയാളികൾ അടക്കമുള്ളവർ ഇന്ത്യൻ സർക്കാരിന് എതിരെ തെരുവിൽ എത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയുടെ അഖണ്ഡതക്ക് വെല്ലുവിളിയായി ഇന്ത്യാ വിരുദ്ധ വികാരം ലണ്ടനിൽ പുകയുമ്പോൾ അതിനെതിരെ നിശ്ശബ്ദരാകാൻ ആണ് ഇത്തരം ചെറു ഗ്രൂപ്പുകൾ ശ്രദ്ധിക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP