Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ജനിക്കാതിരുന്നുവെങ്കിൽ നന്നായിരുന്നു എന്നുപോലും ചിന്തിക്കേണ്ടി വരുന്ന അവസ്ഥയാണിത്;' പൗരത്വ നിയമ ഭേദഗതി പ്രകാരം പൗരത്വം ലഭിക്കണമെങ്കിൽ വിദേശിയാകണം എന്ന ഭീകരമായ സ്ഥിതി എന്നും മമത ബാനർജി; പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന നാലാമത്തെ സംസ്ഥാനമായി പശ്ചിമ ബംഗാൾ; തൃണമൂലിനെ പിന്തുണച്ച് കോൺഗ്രസും ഇടത് മുന്നണിയും; മോദിയേയും അമിത് ഷായേയും അഭിനന്ദിച്ച് ബിജെപിയും

'ജനിക്കാതിരുന്നുവെങ്കിൽ നന്നായിരുന്നു എന്നുപോലും ചിന്തിക്കേണ്ടി വരുന്ന അവസ്ഥയാണിത്;' പൗരത്വ നിയമ ഭേദഗതി പ്രകാരം പൗരത്വം ലഭിക്കണമെങ്കിൽ വിദേശിയാകണം എന്ന ഭീകരമായ സ്ഥിതി എന്നും മമത ബാനർജി; പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന നാലാമത്തെ സംസ്ഥാനമായി പശ്ചിമ ബംഗാൾ; തൃണമൂലിനെ പിന്തുണച്ച് കോൺഗ്രസും ഇടത് മുന്നണിയും; മോദിയേയും അമിത് ഷായേയും അഭിനന്ദിച്ച് ബിജെപിയും

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ പശ്ചിമ ബംഗാൾ നിയമസഭയും പ്രമേയം പാസാക്കി. കോൺഗ്രസും സിപിഎം നേതൃത്വം നൽകുന്ന ഇടതുമുന്നണിയും അടക്കമുള്ള പാർട്ടികൾ പ്രമേയത്തെ പിന്തുണച്ചു. പ്രമേയത്തെ എതിർത്ത ബിജെപി നിയമ ഭേദഗതി കൊണ്ടുവന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും അഭിനന്ദിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന നാലാമത്തെ സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. കേരളം, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ് നേരത്തെ പ്രമേയം പാസാക്കിയത്.

ബംഗാളിൽ സിഎഎയും എൻപിആറും എൻആർസിയും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. സമാധാനപരമായ പ്രതിഷേധം തുടരും. പൗരത്വ നിയമ ഭേദഗതി പ്രകാരം പൗരത്വം ലഭിക്കണമെങ്കിൽ വിദേശിയാകണം എന്ന സ്ഥിതിയാണ്. ഭീകരമായ അവസ്ഥയാണിത്. ജനങ്ങളെ അത് മരണത്തിലേക്ക് തള്ളിവിടും. അത്തരത്തിലുള്ള കെണിയിൽ വീഴില്ലെന്നും മമത പറഞ്ഞു. തടങ്കൽ പാളയങ്ങൾ അടക്കമുള്ളവ അംഗീകരിക്കാനാവില്ല. രാജ്യം വിട്ടുപോകേണ്ടി വരുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ. ജനിക്കാതിരുന്നുവെങ്കിൽ നന്നായിരുന്നു എന്നുപോലും ചിന്തിക്കേണ്ടി വരുന്ന അവസ്ഥയാണിത്. വിവിധ കാർഡുകൾക്കുവേണ്ടി ജനം ക്യൂ നിൽക്കുകയാണ്.

അവർ പാക്കിസ്ഥാന്റെ ബ്രാൻഡ് അംബാസിഡർമാരാണ്. പാക്കിസ്ഥാനെപ്പറ്റി കൂടുതൽ സംസാരിക്കുന്ന അവർ ഹിന്ദുസ്ഥാനെപ്പറ്റി വളരെ കുറച്ചുമാത്രം സംസാരിക്കുന്നു. പൗരത്വ നിയമ ഭേദഗതിയിലൂടെ ആദ്യമായി മതം പൗരത്വം ലഭിക്കുന്നതിനുള്ള മാനദണ്ഡമായി മാറി. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും മമത കുറ്റപ്പെടുത്തി. നാല് ദിവസത്തിനകം ബംഗാൾ നിയമസഭ സിഎഎക്കെതിരെ പ്രമേയം പാസാക്കുമെന്ന് അവർ കഴിഞ്ഞാഴ്ച പറഞ്ഞിരുന്നു.

സിഎഎയും എൻആർസിയും തന്റെ ശവത്തിൽ ചവിട്ടിയേ ബംഗാളിൽ നടപ്പാക്കാൻ സാധിക്കൂ എന്ന മമതയുടെ പ്രഖ്യാപനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നേരത്തെ ബംഗാളിൽ എൻആർസി നടപ്പാക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ മമതയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് സിഎഎ വിഷയം മാത്രമാണ് കേന്ദ്രവും ബിജെപിയും ബംഗാളിൽ ഇപ്പോൾ ഉയർത്തുന്നത്. തെലങ്കാനയിലെ ചന്ദ്രശേഖര റാവു സർക്കാർ സിഎഎക്കെതിരെ പ്രമേയം പാസാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം പ്രമേയം പാസാക്കാനുള്ള ശ്രമത്തിലാണ്. നിലവിൽ പഞ്ചാബും രാജസ്ഥാനും പാസാക്കിയിട്ടുണ്ട്. മധ്യപ്രദേശും ഛത്തീസ്‌ഗഡും ഉടൻ പ്രമേയം പാസാക്കുമെന്ന് സൂചനയുണ്ട്. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നും എൻപിആർ നടപ്പാക്കരുതെന്ന് മമത ബാനർജി ആവശ്യപ്പെട്ടു. പ്രതിപക്ഷ പാർട്ടികൾ ഇക്കാര്യത്തിൽ ഐക്യത്തിലെത്തിയാൽ കൊൽക്കത്തയിൽ അവരുടെ യോഗം വിളിക്കാൻ താൻ തയ്യാറാണ്. എൻപിആർ നടപ്പാക്കുന്നതിന് മുമ്പ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഭരണകക്ഷികൾ നിയമം ശരിയായ രീതിയിൽ പഠിക്കണം. എൻആർസിയുമായും സിഎഎയുമായും പ്രത്യക്ഷ ബന്ധമുള്ളതാണ് എൻപിആർ. അതുകൊണ്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എൻപിആർ തള്ളിക്കളയണമെന്നും മമത ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP