Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏറ്റുമാനൂരുകാരിയെ ബാധിച്ചതു കൊറോണയല്ല; മലയാളി നഴ്സിനു പിടിപെട്ടത് മിഡിൽ ഈസ്റ്റ് റസ്പിറേറ്ററി സിൻഡ്രോം എന്ന രോഗമെന്ന് സൗദി ആരോഗ്യമന്ത്രാലയം; വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥി കോട്ടയത്ത് നിരീക്ഷണത്തിലും; ജപ്പാൻ, യുഎസ്, ദക്ഷിണകൊറിയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലും രോഗബാധ; ചൈനയിലെ 7 നഗരങ്ങൾ ഒറ്റപ്പെട്ടു; ഫോർബിഡൻ സിറ്റി ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തുറക്കില്ല

ഏറ്റുമാനൂരുകാരിയെ ബാധിച്ചതു കൊറോണയല്ല; മലയാളി നഴ്സിനു പിടിപെട്ടത് മിഡിൽ ഈസ്റ്റ് റസ്പിറേറ്ററി സിൻഡ്രോം എന്ന രോഗമെന്ന് സൗദി ആരോഗ്യമന്ത്രാലയം; വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥി കോട്ടയത്ത് നിരീക്ഷണത്തിലും; ജപ്പാൻ, യുഎസ്, ദക്ഷിണകൊറിയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലും രോഗബാധ; ചൈനയിലെ 7 നഗരങ്ങൾ ഒറ്റപ്പെട്ടു; ഫോർബിഡൻ സിറ്റി ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തുറക്കില്ല

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: മലയാളി നഴ്‌സിനു ബാധിച്ചത് ചൈനയെ വിറപ്പിക്കുന്ന കൊറോണ വൈറസല്ല. കൊറോണ വൈറസ് മലയാളിക്ക് ബാധിച്ചെന്ന റിപ്പോർട്ട് തള്ളി സൗദി ആരോഗ്യ മന്ത്രാലയം രംഗത്ത് വന്നു. ചൈനയിൽ 25 പേരുടെ മരണത്തിന് ഇടയാക്കിയ വൈറസ് ഇതുവരെ രാജ്യത്ത് റിപ്പോർട്ടു ചെയ്തിട്ടില്ലെന്നു സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അറിയിച്ചു. മലയാളി നഴ്‌സിനു ബാധിച്ചത് മിഡിൽ ഈസ് റസ്പിറേറ്ററി സിൻഡ്രോം (മെർസ്) ആണെന്നും ഇതു നിയന്ത്രണവിധേയമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ നഴ്‌സിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

ചൈനയിലെ വുഹാനിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസല്ല മലയാളി നഴ്‌സിനെ ബാധിച്ചതെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും നേരത്തെ ട്വിറ്ററിൽ അറിയിച്ചിരുന്നു. അസീറിലെ നാഷണൽ ആശുപത്രിയിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്. കൊറോണ വൈറസ് ബാധിച്ച സഹപ്രവർത്തകയായ ഫിലിപ്പീൻസ് സ്വദേശിനിയെ ശുശ്രൂഷിച്ച ഇവരോടൊപ്പമുള്ള കോഴിക്കോട് കക്കയം സ്വദേശിനിയായ നഴ്‌സിനും രോഗബാധയുണ്ടെന്ന് പ്രചരിച്ചെങ്കിലും പരിശോധനയിൽ ഇല്ലെന്നു തെളിഞ്ഞു. മറ്റ് 100 മലയാളി നഴ്‌സുമാർക്കും രോഗമില്ല.

ചൈനയിൽനിന്നെത്തുന്ന സഞ്ചാരികളെ കർശന പരിശോധനയ്ക്കു വിധേയരാക്കുമെന്നു സൗദി അറിയിച്ചു. ചൈനയിൽ ഉള്ള തങ്ങളുടെ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിർത്തി കടന്നെത്തുന്ന യാത്രക്കാരെ പരിശോധിക്കുന്നതിനു പ്രദേശത്ത് തെർമൽ ക്യാമറകൾ സ്ഥാപിച്ചതായി കുവൈത്ത് അറിയിച്ചു. ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി. 830 പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. മരിച്ചവരിൽ ഭൂരിപക്ഷവും ഹൂബിയിൽ നിന്നുള്ളവരാണ്. ജപ്പാൻ, യുഎസ്, ദക്ഷിണകൊറിയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലും രോഗബാധ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. വുഹാനിൽ നിന്നു മടങ്ങിയെത്തിയവർക്കാണു രോഗം പിടിപെട്ടത്. ചൈനയിലെ ആറു നഗരങ്ങൾ ഭീതിയിലാണ്. ഇവിടെ കർശന നിരീക്ഷണമാണ് നടത്തുന്നത്.

എന്നാൽ രാജ്യാന്തരതലത്തിൽ രോഗബാധ സ്ഥിരീകരിച്ചത് വളരെ കുറച്ചുപേർക്ക് മാത്രമാണ്. 12 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതിനാൽ ലോകാരാഗ്യ സംഘടന രാജ്യാന്തര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല. മിക്ക രാജ്യങ്ങളും എയർപോർട്ടിൽ സ്‌ക്രീനിങ് ശക്തമാക്കി. പുതുവർഷാഘോഷത്തിനൊരുങ്ങുന്ന (ലൂണാർ ന്യൂ ഇയർ) ചൈന പൊതുപരിപാടികൾ റദ്ദാക്കുകയാണ്. ബെയ്ജിംഗും ഹോങ്കോങ്ങും ആളുകൾ ഒത്തുചേരുന്നത് തടയാൻ പലപ്രധാന പരിപാടികളും ഒഴിവാക്കി. പുതുവത്സരം പ്രമാണിച്ചുള്ള ആഘോഷ പരിപാടികൾ ബെയ്ജിങ് മുനിസിപ്പൽ ബ്യൂറോ റദ്ദാക്കി. ബെയ്ജിംഗിൽ പുരാതന കൊട്ടാര സമുച്ചയം സ്ഥിതിചെയ്യുന്ന ഫോർബിഡൻ സിറ്റി(നിരോധിത നഗരം) ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തുറക്കില്ല.

രോഗത്തെ നിയന്ത്രിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ആദ്യം രോഗബാധ റിപ്പോർട്ടു ചെയ്ത വുഹാനു പുറമേ ഹുവാംഗ്ഗാങ്, എഴു എന്നീ നഗരങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര വിലക്കി. വുഹാനു ചുറ്റുമുള്ള ഹൈവേ ടോളുകൾ അടച്ചതോടെ റോഡ് ഗതാഗതം നിലച്ചു. വിമാന സർവീസുകളും ട്രെയ്ൻ സർവീസുകളും നിർത്തിവച്ചു. മൂന്നു നഗരങ്ങളിലുംകൂടി രണ്ടുകോടി ജനങ്ങളാണുള്ളത്. വുഹാനിലുള്ള ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികളിൽ കുറേപ്പേർ പരീക്ഷ കഴിഞ്ഞതിനെത്തുടർന്നു നേരത്തെ നാട്ടിലേക്കു മടങ്ങുകയുണ്ടായി.

കോട്ടയത്ത് വിദ്യാർത്ഥി നിരീക്ഷണത്തിൽ

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ, ചൈനയിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥിനി കോട്ടയത്ത് നിരീക്ഷണത്തിൽ. വുഹാനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥിനിയാണ് നിരീക്ഷണത്തിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡിഎംഒ അറിയിച്ചു.

അതേസമയം, കൊറോണ വൈറസ് പടരുന്ന വുഹാനിൽ പെൺകുട്ടികളടക്കമുള്ള 20 മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. കോഴ്‌സ് പൂർത്തിയാക്കി ഇന്റേൺഷിപ്പിനായി സർവ്വകലാശാലയിൽ തുടരുന്ന വിദ്യാർത്ഥികളാണ് ദുരിതത്തിലായിരിക്കുന്നത്. നേരത്തെ ചില വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങിയിരുന്നെങ്കിലും പ്രദേശത്ത് രോഗം പടർന്നതോടെ ബാക്കിയുള്ളവർക്ക് സർവ്വകലാശാല നിയന്ത്രണം കൊണ്ടുവന്നു. 20 മലയാളികളടക്കം 56 ഇന്ത്യൻ വിദ്യാർത്ഥികളാണ് അവിടെയുള്ളത്.

വിഷയത്തിൽ ഇന്ത്യൻ എംബസി ഇടപെട്ടിട്ടുണ്ട്. എംബസി ഉദ്യോഗസ്ഥർ ചൈനീസ് അധികൃതരുമായി സംസാരിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് എംബസി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP