Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അലനും താഹയും ചെയ്ത തെറ്റ് എന്താണെന്ന് ഇനിയെങ്കിലും മുഖ്യമന്ത്രി സമൂഹത്തോട് പറയണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ തുറന്ന കത്ത്

അലനും താഹയും ചെയ്ത തെറ്റ് എന്താണെന്ന് ഇനിയെങ്കിലും മുഖ്യമന്ത്രി സമൂഹത്തോട് പറയണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ തുറന്ന കത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പന്തീരാങ്കാവിൽ അലൻ, താഹ എന്നീ വിദ്യാർത്ഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്ത് എൻ.ഐ.എയെ ഏല്പിക്കാൻ ഈ കുട്ടികൾ ചെയ്ത തെറ്റ് എന്താണെന്ന് മുഖ്യമന്ത്രി ഇനിയെങ്കിലും വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നൽകിയ തുറന്ന കത്തിൽ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം താൻ അലന്റെയും താഹയുടെയും വീടുകൾ സന്ദർശിച്ചിരുന്നു. ഭരണകൂട ഭീകരതയുടെ ഇരകളാണ് ഈ കുട്ടികൾ എന്നാണ് അടിയുറച്ച സിപിഎമ്മുകാരായ ആ കുടുംബങ്ങൾ വിശ്വസിക്കുന്നത്. ഈ കുട്ടികൾ മാവോയിസ്റ്റുകൾ തന്നെയാണെന്ന് പറഞ്ഞ് ക്രൂരമായി ചിരിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. അതേ സമയം ഇവർ മാവോയിസ്റ്റുകളാണെന്ന് പറയാനാവില്ലെന്നും ഇവർ ഇപ്പോഴും സിപിഎം അംഗങ്ങളാണെന്നുമാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞത്. ഇതിലേതാണ് ശരിയെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. ആരെയും തീവ്രവാദിയായി മുദ്രകുത്താൻ കഴിയുമാറ് കേന്ദ്രത്തിലെ ബിജെപി സർക്കാർ കൊണ്ടു വന്ന യു.എ.പി.എ ഭേദഗതിയാണ് പിണറായി വിജയൻ എടുത്ത് പ്രയോഗിച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടുന്നു. താങ്കളുടെ തന്നെ പാർട്ടി അംഗങ്ങളായ ഈ കുട്ടികളെ അനന്തകാലം കാരാഗൃഹത്തിൽ അടയ്ക്കാൻ തക്കവണ്ണം എന്ത് കുറ്റമാണ് അവർ ചെയ്തത് എന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി എന്ന നിലയിൽ താങ്കൾക്ക് ബാധ്യത ഉണ്ട്. അതിൽ നിന്ന് ഒളിച്ചോടുന്നത് ജനങ്ങളിൽ നിന്ന് ഒളിച്ചോടുന്നതിന് തുല്യമാണെന്ന് മുഖ്യമന്ത്രിയെ രമേശ് ചെന്നിത്തല കത്തിൽ ഓർമ്മപ്പെടുത്തി.

കത്തിന്റെ പൂർണ്ണരൂപം താഴെ:

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,

അങ്ങയുടെ പാർട്ടിയിലെ അംഗങ്ങളും വിദ്യാർത്ഥികളുമായിരുന്ന കോഴിക്കോട് സ്വദേശികളായ അലൻ ഷൂഹൈബ്, താഹ ഫസൽ എന്നീ രണ്ട് ചെറുപ്പക്കാരെ മാവോയിസ്റ്റുകൾ എന്നാരോപിച്ച് യു.എ.പി.എ ചുമത്തി ജയിലിലാക്കുകയും, പിന്നീട് ആ കേസ് എൻ.ഐ.എക്ക് കൈമാറുകയും ചെയ്തുവല്ലോ. നിർഭാഗ്യവാന്മാരായ ഈ രണ്ട് ചെറുപ്പക്കാരുടെയും വീടുകളിൽ കഴിഞ്ഞ ദിവസം ഞാൻ പോവുകയും അവരുടെ മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു. അവരുടെ വീട്ടുകാരിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ ഇവർ നിരോധിത സംഘടനായായ സിപിഐ (എം എൽ) മാവോയിസ്റ്റിന്റെ അംഗങ്ങളാണെന്ന് മനസിലാക്കാൻ എനിക്ക് സാധിച്ചില്ല. മാത്രമല്ല ആ രണ്ട് കുട്ടികളുടെ ഭാവിയെ കുറിച്ച് രണ്ട് വീട്ടുകാരും കനത്ത ആശങ്കയിലും ദുഃഖത്തിലുമാണ്. ഭരണകൂട ഭീകരതയുടെ ഇരകളാണ് തങ്ങളുടെ മക്കളെന്ന് ഈ രണ്ട് ചെറുപ്പക്കാരുടെയും മാതാപിതാക്കാൾ വിശ്വസിക്കുകയും, ആ വിശ്വാസം അവർ എന്നോട് പങ്കുവയ്ക്കുകയും ചെയ്തു.

അങ്ങയുടെ പാർട്ടിയിൽ പരമ്പരാഗതമായി അടിയുറച്ച് വിശ്വസിക്കുന്ന രണ്ട് കുടുംബങ്ങളിലാണ് ഈ കുട്ടികൾ ജനിച്ചു വളർന്നത്. ഈ കുട്ടികളെ അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി ജയിലിടയ്ക്കുമ്പോൾ അവർ ചെയ്ത കുറ്റമെന്താണെന്ന് പറയാനുള്ള ബാദ്ധ്യത ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ അങ്ങേയ്ക്ക് ഇല്ലേ? ഇവർ നിരോധിത സംഘടനയിൽ പെട്ടവരാണ് ഉറപ്പിക്കാനും അറസ്റ്റ് ചെയ്യാനും എന്ത് തെളിവുകളാണ് ഉണ്ടായിരുന്നത്? പുസ്തകങ്ങളോ ലഘുലേഖകളോ കൈവശം വയ്കുന്നത് അറസ്റ്റ് ചെയ്യാനോ നിരോധിത സംഘടനയുമായി ബന്ധപ്പെട്ടതാണെന്ന് തെളിയിക്കാനോ മതിയായ രേഖകൾ അല്ലെന്ന് വിവിധ കോടതി വിധികൾ വ്യക്തമാക്കിയിട്ടുണ്ട്. ശ്യാം ബാലകൃഷ്ണൻ vs കേരള സർക്കാർ എന്ന കേസിൽ കേരള ഹൈക്കോടതി ഇത് വ്യക്തമാക്കിയിട്ടുള്ളതാണ്. പിന്നെ എന്തുകൊണ്ടാണ്, എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് പത്തൊമ്പതും ഇരുപത്തിമൂന്നും വയസായ രണ്ട് ചെറുപ്പക്കാരെ മാവോയിസ്റ്റുകൾ എന്ന് മുദ്രകുത്തി അങ്ങയുടെ പൊലീസ് അറസ്റ്റ് ചെയ്തത്?

2019 നവംബർ 1 നാണ് ഈ രണ്ട് ചെറുപ്പക്കാരും പൊലീസ് പിടിയിലായത്. അട്ടപ്പാടി വനത്തിൽ നാല് മാവോയിസ്റ്റുകളെ പൊലീസ് നിർദയം വെടിവച്ച് കൊന്നതിന്റെ പിന്നാലെ ആയിരുന്നു ഈ അറസ്റ്റ്. നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും ഭാഷ കടമെടുത്തുകൊണ്ട് അർബൻ മാവോയിസ്റ്റ് എന്ന് പറഞ്ഞു കൊണ്ടാണ് അങ്ങയുടെ പൊലീസ് ഈ നടപടി ഈ രണ്ട് പേർക്കുമെതിരെ കൈക്കൊണ്ടത്. അർബൻ മാവോയിസ്റ്റുകൾ എന്ന പ്രയോഗം ബിജെപി സർക്കാരാണ് യു.എ.പി.എ ആക്ടിൽ കൂട്ടിചേർത്തത്. ഇത് ഉപയോഗിച്ച് ആരെയും തീവ്രവാദിയാക്കാം. ഇതിനെയാണ് താങ്ങൾ എടുത്ത് പ്രയോഗിച്ചത്. യു.എ.പി.എയ്ക്ക് എതിരെ ഘോരഘോരം പ്രസംഗിക്കുകയും തരംകിട്ടിയപ്പോൾ അത് പ്രയോഗിക്കുകയുമാണ് താങ്കൾ ചെയ്തത്.
ഇപ്പോൾ ഏതാണ്ട് മൂന്ന് മാസത്തോളമായി ഇവർ ജയിലിൽ ആണ്. യു.എ.പി.എ ചുമത്തിയത് കാരണമാണ് ഈ കേസ് എൻ.ഐ.എ ഏറ്റെടുത്തത്. ഈ രണ്ട് ചെറുപ്പക്കാരെ അടുത്തെങ്ങും ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത രീതിയിൽ തടവിലായതും അടിസ്ഥാനമില്ലാതെ യു.എ.പി.എ ചുമത്തിയത് കാരണമാണ്.

എത്ര ക്രൂരമായിട്ടാണ് അങ്ങ് ഈ കുട്ടികളെപ്പറ്റി വിധി പ്രസ്താവന നടത്തിയത്. ഈ രണ്ട് ചെറുപ്പക്കാരും മാവോയിസ്റ്റുകളാണെന്ന് പറഞ്ഞ് അങ്ങ് ചിരിക്കുന്ന ദൃശ്യം ടെലിവിഷൻ ചാനലുകളിൽ കാണുമ്പോൾ സാധാരണക്കാരുടെ മനസ് വേദനിക്കുകയാണ്. മാവോയിസ്റ്റുകളാണെന്നതിന്റെ പരിശോധന മുഴുവൻ പൂർത്തിയായെന്നാണ് അങ്ങ് പറയുന്നത്. ഇവർ ആട്ടിൻകുട്ടികളല്ലെന്നും ചായ കുടിക്കാൻ പോയവരല്ലെന്നും അങ്ങ് പറയുന്നു. അതേ സമയം അങ്ങയുടെ പാർട്ടിയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ ഇവരെ മാവോയിസ്റ്റുകളെന്ന് പറയാൻ കഴിയില്ലെന്നാണ് പറഞ്ഞത്. ഇവർ ഇപ്പോഴും സിപിഎം അംഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. യു.എ.പി.എ ചുമത്തിയത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് മോഹനൻ പറഞ്ഞത്. പൊലീസ് നൽകിയ വിവരങ്ങളാണ് മുഖ്യമന്ത്രി പറയുന്നതെന്നും മോഹനൻ പറയുകയുണ്ടായി. എന്നാൽ ഇവർ എസ്.എഫ്.ഐയുടെ മറവിൽ മാവോയിസം പ്രചരിപ്പിച്ചു എന്നാണ് പി.ജയരാജനെപ്പോലുള്ള സിപിഎം നേതാക്കൾ ആവർത്തിക്കുന്നത്. സിപിഎമ്മിനുള്ളിൽ തന്നെ ഇക്കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെന്നാണ് മനസിലാവുന്നത്. അപ്പോൾ ആരു പറയുന്നതാണ് ശരി? ഈ നിലയക്ക് യാഥാർത്ഥ്യം എന്താണെന്ന് വെളിപ്പെടുത്താനുള്ള ബാദ്ധ്യത താങ്ങൾക്കുണ്ടെന്ന് ഞാൻ ഓർമ്മപ്പെടുത്തുന്നു.
താങ്കളും സി പി എം സംസ്ഥാന നേതൃത്വവും മാവോയിസ്റ്റുകളെന്നും, കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനൻ സി പി എം അംഗങ്ങളെന്നും പറയുന്ന അലൻ, താഹ എന്നീ രണ്ട് ചെറുപ്പക്കാരെ എന്തിനാണ് യു എ പി എ ചുമത്തി അറസ്റ്റ് ചെയത് ജയിലിലാക്കിയത് എന്ന് അങ്ങ് കേരളീയ സമൂഹത്തോട് വെളിപ്പെടുത്തണം. ഇവരെ മാവോയിസ്റ്റുകളെന്ന് മുദ്ര കുത്താൻ എന്ത് തെളിവുകളാണ് ഉള്ളത് ?

കേരളത്തിൽ ഭരണകൂട ഭീകരത ഒരിക്കലും അനുവദിക്കാൻ കഴിയില്ല. അലന്റെയും താഹയുടെയും മാതിപിതാക്കളെ സന്ദർശിച്ചപ്പോൾ അവർ ഇപ്പോഴും താങ്കളുടെ പാർട്ടിയിൽ അടിയുറച്ച് വിശ്വസിക്കുന്നവർ തന്നെയാണെന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞു. അവരുടെ രാഷ്ട്രീയ ബോധ്യത്തെ ഞാൻ ചോദ്യം ചെയ്യുന്നുമില്ല. പക്ഷെ ജീവിതം തുടങ്ങുക മാത്രം ചെയ്ത ഈ രണ്ട് കുട്ടികൾ അവരെ അനന്തകാലം കാരാഗൃഹത്തിൽ അടയ്ക്കാൻ തക്കവണ്ണം എന്ത് കുറ്റമാണ് അവർ ചെയ്തത് എന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി എന്ന നിലയിൽ അങ്ങേക്ക് ബാധ്യത ഉണ്ട്. അതിൽ നിന്ന് ഒളിച്ചോടുന്നത് ജനങ്ങളിൽ നിന്ന് ഒളിച്ചോടുന്നതിന് തുല്യമാണെന്ന് അങ്ങയെ ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

രമേശ് ചെന്നിത്തല
(പ്രതിപക്ഷ നേതാവ്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP