Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുറംനാട്ടിൽ വിയർപ്പൊഴുക്കിയ കാശ് കൊണ്ട് ജൂബി ദേവസ്യ കോട്ടയം കിംസ് തുടങ്ങിയപ്പോൾ 43 കോടി വായ്പ എടുത്ത് വകമാറ്റിയത് ഡയറക്ടർ ഇ.എം.നജീബ്; ക്രൈംബ്രാഞ്ച് കേസെടുത്തപ്പോൾ നജീബിനൊപ്പം പ്രതിയായത് അന്നത്തെ സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ സലിം ഗംഗാധരൻ; ഹൈക്കോടതി സ്‌റ്റേ മാറിയാൽ അറസ്റ്റ് ഭീഷണിയും; അഴിമതി തടയാൻ പിണറായി സർക്കാർ കിഫ്ബി ഓംബുഡ്‌സ്മാനായി നിയമിച്ചത് സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതിയെ; സലിം ഗംഗാധരന്റെ നിയമനം വിവാദമാകുമ്പോൾ

പുറംനാട്ടിൽ വിയർപ്പൊഴുക്കിയ കാശ് കൊണ്ട് ജൂബി ദേവസ്യ കോട്ടയം കിംസ് തുടങ്ങിയപ്പോൾ 43 കോടി വായ്പ എടുത്ത് വകമാറ്റിയത് ഡയറക്ടർ ഇ.എം.നജീബ്; ക്രൈംബ്രാഞ്ച് കേസെടുത്തപ്പോൾ നജീബിനൊപ്പം പ്രതിയായത് അന്നത്തെ സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ സലിം ഗംഗാധരൻ; ഹൈക്കോടതി സ്‌റ്റേ മാറിയാൽ അറസ്റ്റ് ഭീഷണിയും; അഴിമതി തടയാൻ പിണറായി സർക്കാർ കിഫ്ബി ഓംബുഡ്‌സ്മാനായി നിയമിച്ചത് സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതിയെ; സലിം ഗംഗാധരന്റെ നിയമനം വിവാദമാകുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയെ കിഫ്ബിയിൽ ഓംബുഡ്‌സ്മാനായി നിയമിച്ചത് വിവാദമാകുന്നു. കോട്ടയം കിംസിൽ നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസിലെ ഏഴാം പ്രതിയാണ് കിഫ്ബി ഓംബുഡ്‌സ്മാനായി നിയമിച്ച സലിം ഗംഗാധരൻ. കോട്ടയം കിംസിലെ ഡയറക്ടർ ആയിരുന്ന ജൂബി ദേവസ്യ നൽകിയ പരാതിയെ തുടർന്ന് കോട്ടയം ക്രൈംബ്രാഞ്ച് എടുത്ത കേസിലെ ഏഴാം പ്രതിയാണ് സലിം ഗംഗാധരൻ. കിംസ് ബെൽറോസിന്റെ പേരിൽ 43 കോടി രൂപ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും ലോൺ എടുത്ത് ഈ തുക അതേപടി കിംസ് സ്ഥാപനങ്ങളിലേക്ക് വക മാറ്റിയതിനെ തുടർന്ന് ജൂബി ദേവസ്യ നൽകിയ കേസിലെ പ്രതിയാണ് സലിം ഗംഗാധരൻ.

ഹൈക്കോടതി സ്റ്റേ നൽകിയതുകൊണ്ട് മാത്രമാണ് ഏഴും എട്ടും പ്രതികളിൽപ്പെട്ട സലിം ഗംഗാധരനും മാത്യുവും തത്ക്കാലം രക്ഷപ്പെട്ടു നിൽക്കുന്നത്. സ്റ്റേ നീങ്ങിയാൽ അറസ്റ്റ് ഭീഷണിയുടെ നിഴലിൽ കിഫ്ബി ഓംബുഡ്‌സ്മാനും വരും. കോട്ടയം കിംസിൽ നടത്തിയ തട്ടിപ്പിന്റെയും വഞ്ചനയുടെയും പേരിൽ കിംസിന്റെ ഇ.എം.നജീബ്, എം.ഐ.സഹദുള്ള, ജി.വിജയരാഘവൻ അടക്കമുള്ള പ്രതിപ്പട്ടികയിൽ ഏഴാം പ്രതിയാണ് സലിം ഗംഗാധരൻ. ഈ കഴിഞ്ഞ ദിവസമാണ് സലിം ഗംഗാധരനെ കിഫ്ബി ഓംബുഡ്‌സ്മാനായി നിയമിച്ചത്. കിഫ്ബിയിലെ ചൂണ്ടിക്കാട്ടപ്പെട്ട പദ്ധതികളിലെ അഴിമതികൾ പരിശോധിക്കുകയാണ് ഓംബുഡ്‌സ്മാന്റെ ദൗത്യം.

അഴിമതി തടയാൻ കിഫ്ബി നിയമിച്ച ഓംബുഡ്‌സ്മാൻ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായതാണ് ഇപ്പോൾ വിവാദമാകുന്നത്. 50,000 കോടിയുടെ വികസന പദ്ധതികൾ നടപ്പാക്കുന്ന കിഫ്ബിയിൽ അഴിമതി ഇല്ലാതാക്കാനും അഴിമതി ചൂണ്ടിക്കാട്ടുന്നവർക്ക് സംരക്ഷണം നൽകാനുമായി നിയമിച്ച ഓംബുഡ്‌സ്മാൻ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായത് ഞെട്ടിക്കുന്ന കാര്യമായാണ് വിരൽ ചൂണ്ടപ്പെടുന്നത്. 50000 കോടിയുടെ പദ്ധതികൾ കിഫ്ബി നടപ്പിലാക്കുമ്പോൾ സുതാര്യത വരുത്താനാണ് കിഫ്ബിയിൽ ഓംബുഡ്‌സ്മാനും വിസിൽ ബ്ലോവർ പോളിസിയും നടപ്പിലാക്കപ്പെട്ടത്. കിഫ്ബിയിലെ നിക്ഷേപകരുടെയും ബോർഡ് അംഗങ്ങളുടെയും ആവശ്യപ്രകാരമാണ് ഇത് രണ്ടും അനുവദിച്ച് സർക്കാർ ഉത്തരവായത്. സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയെ തന്നെ ഓംബുഡ്‌സ്മാൻ ആയി നിയമിച്ചതാണ് വിവാദമാകുന്നത്. റിസർവ് ബാങ്ക് മുൻ മേഖലാ ഡയറക്ടർ എന്ന നിലയിലാണ് സലിം ഗംഗാധരനെ ഓംബുഡ്‌സ്മാനായി നിയമിച്ചത്.

സലിം ഗംഗാധരൻ സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാനായിരിക്കുമ്പോഴാണ് കിംസിലെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാകുന്നത്. ബാങ്കിന്റെ ചെയർമാനും എംഡിയുമായിരിക്കെ സലിം ഗംഗാധരനും വി.ജി.മാത്യുവുമാണ് കിംസിന്റെ നജീബ് അടക്കമുള്ളവർക്ക് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്താൻ ഒത്താശ ചെയ്തുകൊടുത്തത് എന്നാണ് ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രത്തിലുള്ളത്. വ്യാജരേഖകൾ കാണിച്ച് വിശ്വാസവഞ്ചന നടത്താൻ മറ്റു പ്രതികൾക്ക് ഇവർ കൂട്ട് നിന്നു. ഇതിനാലാണ് ഇവർ ഏഴും എട്ടും പ്രതിയായി മാറിയത്. കിംസിനു ലോൺ അനുവദിച്ച ശേഷം 2014 മുതൽ 2016 വരെ കിംസ് ലോൺ അടക്കയ്ക്കുമ്പോൾ സൗത്ത് ഇന്ത്യൻ ബാങ്ക് ഒരു അന്വേഷണവും നടത്തിയില്ല. സൈറ്റ് ഇൻസ്പെക്ഷന്റെ ഫീസ് മാത്രം ഈടാക്കി. കെട്ടിടം പണി നടക്കുന്നുണ്ടോ എന്ന് അന്വേഷിച്ചില്ല. സ്ഥലത്ത് വന്നു നോക്കിയതുമില്ല. കെട്ടിടം പണിഞ്ഞോ എന്ന് ഇവർ അന്വേഷിച്ചതേയില്ല. അതുകൊണ്ട് തന്നെയാണ് അന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാനായ സലിം ഗംഗാധരൻ കൂടി ഈ കേസിൽ പ്രതിയായി മാറിയത്. കെട്ടിടം പണിക്ക് ലോൺ എടുത്ത് കെട്ടിടം പണിയാതെ തന്നെ ലോൺ അനുവദിച്ചു. ഇതോടെ ബാങ്ക് ചെയർമാൻ കൂടി പ്രതിയായി. 130 ബെഡുള്ള ആശുപത്രി പണിയാൻ എന്ന് പറഞ്ഞ് 43 കോടി രൂപ ലോൺ എടുത്ത നജീബ് പക്ഷെ 50 സ്‌ക്വയർഫീറ്റ് ബിൽഡിങ് പോലും പണിതിരുന്നില്ല.

താൻ നൽകിയ കേസിലെ പ്രതിയായ സലിം ഗംഗാധരനെ കിഫ്ബി പോലുള്ള അടിസ്ഥാന സൗകര്യവികസന ഏജൻസിയിൽ ഓംബുഡ്‌സ്മാനായി നിയമിച്ചത് ചൂണ്ടിക്കാട്ടി ജൂബി ദേവസ്യ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. കോട്ടയം കിംസിന്റെ സ്വതന്ത്ര ഡയറക്ടർ ആയിരുന്ന മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകൻ രമൺ ശ്രീവാസ്തവ ഈയിടെ കിംസ് ഡയറക്ടർ ബോർഡ് പദവി രാജിവെച്ചിരുന്നു. കോട്ടയം കിംസിൽ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിനു വിഘാതമാകുന്ന അവസ്ഥ വന്നപ്പോഴാണ് രമൺ ശ്രീവാസ്തവ ഈയിടെ കിംസ് ഡയരക്ടർ പദവി രാജിവെച്ചത്. പ്രവാസികളുടെ പണമാണ് കിഫ്ബിയിൽ ഉള്ളത്.

പുറം രാജ്യങ്ങളിൽ പോയി വിയർപ്പ് ഒഴുക്കി കാശ് നാട്ടിൽ നിക്ഷേപിക്കുന്ന തന്നെ പോലുള്ള പ്രവാസികൾക്ക് വൻ തിരിച്ചടിയാണ് സലിം ഗംഗാധരനെ പോലുള്ളവർക്ക് നൽകുന്ന ഓംബുഡ്‌സ്മാൻ പദവിയെന്നു മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ജൂബി ദേവസ്യ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സർക്കാരിൽ ഉള്ള വിശ്വാസമാണ് ഇത്തരം നടപടികളിലൂടെ നഷ്ടമാകുന്നത്. കേരള ഹൈക്കോടതിയിലെ സിആർഎൽ എംസി/0005751/2019 കേസിലെ പ്രതിയും സുപ്രീംകോടതിയിലെ 869/2019 കേസിലെ പ്രതിയുമാണ്. 43 കോടി രൂപ കോട്ടയം കിംസിനുവേണ്ടി ലോൺ എടുത്തപ്പോൾ ആ പണത്തിനു മേൽ നടത്തിയ തിരിമറികൾ കറണ്ട് അക്കൗണ്ട് പരിശോധിച്ചാൽ മനസിലാകും. ഇത്തരം കാര്യങ്ങൾക്ക് മുഴുവൻ കൂട്ടുനിന്ന ആളാണ് സലിം ഗംഗാധരൻ-ജൂബി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ജൂലൈ ഏഴിനാണ് കോട്ടയം കിംസിൽ നടത്തിയ തട്ടിപ്പിനും വഞ്ചനയുടെയും പേരിൽ കിംസിന്റെ ഡയറക്ടർമാരായ ഇ.എം.നജീബും, ഡോക്ടർ എം.ഐ.സഹദുള്ള, പ്രമുഖ കാർഡിയോളജിസ്റ്റ് ജി.വിജയരാഘവൻ, സുഹറ പടിയത്ത്, മുഹമ്മദ് സലിം കുഞ്ഞ്, ജോസ് തോമസ്, സലിം ഗംഗാധരൻ, വി.ജ.മാത്യു എന്നിവരെ ഒന്നുമുതൽ എട്ടുവരെ പ്രതികളാക്കി കോട്ടയം ക്രൈംബ്രാഞ്ച് എഫ്ഐആർ ഫയൽ ചെയ്തത്. കോട്ടയം കിംസ് എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന കോട്ടയം കിംസ് ബെൽറോസ് ആശുപത്രിയുടെ സംരംഭകനായ അമേരിക്കൻ പ്രവാസി വ്യവസായി ജൂബി.എം.ദേവസ്യ നൽകിയ പരാതിയെ തുടർന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം ഫയൽ ചെയ്തത്. കിംസ് ബെൽറോസിന്റെ പേരിൽ 43 കോടി രൂപ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും ലോൺ എടുത്ത് ഈ തുക അതേപടി കിംസ് സ്ഥാപനങ്ങളിലേക്ക് വക മാറ്റിയതിനെ തുടർന്ന് ജൂബി ദേവസ്യ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഹൈക്കോടതിയിലുമായി നല്കിയ ക്രിമിനൽ-സിവിൽ കേസുകളുടെ ബാക്കിപത്രമായാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം വന്നത്. ക്രിമിനൽ കേസ് ചാർജ് ചെയ്യാൻ കോട്ടയം എസ്‌പിക്ക് ജൂബി പരാതി നൽകിയിരുന്നു. കോട്ടയം എസ്‌പി പരാതി അന്വേഷിച്ചു. റിപ്പോർട്ട് നൽകി. പ്രാഥമിക അന്വേഷണത്തിൽ നാല് കോടി രൂപയുടെ തിരിമറിയാണ് എസ്‌പിക്ക് ബോധ്യപ്പെട്ടത്. കോട്ടയം കിംസ് കേന്ദ്രമാക്കി നജീബും കൂട്ടരും നടത്തിയ വൻ ചതിയിൽ ഉലഞ്ഞാണ് ജൂബി ദേവസ്യ നജീബിനും ഉന്നതരായ നജീബിന്റെ പങ്കാളികൾക്കെതിരെയും ക്രിമിനൽ-സിവിൽ കേസുകളുമായി നീങ്ങിയത്.

സിവിൽ-ക്രിമിനൽ കേസുകൾ നിലനിൽക്കുന്ന കോട്ടയം കിംസിൽ കേസുകൾക്കും നീക്കങ്ങൾക്കും തടയിടാൻ വേണ്ടിയാണ് കിംസ് ഡയറക്ടറായ ഇ.എം.നജീബ് സ്വതന്ത്ര ഡയറക്ടർ പദവിയിൽ ശ്രീവാസ്തവയെ നിയമിച്ചത്. കോട്ടയം കിംസുമായി ബന്ധപ്പെട്ടു നിൽക്കുന്ന സിവിൽ ക്രിമിനൽ കേസുകളിൽ താൻ കൂടി പ്രതിയാകും എന്ന അവസ്ഥ മുൻകൂട്ടി കണ്ടാണ് രമൺ ശ്രീവാസ്തവ ഡയറക്ടർ പദവി വിട്ടത്. ഡയറക്ടർ പദവിയിൽ സെപ്റ്റംബർ അഞ്ചിന് നടന്ന ഈ നിയമനം രണ്ടു മാസം പിന്നിടുമ്പോൾ തന്നെയാണ് രാജിക്കത്ത് നൽകി രമൺ ശ്രീവാസ്തവ പടിയിറങ്ങിയത്. വലിയ ഒരു തട്ടിപ്പിന് കൂട്ട് നിൽക്കാൻ തനിക്ക് കഴിയില്ലെന്ന സൂചനകൾ കൂടി രമൺ ശ്രീവാസ്തവയുടെ രാജിക്ക് പിന്നിലുണ്ടായിരുന്നു. കോട്ടയം കിംസുമായി ബന്ധപ്പെട്ട അന്വേഷണം മുന്നോട്ടു നീക്കാൻ ക്രൈംബ്രാഞ്ചിനു മുന്നിലുള്ള വലിയ തടസമായിരുന്നു കോട്ടയം കിംസിലെ സ്വതന്ത്ര ഡയറക്ടർ ആയ രമൺ ശ്രീവാസ്തവയുടെ സാന്നിധ്യം. കോട്ടയം കിംസുമായി ബന്ധപ്പെട്ടു നടത്തുന്ന അന്വേഷണം മുന്നോട്ടു നീക്കാൻ ക്രൈംബ്രാഞ്ചിനു കഴിയുന്ന ഒരവസ്ഥകൂടിയാണ് ശ്രീവാസ്തവയുടെ രാജി വഴി സൃഷ്ടിക്കപ്പെട്ടത്.

43 കോടി രൂപ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും കോട്ടയം കിംസിനുവേണ്ടി എടുത്ത ശേഷം ഈ തുക അതേപടി നജീബും കൂട്ടരും സ്വന്തം സ്ഥാപനങ്ങളിലേക്ക് വകമാറ്റുകയായിരുന്നു. അമേരിക്കയിൽ ജീവിച്ച് സുഖസൗകര്യങ്ങൾ മനസിലാക്കി സ്വന്തം നാടായ കോട്ടയത്ത് അമേരിക്കൻ രീതിയിൽ നല്ലൊരു ആശുപത്രി പണിയാൻ വേണ്ടിയാണ് ജൂബി ദേവസ്യ മീനച്ചിലാറിന്റെ തീരത്ത് അഞ്ചര കോടി രൂപ മുതൽ മുടക്കിൽ ബെൽറോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആരംഭിച്ചത്. രണ്ടര ഏക്കർ സ്ഥലത്ത് 50000 സ്‌ക്വയർ ഫീറ്റ് കെട്ടിടമാണ് ആശുപത്രിക്ക് വേണ്ടി ജൂബി പണി തീർത്തത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത ആശുപത്രിയാണിത്. ആശുപത്രി വികസിപ്പിക്കാൻ സഹായം തേടിയാണ് ജൂബി കിംസിന്റെ ഇ.എം.നജീബിനെയും കൂട്ടരെയും സമീപിക്കുന്നത്. 2013-ൽ നജീബും കൂട്ടരും ബെൽറോസ് ആശുപത്രി വന്നു കണ്ടു. തിരുവനന്തപുരത്തെ കിംസ് ആശുപത്രി വന്നു കണ്ടു നോക്കൂ. അതുപോലെ ഒരാശുപത്രിയായി നമുക്ക് ബെൽറോസ് ആശുപത്രിയെ മാറ്റം. കിംസ് പോലെ ബെൽറോസ് ആശുപത്രിയെയും നമുക്ക് മാറ്റാം എന്നാണ് നജീബ് അന്ന് പറഞ്ഞത്. നജീബിന്റെ വാക്ക് വിശ്വസിച്ച് ബെൽറോസ് കോട്ടയം കിംസ് ആക്കി മാറ്റിയാണ് പദ്ധതി മുന്നോട്ടു നീക്കിയത്.

കോട്ടയം കിംസിന്റെ 55 ശതമാനം ഷെയറുകൾ നജീബിനും 45 ശതമാനം ഷെയറുകൾ ജൂബിക്കും എന്ന രീതിയിലാണ് ധാരണ വന്നത്. ഈ പങ്കാളിത്തത്തിന്റെ പുറത്ത് ആശുപത്രി വികസിപ്പിക്കാൻ 38 കോടി രൂപ ടേം ലോൺ ആയും മൂന്നു കോടി രൂപ വർക്കിങ് കാപ്പിറ്റലുമായാണ് സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും നജീബും പങ്കാളികളും ലോൺ എടുത്തത്. എന്നാൽ ഈ ലോൺ എടുത്ത കാര്യം 2017 വരെ ആശുപത്രിയുടെ 45 ശതമാനം ഷെയറുകൾ കൈവശം വയ്ക്കുന്ന ജൂബിയും ഭാര്യയും അറിഞ്ഞതേയില്ല. ആശുപത്രി ഡയരക്ടർ ബോർഡിലും ഇത് ചർച്ചയ്ക്ക് വന്നില്ല. പക്ഷെ ലോൺ എടുക്കുകയും ചെയ്തു. നജീബും സൗത്ത് ഇന്ത്യൻ ബാങ്കും നടത്തിയ ഒത്തുകളിയുടെയും ചതിയുടെ കഥ ജൂബിയുടെ പരാതിക്ക് പിന്നിലുണ്ട്. ഫണ്ട് കിംസ് സ്ഥാപനങ്ങളിലേക്കും വിദേശങ്ങളിലുള്ള സ്ഥാപനങ്ങളിലേക്ക് വരെ വക മാറ്റി എന്നാണ് ജൂബി ദേവസ്യ നൽകിയ ക്രിമിനൽ സിവിൽ കേസുകളുടെ ആധാരം. പ്രധാനമന്ത്രിക്ക് വരെ നീളുന്ന പരാതിയും അതുവഴിയുള്ള അന്വേഷണങ്ങളുമൊക്കെയാണ് ഇപ്പോൾ ഈ കേസിൽ നടക്കുന്നതും. കേസുകളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും തത്ക്കാലത്തേക്ക് രക്ഷപ്പെടാനാണ് നജീബ് ശ്രീവാസ്തവയെ സ്വതന്ത്ര ചുമതലയുള്ള ഡയരക്ടർ ആക്കിയത്. പക്ഷെ പ്രശ്നങ്ങൾ മനസിലാക്കിയാണ് ശ്രീവാസ്തവ രാജിവെച്ചത്. കിംസിലെ ഈ കേസ് ഇപ്പോൾ കിഫ്ബി ഓംബുഡ്‌സ്മാനും തലവേദനയാകുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP