Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അർദ്ധ രാത്രി മണ്ണെടുക്കാൻ എത്തിയവരിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയ അജ്ഞാതനും; ബഹളം കേട്ട് എത്തിയ നാട്ടുകാരുടെ ഇടപെടലിൽ ജെസിബിയും ഉപകരണങ്ങളും ഉപേക്ഷിച്ച് പോയതോടെ വസ്തു ഉടമ കുടംബത്തോടെ വീട്ടിൽ കയറി കതക് അടച്ചു; വീണ്ടും വാഹനത്തിന്റെ ബഹളം കേട്ടെത്തിയപ്പോൾ കണ്ടത് മതിലു തകർത്ത് മുന്നോട്ട് കുതിക്കുന്ന ജെസിബിയെ; എല്ലാം നേരത്തെ അറിഞ്ഞിട്ടും പൊലീസ് എത്തിയത് പതിവ് പോലെ വൈകി; അമ്പലത്തിൻകാല സംഗീതിനെ കൊന്ന കേസിൽ ഒരാൾ കീഴടങ്ങി

അർദ്ധ രാത്രി മണ്ണെടുക്കാൻ എത്തിയവരിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയ അജ്ഞാതനും; ബഹളം കേട്ട് എത്തിയ നാട്ടുകാരുടെ ഇടപെടലിൽ ജെസിബിയും ഉപകരണങ്ങളും ഉപേക്ഷിച്ച് പോയതോടെ വസ്തു ഉടമ കുടംബത്തോടെ വീട്ടിൽ കയറി കതക് അടച്ചു; വീണ്ടും വാഹനത്തിന്റെ ബഹളം കേട്ടെത്തിയപ്പോൾ കണ്ടത് മതിലു തകർത്ത് മുന്നോട്ട് കുതിക്കുന്ന ജെസിബിയെ; എല്ലാം നേരത്തെ അറിഞ്ഞിട്ടും പൊലീസ് എത്തിയത് പതിവ് പോലെ വൈകി; അമ്പലത്തിൻകാല സംഗീതിനെ കൊന്ന കേസിൽ ഒരാൾ കീഴടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാട്ടാക്കട അമ്പലത്തിൻകാല കാഞ്ഞിരവിളയിൽ സംഗീതിനെ സ്വന്തം പുരയിടത്തിലെ മണ്ണെടുപ്പ് തടഞ്ഞതിന് ജെസിബി കൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസിലെ ഒരു പ്രതി കീഴടങ്ങി. ജെസിബി ഡ്രൈവറായ വിജിനാണ് കീഴടങ്ങിയത്. ഇയാളാണ് അർദ്ധരാത്രി ജെസിബി ഓടിച്ചിരുന്നത്. ജെസിബി ബക്കറ്റ് കൊണ്ട് സംഗീതിന്റെ തലയ്ക്കടിച്ചത് ഇയാളാണോ എന്ന കാര്യം പൊലീസ് പരിശോധിച്ച് വരികയാണ്. എങ്കിൽ ഇയാളാകും കേസിലെ ഒന്നാം പ്രതി.

സംഗിതിന്റെ പുരയിടത്തിൽ നിന്ന് വനം വകുപ്പിന്റെ പദ്ധതിക്കായി മുമ്പ് ണ്ണെടുത്തിരുന്നു. ഇത് നടപ്പിലാക്കിയ സംഘമാണ് ഇന്നലെ അർധരാത്രിയോടെ വീണ്ടും മണ്ണെടുക്കാനെത്തിയത്. ബിസിനസ്സ് ആവശ്യത്തിനായി പുറത്തു പോയിരുന്ന സംഗീതിനെ ഭാര്യ ഫോണിൽ വിവരമറിയിച്ചു. വീട്ടിലെത്തിയ സംഗീത് അനുമതിയില്ലാതെ മണ്ണടുക്കന്നത് തടയുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ജ സിബിയും ടിപ്പറും പുറത്തു പോകാതിരിക്കാൻ കാർ ഗേറ്റിനു കുറുകെയിട്ടു. പ്രകോപിതരായ മണ്ണ് മാഫിയ സംഘം ജെസിബിയുടെ യന്ത്ര കൈ ഉപയോഗിച്ച് സംഗീതിനെ മർദ്ദിച്ച് കൊല്ലുകയായിരുന്നു.

കേസിൽ മുഖ്യപ്രതിയെന്ന് കരുതുന്നത് ചാരുപാറ സ്വദേശി സജുവാണ്. ഇയാളാണ് ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയത്. ഇയാൾക്ക് വേണ്ടി പൊലീസ് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. സജുവും ജെസിബി ഡ്രൈവറാണ്. വനംവകുപ്പുദ്യോഗസ്ഥൻ എന്ന് സ്വയം പരിചയപ്പെടുത്തിയ മറ്റൊരാൾ, ഉത്തമൻ എന്ന ടിപ്പർ ലോറിയുടമ എന്നിവർക്ക് വേണ്ടിയും തെരച്ചിൽ നടക്കുന്നുണ്ട്. പുലർച്ചെയാണ് സംഭവമുണ്ടായത്. നേരത്തേ സംഗീതിന്റെ പുരയിടത്തിൽ നിന്ന് മണ്ണെടുപ്പ് അനുമതിയോടെ നടന്നിരുന്നു. വനം വകുപ്പിനായിരുന്നു ഇതിന് അനുമതിയുണ്ടായിരുന്നത്.

ഇതിന്റെ മറവിൽ ഒരു സംഘം മണ്ണ് മാഫിയ വീണ്ടും അർദ്ധരാത്രി സ്ഥലത്ത് മണ്ണെടുക്കാൻ എത്തി. വനം വകുപ്പിന് വേണ്ടിയല്ല മണ്ണെടുപ്പ് എന്ന് അറിഞ്ഞതോടെ അനുമതിയില്ലാതെ മണ്ണെടുക്കരുതെന്ന് പറഞ്ഞ സംഗീത് ജെസിബി തടഞ്ഞു. അർദ്ധരാത്രിയോടെ ലോറിയും വലിയ ജെസിബിയുമായാണ് സംഘമെത്തിയത്. എന്തിനാണ് അർദ്ധരാത്രി മണ്ണെടുക്കാൻ വന്നതെന്ന് ഇവരെ സംഗീത് ചോദ്യം ചെയ്തു. അപ്പോഴേക്ക് ലോറിയിൽ മണ്ണ് കയറ്റിത്തുടങ്ങിയിരുന്നു. മണ്ണെടുപ്പ് ഇപ്പോൾ നിർത്തണമെന്നും ഇനി മേലാൽ മണ്ണെടുക്കരുതെന്നും സംഗീത് ഇവരെ താക്കീത് ചെയ്തു.

അനുമതിയോടെ മണ്ണെടുത്തിരുന്ന ദിവസങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെന്ന് സ്വയം പരിചപ്പെടുത്തിയിരുന്ന ഒരാളും ഉത്തമൻ എന്ന മറ്റൊരാളും തന്നെയാണ് ഇന്നലെ അർദ്ധരാത്രിയും എത്തിയത്. ഇതുകൊണ്ട് തുടക്കത്തിൽ സംശയം ഉണ്ടായില്ല. എന്നാൽ സംഘത്തിൽ മറ്റാരേയും അറിയില്ലായിരുന്നു. മണ്ണെടുപ്പ് സംഗീത് തടഞ്ഞപ്പോൾ സ്ഥലത്ത് വൻ ബഹളമായി. നാട്ടുകാർ പലരും ഓടിക്കൂടി. ഇവിടെ ഗുണ്ടായിസം സമ്മതിക്കില്ലെന്നും രാത്രി മണ്ണെടുപ്പ് സമ്മതിക്കില്ലെന്നും നാട്ടുകാർ പറഞ്ഞു. നാട്ടുകാർ കൂടിയതോടെ ജെസിബി സംഘം മണ്ണെടുപ്പ് നിർത്താമെന്ന് സമ്മതിച്ചു.

ലോറിയും ജെസിബിയും കൊണ്ടുപോവുകയാണെന്ന് ഈ സംഘം പറഞ്ഞു. അത് സമ്മതിക്കില്ലെന്നും, മണ്ണുള്ള ലോറി ഇവിടെ നിന്ന് കൊണ്ടുപോകാനാകില്ലെന്നും സംഗീത് വ്യക്തമാക്കി. വണ്ടി കൊണ്ടുപോകുന്നത് തടയാനായി സംഗീത് സ്വന്തം വാഹനം സ്ഥലത്ത് നിന്ന് പുറത്ത് പോകാനുള്ള ഗേറ്റിന് മുന്നിൽ നിർത്തിയിട്ടു. പൊലീസിനെ വിളിക്കുകയും ചെയ്തു. നാട്ടുകാർ സംഗീത് പറയുന്നത് കേൾക്കണമെന്ന് ഇവരോട് പറഞ്ഞതിനെത്തുടർന്ന് ജെസിബിയും ലോറിയും സ്ഥലത്ത് തന്നെ നിർത്തിയിട്ട് പോകാമെന്ന് ഇവർ സമ്മതിച്ചു. തുടർന്ന് തർക്കം തീർന്നെന്ന് കരുതി നാട്ടുകാർ പിരിഞ്ഞുപോയി. കുടുംബവും അകത്ത് കയറി കതകടച്ചു.

ഇതിനിടെയാണ് വണ്ടി വീണ്ടും സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം സംഗീത് കേട്ടത്. ഉടൻ പുറത്തിറങ്ങി സംഗീത് ലോറിയെടുക്കുന്നത് തടയാനായി അതിന് മുന്നിൽ നിന്നു. ഈ സമയത്താണ് ജെസിബി കൊണ്ട് വണ്ടി ഇടിച്ചിടുകയും ജെസിബിയുടെ ബക്കറ്റ് കൊണ്ട് സംഗീതിന്റെ തലയ്ക്ക് സംഘം അടിക്കുകയും ചെയ്തത്. അതിന് ശേഷം വണ്ടി നിർത്താതെ എടുത്തുകൊണ്ട് പോവുകയും ചെയ്തുവെന്നാണ് സംഗീതിന്റെ ഭാര്യ പൊലീസിന് നൽകിയ മൊഴി. ഇത്രയെല്ലാം സംഭവങ്ങൾ നടന്നിട്ടും സ്ഥലത്ത് പൊലീസ് എത്താൻ വൈകിയെന്ന് നാട്ടുകാരും ആരോപിക്കുന്നു.

മണ്ണെടുപ്പ് തുടങ്ങിയപ്പോൾ തന്നെ സംഗീത് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചിരുന്നതാണ്. എന്നാൽ ജെസിബി കൊണ്ട് ഇവർ സംഗീതിനെ ഇടിച്ചിട്ട് കടന്ന് കളഞ്ഞ ശേഷമാണ് പൊലീസ് എത്തിയത്. ഇത് മണ്ണ് മാഫിയയും പൊലീസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും നാട്ടുകാർ ആരോപിക്കുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഗീതിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അനധികൃതമായി മണ്ണ് കടത്തുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ജീവൻ നഷ്ടമായത് ദാരുണ സംഭവമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. സർക്കാർ സംഭവത്തെ ഗൗരവമായാണ് കാണുന്നത്. മാഫിയ സംഘങ്ങളെ നിലയ്ക്ക് നിർത്തേണ്ടതുണ്ട്. കർശനമായ നടപടി ഉണ്ടാകണെന്നും കടകംപള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP