Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗസ്‌നി പ്രവിശ്യയിൽ തങ്ങൾ തകർത്തത് അമേരിക്കൻ സൈനിക വിമാനമെന്ന് താലിബാൻ; വിമാനത്തിലുണ്ടായിരുന്ന ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കം എല്ലാവരും കൊല്ലപ്പെട്ടെന്നും അവകാശവാദം; സംഭവത്തിൽ പ്രതികരിക്കാതെ അമേരിക്ക; അന്വേഷണം നടക്കുന്നെന്ന് പെന്റഗൺ

ഗസ്‌നി പ്രവിശ്യയിൽ തങ്ങൾ തകർത്തത് അമേരിക്കൻ സൈനിക വിമാനമെന്ന് താലിബാൻ; വിമാനത്തിലുണ്ടായിരുന്ന ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കം എല്ലാവരും കൊല്ലപ്പെട്ടെന്നും അവകാശവാദം; സംഭവത്തിൽ പ്രതികരിക്കാതെ അമേരിക്ക; അന്വേഷണം നടക്കുന്നെന്ന് പെന്റഗൺ

മറുനാടൻ മലയാളി ബ്യൂറോ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ തങ്ങൾ തകർത്തത് അമേരിക്കൻ സേനയുടെ വിമാനമെന്ന് താലിബാൻ. ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കം വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായും താലിബാൻ അവകാശപ്പെട്ടു. എന്നാൽ, തകർന്നു വീണ വിമാനം തങ്ങളുടേതാണെന്ന് യുഎസ് സൈന്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം അന്വേഷണം നടത്തിവരികയാണെന്ന് പെന്റഗൺ അറിയിച്ചിട്ടുമുണ്ട്.

താലിബാന്റെ നിയന്ത്രണത്തിലുള്ള ഗസ്‌നി പ്രവിശ്യയിലാണ് വിമാനം തകർന്നു വീണത്. താഴെവീണ വിമാനം കത്തിയമരുന്നതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇറാൻ ന്യൂസ് ഏജൻസിയും വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്. കിഴക്കൻ ഗസ്‌നി പ്രവിശ്യയിൽ മഞ്ഞുമൂടിയ പർവ്വതനിരകളിൽ തകർന്നു വീണ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. അതേസമയം വിമാനം തകർന്ന സ്ഥലത്ത് അഫ്ഗാനിസ്ഥാൻ സൈന്യം എത്തിയെന്നും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

വിമാനം തകർന്നു വീണ് മണിക്കൂറുകൾ കഴിഞ്ഞിട്ടും വിമാനം ഏതെന്നോ കൊല്ലപ്പെട്ടത് ആരെന്നോ തിരിച്ചറിയാൻ അഫ്ഗാൻ ഭരണകൂടത്തിന് സാധിച്ചിട്ടില്ല. താലിബാൻ നിയന്ത്രിത മേഖലയിലാണ് വിമാനം നിലംപതിച്ചത്. അതിനിടെ, അഫ്ഗാനിൽ നിരീക്ഷണം നടത്തുന്നതിന് അമേരിക്കൻ വ്യോമസേന ഉപയോഗിക്കുന്ന ഇ-11 എ വിമാനം കത്തിയമരുന്നതിന്റെ ദൃശ്യമാണ് പ്രചരിക്കപ്പെടുന്നത്. വിമാനം തർന്നത് സംബന്ധിച്ച് അഫ്ഗാൻ സർക്കാരും കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

അഫ്ഗാൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള അരിയാന എയർലൈൻസിന്റെ വിമാനമാണ് തകർന്നതെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ. വിമാനത്തിൽ 83 യാത്രികർ ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. അഫ്ഗാൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള എരിന എയർലൈൻസിന്റെ ബോംയിഗ് വിമാനമാണ് തകർന്നു വീണത് എന്നായിരുന്നു ആദ്യം വന്ന വാർത്ത. എന്നാൽ എയർലൈൻ സിഇഒ മിർവൈസ് മിർസാക്ക്വാൾ ഇതു നിഷേധിച്ചു.

ഒരു വിമാനം തകർന്നു വീണിട്ടുണ്ട്. പക്ഷേ അതു ഞങ്ങളുടെ കമ്പനിയുടേതല്ല. ഞങ്ങളുടെ രണ്ട് വിമാനങ്ങളും ഇപ്പോൾ സുരക്ഷിതമായി സർവ്വീസ് നടത്തുന്നുണ്ട്. ഹീററ്റ്- കാബൂൾ വിമാനം ഇതിനോടകം ലാൻഡ് ചെയ്തു കഴിഞ്ഞു. ഡൽഹിയിലേക്ക് പോയ മറ്റൊരു വിമാനം ഇപ്പോൾ ഇന്ത്യൻ വ്യോമാതിർത്തിയിൽ ട്രാക്ക് ചെയ്തു. അതൽപം സമയത്തിനകം ഡൽഹിയിൽ ഇറങ്ങും -റോയിട്ടേഴ്‌സിനോടായി മിർവൈസ് പറഞ്ഞു.

പ്രാദേശിക സമയം ഉച്ചയോടെയാണ് വിമാനം തകർന്നു വീണതെന്നും എരിന എയർലൈൻസിന്റെ ബോയിങ് വിമാനമാണ് തകർന്നു വീണതെന്നും പ്രവിശ്യ ഗവർണറുടെ മാധ്യമവക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനിലൂടെ കടന്നു പോയ യാത്രാവിമാനങ്ങളെല്ലാം സുരക്ഷിതമായി കടന്നു പോയിട്ടുണ്ടെന്നും ഏതെങ്കിലും വിമാനം നിലംപതിച്ചതായി ഇതുവരെ വിവരമില്ലെന്നും അഫ്ഗാനിസ്ഥാൻ എവിയേഷൻ ബോർഡ് അറിയിച്ചു. വിമാനം തകർന്നു വീണതായി സ്ഥിരീകരിച്ച ഗസ്‌നി പൊലീസ് മേധാവി എത്ര പേർ കൊലപ്പെട്ടു എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ബിബിസിയോട് പറഞ്ഞു. പറക്കുന്നതിനിടെ വിമാനത്തിന് തീപിടിക്കുകയായിരുന്നുവെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP