Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202412Sunday

ബജറ്റ് സമ്മേളനം തുടങ്ങിയതോടെ പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും പാർലമെന്റിന്റെ ഇരുസഭകളിലും ചോദ്യശരങ്ങളാക്കി പ്രതിപക്ഷം; ദേശീയ ജനസംഖ്യാ രജിസ്റ്റർ നേരത്തെ ഉള്ളതെങ്കിലും പിതാവിന്റെ ജനനതീയതി അടക്കം ഈ സർക്കാർ ചോദിക്കുന്നത് എന്തിനെന്ന് ഗുലാംനബി ആസാദ്; ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ലോക്‌സഭയിൽ ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ബജറ്റ് സമ്മേളനം തുടങ്ങിയതോടെ പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും പാർലമെന്റിന്റെ ഇരുസഭകളിലും ചോദ്യശരങ്ങളാക്കി പ്രതിപക്ഷം; ദേശീയ ജനസംഖ്യാ രജിസ്റ്റർ നേരത്തെ ഉള്ളതെങ്കിലും പിതാവിന്റെ ജനനതീയതി അടക്കം ഈ സർക്കാർ ചോദിക്കുന്നത് എന്തിനെന്ന് ഗുലാംനബി ആസാദ്; ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ലോക്‌സഭയിൽ ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്‌സഭയിൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ ഇതുവരെ പദ്ധതിയൊന്നുമില്ലെന്നാണ് രേഖാമൂലമുള്ള മറുപടിയിൽ മന്ത്രാലയം വ്യക്തമാക്കിയത്. ദേശീയ തലത്തിൽ എൻആർസി നടപ്പാക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനമൊന്നും എടുത്തിട്ടില്ല, കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി സഭയിൽ അറിയിച്ചു. രാജ്യവ്യാപകമായി എൻആർസി നടപ്പാക്കാൻ സർക്കാരിന് പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

ബജറ്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമായതോടെ പാർലമെന്റിന്റെ ഇരുസഭകളിലും പൗരത്വ നിയമം, എൻആർസി, ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നിവയെ കുറിച്ച് മിക്ക പ്രതിപക്ഷ കക്ഷികളും നോട്ടീസ് അയയ്ക്കുന്നുണ്ട്. ഡിഎംകെ,സിപിഐ, സിപിഎം, എൻസിപി, ആർജെഡി, ടിഎംസി, എസ്‌പി, ബിഎസ്‌പി തുടങ്ങിയ കക്ഷികൾ ചട്ടം 267 പ്രകാരം മറ്റുവിഷയങ്ങൾ മാറ്റി വച്ച് സിഎഎ, എൻപിആർ, എൻആർസി എന്നിവ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതായി രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. കഴിഞ്ഞ രണ്ടുമാസമായി രാജ്യം മുഴുവൻ പൗരത്വനിയമത്തിനെതിരെ തെരുവിലാണ്. ദേശീയ ജനസംഖ്യാ രജിസ്റ്റർ നേരത്തെ നടപ്പാക്കിയതാണ്. എന്നാൽ ചോദ്യങ്ങൾ ലളിതമാണ്. ഈ സർക്കാരിന്റെ കീഴിലുള്ള എൻപിആറിൽ പിതാവിന്റെ ജനനതീയതി അടക്കമുള്ള വിശദാംശങ്ങൾ ചോദിക്കുന്നുണ്ട്-ഗുലാം നബി പറഞ്ഞു.

സർക്കാർ ഇതിനെ ഹിന്ദു-മുസ്ലിം പ്രശ്‌നമായാണ് കണക്കാക്കുന്നത്. എന്നാൽ, ഇത് അങ്ങനെയല്ലെന്നാണ് ഞങ്ങൾ എല്ലാവരും വിലയിരുത്തുന്നത്. തങ്ങളുടെ ഭരണപരാജയം മറച്ചുവയ്ക്കാൻ സർക്കാർ മനഃപൂർവം കാട്ടിക്കൂട്ടുന്നതാണ് ഇതെല്ലാം. നമ്മളെ തിരക്കിലാക്കാൻ വേണ്ടി അവർ കളിപ്പാട്ടങ്ങൾ തന്നുകൊണ്ടേയിരിക്കുന്നു, ഗുലാം നബി പറഞ്ഞു.

എൻആർസിയെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആദ്യം വ്യത്യസ്ത സ്വരത്തിലാണ് സംസാരിച്ചത്. 2014 ലോടെ ദേശവ്യാപകമായി എൻആർസി നടപ്പാക്കുമെന്ന് അമിത് ഷാ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ, അത്തരം അവകാശവാദങ്ങൾ രാജ്യത്തെ അസ്ഥിരമാക്കാൻ പ്രതിപക്ഷം പടച്ചുവിടുന്ന നുണകളാണെന്നായിരുന്നു മോദിയുടെ പ്രതികരണം. പിന്നീട് അമിത്ഷായും സർക്കാരിന് എൻആർസി രാജ്യവ്യാപകമായി നടപ്പാക്കാൻ പദ്ധതിയില്ലെന്ന് നിലപാട് മാറ്റുകയും ചെയ്തു.
ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കുന്നതും ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധമൊന്നുമില്ലെന്നാണ് അമിത്ഷാ വ്യക്തമാക്കിയിട്ടുള്ളത്. നയരൂപവത്കരണത്തിനായുള്ള ഡാറ്റാശേഖരണം മാത്രമാണ് എൻപിആറെന്നും, എൻആർസി ജനങ്ങളോട് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെടുന്ന പ്രക്രിയയാണെന്നും ഷാ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP