Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പണം വാരിക്കോരി എറിഞ്ഞിട്ടും രാജ്യം എമ്പാടും നിന്നും വോട്ടർമാർ രാപകൽ അധ്വാനിച്ചിട്ടും എന്തു കൊണ്ട് ഇങ്ങനെ ദയനീയമായി തോറ്റു? ലോക്‌സഭയിൽ തൂത്തുവാരിയിട്ടും എന്തുകൊണ്ട് കച്ചിയടിച്ചില്ല? ഇന്ത്യ മുഴവുൻ ഹിന്ദുത്വവത്കരിച്ച് മുന്നേറുമ്പോൾ എന്തു കൊണ്ട് ഡൽഹിക്കാർ തല തിരിച്ചു? ദയനീയമായ തോൽവിയെക്കാൾ ബിജെപിയെ ഞെട്ടിച്ചത് ആംആദ്മിയുടെ 62 സീറ്റിന്റെ മൃഗീയ ഭൂരിപക്ഷം

പണം വാരിക്കോരി എറിഞ്ഞിട്ടും രാജ്യം എമ്പാടും നിന്നും വോട്ടർമാർ രാപകൽ അധ്വാനിച്ചിട്ടും എന്തു കൊണ്ട് ഇങ്ങനെ ദയനീയമായി തോറ്റു? ലോക്‌സഭയിൽ തൂത്തുവാരിയിട്ടും എന്തുകൊണ്ട് കച്ചിയടിച്ചില്ല? ഇന്ത്യ മുഴവുൻ ഹിന്ദുത്വവത്കരിച്ച് മുന്നേറുമ്പോൾ എന്തു കൊണ്ട് ഡൽഹിക്കാർ തല തിരിച്ചു? ദയനീയമായ തോൽവിയെക്കാൾ ബിജെപിയെ ഞെട്ടിച്ചത് ആംആദ്മിയുടെ 62 സീറ്റിന്റെ മൃഗീയ ഭൂരിപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 2019 ലോക്‌സഭ തിരഞ്ഞെടുപ്പിൽ സീലംപുർ, ഓഖ്ല, ചാന്ദ്‌നി ചൗക്ക്, മാത്തിയ മഹൽ, ബല്ലിമാരൻ മണ്ഡലങ്ങളൊഴികെ ഡൽഹിയിൽ 65 ഇടത്തും ബിജെപിക്കായിരുന്നു ഭൂരിപക്ഷം. അഞ്ചിടത്ത് കോൺഗ്രസ് മുന്നിൽ നിന്നപ്പോൾ എഎപി ഒരിടത്തു പോലും മുന്നിലെത്തിയതുമില്ല. ലോക്‌സഭ തിരഞ്ഞെടുപ്പിന് ആറു മാസത്തിനപ്പുറം എല്ലാം മാറി മറിഞ്ഞു. ഇതാണ് കെജ്രിവാൾ മാജിക്ക്. ഇതിന് മുമ്പിൽ ബിജെപി പകയ്ക്കുകയാണ്. അതുകൊണ്ട് തന്നെ ദേശീയരാഷ്ട്രീയത്തിലും ബിജെപി. രാഷ്ട്രീയത്തിലും നിർണായകമായ ചൂണ്ടുപലകയാണ് ഡൽഹി തിരഞ്ഞെടുപ്പ് ഫലം. രാജ്യതലസ്ഥാനം പിടിക്കാനുള്ള ബിജെപി.യുടെ നീക്കം ഒരിക്കൽക്കൂടി പരാജയപ്പെട്ടു. അമിത് ഷായുടെ കൈകളിൽനിന്ന് അധ്യക്ഷപദവി ഏറ്റെടുത്ത ജെ.പി. നഡ്ഡയുടെ നേതൃത്വത്തിൽ പാർട്ടി നേരിട്ട ആദ്യ ജനവിധിയിലാണ് തിരിച്ചടി. ഡൽഹിക്കുപിന്നാലെ നടക്കാനിരിക്കുന്ന ബിഹാർ തിരഞ്ഞെടുപ്പിൽ ബിജെപി.ക്ക് തന്ത്രങ്ങൾ പുതുക്കേണ്ടിവരും.

ഡൽഹിയിൽ തോൽവി ബിജെപി പ്രതീക്ഷിച്ചിരുന്നു. എന്നാൽ മാന്യമായ തോൽവിയാണ് ആഗ്രഹിച്ചത്. കഴിഞ്ഞ തവണ ഡൽഹി ആം ആദ്മി പാർട്ടി തൂത്തു വാരിയിരുന്നു. അതുകൊണ്ട് തന്നെ 25 സീറ്റുകൾ നേടി അതിശക്തമായ പ്രതിപക്ഷം ആകാനായിരുന്നു ബിജെപിയുടെ തന്ത്രങ്ങൾ. കെജ്രിവാളിന്റെ ജനപ്രീതി തിരിച്ചറിഞ്ഞായിരുന്നു ഇത്. അതുകൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയേയും പ്രഖ്യാപിക്കാതിരുന്നത്. എന്നാൽ ആംആദ്മി നേടിയത് 62 സീറ്റിന്റെ മിന്നും ജയമാണ്. ഇത്രയും വലിയ വിജയം ബിജെപി പ്രതീക്ഷിച്ചിരുന്നില്ല. ഇതാണ് അവരെ തളർത്തുന്നത്. ബിജെപിക്ക് ജയിച്ചിടത്തും കഷ്ടി വിജയമാണ് നേടാനായത്. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ബഹുഭൂരിപക്ഷം സ്ഥലത്തും ആംആദ്മിക്ക് ലഭിച്ചില്ല. അപ്പോഴും തെറ്റില്ലാത്ത വോട്ടുകൾ എല്ലാവരും നേടി. പത്തിൽ താഴെ സീറ്റിൽ ബിജെപിയെ തളയ്ക്കാനായത് കെജ്രിവാളിന്റെ ജന സ്വാധീനത്തിന് തെളിവുമായി.

പണം വാരിക്കോരി എറിഞ്ഞിട്ടും രാജ്യം എമ്പാടും നിന്നും വോട്ടർമാർ രാപകൽ അധ്വാനിച്ചിട്ടും എന്തു കൊണ്ട് ഇങ്ങനെ ദയനീയമായി തോറ്റുവെന്നത് ബിജെപിയെ ഞെട്ടിച്ചിട്ടുണ്ട്. ലോക്‌സഭയിൽ തൂത്തുവാരിയിട്ടും എന്തുകൊണ്ട് കച്ചിയടിച്ചില്ലെന്ന ചോദ്യത്തിനും ഉത്തരം ഇല്ല. ഇന്ത്യ മുഴവുൻ ഹിന്ദുത്വവത്കരിച്ച് മുന്നേറുമ്പോൾ എന്തു കൊണ്ട് ഡൽഹിക്കാർ തല തിരിച്ചുവെന്നതിൽ ബിജെപി കാര്യമായ ചിന്തകൾ നടത്തും. ദയനീയമായ തോൽവിയെക്കാൾ ബിജെപിയെ ഞെട്ടിച്ചത് ആംആദ്മിയുടെ 62 സീറ്റിന്റെ മൃഗീയ ഭൂരിപക്ഷമാണ്. അതുകൊണ്ട് തന്നെ കൂടുതൽ കരുതലുകൾ ഇനി ബിജെപി എടുക്കും. ബിഹാറിൽ കൂടി തോറ്റാൽ അത് മോദി സർക്കാരിന് വലിയ വെല്ലുവിളിയായി മാറും. അതുകൊണ്ട് തന്നെ കരുതലോടെയാകും ഇനി ബിജെപിയുടെ യാത്ര.

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റ് വർദ്ധിപ്പിച്ചുവെങ്കിലും ബിജെപി നേരിട്ടത് കനത്ത തിരിച്ചടിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ വേട്ടിനേക്കാൾ 17 ശതമാനം വോട്ട് കുറഞ്ഞു. ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലും കനത്ത പരാജയമാണ് ബിജെപി നേരിട്ടത്. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും സർക്കാർ രൂപീകരിച്ച് പരിഹാസ്യരായ ബിജെപിക്ക് മഹാരാഷ്ട്രയിലും തിരിച്ചടി നേരിട്ടു. പൗരത്വ നിയമ ഭേദഗതി വിഷയം അടക്കം ഉന്നയിച്ച് ശക്തമായ ധ്രുവീകരണം ലക്ഷ്യമിട്ട് ബിജെപി നടത്തിയ പ്രചരണം ഡൽഹിയിൽ ഫലം കണ്ടില്ല. അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേതൃത്വം നൽകിയ പ്രചരണത്തിൽ ബിജെപി ഇരുനൂറിലധികം എംപിമാരെയും രംഗത്തിറക്കിയിരുന്നു. എന്നാൽ വ്യാപകമായ പ്രചരണം ഫലം കണ്ടില്ല.

അഞ്ചു വർഷം മുൻപ്, 2015ൽ, എഎപിയുടെ വിജയത്തിന്റെ വൻ കുത്തൊഴുക്കിനിടയിലും ബിജെപിയെ കൈവിടാതിരുന്നതു മൂന്നു മണ്ഡലങ്ങൾ മാത്രമായിരുന്നു മുസ്തഫാബാദ്, വിശ്വാസ് നഗർ, രോഹിണി. 2017ൽ രജൗരി ഗാർഡനിൽ ഉപതിരഞ്ഞെടുപ്പു നടന്നപ്പോൾ അകാലിദളിന്റെ പിന്തുണയോടെ ആ സീറ്റും ബിജെപി പിടിച്ചു. അങ്ങനെ ആകെ നാലു സീറ്റുകൾ. എന്നാൽ 2020ലെത്തുമ്പോൾ രണ്ടു മണ്ഡലങ്ങൾ ബിജെപിയുടെ കൈവിട്ടുപോയിരിക്കുന്നു. മുസ്തഫാബാദും രജൗരി ഗാർഡനും. ഇതാണ് ബിജെപിയെ കൂടുതൽ വേദനിപ്പിക്കുന്നത്. രണ്ട് മണ്ഡലങ്ങൾ വിട്ടുപോയെങ്കിലും വിശ്വാസ് നഗറിലും രോഹിണിയിലും ബിജെപി ഇത്തവണയും വിജയം കണ്ടു. ഇവ കൂടാതെ ആറു മണ്ഡലങ്ങൾ എഎപിയിൽ നിന്നു ബിജെപി പിടിച്ചെടുക്കുകയും ചെയ്തു. ഘോണ്ട, കരവാൽ നഗർ, ബദർപുർ, റോഹ്താസ് നഗർ, ലക്ഷ്മി നഗർ, ഗാന്ധി നഗർ എന്നിവയാണവ.ചില മണ്ഡലങ്ങളിലാകട്ടെ നേരിയ ഭൂരിപക്ഷത്തിലാണു ബിജെപി ജയം. ബവാന, കൽക്കാജി, പട്പട്ഗഞ്ച്, ഷാലിമാർബാഗ്, ശാഹ്ദ്ര, കിരാഡി, കൃഷ്ണനഗർ എന്നീ മണ്ഡലങ്ങളും ബിജെപിക്കൊപ്പം നിൽക്കുമെന്നായിരുന്നു ആദ്യഫല സൂചനകൾ. എന്നാൽ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ ആ പ്രതീക്ഷയും കൈവിട്ടുപോവുകയായിരുന്നു. ഇതോടെ ബിജെപിയുടെ വിജയം എട്ടിലേക്ക് ഒതുങ്ങി.

നിയമസഭാതിരഞ്ഞെടുപ്പുകളിൽ അടിക്കടിയുണ്ടായ പരാജയവും ജെ.പി. നഡ്ഡ അധ്യക്ഷപദവി ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ മോശം പ്രകടനവും ബിജെപി.ക്കു ക്ഷീണമായി. അയോധ്യ ഉൾപ്പെടെയുള്ള അതിതീവ്ര മുദ്രാവാക്യങ്ങൾ ഉയർത്തിയിട്ടും വോട്ടർമാരിൽ കാര്യമായ ചലനമുണ്ടാക്കാനായില്ല എന്നതും പാർട്ടിയെ അമ്പരപ്പിച്ചിട്ടുണ്ട്. പൗരത്വനിയമഭേദഗതിക്കുനേരെയുള്ള പ്രതിഷേധം ശക്തമായതിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഡൽഹിയിലേത്. ഡൽഹിയിൽ ഭരണം പിടിക്കുക ബിജെപി.യുടെ അഭിമാനവിഷയമായിരുന്നു. പാർട്ടിനേതാക്കൾ അന്താരാഷ്ട്രവേദികളിൽ എത്തുമ്പോൾ മറുപടിപറയേണ്ട ചോദ്യവും ഡൽഹിയിലെ ഭരണമില്ലായ്മയെക്കുറിച്ചായിരുന്നു. അതിനാൽ, ഏത് ആയുധം പ്രയോഗിച്ചും ഡൽഹി പിടിക്കാനാണ് ബിജെപി. ശ്രമിച്ചത്.

വികസനവിഷയമുയർത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നേറിയ എ.എ.പി.യെ, ഷഹീൻബാഗ്, അയോധ്യ തുടങ്ങിയ വിഷയങ്ങളിൽ തളച്ചിടാനാണ് ബിജെപി. നോക്കിയത്. ഷഹീൻബാഗിൽ രാജ്യവിരുദ്ധപ്രവർത്തനമാണെന്നാരോപിച്ച് കേന്ദ്രനേതൃത്വം അതിശക്തമായ പ്രചാരണതന്ത്രങ്ങളുമായി രംഗത്തിറങ്ങി. തീപ്പൊരികോരിയിട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും എത്തി. ഇതിനിടയിൽ അയോധ്യയിലെ ക്ഷേത്രനിർമ്മാണത്തിന് ട്രസ്റ്റ് രൂപവത്കരിച്ച തീരുമാനം പ്രധാനമന്ത്രി തിടുക്കത്തിൽ പാർലമെന്റിൽ പ്രഖ്യാപിച്ചത് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുതന്നെയായിരുന്നു. ഹിന്ദുത്വ വികാരം ആളികത്തിക്കാനുള്ള ഈ നീക്കവും ഫലം കണ്ടില്ല.

മൂന്നാം തവണയും ആം ആദ്മിയിൽ വിശ്വസമർപ്പിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞ് അരവിന്ദ് കെജ്രിവാൾ എത്തുന്നതും ബിജെപി ശൈലിയിലാണ്. 'ഇത് എന്നെ മകനായി കണക്കാക്കിയവരുടെ വിജയമാണ്. ഡൽഹിക്കാരുടെ മാത്ര വിജയമല്ല ഇന്ത്യക്കാരുടെ മുഴുവൻ വിജയമാണ് ഇത്. ഡൽഹിയിലെ ജനങ്ങളെ ഭഗവാൻ ഹനുമാൻ അനുഗ്രഹിച്ചു. ജനങ്ങൾ വോട്ട് ചെയ്തത് വികസനത്തിന് വേണ്ടിയാണ്. തിരഞ്ഞെടുപ്പ് വിജയത്തിലൂടെ രാജ്യത്ത് പുതിയൊരു രാഷ്ട്രീയത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്, അത് വാഗ്ദാനങ്ങളുടേതല്ല, പ്രവൃത്തിയുടെ രാഷ്ട്രീയമാണെന്നും' കെജ്രിവാൾ പറഞ്ഞു. ഇന്ത്യ ഭരിക്കുന്ന ബിജെപിയുടെ രാഷ്ട്രീയചാണക്യന്മാരെ നിഷ്പ്രഭമാക്കിയ കെജ്രിവാളിന്റെ മാന്ത്രികവടി അടിയുറച്ച ജനകീയപിന്തുണ ഒന്നുമാത്രം. പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെയുള്ള ദേശീയ രാഷ്ട്രീയവിഷയങ്ങളിൽ ഊന്നി ഡൽഹി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്കു കെജ്രിവാളിന്റെ മറുപടി ഇത്രമാത്രമായിരുന്നു: വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, വൈദ്യുതി. പറഞ്ഞതു പ്രവർത്തിക്കുന്ന കെജ്രിവാളിലെ ഭരണാധികാരിയെ ഇതിനോടകം തിരിച്ചറിഞ്ഞ ജനം അദ്ദേഹത്തിന്റെ 'ലളിതമായ പ്രകടനപത്രിക' നെഞ്ചേറ്റുകയും ചെയ്തു.

വിശ്വാസ്യതയും മാന്യതയുമാണു കെജ്രിവാൾ ബ്രാൻഡിൽ ജനം കണ്ട മറ്റൊരു സവിശേഷത. ഡൽഹിക്കുവേണ്ടി താൻ എന്തുചെയ്തു എന്നതു മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണവിഷയം. എതിരാളികൾ കൊരുത്തുനീട്ടിയ പ്രകോപനത്തിന്റെ ചൂണ്ടകളിലൊന്നും കെജ്രിവാൾ കൊത്തിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP