Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യം ലോകം പങ്കുവെച്ചത് അമ്മാവനെ വെട്ടി പട്ടിക്കിട്ടു കൊടുത്തുവെന്ന്; പിന്നെ കേൾക്കുന്നത് പിതൃസഹോദരിയെയും കാലപുരിക്ക് അയച്ചുവെന്ന്; എല്ലാം പാശ്ചാത്യ മാധ്യമങ്ങളുടെ കള്ളമെന്ന് തെളിയിച്ചു കാലം; ഉത്തര കൊറിയൻ പ്രസിഡന്റ് കിം പിതൃസഹോദരിക്കൊപ്പം ആറ് വർഷങ്ങൾക്ക് ശേഷം പ്രത്യക്ഷപ്പെട്ടപ്പോൾ നാണം കെട്ടത് പാശ്ചാത്യ മാധ്യമങ്ങൾ; കിമ്മിന്റെ നീക്കം കുടുംബത്തിന്റെ പിന്തുണയും തനിക്കുണ്ടെന്ന് ലോകത്തെ അറിയിക്കാനെന്ന് നിരീക്ഷകർ

ആദ്യം ലോകം പങ്കുവെച്ചത് അമ്മാവനെ വെട്ടി പട്ടിക്കിട്ടു കൊടുത്തുവെന്ന്; പിന്നെ കേൾക്കുന്നത് പിതൃസഹോദരിയെയും കാലപുരിക്ക് അയച്ചുവെന്ന്; എല്ലാം പാശ്ചാത്യ മാധ്യമങ്ങളുടെ കള്ളമെന്ന് തെളിയിച്ചു കാലം; ഉത്തര കൊറിയൻ പ്രസിഡന്റ് കിം പിതൃസഹോദരിക്കൊപ്പം ആറ് വർഷങ്ങൾക്ക് ശേഷം പ്രത്യക്ഷപ്പെട്ടപ്പോൾ നാണം കെട്ടത് പാശ്ചാത്യ മാധ്യമങ്ങൾ; കിമ്മിന്റെ നീക്കം കുടുംബത്തിന്റെ പിന്തുണയും തനിക്കുണ്ടെന്ന് ലോകത്തെ അറിയിക്കാനെന്ന് നിരീക്ഷകർ

മറുനാടൻ ഡെസ്‌ക്‌

പ്യോംഗ്യാംഗ്: ഉത്തരകൊറിയിൻ ഭരണാധികാരി കിം ജോങ് ഉന്നിനെ കുറിച്ച് പാശ്ചാത്യ മാധ്യമങ്ങൾ പുറത്തുവിടുന്ന കഥകൾ പലപ്പോഴും നിറപിടിപ്പിച്ചവ ആണെന്ന ആക്ഷേപം ശക്തമായിരുന്നു. അമ്മാവനെ വെട്ടിക്കൊന്ന് പട്ടിക്ക് ഇട്ടു കൊടുക്കുന്ന കിമ്മിനെ കുറിച്ചാണ് മാധ്യമങ്ങളെല്ലാം എഴുതുന്നത്. ഇങ്ങനെ പുറത്തുവന്ന കഥകളുടെ വസ്തുത എന്താണെന്ന കാര്യത്തിൽ ശരിക്കും ആർക്കും വ്യക്തത ഇല്ലെന്നതാണ് വാസ്തവം. ലോകത്തിന് മുമ്പിൽ കിം തികഞ്ഞ ഏകാധിപതിയും ആണവ ആയുധമുണ്ടാക്കി ലോകത്തെ വെല്ലുവിളിക്കുന്ന വ്യക്തിയുമാണ്. എന്നാൽ, ഇത്രയും കാലത്തെ ഭരണത്തിനിടയിൽ ആഭ്യന്തരമായ എതിർപ്പ് കിം നേരിടേണ്ടി വന്നിട്ടില്ല. ഇപ്പോഴിതാ ലോകം മരിച്ചുവെന്ന് പറഞ്ഞ് എഴുതി തള്ളിയ കിം കുടുംബത്തിലെ ഒരംഗം ജീവനോടെ പൊതുവേദിയിൽ എത്തിയിരിക്കുന്നു.

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ പിതൃസഹോദരി കിം ക്യോങ് ഹുയിയാണ് വീണ്ടും പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. വധശിക്ഷയ്ക്കു വിധിച്ചെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ആറു വർഷത്തിന് ശേഷം ഇവർ വീണ്ടും പൊതുവേദിയിൽ എത്തിയത്. പ്യോംഗ്യാംഗിലെ തീയെറ്ററിൽ നടന്ന ചാന്ദ്രപുതുവർഷാഘോഷ പരിപാടികളിലെ പ്രധാന അതിഥിയായാണ് 73കാരിയായ കിം ക്യോഗ് ഹുയിയെ ഉൾപ്പെടുത്തിയത്. കിമ്മിനും ഭാര്യ റിസോൾ ജുവിനുമൊപ്പം ഇരുന്ന് ചടങ്ങുകൾ വീക്ഷിക്കുന്ന ചിത്രങ്ങളും ഉത്തരകൊറിയ പുറത്തുവിട്ടു.

കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് രണ്ടാമന്റെ ഒരേയൊരു സഹോദരിയാണിവർ. ഒരുകാലത്ത് വർക്കേഴ്സ് പാർട്ടിയുടെ ഡിപ്പാർട്ട്മെന്റൽ ഡയറക്ടറായും ഫോർ-സ്റ്റാർ ആർമി ജനറലായും കിം ക്യോങ് പ്രവർത്തിച്ചിട്ടുണ്ട്. 2008ൽ കിം ജോങ് രണ്ടാമന് മസ്തിഷ്‌കാഘാതം ഉണ്ടായതിനു പിന്നാലെ കിം ജോങ് ഉന്നിനെ നേതൃസ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ടുവന്നതിലും ഇവർക്കു നിർണായക പങ്കുണ്ടെന്നാണു കരുതുന്നത്. ഹൃദയാഘാതത്താൽ പിതാവ് മരിച്ചപ്പോൾ 2011ൽ കിം ജോങ് ഉൻ അധികാരത്തിലെത്തുകയും ചെയ്തു. എന്നാൽ 2013 ഡിസംബറിൽ ചാരപ്രവർത്തനം ആരോപിച്ച് കിം ക്യോങ്ങിന്റെ ഭർത്താവ് ജങ് സോങ്ങിനെ കിം വധശിക്ഷയ്ക്കു വിധിച്ചതോടെയാണ് അഭ്യൂഹങ്ങൾക്കു ശക്തി പ്രാപിച്ചത്. കിം ജോങ് ഉൻ കഴിഞ്ഞാൽ അതുവരെ രാജ്യത്തു രണ്ടാം സ്ഥാനത്ത് ജങ് സോങ് ആയിരുന്നു.

2013ൽ കിം ജോങ് രണ്ടാമന്റെ രണ്ടാം ചരമവാർഷികാചരണ ചടങ്ങിലും കിം ക്യോങ്ങിന്റെ അസാന്നിധ്യം ശ്രദ്ധേയമായി. ഇവരെക്കുറുച്ചുള്ള വാർത്തകൾ പുറത്തുവരാതായതോടെ കിം ക്യോങ് മരിച്ചതായി അഭ്യൂഹങ്ങൾ ഉയർന്നു. യുഎസിനെതിരെ ഉൾപ്പെടെ നിലപാട് ശക്തമാക്കുന്നതിന്റെ ഭാഗമായി കുടുംബത്തിന്റെ പിന്തുണയും തനിക്കുണ്ടെന്ന് ലോകത്തെ അറിയിക്കാനാണ് പുതിയ നീക്കമെന്നാണു നിരീക്ഷകർ പറയുന്നത്. ക്രൂരനായ ഏകാധിപതി എന്ന പേരിൽ നിന്നു തൽക്കാലത്തേക്കെങ്കിലും രക്ഷ നേടാനും കിം ജോങ് ഉൻ ശ്രമിക്കുന്നതായി അവർ വ്യക്തമാക്കുന്നു. എന്നാൽ കിം ക്യോങ് വീണ്ടും അധികാരശ്രേണിയിലെത്താൻ സാധ്യതയില്ല. എന്നാൽ കിമ്മിന്റെ പുതിയ സാമ്പത്തികകാര്യ രാഷ്ട്രീയ ഉപദേഷ്ടാവായി കിം ക്യോങ് ഉയർന്നുവരാനുള്ള സാധ്യതയും നിരീക്ഷകർ തള്ളിക്കളയുന്നില്ല.

കിമ്മിന്റെ പിതാവ് കിം ജോങ് ഇല്ലിന്റെ ഒരേയൊരു സഹോദരിയാണ് ക്യോങ് ഹുയി. കുടുംബാംഗങ്ങളിൽ പലരേയും വധിച്ചതായി ആരോപണം നേരിടുന്ന കിം ജോങ് ഉൻ, അമ്മായിയേയും കൊലപ്പെടുത്തതായി അഭ്യൂഹങ്ങൾ ശക്തമായിരുന്നു. കിം ജോങ് ഇല്ലിന്റെ രണ്ടാം ചരമവാർഷികവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്ന ക്യോങ് ഹുയിയെക്കുറിച്ച് പിന്നെ വിവരമൊന്നും ഉണ്ടായിരുന്നില്ല. ഇന്നത്തെ കെസിഎൻഎ റിപ്പോർട്ടാണ് ക്യോങ് ഹുയിയെ വീണ്ടും പൊതുശ്രദ്ധയിലെത്തിച്ചിരിക്കുന്നത്. യുഎസുമായുള്ള ബന്ധം ഒരിടവേളയ്ക്ക് ശേഷം വീണ്ടും വഷളാവുകയും ആണവായുദ്ധ പരിപാടികൾ സജീവമാക്കുകയും ചെയ്ത സാഹചര്യത്തിൽ ഭരണം നിയന്ത്രിക്കുന്ന തന്റെ കുടുംബത്തെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് കിം ജോങ് ഉൻ എന്ന് ദക്ഷിണകൊറിയയിലെ സെജോങ് ഇൻസ്റ്റിറ്റ്യൂട്ടിലെ അനലിസ്റ്റ് ചിയോങ് സിയോങ് ചാങ് പറയുന്നു.

അതേസമയം ക്യോങ് ഹുയി, പാർട്ടി പൊളിറ്റ് ബ്യൂറോയിലോ നിർണായക അധികാര സ്ഥാനങ്ങളിലോ വീണ്ടും ഇടംപിടിക്കാൻ സാധ്യത കുറവാണ് എന്നാണ് ദക്ഷിണ കൊറിയൻ അനലിസ്റ്റിന്റെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP