Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഹമ്മദാബാദ് കാണുന്ന ട്രംപ് അമേരിക്ക പോലെയെന്ന് പറയണം! ട്രംപിന്റെ സന്ദർശനത്തോട് അനുബന്ധിച്ച് ഗുജറാത്തിൽ ചേരികൾ മറച്ചു മതിലുപണിത് 'സൗന്ദര്യ വത്കരണം'; ട്രംപിനെ അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ഗാന്ധിനഗറിലേക്ക് ആനയിക്കുന്ന ഭാഗത്ത് അരകിലോമീറ്ററോളം മതിലു പണിയുന്നത് ഏഴടി ഉയരത്തിൽ; പാതയോരങ്ങളിൽ ഈന്തപ്പനകൾ വെച്ചുപിടിപ്പിച്ചും സുന്ദരമാക്കും; നാണക്കേട് മറയ്ക്കുന്നതിന് പകരം വീടുകൾ നിർമ്മിച്ചു നൽകി ചേരിനിർമ്മാർജ്ജനത്തിന് ശ്രമിക്കാത്തത് എന്തെന്ന് ചോദിച്ചു വിമർശനം

അഹമ്മദാബാദ് കാണുന്ന ട്രംപ് അമേരിക്ക പോലെയെന്ന് പറയണം! ട്രംപിന്റെ സന്ദർശനത്തോട് അനുബന്ധിച്ച് ഗുജറാത്തിൽ ചേരികൾ മറച്ചു മതിലുപണിത് 'സൗന്ദര്യ വത്കരണം'; ട്രംപിനെ അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ഗാന്ധിനഗറിലേക്ക് ആനയിക്കുന്ന ഭാഗത്ത് അരകിലോമീറ്ററോളം മതിലു പണിയുന്നത് ഏഴടി ഉയരത്തിൽ; പാതയോരങ്ങളിൽ ഈന്തപ്പനകൾ വെച്ചുപിടിപ്പിച്ചും സുന്ദരമാക്കും; നാണക്കേട് മറയ്ക്കുന്നതിന് പകരം വീടുകൾ നിർമ്മിച്ചു നൽകി ചേരിനിർമ്മാർജ്ജനത്തിന് ശ്രമിക്കാത്തത് എന്തെന്ന് ചോദിച്ചു വിമർശനം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശിക്കുമ്പോൾ ആദ്യം എത്തുക ഇന്ത്യൻ പ്രധാനമന്ത്രിയുടെ സ്വന്തം ഗുജറാത്തിൽ ആകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഹൂസ്റ്റണിൽ മോദിക്ക് ലഭിച്ച വമ്പൻ സ്വീകരണത്തിന്റെ മാതൃകയിലാണ് ട്രംപിന് അഹമ്മദാബാദിൽ സ്വീകരണം ഒരുക്കുന്നത്. ഇതിനായി അമേരിക്കൻ പ്രസിഡന്റ് എത്തുന്നതിന് മുന്നോടിയായി ഗുജറാത്തിൽ സൗന്ദര്യ വൽക്കരണ നടപടികൾ വേഗം പുരോഗമിക്കുകയാണ്. അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷനാണ് ഈ തീരുമാനം കൈക്കൊണ്ടത്.

അഹമ്മദാബാദിലെ ചേരിപ്രദേശങ്ങൾ മറയ്ക്കുന്ന തരത്തിൽ മതിലുപണിയാനാണ് കോർപ്പറേഷൻ തീരുമാനിച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് എത്തുമ്പോൾ ചേരികൾ അദ്ദേഹം കാണാതിരിക്കാൻ വേണ്ടിയാണ് ചേരികൾ ട്രംപിന്റെ കണ്ണിൽപ്പെടാതെ മറയ്ക്കാനുള്ള ശ്രമം തുടങ്ങിയത്. സർദാർ വല്ലഭ്ഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തെ ഇന്ദിര ബ്രിഡ്ജുമായി ബന്ധിപ്പിക്കുന്ന റോഡിലാണ് ചേരിപ്രദേശങ്ങൾ മറയ്ക്കുന്ന രീതിയിൽ മതിലുപണിയുന്നത്. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ഗാന്ധിനഗറിലേക്ക് നയിക്കുന്ന ഭാഗത്ത് അരകിലോമീറ്ററിലധികം നീളവും ആറ് മുതൽ ഏഴ് അടി വരെ ഉയരവുമുള്ള മതിലാണ് പണിയുന്നത്. ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും റോഡ്ഷോയിൽ പങ്കെടുക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലെ ചേരി പ്രദേശം മറയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യം.

'600 മീറ്റർ നീളത്തിൽ 6-7 അടി ഉയരത്തിൽ ചേരി പ്രദേശം മറയ്ക്കുന്ന തരത്തിലാണ് മതിൽ പണിയുന്നത്'- പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുതിർന്ന എ.എം.സി ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു.സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി ഈന്തപ്പനകൾ വെച്ചുപിടിപ്പിക്കാനും പദ്ധതിയുണ്ട്. ഇന്ത്യയിൽ സന്ദർശനം നടത്തുന്ന തനിക്ക് ഗംഭീര സ്വീകരണം നൽകുമെന്നും അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ക്രിക്കറ്റ് സ്റ്റേഡിയം വരെ തന്നെ സ്വീകരിക്കാൻ അമ്പത് മുതൽ എഴുപത് ലക്ഷം വരെ ആളുകളെ ഒരുക്കുമെന്ന് മോദി ഉറപ്പ് നൽകിയതായും ട്രംപ് ബുധനാഴ്ച ഒരു വീഡിയോ ദൃശ്യത്തിൽ പറഞ്ഞിരുന്നു.

സർദാർ വല്ലഭ്ഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം മുതൽ സർദാർ പട്ടേൽ സ്റ്റേഡിയം വരെയായിരിക്കും റോഡ് ഷോ ഉണ്ടാകുക. സ്റ്റേഡിയത്തിൽ മോദിയും ട്രംപും സംയുക്തമായിട്ടാണ് ജനങ്ങളെ അഭിസംബോധന ചെയ്യുക. ഫെബ്രുവരി 24, 25 തീയതികളിലായിട്ടാണ് ട്രംപ് ഇന്ത്യ സന്ദർശിക്കുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള ദേശ് ശരൺ ചേരിപ്രദേശത്ത് ഏകദേശം 2,500ഓളം പേരാണ് കഴിയുന്നത്. നേരത്തെ, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും അദ്ദേഹത്തിന്റെ ഭാര്യ അകി അബേയും 2017ൽ ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴും ഗുജറാത്തിൽ ഇത്തരം സൗന്ദര്യ വത്കരണങ്ങൾ നടത്തിയിരുന്നു.

അതേസമയം ട്രംപ് കടുന്നു പോകുന്ന വഴിയിലെ ചേരികൾ മറയ്ക്കുന്നതിന് പകരം അവർക്ക് ഭവനം നിർമ്മിച്ച് മാറ്റിപ്പാർപ്പിച്ചു കൂടേ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. രണ്ടായിരത്തി അഞ്ഞൂറോളം മനുഷ്യർ താമസിക്കുന്ന ഇവിടെ ഒരു കൂറ്റൻ മതിൽ നിർമ്മിച്ച് മനുഷ്യരെ കാഴ്‌ച്ചയിൽ നിന്നും മറയ്ക്കുന്നതിന് പകരം വീടുകൾ വെച്ച് മാറ്റിപാർപ്പിച്ചു കൂടേ എന്ന ചോദ്യമാണ് ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP