Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥിയെ തൊണ്ട വേദനയായി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്' എന്ന സന്ദേശത്തിൽ തുടങ്ങിയ ജാഗ്രത; തൃശൂർ മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച നാലിൽ മൂന്ന് പേരിലും നെഗറ്റീവെന്നു കേട്ടപ്പോഴുള്ള ആശ്വാസം; നാലാമത്തെ നിരീക്ഷകന് പോസ്റ്റീവെന്ന് അറിഞ്ഞപ്പോഴുള്ള ഷോക്ക്; ഓരോ തവണയും വസ്ത്രം കത്തിച്ച് നഴ്‌സുമാരും ഡോക്ടേഴ്‌സും; കുളിവരെ പ്രത്യേക സജ്ജീകരണത്തിൽ; കൊറോണയെ കേരളം അതിജീവിച്ച കഥ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: കേരളം അതിജീവിച്ച മഹാമാരിയായിരുന്നു നിപ്പ. കേരളം വലിയ രീതിയിലാണ് നിപ്പയെ പ്രതിരോധിച്ച് വിജയം കൈവരിച്ചത്. കേരളത്തിന്റെ ആരോഗ്യ രംഗത്തിന് മികച്ച അംഗീകാരം നേടുകയും ചെയ്തു. നിപ്പയ്ക്ക് പിന്നാലെ ചൈനയിൽ നിന്നും കൊറോണ പേടി എത്തിയതോടെ കേരളത്തിലെ ആരോഗ്യരംഗവും കടുത്ത ജാഗ്രതയാണ് കൈവരിച്ചത്. ചൈനയിൽ കൊറോണ ബാധിതരായി ആയിരത്തിലധികം ആളുകളാണ് മരിച്ചത്. എന്നാൽ കേരളത്തിന്റെ ആരോഗ്യരംഗം കൈവരിച്ച നേട്ടം മൂലം കൊറോയെ തുടച്ചുമാറ്റാനും ആരോഗ്യുപ്രവർത്തകർക്ക് കഴിഞ്ഞു. 

'ചൈനയിലെ വുഹാനിൽ നിന്നെത്തിയ ഒരുകുട്ടിക്ക് തൊണ്ടവേദനയുണ്ടെന്നു കണ്ടെത്തി തൃശ്ശൂർ ജനറൽആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്'- റിപ്പബ്ലിക് ദിനത്തിൽ ഇത്തരമൊരു സന്ദേശം നൽകുമ്പോൾ തൃശ്ശൂർ ഡി.എം.ഒ. ഓഫീസും സന്ദേശം സ്വീകരിച്ച ആരോഗ്യസെക്രട്ടറിയുടെ ഓഫീസും അവധിയാലസ്യത്തിലായിരുന്നില്ല.

ചൈനയിൽ മഹാമാരിയായി പടരുന്ന കൊറോണ വൈറസിനെ ഇന്ത്യയിൽ പ്രതിരോധിക്കാൻ ഉണർന്നിരിക്കുകയായിരുന്നു. 'നിപ' നൽകിയ പാഠമായിരുന്നു ജാഗ്രതയ്ക്കു പിന്നിൽ. ഇപ്പോൾ, ഇന്ത്യയിലാദ്യമായി രോഗം സിരീകരിച്ച തൃശ്ശൂരിലെ കുട്ടി രോഗംഭേദമായി ആശുപത്രി വിടാനൊരുങ്ങുകയാണ്. അതിനുപിന്നിൽ, ഒരു രാജ്യത്തെ ഒട്ടും ആശങ്കയിലാക്കാതെ രോഗംപടരാതിരിക്കാൻ കേരളത്തിൽ ഒരു സംവിധാനം ഉറങ്ങാതെ പ്രവർത്തിച്ചു.

തൃശൂർ ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുള്ള നാലിൽ മൂന്നുപേരുടെ പരിശോധനാഫലം ജനുവരി 30-ന് എത്തി. മൂന്നും നെഗറ്റീവ്. ഫലമെത്താത്ത നാലാമത്തെയാൾ തൊണ്ടവേദനയുമായി എത്തിയ വിദ്യാർത്ഥിനിയാണ്. ഉച്ചയോടെ മൂവരെയും ഡിസ്ചാർജ്‌ചെയ്തു. ഫലംവരാത്ത വിദ്യാർത്ഥിനിക്കും ഫലം നെഗറ്റീവായിരിക്കുമെന്ന വിശ്വാസത്തിൽ ഡിസ്ചാർജ് ചെയ്താലോ എന്ന് ഡോക്ടർമാർ ആലോചിച്ച് ഇരിക്കുമ്പോൾ ആരോഗ്യമന്ത്രിയുടെ വിളിയെത്തി ഫലം പോസ്റ്റീവ്.

ആരോഗ്യമന്ത്രി, ആരോഗ്യസെക്രട്ടറി, തൃശ്ശൂർ ജില്ലാ കളക്ടർ, തൃശ്ശൂർ ഡി.എം.ഒ., തൃശ്ശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നിവർ ഒത്തൊരുമിച്ച് പ്രവർത്തനം തുടങ്ങിയത്.മെഡിക്കൽകോളേജ് പ്രിൻസിപ്പൽ ഡോ.എം.എ. ആൻഡ്രൂസ് അവിടത്തെ പേ വാർഡുകൾ ഒഴിപ്പിച്ച് 24 മുറികളുള്ള ഐസൊലേഷൻ വാർഡൊരുക്കി.ആർ.എം.ഒ. ഡോ. സി.പി. മുരളി, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ.പി.വി. സന്തോഷ്, ഡോ.നിഷ എം.ദാസ് എന്നിവരും പിന്തുണ നൽകി.

മെഡിക്കൽകോളേജ് സൂപ്രണ്ട് ഡോ. ബിജുകൃഷ്ണൻ, ഡോ. സി.രവീന്ദ്രൻ, ഇൻഫക്ഷനറി ഡിസീസ് ഇൻ ചാർജ് ഡോ. രാജേഷ്, മൈക്രോബയോളജിസ്റ്റ് ഡോ. സൂര്യകല, ഡോ. ബിനു, ഹെഡ്‌നഴ്‌സ് സിജി ജോസ് എന്നിവരുൾപ്പെട്ട കോർ ടീമുണ്ടാക്കി. അവധിയെടുക്കാതെ 30 നഴ്‌സുമാരും.രോഗംസ്ഥിരീകരിച്ച വിദ്യാർത്ഥിനിയെ എത്തിച്ചത് ജനുവരി 31-നു രാവിലെ 5.30-ന്. രോഗിയെ കൂട്ടിക്കൊണ്ടുവരാൻ പ്രിൻസിപ്പൽ എം.എ. ആൻഡ്രൂസും ലെയ്‌സൺ ഓഫീസർ ഡോ. സി. രവീന്ദ്രനുമെത്തി. ജനറൽ മെഡിസിനിലെ യൂണിറ്റ് ചീഫ് ഡോ. ജിജിത് കൃഷ്ണനും ഡോ. എൽസയും രോഗിയെ പരിശോധിച്ചു.

തൊണ്ടവേദനയ്ക്കു മാത്രമാണ് മരുന്നുനൽകിയത്. മറ്റു രോഗങ്ങൾ ബാധിക്കാതെയും പകരാതെയും നോക്കാനായിരുന്നു ശ്രമം. ദിവസം രണ്ടുതവണ രോഗിയെ സന്ദർശിച്ചു. ഓരോതവണയും ഡോക്ടർമാരും നഴ്‌സുമാരും വസ്ത്രം കത്തിച്ചുകളഞ്ഞ് ആശുപത്രിയിലൊരുക്കിയ സ്ഥലത്ത് കുളിക്കണം.ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടിയിലുള്ളവരും കുടുംബാംഗങ്ങളും ആരോഗ്യപ്രവർത്തകരുടെ നിരീക്ഷണത്തിലായിരുന്നു.

ചൈനയിൽ നിന്നെത്തിയവരെ കണ്ടെത്തി പരിശോധിച്ച ഡി.എം.ഒ. ഡോ. കെ.ജെ. റീന, ഡോ. സുമേഷ് കൃഷ്ണൻ, ഡോ. ബിനു, ഡോ. ജിജിത് കൃഷ്ണൻ, രോഗമറിഞ്ഞയുടൻ പാഞ്ഞെത്തിയ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ജില്ലയിലെ മന്ത്രിമാരായ എ.സി. മൊയ്തീൻ, വി എസ്. സുനിൽകുമാർ, സി. രവീന്ദ്രനാഥ്, ചീഫ് വിപ്പ് കെ. രാജൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ്... പിന്നെ, പിന്തുണയുമായെത്തിയ കേരളജനത. രാജ്യത്തെ ആദ്യത്തെ കൊറോണ വൈറസ് ബാധിച്ച രോഗി രോഗമുക്തി നേടുമ്പോൾ പറയാനുള്ളതിതാണ്: 'തോൽപ്പിക്കാനാകില്ല... ഇതു കേരളമാണ്.

രാജ്യത്ത് ആദ്യമായി കൊറോണ സ്ഥീരികരിച്ചതിന്റെ ഫലം നെഗറ്റീവ് ആയപ്പോൾ കേരളത്തിന്റെ ആരോഗ്യ രംഗത്തിന് നേരിയ ആശ്വാസമായി. ഭീതിയകന്നെങ്കിലും തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ കെ.ജെ. റീന ഇപ്പോഴും സദാ ജാഗ്രതയിൽ തന്നെയാണ്. നിലവിൽ നിരീക്ഷണത്തിലുള്ളവരുടെ വിവരശേഖരണവും മറ്റുമായി കർമനിരതയാണ് അവർ. കേരളം നിപയോടും പ്രളയത്തോടും ഇപ്പോൾ കൊറോണയോടും പൊരുതുമ്പോൾ അതിന്റെ മുന്നണിപ്പോരാളിയാവുക എന്ന നിയോഗമാണ് റീനയ്ക്കുള്ളതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP