Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആയിരക്കണക്കിന് രോഗികളെ ജീവിതത്തിലേക്ക് തിരികെ വിളിച്ച ഗുരുവായൂരിലെ ഉമാ പ്രേമനെ തേടി ബിബിസി; ഇഷ്ടമില്ലാത്ത വിവാഹ ജീവിതത്തിനു വിധി അന്ത്യം കുറിച്ചപ്പോൾ ഉമയെ കാത്തിരുന്നത് മറ്റൊരു നിയോഗം; രണ്ടര ലക്ഷം ഡയാലിസിസ്, 20000 ഹൃദയ ശസ്ത്രക്രിയ, 700 ലേറെ വൃക്ക മാറ്റിവയ്ക്കൽ... ഉമയുടെ ജീവിതം വിദേശികൾക്കും അത്ഭുതമാകുമ്പോൾ

ആയിരക്കണക്കിന് രോഗികളെ ജീവിതത്തിലേക്ക് തിരികെ വിളിച്ച ഗുരുവായൂരിലെ ഉമാ പ്രേമനെ തേടി ബിബിസി; ഇഷ്ടമില്ലാത്ത വിവാഹ ജീവിതത്തിനു വിധി അന്ത്യം കുറിച്ചപ്പോൾ ഉമയെ കാത്തിരുന്നത് മറ്റൊരു നിയോഗം; രണ്ടര ലക്ഷം ഡയാലിസിസ്, 20000 ഹൃദയ ശസ്ത്രക്രിയ, 700 ലേറെ വൃക്ക മാറ്റിവയ്ക്കൽ... ഉമയുടെ ജീവിതം വിദേശികൾക്കും അത്ഭുതമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ആർപ്പും കുരവയുമുള്ള കതിർമണ്ഡപം. പട്ടു സാരിയും ആഭരണവും ഒക്കെ അണിഞ്ഞുള്ള നവവധു. സാധാരണ ഏതു യുവതിയെയും പോലെ തന്നെ ആയിരുന്നു കൗമാരം പിന്നിട്ട ഉമയുടെ വിവാഹ സങ്കൽപങ്ങൾ. എന്നാൽ 19 തികഞ്ഞ പെണ്ണിനോട് ഒരുനാൾ 'അമ്മ ഒരാളെ ചൂണ്ടിക്കാട്ടി പറഞ്ഞു, ഇയാൾ ആണ് ഇനി നിന്റെ ഭർത്താവ്. ഒരിഷ്ടവും ആ' അമ്മ മകളോട് ആരാഞ്ഞില്ല. തീർത്തും അപരിചിതൻ ആയ ഒരാളുടെ കൂടെ ഇറങ്ങിപ്പോകേണ്ടി വന്നു. തന്റെ വിവാഹ സങ്കൽപ്പങ്ങളുടെ ഒരരികിൽ പോലും നിൽക്കാനാകാതെ, മഞ്ഞ ചരടിൽ കോർത്ത ഒരു താലി പോലും അണിയാതെ ഭാര്യ എന്ന പദവിയിലേക്ക് ആ പെൺകുട്ടി എടുത്തെറിയപ്പെട്ടു.

ആദ്യം രണ്ടാം കെട്ടിലേക്കാണ് താൻ എത്തിയത് എന്നറിഞ്ഞ ആ പെൺകുട്ടി അധികം വൈകാതെ മനസിലാക്കി നാലാം കെട്ടിലെ ഭാര്യയാണ് താനെന്നു. അപ്പോഴേക്കും വികാരങ്ങളൊന്നും ബാധിക്കാത്ത വിധം അവൾ തീർത്തും നിർജീവം ആയി പോയിരുന്നു. ഒടുവിൽ മാറാരോഗം ബാധിച്ചു ഏഴു വർഷത്തിനകം ഭർത്താവ് എന്നു പേരിട്ടു വിളിച്ചയാൾ മരിച്ചതോടെ വെറും 26 വയസിൽ തന്നെ അവൾ വിധവയുമായി. പാലക്കാട്ടുകാരിയായ ആ പെണ്ണിനെ തേടി ഇപ്പോൾ ബിബിസി വരെ എത്തുമ്പോൾ അവൾ ലോകം അറിയുന്ന ജീവകാരുണ്യ പ്രവർത്തകയാണ്, ഇന്ത്യൻ സ്ത്രീത്വത്തിന്റെ കരുത്തുറ്റ പ്രതീകമാണ്. ഉമാ പ്രേമൻ എന്ന പേരിൽ തന്നെ അവൾ ആരാണെന്നു ലോകത്തിനറിയാം.

സ്വന്തം ജീവിതം ആശിച്ച പോലെ ആകാതെ വന്നപ്പോഴും മനസ് പതറാതെ അശരണരായവർക്കു ആലംബമായി മാറിയ കഥയാണ് ഉമയിലൂടെ ഇപ്പോൾ ലോകം അറിയുന്നത്. ഗുരുവായൂരിന് അടുത്ത കോട്ടപ്പടിയിൽ നിന്നും തുടങ്ങിയ സേവന ജീവിതം ഇപ്പോൾ കടൽ കടന്നും കീർത്തി നേടുകയാണ്. കണ്ടറിഞ്ഞും കേട്ടറിഞ്ഞും ഉമയെ സഹായിക്കാൻ എത്തുന്നവർ അനവധി. സ്വന്തം കിഡ്നി തന്നെ ദാനം ചെയ്തു തുടങ്ങിയ സേവന ജീവിതത്തിലേക്ക് ഒന്നും അറിയാത്ത സാധാരണക്കാരിയിൽ നിന്നും അനേകായിരങ്ങൾക്ക് താങ്ങായി മാറുന്ന ശാന്തി മെഡിക്കൽ ഇൻഫോർമേഷൻ സെന്റർ സാരഥി ആയി മാറിയത് സ്വന്തം ഇച്ഛാശക്തി മാത്രം കൈമുതലാക്കിയാണ്. കേവല വിദ്യാഭ്യാസം മാത്രം ഉണ്ടായിരുന്ന ഉമാ മാനേജ്മെന്റ് വിദഗ്ധരെ പോലും അമ്പരപ്പിക്കുന്ന വിധം ലീഡർഷിപ്പ് വൈദഗ്ധ്യമാണ് ലോകത്തിനു കാട്ടികൊടുക്കുന്നത്.

മകളെ ഉപേക്ഷിച്ച് അമ്മ പോയത് ജീവിത സുഖം തേടി

എംബിബിഎസ് പഠിക്കാൻ പോയി വീട്ടുകാരണവരുടെ നിർബന്ധം മൂലം മൂന്ന് മാസത്തിനു ശേഷം വീട്ടിലേക്കു മടങ്ങേണ്ടി വന്ന അച്ഛന്റെ മകളെയാണ് ഉമയുടെ ജനനം. പ്രാദേശിക നൂൽ മില്ലിൽ ജോലി ചെയ്തു കിട്ടുന്ന സമയം ഡോക്ടർ ആകാൻ മോഹിച്ച ആ സാധു മനുഷ്യൻ പാവപ്പെട്ടവരെ മരുന്നിൽ മുറിവു വച്ചുകെട്ടാനും മറ്റും തയ്യാറായി. ഇതോടെ ഉമയുടെ അമ്മക്ക് അയാൾ നാട്ടുകാർക്ക് മാത്രം പ്രയോജനപ്പെടുന്നവൻ ആയി തോന്നി. മകൾക്കു എട്ടു വയസുള്ളപ്പോൾ ആ സ്ത്രീ വീട് വിട്ടു മറ്റൊരാളുടെ കൂടെ ജീവിതം തേടിപ്പോയി. അച്ഛന്റെ തണലിൽ വളർന്ന മകൾ തനിക്കു സാധിക്കും വിധം രോഗികളെയും മറ്റും സഹായിക്കാൻ കൂടെനിന്നു. ഒടുവിൽ മദർ തെരേസയെ തേടി കൊൽക്കത്തയിൽ എത്തി. കുറച്ചുകാലം അവിടെ തങ്ങിയപ്പോൾ പാവങ്ങളെ സഹായിക്കാൻ സ്വന്തം നാട് തിരഞ്ഞെടുക്കാൻ ആയിരുന്നു അഗതികളുടെ അമ്മയുടെ ഉപദേശം. തിരികെ തൃശൂരിലേക്ക്.

ഉറങ്ങാത്ത ആദ്യരാത്രി, മദ്യപാനിയായ ഭർത്താവ്, ജീവിതം അട്ടിമറിക്കപ്പെടുന്നു

ഇതിനിടയിൽ 'അമ്മ മടങ്ങി എത്തി. പ്രായത്തിൽ തന്നെക്കാൾ ഇരട്ടിയുള്ള ഒരാളുടെ കയ്യിലേക്ക് മകളെ പിടിച്ചേൽപ്പിച്ചു. ഇതുപോലെ 30 വർഷം മുൻപ് ഒരു ഫെബ്രുവരിയിലെ നരച്ച ദിവസം 26 വയസു കൂടുതൽ ഉള്ള പ്രേമൻ എന്നയാൾ ആരുമറിയാതെ ഉമയുടെ ഭർത്താവായി. അയാൾ അന്നുതന്നെ ഉമയെ സ്വന്തം വീട്ടിലേക്കു കൂട്ടി. പേടിച്ചരണ്ട ആ രാത്രിയിൽ ആ പെൺകുട്ടിക്ക് ഉറങ്ങാനായില്ല. ഒരു മുറിയിൽ അടച്ചിട്ടു അയാൾ മദ്യം തേടി പോയിരുന്നു. നിറം മങ്ങിയ ചുവരുകൾ നോക്കി, മൂളികറങ്ങുന്ന ഫാനിന്റെ ശബ്ദം കേട്ടവൾ നേരം വെളുപ്പിച്ചു. ഒടുവിൽ അയാൾ നേരം പുലർച്ചെ ആറു മണിയോടെ മദ്യഷാപ്പിൽ നിന്നുമെത്തി.

അയാൾ വന്നത് അവളെയും കൂട്ടി മദ്യശാലയിലേക്കു പോകാനായിരുന്നു. തന്റെ ജീവിതം മറ്റൊരു വഴിയിലൂടെ നീങ്ങുകയാണെന്നു ആ പാവം പെണ്ണ് വൈകാതെ തിരിച്ചറിയുക ആയിരുന്നു. അവൾ രണ്ടാം ഭാര്യ ആണെന്ന് അയാൾ വെളുപ്പെടുത്തിയെങ്കിലും അത് തെറ്റാണ് നാലാം ഭാര്യ ആണെന്നു ഉമാ ഉടനെ തിരിച്ചറിഞ്ഞു. മാത്രമല്ല ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത ഗുരുതര ക്ഷയ രോഗിയായ അയാളുടെ ശുശ്രൂഷയ്ക്കു വേണ്ടിയാണു താൻ കൂടെയുള്ളത് എന്നും അവൾ മനസിലാക്കി.

എട്ടുവയസുകാരിയിൽ തുടങ്ങുന്ന ജീവിത പാഠങ്ങൾ

കോയമ്പത്തൂരിലാണ് ഉമാ ചെറുപ്പകാലം ചെലവിട്ടത്. 'അമ്മ ഉപേക്ഷിച്ചു പോകുമ്പോൾ എട്ടു വയസുകാരിയായ പെൺകുട്ടിക്ക് മൂന്നു വയസുള്ള കുഞ്ഞനുജനെയും സംരക്ഷിക്കണമായിരുന്നു. അച്ഛൻ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാൻ പറ്റാതായപ്പോൾ അയല്പക്കത്തെ സ്ത്രീകളിൽ നിന്നും ആ പെൺകുട്ടി പാചകം പഠിച്ചു. രാവിലെ അഞ്ചു മണിക്ക് എഴുനേറ്റു അടുക്കളയിൽ കയറും. ജോലി തീർത്തിട്ട് സ്‌കൂളിൽ പോകും. വൈകിട്ട് വന്നാലും അടുക്കളയിൽ തന്നെ. അനുജനെ നോക്കലും പാചകവും മാത്രമായി ആ പെൺകുട്ടിയുടെ ലോകം. മറ്റു കുട്ടികൾ കളിക്കുമ്പോൾ അവൾ അടുക്കളയിൽ പണിയെടുത്തു. കാലങ്ങൾ കഴിഞ്ഞു. അവൾക്കു 17 വയസുള്ളപ്പോൾ ഒരിക്കൽ ഗുരുവായൂർ അമ്പല നടയിൽ വച്ച് ഉമയെപോലെ തോന്നുന്ന ഒരാളെ തനിക്കറിയാമെന്നും ഒരു മനുഷ്യൻ വന്നു പരിചയപ്പെടുത്തി. അവൾ അയാൾക്ക് വിലാസം നൽകി മടങ്ങി. അധികം വൈകാതെ തപാലിൽ ഒരു കത്ത് ലഭിച്ചു, അതവളുടെ ഉപേക്ഷിച്ചു പോയ അമ്മയുടെത് ആയിരുന്നു.

അമ്മയ്ക്ക് വേണ്ടി ജീവിതത്യാഗം

എന്നും അമ്മയെ കാത്തിരുന്ന, ഒട്ടും ദേക്ഷ്യമോ വൈരാഗ്യമോ മനസ്സിൽ സൂക്ഷിക്കാതിരുന്ന ഉമാ ഉടനെ ഗുരുവായൂരിൽ എത്തി, അമ്മയെ കണ്ടു. രണ്ടാം ഭർത്താവ് വരുത്തിയ കടങ്ങൾ തീർക്കാൻ ആ അമ്മ മകളെ പണം കൈവശം ഉണ്ടായിരുന്ന പ്രേമന് വേണ്ടി മാറ്റിവയ്ക്കാൻ തയാറായി. ഉമാ എതിർത്ത്. ജോലി ചെയ്തു അമ്മയുടെ കടങ്ങൾ വീട്ടാൻ നോക്കി. പരാജയമായി. ഒടുവിൽ അച്ഛന്റെ അടുത്തേക്ക് മടങ്ങിയെങ്കിലും തന്നെ ഉപേക്ഷിച്ചു പോയ ഭാര്യയെ തേടി മകൾ പോയതിൽ കുപിതനായ ആ അച്ഛൻ അവളെ സ്വീകരിക്കാൻ തയാറായില്ല. തന്റെ വിധിയെന്നും നിനച്ചു അവൾ വീണ്ടും അമ്മയ്ക്ക് അരികിൽ എത്തി. ഒട്ടും വൈകാതെ പ്രേമന്റെ കൈകളിലും.

എന്നും ജോലിക്കു പോകുമ്പോൾ അയാൾ ഉമയെ പൂട്ടിയിട്ടു. അവൾ ചുമരുകളോട് സംസാരിക്കാൻ തുടങ്ങി. ആറുമാസം അങ്ങനെ കഴിഞ്ഞു. ഒടുവിൽ പ്രേമൻ കടുത്ത രോഗിയായി. ജീവിതം കൂടുതലും ആശുപത്രിയിലായി. ഒടുവിൽ അയാൾ വിധിക്കു കീഴടങ്ങി. മരിക്കുമ്പോഴും അയാളുടെ സ്വത്തുക്കളിൽ ഒന്നും ഉമക്കു അവകാശം ഇല്ലാതായി, പക്ഷെ അവൾ ജീവിതത്തിൽ ആദ്യമായി സ്വതന്ത്രയായി.

പുനർജ്ജന്മം രോഗികൾക്കൊപ്പം

പ്രേമനും ഒപ്പം ആശുപത്രികൾ കയറി ഇറങ്ങിയ ഉമാ പാവങ്ങളുടെ ജീവിതം തൊട്ടറിഞ്ഞു. അവരെ സഹായിക്കാൻ തയാറായി. ആശുപത്രിയിൽ പോകാനും ഫോമുകൾ ഫിൽ ചെയ്യാനും ശരിയായ ഡോക്ടറെ കാണിക്കാനും ഒക്കെ അവൾ സഹായിയായി. പ്രേമൻ അവസാന ആറുമാസം തിരുവനന്തപുരത്തു കഴിഞ്ഞപ്പോൾ വീട്ടുകാരെ വിളിക്കാൻ ഉമാ എത്തിയിരുന്ന ടെലിഫോൺ ബൂത്തിലെ ഉടമ പാവങ്ങളെ സഹായിക്കുന്ന ഉമയുടെ നമ്പർ രോഗികൾക്ക് നൽകിത്തുടങ്ങി. ഇതോടെ നൂറുകണക്കിന് കോളുകൾ ഉമയെ തേടി എത്തിത്തുടങ്ങി. ഇതോടെയാണ് ഉമയുടെ ജീവിതത്തിൽ വഴിത്തിരിവായ ശാന്തി ഇൻഫോർമേഷൻ സെന്ററിന്റെ തുടക്കത്തിന് കാരണമായത്. തുടർന്ന് ശാന്തിക്ക് വേണ്ടി രാജ്യമെങ്ങും ഉമാ സഞ്ചരിച്ചു തുടങ്ങി.

താൻ വൃക്ക നൽകി സഹായിച്ച അനാഥനായ സലിൽ എന്ന ചെറുപ്പക്കാരനും ഉമയുടെ സദ്പ്രവർത്തിയിൽ മനസറിഞ്ഞു തന്റെ ശേഷ ജീവിതം ശാന്തിക്കായി മാറ്റിവച്ചു. കത്തുകൾ എഴുതിയപ്പോൾ പ്രതികരിക്കാതിരുന്ന ആശുപത്രികൾ നേരിട്ടെത്തിയപ്പോൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. സാവകാശം വൃക്ക രോഗികളിൽ ശ്രദ്ധ നൽകി തുടങ്ങി. സൗജന്യ ഡയാലിസിസ് കേന്ദ്രങ്ങൾ ഇല്ലാതിരുന്ന നാട്ടിൽ അതിനായി സഹായം തേടി പലരെയും സമീപിച്ചു, പലയിടത്തു നിന്നും സഹായങ്ങൾ എത്തുകയും ചെയ്തു. വൃക്ക ദാനത്തിനു സ്വന്തം വൃക്ക നൽകി ബോധവൽക്കരണം തുടങ്ങി.

തൃശൂരിൽ ആദ്യ ഡയാലിസിസ് സെന്റർ തുടങ്ങിയ ഉമക്കു കാരുണ്യമതികളോടെ സഹായത്തോടെ രാജ്യത്തു ഇപ്പോൾ 20 കേന്ദ്രങ്ങളിൽ ഡയാലിസിസ് സെന്ററുകൾ തുടങ്ങാനായി. 700 ലേറെ പേർക്ക് പുതിയ വൃക്കകൾ ലഭിക്കാനും ഉമാ കാരണമായി ഇതിനിടയിൽ സൗജന്യ ഹൃദയശാസ്ത്രക്രിയകളും മറ്റും സംഘടിപ്പിക്കാനും ഉമയ്ക്കായി. ആയിരക്കണക്കിന് രോഗികളാണ് ഇപ്പോൾ ഉമയുടെ സഹായത്തോടെ ജീവിതത്തിലേക്ക് മടങ്ങിയത്.

ഉമയെ നന്നായി അറിയുന്ന സലിൽ തന്നെയാണ് അവരെ പരിചയപ്പെടുത്താനും ഏറ്റവും യോഗ്യൻ. സലിൽ പറയുന്നത് ഉമാ ഗാന്ധിജിയുടെ യഥാർത്ഥ അനുയായി ആണെന്നാണ്. നിങ്ങൾ എന്ത് മാറ്റമാണോ ആഗ്രഹിക്കുന്നത്, അത് നിങ്ങളിൽ നിന്നും തന്നെ തുടങ്ങണം എന്ന ഗാന്ധിയുടെ വാക്കുകളാണ് ഉമാ ജീവിതത്തിൽ പകർത്തുന്നത്. ''ഏവരും മാറ്റം ആഗ്രഹിക്കുന്നു, എന്നാൽ ആരും സ്വയം മാറാൻ തയ്യാറാകുന്നില്ല. ഞാൻ സ്വയം മാറാൻ തയാറായി, എന്റെ ഒരു വൃക്ക ദാനമായി നൽകി, എന്നാൽ അത് പകരം തന്നത് ഒരു സഹോദരനെയാണ്''... ഉമാ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP