Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുത്തനെ കൂട്ടുകയും ജിഎസ്ടി നിരക്ക് ഉയർത്തുകയും ചെയ്ത കേന്ദ്രസർക്കാർ നടപടി ഇടിത്തീ ആയത് സ്വർണ വിപണന രംഗത്തെ പരമ്പരാഗത വ്യാപാരികൾക്ക്; അധികപണം നൽകി സ്വർണം വാങ്ങാൻ മടിച്ചവർ കൂടുമാറിയത് സമാന്തര വിപണിയിലേക്ക്; സർക്കാറിന് കിട്ടേണ്ട നികുതിയും വെട്ടിച്ച് കേരളത്തിൽ സ്വർണത്തിന്റെ ബ്ലാക്ക് മാർക്കറ്റ് വളരുന്നു

സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുത്തനെ കൂട്ടുകയും ജിഎസ്ടി നിരക്ക് ഉയർത്തുകയും ചെയ്ത കേന്ദ്രസർക്കാർ നടപടി ഇടിത്തീ ആയത് സ്വർണ വിപണന രംഗത്തെ പരമ്പരാഗത വ്യാപാരികൾക്ക്; അധികപണം നൽകി സ്വർണം വാങ്ങാൻ മടിച്ചവർ കൂടുമാറിയത് സമാന്തര വിപണിയിലേക്ക്; സർക്കാറിന് കിട്ടേണ്ട നികുതിയും വെട്ടിച്ച് കേരളത്തിൽ സ്വർണത്തിന്റെ ബ്ലാക്ക് മാർക്കറ്റ് വളരുന്നു

എം മനോജ് കുമാർ

തിരുവനന്തപുരം: കേരളത്തിലെ സ്വർണ്ണ വിപണന രംഗത്ത് സമാന്തരവ്യാപാരം തഴച്ചു വളരുന്നു. സ്വർണ വിപണിയിൽ അധീശത്വമുള്ള ഹോൾസെയിൽ കച്ചവടം റീട്ടെയിൽ കച്ചവടമാകുന്നതും ഇപ്പോഴത്തെ പുതുപുത്തൻ കാഴ്‌ച്ചയായി മാറുകയാണ്. സ്വർണം ഇറക്കുമതി നിയന്ത്രിക്കാൻ ഇറക്കുമതി തീരുവ കുത്തനെ കൂട്ടുകയും ജിഎസ്ടി നിരക്കുകൾ ഉയർത്തുകയും ചെയ്ത കേന്ദ്രസർക്കാർ നടപടികളാണ് സ്വർണ വിപണിയെ ഇപ്പോൾ കീഴ്‌മേൽ മറിച്ചുകൊണ്ടിരിക്കുന്നത്. സ്വർണവിപണിയിൽ ഇപ്പോൾ ചലനങ്ങൾ ശക്തമാണ്. സ്വർണത്തിന്റെ വില കുത്തനെ കൂടുകയും ചെയ്തിട്ടുണ്ട്. 26 ശതമാനം വളർച്ചയാണ് ഒരു വർഷംകൊണ്ട് സ്വർണ വിപണിയിൽ വന്നത്. കഴിഞ്ഞ ജനുവരിയിൽ ഗ്രാമിന് 2900 രൂപയുണ്ടായിരുന്ന സ്വർണത്തിനു ഈ ജനുവരിയിൽ ഗ്രാമിന്റെ വില 3700 രൂപയായി. ഗ്രാമിന് 750 രൂപയുടെ വ്യത്യാസമാണ് ഇപ്പോൾ വന്നിരിക്കുന്നത്. പക്ഷെ ഏറ്റവും വലിയ പ്രശ്‌നം സ്വർണക്കച്ചവടം സമാന്തര വിപണിയിലേക്ക് മാറി എന്നതാണ്.

സ്വർണത്തിനു ഇറക്കുമതി തീരുവ കുത്തനെ കൂട്ടിയപ്പോൾ അത് പോഷിപ്പിച്ചത് സമാന്തര വിപണിയെയാണ്. ടൺ കണക്കിന് സ്വർണമാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ സമാന്തരവിപണിയിൽകൂടി ഒഴുകി നടക്കുന്നത്. പന്ത്രണ്ടര ശതമാനമാണ് സ്വർണത്തിനുള്ള ഇപ്പോഴത്തെ ഇറക്കുമതി തീരുവ. കഴിഞ്ഞ യുപിഎ സർക്കാരുകളുടെ കാലത്ത് ഒട്ടുമില്ലാതിരുന്ന ഇറക്കുമതി തീരുവയാണ് ഇപ്പോൾ പന്ത്രണ്ടര ശതമാനമായത്. ഈ ഇറക്കുമതി തീരുവ സ്വർണവ്യാപാരികളുടെ നെഞ്ചത്തടിക്കുമ്പോൾ സ്വർണക്കടത്തുകാർ ഇത് അവസരമാക്കി മാറ്റുകയാണ്. സ്വർണം പക്ഷെ മാർക്കറ്റിൽ എത്തിയാൽ ജിഎസ്ടി മൂന്നു ശതമാനമാണ്. കേരളത്തിൽ എത്തിയാൽ അര ശതമാനം പ്രളയ സെസും. ഇതൊന്നുമില്ലാതെ ബ്ലാക്കിൽ കച്ചവടം നടത്താമെന്ന് വന്നതോടെയാണ് ഉപഭോക്താക്കൾ വിപണിയെ നോക്കുകുത്തിയാക്കി സ്വർണം സമാന്തര വിപണിയിൽ നിന്നും പണം കൊടുത്ത് വാങ്ങുന്നത്. ഇതോടെ സ്വർണകച്ചവടം ബ്ലാക്ക് മാർക്കറ്റിലേക്ക് നീങ്ങുകയും ചെയ്തു. സ്വർണത്തിനു ഇറക്കുമതി തീരുവ കൂട്ടിയതോടെ എങ്ങിനെയും ഗൾഫ് നാടുകളിൽ നിന്ന് ഇന്ത്യയിൽ സ്വർണം എത്തിക്കാനുള്ള പ്രവണത അധികരിക്കുകയാണ് ചെയ്തത്. ഇതോടെ അനധികൃതമായി സ്വർണമെത്താനും തുടങ്ങി.

വ്യാപാരത്തിൽ വൻ ഇടിവാണ് സ്വർണവ്യാപാരികൾ നേരിടുന്നത്. ഇറക്കുമതി ചെയ്യുന്ന സ്വർണത്തിനു പന്ത്രണ്ടര ശതമാനം നികുതി. മൂന്നു ശതമാനം ജിഎസ്ടി, പ്രളയ സെസ്. ഇതെല്ലാം ഇവർ ചുമത്തപ്പെടുന്നത് സ്വർണവിലയിലാണ്. ഉള്ളതെല്ലാം പെറുക്കിക്കൂട്ടി സ്വർണം വാങ്ങുന്നവർക്കും ബിഎംഡബ്ലുവിൽ വന്നിറങ്ങുന്നവർക്കുമൊന്നും ഈ വിലവർധന രസിക്കുന്നില്ല. ഇതെല്ലാം ഒഴിവാക്കി തനി തങ്കം തന്നെ വലിയ വിലക്കിഴിവിൽ ബ്ലാക്ക് മാർക്കറ്റിൽ ലഭിക്കും. പിന്നെയെന്തിന് സ്വർണവ്യാപാരികളിൽ നിന്ന് ജിഎസ്ടിയും പ്രളയ സെസും നൽകി വാങ്ങണം എന്ന ചിന്ത കുബേര-ദരിദ്ര ഭേദമില്ലാതെ ഉപഭോക്താക്കളിൽ ശക്തമാണ്. അതുകൊണ്ട് തന്നെ വിലക്കുറവുള്ള വഴികളാണ് മിക്കവരും തേടുന്നത്. സ്വർണ്ണത്തിനു ജിഎസ്ടി വന്നതോടെ 50 ശതമാനം മുതൽ 60 ശതമാനം വരെ കച്ചവടം കുറഞ്ഞിട്ടുണ്ട്. ഒന്നേകാൽ ലക്ഷം ആളുകൾക്ക് കേരളത്തിൽ മാത്രം ജോലി നഷ്ടവും വന്നിട്ടുണ്ട്. സ്വർണ വിപണി നിശ്ചലമായതോടെ അനുബന്ധ മേഖലയിലും തൊഴിൽ നഷ്ടം വന്നിട്ടുണ്ട്. നേരായ രീതിയിൽ കച്ചവടം ചെയ്യുന്ന കടകളിൽ ഇപ്പോൾ ആൾത്തിരക്കില്ല. മിക്കവരും വലിയ വിലക്കിഴിവിൽ സ്വർണം സമാന്തരവിപണിയിൽ നിന്ന് വാങ്ങുന്നു. ജിഎസ്ടിയും സെസുമൊന്നും നൽകേണ്ട ആവശ്യവുമില്ല. സ്വർണം വിപണനം നടത്തുന്നവർക്കും വൻ ലാഭം. ബ്ലാക്കിൽ നിന്നും ഒഴുകുന്ന സ്വർണമാണ് കച്ചവടം നടത്തുന്നത്. ഈ രീതിയിലുള്ള വിപണിയുടെ പോക്ക് ഹോൾസെയിൽ-റീട്ടെയിൽ വ്യത്യാസമില്ലാതെ എല്ലാവരെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്.

കള്ളക്കടത്ത് കുറയ്ക്കാൻ കൊണ്ടുവന്ന കസ്റ്റംസ് ഡ്യൂട്ടിയും ഉയർന്ന ജിഎസ്ടി നിറയ്ക്കും സ്വർണ്ണക്കടത്ത് കേരളത്തിൽ കൂട്ടുകയാണ്. സ്വർണത്തിൽ നിന്നും വരുമാനം കൂട്ടാൻ ദുബായ് അധികൃതരും അഞ്ചു ശതമാനം ഡ്യൂട്ടി സ്വർണത്തിനു കൂട്ടിയിട്ടുണ്ട്. പക്ഷെ കേന്ദ്ര സർക്കാരിന്റെയും ദുബായ് അധികൃതരുടെയും കണക്കുകൂട്ടൽ തെറ്റിച്ച് സ്വർണക്കടത്ത് വാ പിളർത്തുകയാണ് ചെയ്തത്. കേന്ദ്രങ്ങൾ മാറി എന്നുമാത്രം. ദുബായിൽ അഞ്ചു ശതമാനം ഡ്യൂട്ടി വന്നതോടെ സ്വർണ കടത്ത് നടത്തുന്നവർ മലേഷ്യയും സിംഗപ്പൂരും തിരഞ്ഞെടുത്തു. ദുബായിലെ വരുമാനം കുറഞ്ഞപ്പോൾ സിംഗപ്പൂരും മലേഷ്യയിലും വരുമാനം കൂടി. സ്വർണം ഇറക്കുമതി തീരുവ കൂട്ടി കേന്ദ്രം തീരുമാനം കൊണ്ട് വന്നപ്പോൾ സ്വർണ്ണക്കടത്ത് പതിന്മടങ്ങ് വർദ്ധിക്കുകയും ചെയ്തു. ഇതാണ് സമാന്തര വിപണിയെ പരിപോഷിപ്പിച്ചത്.

ജിഎസ്ടിയും സെസുമൊന്നുമില്ലാതെയുള്ള അനുകൂല അന്തരീക്ഷമാണ് സ്വർണക്കടത്തുകാർക്ക് ലഭിച്ചത്. ഇതവർ പരമാവധി ഉപയോഗിക്കുന്നുമുണ്ട്. സ്വർണക്കടത്ത് പതിന്മടങ്ങു കൂടുകയാണ് ചെയ്തിരിക്കുന്നത്. മലേഷ്യയിൽ നിന്നും സിംഗപ്പൂർ നിന്നും ഒഴുകുന്ന സ്വർണം ചെന്നൈ എയർപോർട്ട് വഴിയാണ് മുംബയിലും കേരളത്തിലും എത്തുന്നത്. കേരളത്തിലെ എയർപോർട്ടുകൾ വഴിയും ഡൽഹി-മുംബൈ എയർപോർട്ടുകൾ വഴിയും ഒഴുകുന സ്വർണ്ണത്തിന്റെ കടത്തും കൂടിയിട്ടുണ്ട്. സ്വർണം വിപണിയിലൂടെ ഒഴുകുക തന്നെയാണ് ചെയ്യുന്നത്. ഈ സാമ്പത്തിക വർഷം നെടുമ്പാശേരിയിൽ നിന്ന് മാത്രം എയർ കസ്റ്റംസ് 132 കിലോ സ്വർണമാണ് പിടികൂടിയത്. കേരളത്തിലെ എയർപോർട്ടുകളിലെ സ്വർണമൊഴുക്ക് നിയന്ത്രിക്കാൻ കഴിയുന്നതിലും അധികം വർദ്ധിച്ചുവെന്നാണ് ഡിആർഐഅധികൃതരും മറുനാടനോട് പറഞ്ഞത്.

ഇതൊന്നും മനസിലാക്കാത്തവരാണ് ജിഎസ്ടി റെയിഡിനു ഇറങ്ങുന്നത്. സ്വർണ്ണത്തിനു ജിഎസ്ടി വന്നതോടെ 50 ശതമാനം മുതൽ 60 ശതമാനം വരെ കച്ചവടം കുറഞ്ഞതും ഒന്നേകാൽ ലക്ഷം ആളുകൾക്ക് തൊഴിൽ നഷ്ടവും വന്നതുമോന്നും റെയിഡിന് എത്തുന്നവർ മനസിലാക്കുന്നില്ല. അവർക്ക് ജിഎസ്ടി വഴിയുള്ള വരുമാനം കുത്തനെ കുറഞ്ഞിരിക്കുന്നു. സ്വർണത്തിൽ നിന്നുള്ള ജിഎസ്ടിയില്ലാതെ വ്യാപാരികൾ കച്ചവടം നടത്തുന്നുണ്ടോ? വേറെ ഏത് രീതിയിലാണ് ഇവർ കച്ചവടം നടത്തുന്നത്? അവർ കണക്കുകൾ തലനാരിഴ കീറി പരിശോധിക്കുകയാണ്. ഇപ്പോൾ ഗത്യന്തരമില്ലാതെ വ്യാപാരികൾ ചൂണ്ടിക്കാണിക്കുകയാണ് കടയുടെ ഉൾവശത്തേക്ക്. ഒഴിഞ്ഞു കിടക്കുന്ന കസ്റ്റമർ ഇരിപ്പിടങ്ങളിലേക്ക്. ഒപ്പം വിരൽ ചൂണ്ടൽ നടത്തുന്നത് സമാന്തര വിപണിയിലേക്കും.

വാറ്റിനെയും അതിനു ശേഷം വന്ന ജിഎസ്ടിയെയുമാണ് സ്വർണവ്യാപാരികൾ പഴി ചാരുന്നത്. മുൻപ് കോംപൗണ്ടിഗ് നികുതിയായിരുന്നു. അത് ഇത്തരം ഒരു ക്രൈസിസ് സൃഷ്ടിച്ചിരുന്നില്ല. ഇപ്പോൾ അനുബന്ധമായി നോട്ടു നിരോധനവും വിപണിയിലെ മാന്ദ്യംകൂടിയുണ്ട്. ഇതെല്ലാം തളർത്തുന്നത് യഥാവിധി സ്വർണം കച്ചവടം നടത്തുന്ന യാഥാസ്ഥിതികാരായ കച്ചവടക്കാരെയും. പ്രതിസന്ധിയുടെ മുൾമുനയിലാണ് വ്യാപാരികൾ. നിലവിലെ അവസ്ഥയിൽ എന്ത് ചെയ്യണം എന്ന് അവർക്ക് ഒരു ധാരണയുമില്ല. ഇവരുടെ മൂക്കിന്റെ തുമ്പത്ത് നിന്ന് തന്നെയാണ് സമാന്തരവിപണി ജിഎസ്ടിയും പ്രളയസെസും ഇല്ലാതെ ഇവരുടെ വ്യാപാരം തട്ടിയെടുക്കുന്നത്. സ്വർണ വിപണിയിലെ ഈ അവസ്ഥ ദൂരവ്യാപകമായ വിനാശകരമായ ഫലങ്ങൾ സൃഷ്ടിക്കും എന്ന് തന്നെയാണ് നിലവിലെ അവസ്ഥ ചൂണ്ടിക്കാട്ടി വ്യാപാരികൾ വിശദമാക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP