Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ചെന്നിത്തലയുടെ ചൂണ്ടയിൽ കൊത്തില്ല; ഗവർണർക്കെതിരെ പ്രമേയം കൊണ്ടുവരാനുള്ള നീക്കം സർക്കാരിനെ കുരുക്കാൻ ലക്ഷ്യമിട്ട്; പ്രതിപക്ഷ നോട്ടീസിനെ അനുകൂലിക്കേണ്ടെന്ന് തീരുമാനം; പൗരത്വ നിയമഭേദഗതിക്ക് എതിരായ പരാമർശം നയപ്രഖ്യാപന പ്രസംഗത്തിൽ നിന്ന് മാറ്റില്ലെന്ന് ഗവർണറെ അറിയിച്ചതോടെ ആരിഫ് മുഹമ്മദ് ഖാൻ രണ്ടാമതും തിരുത്ത് ആവശ്യപ്പെടാൻ സാധ്യത; വിയോജിപ്പുള്ള ഭാഗങ്ങൾ വായിക്കാതെ വിടാനും വായിച്ച ശേഷം സ്വന്തം അഭിപ്രായം അതല്ലെന്ന് വിശദീകരിക്കാനും വഴികൾ

കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ചെന്നിത്തലയുടെ ചൂണ്ടയിൽ കൊത്തില്ല; ഗവർണർക്കെതിരെ പ്രമേയം കൊണ്ടുവരാനുള്ള നീക്കം സർക്കാരിനെ കുരുക്കാൻ ലക്ഷ്യമിട്ട്; പ്രതിപക്ഷ നോട്ടീസിനെ അനുകൂലിക്കേണ്ടെന്ന് തീരുമാനം; പൗരത്വ നിയമഭേദഗതിക്ക് എതിരായ പരാമർശം നയപ്രഖ്യാപന പ്രസംഗത്തിൽ നിന്ന് മാറ്റില്ലെന്ന് ഗവർണറെ അറിയിച്ചതോടെ ആരിഫ് മുഹമ്മദ് ഖാൻ രണ്ടാമതും തിരുത്ത് ആവശ്യപ്പെടാൻ സാധ്യത; വിയോജിപ്പുള്ള ഭാഗങ്ങൾ വായിക്കാതെ വിടാനും വായിച്ച ശേഷം സ്വന്തം അഭിപ്രായം അതല്ലെന്ന് വിശദീകരിക്കാനും വഴികൾ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട നയപ്രഖ്യാപനത്തിലെ പരാമർശത്തെ ചൊല്ലി സംസ്ഥാന സർക്കാരും ഗവർണറുമായുള്ള തർക്കത്തിൽ ഇരുപക്ഷവും തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നു. പൗരത്വ ഭേദഗതിക്കെതിരായ വികാരം നയപ്രഖ്യാപനത്തിൽ അറിയിക്കാതെ പറ്റില്ലെന്ന് നിലപാടിലാണ് ഇടതുസർക്കാർ. പരാമർശം നീക്കാൻ കഴിയില്ലെന്ന് സർക്കാർ ഗവർണറെ അറിയിച്ചു. എന്നാൽ, ഗവർണറുമായി ഏറ്റുമുട്ടലിനൊന്നും സർക്കാർ മുതിരില്ല. ഗവർണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസിനെയും സർക്കാർ അനുകൂലിക്കില്ല. പ്രതിപക്ഷം ഒരുക്കിയ രാഷ്ട്രീയ കുരുക്കിൽ വീഴേണ്ടതില്ലെന്നാണ് ഇടതുമുന്നണിയുടെ തീരുമാനം. ഗവർണറെ നീക്കണമെന്ന പ്രമേയം ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് നിയമോപദേശം.

ഭരണഘടന സംരക്ഷിക്കാനാണ് പൗരത്വ നിയമത്തിന് എതിരായ പരാമർശം നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തിയതെന്ന് സർക്കാർ രാജ്ഭവന് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നുണ്ട്. ഇത് സർക്കാർ നയമാണ്. ഭരണഘടന സംരക്ഷിക്കാനുള്ള നീക്കം കോടതിയലക്ഷ്യമാകില്ല. ഇതൊരു ഏറ്റുമുട്ടലിന് വേണ്ടിയുള്ള നീക്കമല്ലെന്നും രാജ്ഭവന് നൽകിയ മറുപടിയിൽ സർക്കാർ ഗവർണറോട് വ്യക്തമാക്കുന്നു.

ഗവർണർമാർ സാധാരണ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ സർക്കാരുകളുടെ നിലപാടുകളാണ് ഉണ്ടാകാറ്. അത് തയ്യാറാക്കുന്നത് സംസ്ഥാനസർക്കാർ തന്നെയാകും. പിന്നീട് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച ശേഷമാകും ഈ നയപ്രഖ്യാപനപ്രസംഗം ഗവർണറുടെ ഓഫീസിന് കൈമാറുക. നയപ്രഖ്യാപനത്തിന്റെ പൂർണരൂപം ഗവർണർ വായിക്കണമെന്ന് നിർബന്ധമില്ല. യോജിപ്പില്ലാത്ത ഭാഗങ്ങൾ ഗവർണർക്ക് വായിക്കാതെ വിടാം.

കേന്ദ്ര പട്ടികയിൽ പെടുന്ന പൗരത്വ നിയമം നടപ്പാക്കാതിരിക്കാൻ സംസ്ഥാനങ്ങൾക്കു കഴിയില്ലെന്നാണ്് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളത്. ഭരണഘടനയുടെ 254ാം വകുപ്പിൽ പെടുന്ന നിയമം ആയതിനാൽ എത്ര എതിർപ്പുണ്ടായാലും നടപ്പാക്കാൻ സംസ്ഥാനങ്ങൾ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമത്തിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചത് ഗവർണറും കേരള സർക്കാരുമായി കടുത്ത അഭിപ്രായ വ്യത്യാസത്തിനും വാക്‌പോരിനും ഇടയാക്കിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും കടുത്ത പ്രതിഷേധസമരങ്ങൾ നടക്കുന്നുണ്ട്. ഇതിലും രൂക്ഷമായ പ്രതിഷേധങ്ങൾ മുൻപു നടന്നിട്ടുണ്ടെന്നും നിയമം നടപ്പാക്കാതിരിക്കാൻ അതു ന്യായീകരണമാകില്ലെന്നും ഗവർണർ പറഞ്ഞു. എന്നാൽ, സർക്കാരിന്റെ ഭാഗത്തുനിന്ന് ബോധപൂർവം ഒരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ലെന്നാണ് മന്ത്രിമാർ വ്യക്തമാക്കിയിട്ടുള്ളത്. ഗവർണറുടെ അധികാരം ചോദ്യം ചെയ്തിട്ടില്ല. കേന്ദ്രവുമായി ബന്ധപ്പെട്ട സംഘർഷത്തിന്റെ പേരിൽ സുപ്രീംകോടതിയിൽ കേസ് നൽകുമ്പോൾ ഗവർണറെ അറിയിക്കണമെന്നു മാത്രമാണു ചട്ടത്തിലുള്ളത്. കേന്ദ്രവുമായി ഒരു സംഘർഷവുമില്ല. അതിനാൽ അറിയിക്കേണ്ടതുമില്ല. കേന്ദ്രം ഉണ്ടാക്കിയ ഒരു നിയമം ഭരണഘടനാ വിരുദ്ധമാണെന്ന ഒരു സിവിൽ കേസാണു സംസ്ഥാനം ഫയൽ ചെയ്തത്.

ഭരണഘടനയുടെ 166-ാം അനുച്ഛേദത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സർക്കാരിന്റെ പ്രവർത്തനച്ചട്ടത്തിലെ 34(2)(4) ആണ് ഗവർണർ ചൂണ്ടിക്കാട്ടിയത്. സംസ്ഥാനവും കേന്ദ്രവും തമ്മിലോ മറ്റ് സംസ്ഥാനങ്ങളുമായോ ഉള്ള ബന്ധത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ഉത്തരവിറക്കുന്നതിന് മുമ്പ് ഗവർണറെ മുഖ്യമന്ത്രി ഈ വിവരം അറിയിക്കണമെന്നാണ് ചട്ടം. ഇത് പാലിച്ചില്ലെന്നാണ് ഗവർണറുടെ ആരോപണം. ചീഫ് സെക്രട്ടറി ടോം ജോസ് ഗവർണറെ നേരിട്ട് കണ്ട് നടപടി എന്തുകൊണ്ടെന്ന വിശദീകരണം നൽകിയിരുന്നതാണ്. തുടർന്ന് റിപ്പബ്ലിക് ദിനത്തിലടക്കം മുഖ്യമന്ത്രിയും ഗവർണറും ഒരേ വേദി പങ്കിടുകയും ഗവർണർ ഒരുക്കിയ വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുക്കുകയും ചെയ്തു.

ഇനി നയപ്രഖ്യാപനപ്രസംഗം നടക്കുമ്പോൾ, ഗവർണർ ഈ പൗരത്വ നിയമഭേദഗതിക്ക് എതിരായ പരാമർശം വായിക്കാതെ വിടുമോ, അതോ, ഇങ്ങനെ ചില പരാമർശങ്ങളുണ്ട്, അത് താൻ വായിക്കാതെ വിടുകയാണെന്ന തരത്തിൽ പരാമർശങ്ങൾ നടത്തുമോ, അതോ സ്വന്തമായി പരാമർശങ്ങൾ നടത്തുമോ, പുറത്തിറങ്ങി മാധ്യമപ്രവർത്തകരോട് ഇതിനെതിരായ പരാമർശങ്ങൾ നടത്തുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിക്കും നരേന്ദ്ര മോദിയെ പേടിയാണെന്ന് യു.ഡി.എഫ്. കുറ്റപ്പെടുത്തി. പ്രമേയം കൊണ്ടുവരാനുള്ള നീക്കം കലക്കവെള്ളത്തിൽ മീൻപിടിക്കാനുള്ള ചെന്നിത്തലയുടെ ശ്രമമാണെന്നാണ് ഇടതുമുന്നണിയുടെ കുറ്റപ്പെടുത്തൽ. പിണറായി സർക്കാരിനെ കുരുക്കാനാണ് യു.ഡി.എഫ്. ശ്രമം. സംസ്ഥാനത്ത് ഭരണപ്രതിസന്ധി ഉണ്ടാക്കാൻ യു.ഡി.എഫ്. ശ്രമിക്കുകയാണ്. സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ഏറ്റവും കൂടുതൽ തവണ ഗവർണറെ കണ്ട രാഷ്ട്രീയ നേതാവാണ് രമേശ് ചെന്നിത്തലയെന്നും ഇടതുമുന്നണി ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP