Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓടുന്ന വാഹനത്തിൽ അല്ല നിർത്തിയിട്ട വാഹനത്തിൽ പീഡനമെന്ന വാദം പൊളിഞ്ഞു; താൻ ആവശ്യപ്പെട്ടിട്ട് നടത്തിയ ഫോറൻസിക് പരിശോധനാ ഫലം തിരിച്ചടിയായെന്ന് തിരിച്ചറിഞ്ഞ് ദിലീപ്; ലാബ് റിപ്പോർട്ട് തിരിച്ചയയ്ക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ നിറയുന്നത് പ്രതിസന്ധിയുടെ സൂചനകൾ; ചോദിച്ച എല്ലാ ചോദ്യത്തിനും ഉത്തരമില്ലെന്ന ന്യായവുമായി സെൻട്രൽ ഫോറൻസിക് ലാബ് റിപ്പോർട്ടിനെ തള്ളി പറയുന്നതും വിചാരണ നീട്ടാൻ; നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഊരാക്കുടുക്കിലോ?

ഓടുന്ന വാഹനത്തിൽ അല്ല നിർത്തിയിട്ട വാഹനത്തിൽ പീഡനമെന്ന വാദം പൊളിഞ്ഞു; താൻ ആവശ്യപ്പെട്ടിട്ട് നടത്തിയ ഫോറൻസിക് പരിശോധനാ ഫലം തിരിച്ചടിയായെന്ന് തിരിച്ചറിഞ്ഞ് ദിലീപ്; ലാബ് റിപ്പോർട്ട് തിരിച്ചയയ്ക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ നിറയുന്നത് പ്രതിസന്ധിയുടെ സൂചനകൾ; ചോദിച്ച എല്ലാ ചോദ്യത്തിനും ഉത്തരമില്ലെന്ന ന്യായവുമായി സെൻട്രൽ ഫോറൻസിക് ലാബ് റിപ്പോർട്ടിനെ തള്ളി പറയുന്നതും വിചാരണ നീട്ടാൻ; നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഊരാക്കുടുക്കിലോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് കൂടുതൽ കുരുക്കിലേക്ക്. ഫോറൻസിക് സയൻസ് ലാബിന്റെ റിപ്പോർട്ട് തിരിച്ചയയ്ക്കണമെന്നാവശ്യപ്പെട്ട് എട്ടാം പ്രതിയായ നടൻ ദിലീപ് ഹർജി നൽകി. ആക്രമണദൃശ്യങ്ങൾ പരിശോധിച്ചശേഷം തനിക്കുവേണ്ടി വിദഗ്ദ്ധർ ഉന്നയിച്ച ചോദ്യങ്ങൾക്കു റിപ്പോർട്ടിൽ കൃത്യമായ മറുപടിയില്ലെന്നും തന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി ലഭിക്കണമെന്നും ഹർജിയിലുണ്ട്.

കോടതി ഇതിന്മേൽ ഇന്നു വാദം കേൾക്കും. ദൃശ്യങ്ങളിൽ കൃത്രിമം നടത്തിയിട്ടുണ്ടെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണു ദിലീപ്. ഇതിനെ സാധൂകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇന്നലെ ദിലീപിന്റെ അഭിഭാഷകൻ ഹർജി സമർപ്പിച്ചത്. ഫോറൻസിക് പരിശോധനാ റിപ്പോർട്ട് ദിലീപിന് എതിരായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. സാക്ഷികളൊന്നും മൊഴി മാറ്റാത്ത സാഹചര്യത്തിലാണ് കേസിൽ നിലവിലുള്ളത്. അതുകൊണ്ട് തന്നെ ഫോറൻസിക് ഫലത്തിലായിരുന്നു പ്രതീക്ഷ. ഇതും എതിരായതോടെയാണ് പുതിയ നടപടികൾ തുടങ്ങുന്നത്. വിചാരണ വൈകിപ്പിക്കാനുള്ള തന്ത്രങ്ങളും പൊളിഞ്ഞിരുന്നില്ല.

ഓടുന്ന വാഹനത്തിലാണ് നടി ആക്രമിക്കപ്പെട്ടതെന്നും ദൃശ്യങ്ങൾ നിർത്തിയിട്ട വാഹനത്തിലേതാണെന്നുമായിരുന്നു ദിലീപിന്റെ പ്രധാനവാദം. വീഡിയോയിൽ കൃത്രിമം ഉണ്ടെന്നും വീഡിയോയിലെ സ്ത്രീ ശബ്ദം നടിയുടേതല്ലെന്നുമായിരുന്നു മറ്റൊരു വാദം. ഇതൊന്നും ഫോറൻസിക് റിപ്പോർട്ട് ശരിവയ്ക്കുന്നില്ലെന്നാണ് സൂചന. മുദ്രവച്ച കവറിൽ കഴിഞ്ഞാഴ്ച വിചാരണക്കോടതിക്കു സമർപ്പിച്ച റിപ്പോർട്ട് ദിലീപിനു കൈമാറിയിരുന്നു. എട്ടു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യം ഫോറൻസിക് വിദഗ്ധന്റെ സാന്നിധ്യത്തിൽ പരിശോധിച്ചശേഷമാണു ലാബിനു കൈമാറേണ്ട ചോദ്യാവലി ദിലീപിന്റെ അഭിഭാഷകർ തയാറാക്കിയത്. ആക്രമണദൃശ്യങ്ങളിൽ കൃത്രിമത്വം നടന്നിട്ടുണ്ടോ എന്നതു സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി ഉൾപ്പെടെയുള്ള സ്വതന്ത്ര ഏജൻസികളെ കൊണ്ടു പരിശോധിപ്പിക്കാൻ സുപ്രീം കോടതി നേരത്തെ ദിലീപിന് അനുമതി നൽകിയിരുന്നു.

വിടുതൽ ഹർജി തള്ളിയ ഹൈക്കോടതി വിധിക്കെതിരേ ദിലീപ് നൽകിയ ഹർജി സെൻട്രൽ ഫോറൻസിക് ലാബ് റിപ്പോർട്ട് ലഭിച്ച ശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റിയിരുന്നു. അതുകൊണ്ട് ഈ റിപ്പോർട്ട് ദിലീപിന് അതിനിർണ്ണായകമാണ്. ഇത് ദിലീപിന് എതിരാകുന്നത് വലിയ തിരിച്ചടിയാകും. അതുകൊണ്ടാണ് ചോദിച്ച ചോദ്യത്തിന് എല്ലാം ഉത്തരമില്ലെന്ന ന്യായം പറയുന്നത്. ഇതിലൂടെ വിചാരണ വീണ്ടും നീട്ടിയെടുക്കാനാണ് ശ്രമം. ഇരയുടെ ക്രോസ് വിസ്താരം തടസ്സപ്പെടുത്താനുള്ള നീക്കമായിരുന്നു. ഈ വീഡിയോയെ സംശയ നിഴലിൽ നിർത്തി കുറ്റകൃത്യമേ നടന്നിട്ടില്ലെന്ന നിലപാടിലേക്ക് കാര്യങ്ങളെത്തിക്കാനായിരുന്നു ദിലീപ് ആലോചിച്ചിരുന്നത്. എന്നാൽ ഫോറൻസിക് പരിശോധനാ ഫലത്തോടെ ഇത് പൊളിഞ്ഞു.

അതുകൊണ്ട് തന്നെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്ന വാദം ശക്തമായി ഉയർത്താനാകും ഇനി ദിലീപിന്റെ നീക്കം. ഇതിനൊപ്പമാണ് ഫോറൻസിക് പരിശോധനാ ഫലത്തെ കുറ്റപ്പെടുത്താനുള്ള നീക്കം. പൾസർ സുനി മാത്രമാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചത്. അതിന് പിന്നിൽ സാമ്പത്തിക മോഹമാണെന്നും ദിലീപ് കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. ഇപ്പോൾ കേശു ഈ വിടന്റെ ഐശ്വര്യം എന്ന സിനിമയുടെ അഭിനയത്തിലാണ് ദിലീപ്. ഈ സിനിമ പൂർത്തിയാകും വരെ വിചാരണ നീട്ടിക്കൊണ്ട് പോകാനും ശ്രമമുണ്ട്. കോടതിയിൽ വിധി എതിരായാൽ ഈ സിനിമയും വലിയ പ്രതിസന്ധിയിലാകും.

കേസിൽ നടിയും ദിലീപിന്റെ മുൻഭാര്യയുമായ മഞ്ജു വാര്യരെ കോടതി ഉടൻ വിസ്തരിക്കും. മഞ്ജുവിന്റെ മൊഴി കേസിൽ നിർണായകമാകുമെന്നാണ് പ്രോസിക്യൂഷൻ വിലയിരുത്തൽ. ആറു മാസം കൊണ്ട് കേസിൽ വിചാരണ പൂർത്തിയാക്കണമെന്ന നിർദ്ദേശം സുപ്രീംകോടതിയിൽ നിന്ന് വിചാരണ കോടതിക്ക് ലഭിച്ചിരുന്നു. കേസിലെ ഗൂഢാലോചനയിൽ എട്ടാം പ്രതിയാണ് ദിലീപ്. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട പരാമർശം ഹർജിയിൽ ഉള്ളതിനാലാണ് നടപടി. അടച്ചിട്ട മുറിയിലാണ് കോടതി വാദം കേൾക്കുന്നത്. നടിയെ തട്ടിക്കൊണ്ടു പോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ ഇനി ഓരോ ദിനവും നിർണ്ണായകമാണ്. അതിവേഗ വിചാരണയാണ് സുപ്രീംകോടതിയും നിർദ്ദേശിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വിചാരണ കോടതി പരമാവധി വേഗത്തിൽ നടപടികൾ പൂർത്തിയാക്കാൻ ശ്രമിക്കും. കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ കേന്ദ്ര ഫൊറൻസിക് ലാബിൽ പരിശോധിച്ച ശേഷം വാദം തുടരാമെന്ന പ്രതി ദിലീപിന്റെ ആവശ്യം കോടതി അനുവദിച്ചിരുന്നില്ല.

കേസ് വനിതാ ജഡ്ജിനു കൈമാറണമെന്ന, അതിക്രമത്തിന് ഇരയായ യുവനടിയുടെ അഭ്യർത്ഥന അനുവദിച്ചാണു വനിതാ ജഡ്ജി ഹണി എം.വർഗീസിനു ഹൈക്കോടതി കേസ് കൈമാറിയത്. തന്നെ കേസിൽ കുടുക്കിയതാണെന്നും സത്യം തെളിയിക്കാൻ കേസ് അന്വേഷണം സിബിഐയെ ഏൽപിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് സംസ്ഥാന അഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും എഡിജിപി ബി.സന്ധ്യയും ചേർന്നാണ് തന്നെ കേസിൽ കുടുക്കിയതെന്നാണ് കത്തിൽ ദിലീപ് ആരോപിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന അന്വേഷണസംഘത്തെ പാടെ മാറ്റി നിർത്തി അന്വേഷിച്ചാൽ യഥാർത്ഥ പ്രതികൾ കുടുങ്ങുമെന്ന് കത്തിൽ വിശദീകരിക്കുയും ചെയ്തു. ഇതിന് ശേഷമാണ് അന്വേഷണം പൊലീസ് പൂർത്തിയാക്കി കുറ്റപത്രം നൽകിയത്. പിന്നീട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയേയും സമീപിച്ചു. ഇത് കോടതി തള്ളുകയും ചെയ്തു.

നടിയെ ആക്രമിച്ച ഗൂഢാലോചനയിൽ തന്നെ കുടുക്കിയതെന്നാണ് ദിലീപ് ഹൈക്കോടതിയിലും മറ്റും വാദിക്കാൻ ശ്രമിച്ചത്. പൾസർ സുനിയുടെ ബ്ലാക് മെയിൽ പൊലീസിനെ നേരത്തെ അറിയിച്ചിട്ടും കേസിൽ പ്രതിയായത് താൻ. ഇതിനെല്ലാം പിന്നാൽ പൊലീസിലെ ഉന്നതയാണെന്നും ആരോപിച്ചിരുന്നു. നേരത്തെ പന്ത്രണ്ട് പേജുള്ള കത്തായിരുന്നു ദിലീപ് അഭ്യന്തരസെക്രട്ടറിക്ക് അയച്ചത്. കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് ദിലീപ് കത്തയച്ചത്. കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയിൽ ചെയ്ത കാര്യം സമയബന്ധിതമായി ലോക്നാഥ് ബെഹ്റയെ അറിയിച്ചിരുന്നു. ബ്ലാക്ക് മെയിൽ ചെയ്യുന്നുണ്ടെന്ന കാര്യം താനാണ് പൊലീസിനെ അങ്ങോട്ട് അറിയിച്ചത്. പൾസർ സുനിയുടെ ആളുകൾ തനിക്കെതിരെ ഭീഷണിയുയർത്തി സംവിധായകൻ നാദിർഷായെ വിളിച്ചതെല്ലാം വിചാരണയിൽ ദിലീപ് ഇനി ഉന്നയിക്കും. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ തന്നെ അറസ്റ്റ് ചെയ്തത് ആസൂത്രിത നീക്കത്തിന്റെ ഫലമെന്ന് ദിലീപ് ആരോപിക്കുന്നു.

നടി മഞ്ജുവാര്യർ, പരസ്യ സംവിധായകൻ ശ്രീകുമാർ മേനോൻ, എ.ഡി.ജി.പി. ബി. സന്ധ്യ, ലിബർട്ടി ബഷീർ എന്നിവരും സിപിഎമ്മിന്റെ ചില ഉന്നത നേതാക്കളെയും ഗൂഢാലോചനക്കാരായി ദിലീപ് ജാമ്യഹർജിയിലും എടുത്തു കാട്ടിയിരുന്നു. എഡിജിപി സന്ധ്യയും മഞ്ജുവും അടുത്ത ബന്ധമുണ്ട്. അതുകൊണ്ടാണ് കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ഗൂഢാലോചന എന്ന ആരോപണം മഞ്ജു ഉന്നയിച്ചതെന്ന് ദിലീപ് ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. പരസ്യ സംവിധായകൻ ശ്രീകുമാർ മേനോനും തനിക്കെതിരേയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ദിലീപ് ആരോപിക്കുന്നത്. ഒരു പരസ്യത്തിന്റെ കരാർ ശ്രീകുമാർ മേനോന് നഷ്ടപ്പെട്ടത് താൻ കാരണമാണെന്ന് തെറ്റിദ്ധാരണയുടെ പുറത്താണ് ശ്രീകുമാർ മേനോന് തന്നോട് വിരോധം തോന്നാൻ കാരണമെന്നും ദിലീപ് ആരോപിച്ചിരുന്നു. ഈ ആരോപണം വിചാരണയിൽ ദിലീപ് ഉയർത്തുമോ എന്നതാണ് നിർണ്ണായകം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP