Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം

ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് പ്രവാസി ഇന്ത്യാക്കാർക്ക് നൽകുന്നത് തിരിച്ചടി മാത്രം. വലിയ നിരാശ നൽകുന്ന പ്രഖ്യാപനങ്ങളാണ് ഇതിലുള്ളത്. പ്രവാസി ഇന്ത്യക്കാർ അവർ താമസിക്കുന്ന രാജ്യത്ത് നികുതി നൽകുന്നില്ലെങ്കിൽ ഇന്ത്യയിൽ വരുമാന നികുതി നൽകേണ്ടി വരും. അതായത് ആദായ നികുതി കൊടുക്കാത്ത രാജ്യങ്ങളിൽ പണിയെടുക്കുന്നവർക്ക് ഇന്ത്യയിൽ നികുതി നൽകേണ്ടിവരും. ഇതിനൊപ്പം എൻ ആർ ഐ ആയി പരിഗണിക്കുന്നതിനുള്ള മാനദണ്ഡവും മാറുകയാണ്.

ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളെ ദുരിതത്തിലാക്കുന്നതാണ് പ്രഖ്യാപനം. ഗൾഫ് രാജ്യങ്ങളിൽ വ്യക്തിഗത നികുതി അടയ്‌ക്കേണ്ടതില്ല. ഇതെല്ലാം കൂടി പരിഗണിച്ചാണ് ചെറിയ ജോലിക്ക് പോലും മലയാളികൾ ഗൾഫിലേക്ക് പോകുന്നത്. എന്നാൽ ഇനി അത് നടക്കില്ല. അഞ്ച് ലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനമുള്ള ഗൾഫിലെ ഇന്ത്യാക്കാരും നാട്ടിൽ നികുതി അടക്കേണ്ട സാഹചര്യമുണ്ടാകും. വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നുകിത അടക്കണമെന്ന വ്യവസ്ഥ അതുകൊണ്ട് തന്നെ പ്രവാസികൾക്ക് തിരിച്ചടിയാണ്. സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരുമെന്ന സാഹചര്യമാണ് ഇത് സൃഷ്ടിക്കുന്നത്. വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്ന ഞെട്ടിക്കുന്ന പ്രഖ്യാപനവും ഉണ്ട്. അങ്ങനെ നിരാശയിലേക്ക് പ്രവാസികളെ തള്ളി വിടുന്നതാണ് ബജറ്റ്.

വ്യക്തിയെ പ്രവാസി (എൻആർഐ) ആയി കണക്കാക്കണമെങ്കിൽ വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചിരിക്കണം. അതായത്, പ്രവാസികൾക്ക് ഇന്ത്യയിൽ താമസിക്കാവുന്ന പരമാവധി കാലയളവ് വർഷത്തിൽ 182 ദിവസം എന്നത് 120 ദിവസമായി കുറച്ചു. ഇതിലേറെ ഇന്ത്യയിൽ തങ്ങിയാൽ എൻആർഐ പദവി നഷ്ടപ്പെടുമെന്ന് കേന്ദ്രബജറ്റ് വ്യക്തമാക്കുന്നു. ഇന്ത്യക്കാരായ ചിലർ ഇപ്പോൾ ഒരു രാജ്യത്തും സ്ഥിരമായി താമസിക്കുന്നില്ല എന്ന് കേന്ദ്ര സർക്കാർ തിരിച്ചറിയുന്നു. ഇവർ ഒരു രാജ്യത്തും നികുതിയും കൊടുക്കുന്നില്ല. ഇതു തടയാനാണ് പുതിയ ഭേദഗതി. സാധാരണക്കാരായ പ്രവാസികൾക്ക് അവർ ജോലി ചെയ്യുന്ന രാജ്യത്തിൽ നിന്ന് പ്രതിവർഷം 50 അവധികളിൽ കൂടുതൽ കിട്ടില്ല. ഇതെല്ലാം പരിഗണിച്ചാണ് 120 ദിവസമായി ഇന്ത്യയിൽ താമസിക്കേണ്ട ദിവസങ്ങളുടെ എണ്ണം കുറയ്ക്കുന്നത്.

ആദായനികുതി സംബന്ധിച്ച് നിലവിലിരിക്കുന്ന നൂറിലേറെ ആനുകൂല്യങ്ങൾ പുനഃപരിശോധിച്ചുവെന്നും 70 ഇളവുകൾ എടുത്തു കളഞ്ഞെന്നും ബജറ്റ് വിശദീകരിക്കുന്നു. ഇതിന്റെ ഭാഗമായാണ് എൻആർഐ പദവിയിലുള്ളവർക്ക് പുതിയ വ്യവസ്ഥ നിലവിൽ വന്നത്. ഇതിനായി ആദായനികുതി നിയമം സെക്ഷൻ 6 ഭേദഗതി ചെയ്യും. 202122 അസസ്‌മെന്റ് വർഷം മുതൽ നടപ്പാകും. പ്രവാസികളുടെ ആഗോള വരുമാനത്തിന് ഇന്ത്യയിൽ നികുതി നൽകേണ്ടി വരും. 182 ദിവസം വരെ ഇന്ത്യയിൽ താമസിച്ചാലും എൻആർഐ പദവി നിലനിർത്താനാകുമെന്ന വ്യവസ്ഥ പല പ്രവാസികളും ദുരുപയോഗപ്പെടുത്തിയെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തുന്നു. അതുകൊണ്ടാണ് മാറ്റങ്ങൾ എന്നാണ് വിശദീകരണം. എന്നാൽ മറ്റൊരു രാജ്യത്തിലെ വരുമാനത്തിന് ഇന്ത്യയിൽ നികുതി പരിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല.

എൻആർഐ പദവി നിലനിർത്താൻ, നികുതി കണക്കാക്കുന്ന വർഷത്തിൽ 182 ദിവസം ഇന്ത്യയിൽ ഉണ്ടാവാമെന്നത് 120 ആയി കുറയ്ക്കുന്നതിനൊപ്പം മറ്റ് രണ്ട് ഭേദഗതികൾ കൂടി എൻ ആർ ഐ പദവിക്കായി മുമ്പോട്ട് വയ്ക്കുന്നു. വ്യക്തിയോ ഹിന്ദു അവിഭക്ത കുടുംബമോ നോട്ട് ഓർഡിനറിലി റസിഡന്റ് എന്ന പദവി ലഭിക്കാൻ തൊട്ടു മുന്നിലെ പത്തിൽ 7 വർഷവും ഇന്ത്യക്ക് പുറത്തായിരിക്കണം എന്നതാണ് ഇത്. അതായത് ഗൾഫിൽ നിന്ന് മടങ്ങിയെത്തി മൂന്ന് കൊല്ലത്തിൽ അധികം കഴിഞ്ഞാൽ ഈ പദവി നഷ്ടമാകും. ഇന്ത്യയിൽ ഡിവിഡന്റ് മാത്രം ലഭിക്കുന്ന എൻആർഐക്ക് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് ഇളവ് അനുവദിച്ച് 115 എ വ്യവസ്ഥ ഭേദഗതി വരുത്തി. ഇന്ത്യൻ സർക്കാരിൽ നിന്ന് റോയൽറ്റിയോ സാങ്കേതിക സേവനങ്ങൾക്ക് ഫീസോ ലഭിക്കുന്നതിനും ഈ ഇളവ് അനുവദിച്ചു.

നിലവിൽ പ്രവാസികൾ നികുതി നൽകുന്നത് അവർക്ക് ഇന്ത്യയിൽ നിന്ന് കിട്ടുന്ന വരുമാനത്തിന് മാത്രമാണ്. അതായത് വിദേശത്ത് ജോലി ചെയ്യുന്നതിനൊപ്പം ഇന്ത്യൻ കമ്പനികളിൽ നിന്ന് ഇന്ത്യയിൽ ന്ൽകുന്ന സേവനങ്ങൾക്ക് പണം വാങ്ങിയാൽ അതിന് നികുതി നൽകണം. ഇതിനൊപ്പം രാജ്യത്ത് വസ്തുവകകളും മറ്റും വാടകയ്ക്ക് കൊടുക്കുന്നതിലൂടെ കിട്ടുന്ന പണത്തിനും നികുതി നൽകേണ്ടതുണ്ട്. എന്നാൽ പുതിയ ഭേദഗതി അനുസരിച്ച് രാജ്യത്തിന് പുറത്ത് നിന്ന് ഉണ്ടാക്കുന്ന സമ്പാദ്യത്തിനും അവിടെ നികുതി നൽകുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി നൽകണം. ആഗോള നികുതി സംവിധാനത്തിലെ മാറ്റങ്ങളെ ഉൾക്കൊള്ളാനാണ് ഇതെന്നാണ് കേന്ദ്ര സർക്കാർ വിശദീകരിക്കുന്നത്. നികുതി നൽകാതെ തട്ടിപ്പ് നടത്തുന്ന ചിലരെ പിടിക്കാനാണിതെന്നും പറയുന്നു. എന്നാൽ ഗൾഫിൽ ജോലി ചെയ്യുന്ന മുഴുവൻ ഇന്ത്യാക്കാരുടേയും വരുമാനത്തെ ലക്ഷ്യമിടുന്നതാണ് സർക്കാർ നീക്കമെന്നതും വ്യക്തം.

ഇതിനൊപ്പം എല്ലാ അർത്ഥത്തിലും പ്രവാസികളെ നിരാശരാക്കുന്നതാണ് കേന്ദ്ര ബജറ്റ്. പ്രവാസികളുടെ വിമാനയാത്രാ നിരക്ക്, പുനരധിവാസം, പുതിയ ക്ഷേമപദ്ധതികൾ എന്നിങ്ങനെ ബജറ്റിൽ എന്തെങ്കിലും നിർദ്ദേശങ്ങളുണ്ടാവുമെന്ന് പലരും കരുതിയിരുന്നു. എന്നാൽ, അത്തരം കാര്യങ്ങളിൽ കാര്യമായ പരിഗണനയൊന്നും ഉണ്ടായില്ലെന്ന് പ്രവാസി സംഘടനാപ്രവർത്തകരും വിലയിരുത്തുന്നു. അതേസമയം, ബിസിനസ് സമൂഹം ഇന്ത്യയുടെ വികസന പ്രവർത്തനങ്ങൾക്ക് ഭാവിയിലേക്ക് കൂടുതൽ ഊർജം ലഭിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പുതിയ ബജറ്റിലുണ്ടെന്ന നിഗമനത്തിലാണ്. വിദ്യാഭ്യാസ മേഖലയിലുള്ള പുതിയ വിദേശനിക്ഷേപങ്ങൾ കൂടുതൽ അവസരങ്ങൾ നൽകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പ്രവാസികൾക്ക് നികുതി അടയ്ക്കണമെന്നതും പദവി നിലനിർത്താൻ 240 ദിവസം വിദേശത്ത് താമസിക്കണമെന്നുമുള്ളത് വലിയ തിരിച്ചടിയാണ്. ബജറ്റിലെ അതിസൂക്ഷ്മ വിശകലനങ്ങൾ പുറത്തു വരുമ്പോൾ ഇതെല്ലാം പ്രവാസികൾക്ക് വലിയ തിരിച്ചടിയാകും.

കേന്ദ്ര ബജറ്റ് സാധാരണക്കാരായ പ്രവാസികളെ പൂർണമായി മറന്നു. ദൈർഘമേറിയ പ്രസംഗം നടത്തിയല്ലാതെ കാര്യമായ ഒന്നും ബജറ്റിൽ ഇല്ല. പ്രവാസികളെ വഞ്ചിച്ചത് പോലെ തന്നെ തൊഴിലില്ലാത്ത യുവജനങ്ങളെയും വഞ്ചിച്ചു. ഇതൊരു വിറ്റഴിക്കൽ ബജറ്റായി മാറി. പ്രവാസികാര്യ വകുപ്പ് ഉപേക്ഷിച്ചപ്പോൾ കുടുതൽ ആനുകൂല്യങ്ങൾ പ്രവാസികൾക്ക് നൽകുമെന്ന് പറഞ്ഞ കേന്ദ്രസർക്കാർ പ്രവാസികളെ വഞ്ചിച്ചിരിക്കുന്നു. ഇതിനെതിരേ ശക്തമായ പ്രതികരണം ഉയർന്നുവരണമെന്ന അഭിപ്രായമാണ് ഗൾഫിലെ മലയാളി സമൂഹം ഉയർത്തുന്നത്. കേന്ദ്ര ബജറ്റ് പ്രവാസികളുടെ ആത്മവിശ്വാസം കവർന്നതിനാൽ നാട്ടിലെ നിക്ഷേപങ്ങളിൽ നിരുത്സാഹപ്പെടുത്താമെന്ന് ആശിഷ് മേത്ത അസോസിയേറ്റ്സ് സ്ഥാപകനും എംഡിയുമായ ആശിഷ് മേത്ത പറഞ്ഞു. പകരം അവർ താമസിക്കുന്ന രാജ്യത്ത് നിക്ഷേപം പരിമിതപ്പെടുത്തും. ഇന്ത്യയുടെ വിദേശ കരുതൽ ധനത്തിൽ ഇത് ഗണ്യമായ ഇടിവു വരുത്തിയേക്കും എന്നും അദ്ദേഹം പറഞ്ഞു.ഈ നീക്കം സർക്കാർ പുനഃപരിശോധിക്കുമെന്നും പുതിയ നിയമം നടപ്പാക്കില്ലെന്നും പ്രതീക്ഷിക്കുന്നു.

ഒരു ഇന്ത്യൻ പൗരനോ ഇന്ത്യൻ വംശജനോ ഇന്ത്യയിൽ താമസിക്കുന്നതിനുള്ള സമയം 182 ദിവസത്തിൽനിന്ന് 120 ദിവസമായി കുറക്കാനുള്ള ബജറ്റ് നിർദ്ദേശം അതിരു കടന്നതാണെന്ന് അക്കൗണ്ടിങ് രംഗത്ത് പ്രവർത്തിക്കുന്ന നവീൻ ശർമ്മ പറഞ്ഞു. ഇപ്പോൾ ആറുമാസത്തിനുപകരം, ഇന്ത്യൻ പൗരന് എല്ലാ വർഷവും രാജ്യത്തിന് പുറത്ത് എട്ട് മാസം താമസിക്കണം, അപ്പോൾ മാത്രമേ അവരെ എൻ.ആർ.ഐ ആയി കണക്കാക്കൂ. ഗൾഫ് ആസ്ഥാനമായുള്ള ധാരാളം ഇന്ത്യക്കാർ അവരുടെ മാതൃരാജ്യമായ ഇന്ത്യയിലേക്ക് ബിസിനസ് ആരംഭിക്കുന്നതിനോ വിപുലീകരിക്കുന്നതിനോ പോകുന്നു, അവരുടെ പുതിയ ബിസിനസിൽ തുടക്കത്തിൽ ധാരാളം സമയം ചെലവഴിക്കേണ്ടിവരുന്നത് പതിവാണ്. ഇപ്പോൾ അവർക്ക് ഒരു തലവേദന കൂടി ഉണ്ടാകും: കാരണം അവരുടെ എൻ.ആർ.ഐ പദവി നഷ്ടപ്പെടുമോ എന്നതാണത്. അവർക്ക് എൻ.ആർ.ഐ പദവി നഷ്ടപ്പെടുകയാണെങ്കിൽ, അവരുടെ ആഗോള വരുമാനം മുഴുവനും നികുതി വിധേയമായിരിക്കുമെന്ന് ശർമ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP