Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബൗദ്ധിക സംവാദങ്ങളിൽ നിന്ന് തെന്നിമാറി ചാപ്പാത്തിയേറ്; പാഷാണം ഷാജിയുടെ ക്യാപ്റ്റൻസിയിൽ അടുക്കളഭരണം രജിത് കുമാറിലെത്തിയപ്പോൾ കലവറയിൽ വേട്ടയാടാൻ സഹമത്സാർത്ഥികൾ; രജിത് കുമാർ ചുട്ട ചപ്പാത്തി ദയാദാക്ഷണ്യമില്ലാതെ വലിച്ചെറിഞ്ഞ് ജെസ്ല മാടശ്ശേരി; ഭക്ഷണത്തിന്റെ വിലയറിയാത്ത ഈ കപടപുരോഗമനവാദിയെ പാഠം പഠിപ്പിക്കണമെന്ന് വിമർശകരും; ചപ്പാത്തിയുടെ പേരിൽ ജസ്ലയും രജിത് കുമാറും കൊമ്പുകോർത്തുമ്പോൾ പ്രേക്ഷകർ രജിത്തിനൊപ്പം; ബിഗ്‌ബോസിൽ വിവാദങ്ങളുടെ വേലിയേറ്റം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബിഗ്‌ബോസ് രണ്ടാം സീസൺ പിന്നിട്ട് ഒന്നരമാസം തികയുമ്പോൾ ബിഗ്‌ബോസ് ഹൗസിലെ ചർച്ച ഹൗസിലെ മത്സരാർത്ഥികൾ തമ്മിലുള്ള വാശിയേറിയ പോരാട്ടങ്ങൾ തന്നെയാണ്. മൂന്ന് എലിമിനേഷനുകൾ ഇതിനോടകം കഴിഞ്ഞെങ്കിലും ഹൗസിൽ വൈൽഡ് കാർഡ് എൻട്രി വഴി വാശിയേറിയ ചില മത്സരാർത്ഥികൾ എത്തുകയും ചെയ്തു. ഇവരിൽ ജെസ്ല മാടശ്ശേരി, ദയ അശ്വതി, ആർ.ജെ സൂരജ്, പവൻ എന്നിവരായിരുന്നു പ്രേക്ഷകർ ഉറ്റുനോക്കിയ താരങ്ങൾ. ജെസ്ലയുടെ കടന്ന് വരവ് ബിഗ്‌ബോസ് ഹൗസിൽ ബൗദ്ധികമായ സംവാദങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വഴിതുറന്നിരുന്നത് എങ്കിൽ ഇപ്പോൾ ഇവർ മോശം പ്രവർത്തി കൊണ്ട് വിവാദത്തിൽ നിറഞ്ഞിരിക്കുകയാണ്. ബിഗ്‌ബോസിൽ ആരാധകർ ഏറെയുള്ള രജിത് കുമാറിനോടുള്ള ജസ്ലയുടെ സ്വഭാവരീതി തന്നെയാണ് വിമർശനങ്ങൾക്ക് പാത്രമാക്കിയിരിക്കുന്നത്.

കഴിഞ്ഞ എപ്പിസോഡിൽ അടുക്കള ഭരണത്തിന്റെ താക്കോൽ രജിത് കുമാറിൽ ഏൽപ്പിച്ചതോടെ ഈ ആഴ്ചത്തെ കലവറ കൈയാളുന്നത് രജിത് കുമാറാണ്. അടുക്കളയിലെ വെപ്പും വിളമ്പും ക്യത്യമായി അറിയില്ലെന്ന് അദ്ദേഹം ആവർത്തിച്ചിരുന്നെങ്കിലും രജിത് കുമാറിനോടുള്ള വൈരാഗ്യബുദ്ധി നിലനിർത്തിയാണ് ഇവർ ഒരു പണിയും അറിയാത്ത സഹായികളെ പോലും നിയമിച്ച് പണി കൊടുത്തത്. ഉള്ളതുകൊണ്ട് ഓണമാക്കുന്ന രീതിയാണ് രജിത് കുമാർ കലവറയിൽ കാഴ്ചവയ്ക്കുന്നത്. തന്നാൽ ആകുന്ന രീതിയിൽ ഹൗസിലെ അംഗങ്ങൾക്ക് ഭക്ഷണം വെച്ചുവിളമ്പി നൽകിയപ്പോൾ ചപ്പാത്തിയാണ് ഇപ്പോൾ വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്.

രജിത് കുമാർ ചുട്ട ചപ്പാത്തി ജസ്ല ദയാദാക്ഷണ്യമില്ലാതെ വലിച്ചെറിഞ്ഞ നടപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലാകെ ചർച്ച. പുറത്ത് പുരോഗമനവാദവും മനുഷ്യസ്‌നേഹവും ഉറക്കെ വിളിച്ചുപറയുന്ന കപട പുരോഗമന വാദിയായ സ്ത്രീയാണ് ജെസ്ലയെന്നാണ് ഒരു വിഭാഗത്തിന്റെ വിമർശനം. ഒരു നേരത്തെ അന്നത്തിന്റെ വില അറിയുന്നവൻ രജിത് സാർ ചുട്ട ചപ്പാത്തി വലിച്ചെറിയുമായിരുന്നോ എന്നും സമൂഹമാധ്യമങ്ങളിൽ വിമർശന ശരങ്ങൾ നിറഞ്ഞിരിക്കുകയാണ്. എന്നാൽ ഇതെല്ലാം ബിഗ്‌ബോസ് ഹൗസിലെ ഗെയിം പ്ലാൻ മാത്രമാണെന്നും ചപ്പാത്തി നാടകത്തെ ആ രീതിയിൽ കണ്ടാൽ മതിയെന്നും മറ്റൊരു വിഭാഗം മുറവിളി കൂട്ടുന്നത്.

വലവിരിച്ച് പാഷാണം; കുടുങ്ങി ദയ അശ്വതി

ബിഗ് ബോസ് വീട്ടിൽ ഏറ്റവും രസകരമായ സംഭവങ്ങൾ വിഭാവനം ചെയ്യുന്ന ആളാണ് പാഷാണം ഷാജി. ആലോചിച്ചുറപ്പിച്ച കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കാനും പാഷാണത്തിന് നല്ല വശമാണ്. ഇത്തരത്തിൽ പാഷാണം വിരിച്ച വലയിൽ ഏറ്റവും ഒടുവിൽ കുടുങ്ങിയിരിക്കുന്നത് ദയ അശ്വതിയാണ്.

ഒന്നല്ല രണ്ട് വട്ടമാണ് ദയ തുടരെ പറ്റിക്കപ്പെട്ടത്. കിച്ചൺ ഡ്യൂട്ടിയിലുള്ള ദയയോട് മാർക്കറ്റിൽ പോകാൻ ബിഗ് ബോസ് അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് ആദ്യത്തെ പണി ഒരുക്കിയത്. ചിക്കൻകറി ഉണ്ടാക്കുകയായിരുന്ന ദയ അതുപോലും മാറ്റിവച്ചാണ് ഒരുങ്ങി ഇറങ്ങിയത്. ഇതിനിടയിൽ തന്നെ പറ്റിക്കാൻ ചെയ്യുന്നതാണോ എന്ന് ദയ സംശയിച്ചിരുന്നു. പക്ഷെ വീട്ടിലെ എല്ലാവരും ഒറ്റക്കെട്ടായപ്പോൾ സംഗതി ഉഷാറായി.

മാർക്കറ്റിൽ പോകുമ്പോൾ മറക്കാതെ വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് മനഃപാഠമാക്കിയാണ് ദയ പോകുന്നത്. മൂന്ന് കിലോ അരി, ഉരുളക്കിഴങ്ങ്, ചെറിയ ഉള്ളി എന്നിങ്ങനെ നീളുന്ന ലിസ്റ്റിൽ ഒടുവിൽ ഉണക്കമീനും പഴങ്ങളും ഒക്കെചേർത്ത് ആകെ കോലാഹലമാക്കി. ഒരുവിധത്തിൽ കാര്യങ്ങളെല്ലാം ഉറപ്പിച്ച് സഞ്ചിയുമായി പ്രധാന വാതിലിന് മുന്നിൽ വന്ന് കാത്തുനിൽക്കുകയായിരുന്നു ദയ. ഈ സമയം ഫുക്രു വീട്ടിലെ ആന്റിക് ജീപ്പുമായി എത്തിയതോടെ ദയ തന്റെ അമളി തിരിച്ചറിഞ്ഞു.

ദയ എത്രമാത്രം ശുദ്ധയാണെന്ന ചർച്ചകളായിരുന്നു പിന്നെ. ഒരിക്കൽ വലയിൽ വീണതോടെ ദയ ഇനി കൂടുതൽ ശ്രദ്ധിക്കുമെന്നും അത്രവേഗം ഇനി പറ്റിക്കാൻ കഴിയില്ലെന്നുമായിരുന്നു ജസ്ലയുടെ വാക്കുകൾ. എന്നാൽ ഇവിടെയാണ് പാഷാണം ഷാജിയുടെ അടുത്ത നീക്കം. ഉച്ചയ്ക്ക് മുന്നേ വീണ്ടും പറ്റിച്ച് കാണിച്ചുതരാം എന്ന് പറഞ്ഞ് ദൗത്യം ഏറ്റെടുക്കുകയായിരുന്നു പാഷാണം.

പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. ദയ വീണ്ടും അടപടലം പറ്റിക്കപ്പെട്ടു. ഇക്കുറി മാംസാഹാരം പാകം ചെയ്യുമ്പോൾ കാർന്നവന്മാർക്ക് ആദ്യം നൽകണം എന്ന് പറഞ്ഞാണ് തുടക്കം. എല്ലാ സജ്ജീകരണങ്ങളും മത്സരാർത്ഥികൾ ഒരുക്കികൊണ്ടിരുന്നു. പഴവും ആപ്പിളുമെല്ലാം ഒരു പാത്രത്തിലാക്കി പൂർവ്വീകർക്കായി വച്ചു. എന്നാൽ ഇതിനിടയിൽ പാഷാണം ഷാജി ഭക്ഷണമെടുത്ത് കഴിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. എല്ലാവരും ചേർന്ന് കുറ്റപ്പെടുത്തിയപ്പോൾ ദയ കരയാൻ തുടങ്ങി. പൂർവ്വീകർക്ക് കൊടുക്കാതെ പാഷാണം ഭക്ഷണം കഴിച്ചതിന് കാരണം താനാണെന്ന് സമ്മതിച്ചാണ് ദയ കരച്ചിൽ തുടങ്ങിയത്. സംഗതി വഷളായതോടെ എല്ലാവരും ചേർന്ന് ദയയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.

ലക്ഷ്വറി ടാസ്‌കിന്റെ അംഗക്കളരി

ഗാർഡൻ ഏരിയയാണ് ഈ ആഴ്ചത്തെ ലക്ഷ്വറി ടാസ്‌കിന്റെ അംഗക്കളരി. നാണയത്തിന്റെ മാതൃകകൾ എറിഞ്ഞുനൽകുമ്പോൾ അത് കൃത്യമായി കൈക്കലാക്കുകയാണ് മത്സരാർത്ഥികൾ ചെയ്യേണ്ടത്. കൂടുതൽ നാണയങ്ങൾ കൈക്കലാക്കി പോയിന്റുകൾ നേടുന്നവരാണ് മത്സരം ജയിക്കുന്നത്. ഇങ്ങനെ ഒന്നാമതെത്തുന്നവരെ കാത്തിരിക്കുന്ന സൗഭാഗ്യങ്ങളെക്കുറിച്ചും ബിഗ് ബോസ് സൂചന നൽകിയിട്ടുണ്ട്. ബിഗ് ബോസ് വീട്ടിലെ ക്യാപ്റ്റൻ ആകാനും ജയിൽ വാസത്തിൽ നിന്ന് രക്ഷപെടാനും നോമിനേഷൻ കടമ്പ മാറ്റിയെടുക്കാനുമെല്ലാം ഈ കളി സഹായിച്ചേക്കാം എന്നാണ് അറിയിപ്പ്.

എന്തുതന്നെ ആയാലും പതിവിൽ കൂടുതൽ ആവേശത്തോടെയായിരുന്നു മത്സരാർത്ഥികൾ കളിക്കളത്തിലേക്കിറങ്ങിയത്. ബസർ ശബ്ദം കേട്ടതും വീണുതുടങ്ങിയ നാണയങ്ങൾ കൈക്കലാക്കാനുള്ള കുതിപ്പായിരുന്നു. ഉന്തും തള്ളുമൊക്കെ ഉണ്ടായെങ്കിലും ആരുടെയും പോരാട്ടവീര്യം ഒട്ടുംതന്നെ കുറഞ്ഞില്ല. ഗെയിമിൽ പലപ്പോഴും പുരുഷകേസരികൾ വ്യക്തമായ ആധിപത്യം പുലർത്തുന്ന കാഴ്ചയാണ് കണ്ടത്. ചിലരാകട്ടെ കൈക്കരുത്ത് പുറത്തെടുത്ത് വനിതാ മത്സരാർഥികളെ തടുത്ത് പോയിന്റ് നേടുന്നുമുണ്ട്.

ആദ്യ ദിനത്തിലെ കണക്കുകൾ പ്രകാരം ഗെയിമിൽ മുന്നിലുള്ളത് പവൻ ജിനോയാണ്. 800 പോയിന്റുകളാണ് പവൻ സ്വന്തമാക്കിയത്. തൊട്ടുപിന്നിലായി പാഷാണം ഷാജിയും ഫുക്രുവും സ്ഥാനം പിടിച്ചു. ഷാജി 730 പോയിന്റ് നേടിയപ്പോൾ ഫുക്രു 650 പോയിന്റാണ് എടുത്തത്. 640 പോയിന്റ് സ്വന്തമാക്കിയിട്ടുള്ള സൂരജും മികച്ച കളിയാണ് പുറത്തെടുത്തത്. അഞ്ചാം സ്ഥനത്തുള്ളത് വീണയാണ്. വനിതാ താരങ്ങളിൽ ഏറ്റവുമധികം പോയിന്റ് നേടിയതും വീണ തന്നെ. 550 പോയിന്റ് വീണ കൈക്കലാക്കിയപ്പോൾ തൊട്ടുപിന്നാലെ 500 പോയിന്റുമായി രജിത് ആറാമതാണ്. അതേ സമയം ആർ.ജെ. രഘു പുറത്തേക്കെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP