Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സോഷ്യൽ മീഡിയയിൽ നടക്കുന്നത് ജമാ അത്തെ ഇസ്ലാമി മാതൃഭൂമിയുടെ ഷെയറുകൾ വാങ്ങി എന്ന പ്രചാരണം; വ്യാജപ്രചാരണത്തിനു പിന്നിൽ പത്രത്തെ തകർക്കാനുള്ള ഗൂഡശ്രമമെന്ന് ചൂണ്ടിക്കാട്ടി പരാതിയുമായി മാതൃഭൂമി; ആദ്യം അറസ്റ്റിലായത് പന്തീരാങ്കാവ് സ്വദേശി; വ്യാജ പ്രചാരണം നടത്തിയവരുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു ഫെയ്‌സ് ബുക്കിനെ സമീപിച്ച് പൊലീസും; അപകീർത്തിപ്പെടുത്തിയെന്ന 'മാധ്യമ'ത്തിന്റെ പരാതിക്ക് പിന്നാലെ തന്നെ മാതൃഭൂമിയുടെ പരാതിയും

സോഷ്യൽ മീഡിയയിൽ നടക്കുന്നത് ജമാ അത്തെ ഇസ്ലാമി മാതൃഭൂമിയുടെ ഷെയറുകൾ വാങ്ങി എന്ന പ്രചാരണം; വ്യാജപ്രചാരണത്തിനു പിന്നിൽ പത്രത്തെ തകർക്കാനുള്ള ഗൂഡശ്രമമെന്ന് ചൂണ്ടിക്കാട്ടി പരാതിയുമായി മാതൃഭൂമി; ആദ്യം അറസ്റ്റിലായത് പന്തീരാങ്കാവ് സ്വദേശി; വ്യാജ പ്രചാരണം നടത്തിയവരുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു ഫെയ്‌സ് ബുക്കിനെ സമീപിച്ച് പൊലീസും; അപകീർത്തിപ്പെടുത്തിയെന്ന 'മാധ്യമ'ത്തിന്റെ പരാതിക്ക് പിന്നാലെ തന്നെ മാതൃഭൂമിയുടെ പരാതിയും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മാതൃഭൂമിയുടെ പത്രത്തിന്റെ ഷെയർ ജമാ അത്തെ ഇസ്ലാമി വാങ്ങിയിട്ടില്ലെന്നു മാതൃഭൂമി പത്രം. ജമാഅത്തെ ഷെയർ വാങ്ങിയെന്ന വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ അതുകൊണ്ട് തന്നെ കേസും നടപടികളുമായി നീങ്ങുകയാണ് പത്രം. മാതൃഭൂമിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണം. ഇത് പത്രത്തെ തകർക്കും. അതിനാൽ വ്യാജ പ്രചരണം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണം എന്നാണ് മാതൃഭൂമി കോഴിക്കോട് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. പത്രത്തിന്നെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന മാതൃഭൂമിയുടെ പരാതി വന്നപ്പോൾ അന്വേഷണം കൊഴുപ്പിച്ച് കോഴിക്കോട് പൊലീസും രംഗത്തുണ്ട്. കോഴിക്കോട് പൊലീസ് കമ്മിഷണറുടെ ഇടപെടൽ വന്നപ്പോൾ ആദ്യം അറസ്റ്റ് നേരിടേണ്ടി വന്നത് പന്തീരാങ്കാവ് മനയ്ക്കൽവീട്ടിൽ ടി. മനോജ് കുമാറിനും. മനോജ് കുമാറിനെ അറസ്റ്റ് ചെയ്ത് പൊലീസ് ജാമ്യത്തിൽ വിട്ടു. ജാമ്യം ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് കുറ്റം ചാർത്തിയത്. സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്തുമ്പോൾ ചുമത്തുന്ന കേരള പൊലീസ് ആക്ടിലെ സെക്ഷൻ 120 (ഒ), ഐപിസി 501, 153 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് വന്നത്. ചില വകുപ്പുകൾ കൂടി ഈ കേസിൽ ചുമത്തുമെന്നാണ് പൊലീസ് പറയുന്നത്. മനഃപൂർവം കലാപമുണ്ടാക്കാൻ ശ്രമിച്ചതിനും അപവാദപ്രചാരണങ്ങൾ നടത്തിയതിനുമാണു അറസ്റ്റ് വന്നത്.

താൻ എന്ത് കുറ്റമാണ് ചെയ്തത് എന്നാണ് മനോജ് പൊലീസിനോട് ചോദിച്ചത്. തനിക്ക് വന്ന മെസ്സേജ് ഫോർവേഡ് ചെയ്തു. അതിൽ ഒരു കൃത്രിമവും നടത്തിയില്ല. പിന്നെ എന്തിന് കേസ് ചാർജ് ചെയ്യണം എന്നാണ് ചോദിച്ചത്. നിങ്ങളുടെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നാൽ അത് കുറ്റമല്ല. നിങ്ങൾ അത് വേറൊരാൾക്ക് ഫോർവേഡ് ചെയ്യുകയാണെങ്കിൽ അത് കുറ്റമാണ്. ഇത് നിങ്ങൾ സമ്മതിച്ചും കഴിഞ്ഞു. ആ കുറ്റപ്രകാരമുള്ള കേസ് ആണിത് എന്ന് പറഞ്ഞാണ് മനോജിനെതിരെ കേസ് ചാർജ് ചെയ്തത്. മാതൃഭൂമിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങുകയാണ് കോഴിക്കോട് പൊലീസ്. മനോജിനെ കൂടാതെ വിനോദ്, രാജീവ് എന്നിങ്ങനെ രണ്ടു പേരെയാണ് പൊലീസ് തിരയുന്നത്. ഈ മൂന്നു പേരും മാതൃഭൂമി ജനറൽ മാനേജർ നൽകിയ പരാതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

മാതൃഭൂമി ദിനപ്പത്രം ജമാഅത്തെ ഇസ്ലാമിയുടെ മുഖപ്പത്രമാണെന്നും ജമാഅത്തെ ഇസ്ലാമി കോടികളുടെ കള്ളപ്പണമൊഴുക്കി മാതൃഭൂമിയെ വിലയ്ക്കുവാങ്ങിയെന്നുമുള്ള ആരുടെയോ പ്രചാരണമാണ് മനോജിനെ കുടുക്കിയത്. സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി വന്ന ഈ പ്രചാരണം കണ്ടു മനോജ് ഇത് ഷെയർ ചെയ്ത് നൽകിയത് മാതൃഭൂമി ജനറൽ മാനേജർക്ക് തന്നെയാണ്. ഇതോടെയാണ് മനോജിന്റെ പേരുൾപ്പെടെ നൽകി മാതൃഭൂമി പരാതി നൽകിയത്. തനിക്ക് വന്ന സന്ദേശത്തിൽ ഒരു കൃത്രിമവും നടത്താതെയാണ് മനോജ് ഈ സന്ദേശം മറ്റുള്ളവർക്ക് അയച്ചു നൽകിയത്. പക്ഷെ പരാതി വന്നാൽ കേസ് എടുക്കും എന്ന് തന്നെയാണ് കോഴിക്കോട് പൊലീസ് മറുനാടനോട് വിശദമാക്കുന്നത്. ഇനിയും രണ്ടു പേരെ പൊലീസ് തിരയുന്നുണ്ട്.

ഇവർ ഫെയ്‌സ് ബുക്ക് പേജ് വഴിയാണ് ഈ സന്ദേശം പ്രചരിച്ചത്. ഇവർ യഥാർത്ഥത്തിൽ ആരെന്നും ഇവർ ഉപയോഗിക്കുന്ന ഫോൺ നമ്പർ ഏതെന്നും അറിയാൻ സൈബർ സെൽ വഴി കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് വിശദാംശങ്ങൾ നൽകിയിട്ടുണ്ട്. കമ്മിഷണർ ഫെയ്‌സ് ബുക്കിനു ഈ കാര്യത്തിലുള്ള അപേക്ഷയും നൽകിയിട്ടുണ്ട്. ഇതു കൂടി വന്നാൽ മറ്റു രണ്ടു പേർക്ക് കൂടി കേസ് വരും. ആരൊക്കെ ഇത് ഫോർവേഡ് ചെയ്തു എന്ന കാര്യത്തിലുള്ള അന്വേഷണവും നടക്കുന്നുണ്ട്. ഇത് വ്യക്തമായാൽ ഇവർക്ക് എതിരെകൂടി കേസ് വരും-മാതൃഭൂമിയുടെ പരാതി അന്വേഷിക്കുന്ന കോഴിക്കോട് ടൗൺ പൊലീസ് കെ.ടി. ബിജിത്ത് പറഞ്ഞു.

സോഷ്യൽ മീഡിയ വഴി ഫോട്ടോകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവർ കരുതിയിരിക്കണമെന്നാണ് പൊലീസ് പറയുന്നത്. പരാതി വന്നാൽ കേസും രണ്ടു വർഷം വരെ തടവും ലഭിച്ചേക്കാം. കോടതി നടപടികളുടെ ചൂടും ചൂരും നേരിടേണ്ടി വരുകയും ചെയ്യും. പത്രത്തിന്നെതിരെ വ്യാജ പ്രചാരണം നടത്തിയെന്നു മാതൃഭൂമി പത്രം നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾ പൊലീസ് അറസ്റ്റും രേഖപ്പെടുത്തി. സത്യമെന്നു ബോധ്യപ്പെടാത്ത ഒന്നും ഷെയർ ചെയ്യരുത്. തെറ്റായ കാര്യം കൂടുതൽ ആളുകളിലേക്ക് പ്രചരിപ്പിക്കുകയാണ് ചെയ്തത്. ഇത് കുറ്റകരമാണ്. അതിനാൽ കേസ് എടുക്കും-ഇതാണ് പൊലീസ് ഭാഷ്യം. കോഴിക്കോട് സിറ്റി പൊലീസ് മേധാവി എ.വി. ജോർജിനു നൽകിയ പരാതിയെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. വ്യാജസന്ദേശങ്ങൾ നിർമ്മിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരേ തുടർന്നും ശക്തമായ നടപടിയുണ്ടാകുമെന്നാണ് പൊലീസ് കമ്മിഷണർ പറയുന്നത്.

വ്യാജ പ്രചാരണം നടത്തി തകരക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ മാധ്യമവും പരാതി നൽകിയിട്ടുണ്ട്. ജനങ്ങൾക്കിടയിൽ മതസ്പർധ വളർത്തുംവിധം വിദ്വേഷകരമായ രീതിയിൽ പത്രത്തിനെതിരെ സമൂഹമാധ്യമം വഴി പ്രചാരണം നടത്തിയതിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. മുസ്ലിംകളല്ലാത്ത ജീവനക്കാരായ 102 പേരെ മാധ്യമം പത്രത്തിൽനിന്ന് ഒഴിവാക്കാൻ ഗൂഢാലോചന നടത്തുന്നു എന്ന് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥിനെതിരെയാണ് മാധ്യമം ചേവായൂർ സിഐയ്ക്ക് കഴിഞ്ഞയാഴ്ച പരാതി നൽകിയത്. മതസ്പർധ വളർത്തുംവിധത്തിലും സമുദായങ്ങൾ തമ്മിൽ ഭിന്നിപ്പുണ്ടാക്കുംതരത്തിലുമുള്ള പ്രചാരണത്തിന്നെതിരെയാണ് പരാതി നൽകിയത്. അവാസ്തവമായ പോസ്റ്റിനെ അനുകൂലിച്ചുകൊണ്ട് ഫേസ്‌ബുക്കിൽ പ്രചാരണം നടക്കുകയാണ്. ഇതിനു മുമ്പും ഇത്തരത്തിലുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രതീഷ് വിശ്വനാഥ് പ്രചരിപ്പിച്ചിരുന്നു. ഇതെല്ലാം പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP