Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബക്കിങ്ഹാം കൊട്ടാരത്തിലെ ഓഫീസ് അടച്ച് പൂട്ടി സകല ജോലിക്കാരെയും പിരിച്ച് വിട്ട് മേഗനും ഹാരിയും; മാധ്യമങ്ങൾ പിന്നാലെ നടന്ന് വേട്ടയാടുന്ന ബ്രിട്ടനിലേക്ക് ഇനി ഹാരിക്ക് മടക്കമില്ലേ..? ഭാര്യയുടെ വാക്ക് കേട്ട് കൊട്ടാരം വിട്ടോടിയ രാജകുമാരനെ ഓർത്ത് സങ്കടപ്പെട്ട് രാജഭക്തർ

ബക്കിങ്ഹാം കൊട്ടാരത്തിലെ ഓഫീസ് അടച്ച് പൂട്ടി സകല ജോലിക്കാരെയും പിരിച്ച് വിട്ട് മേഗനും ഹാരിയും; മാധ്യമങ്ങൾ പിന്നാലെ നടന്ന് വേട്ടയാടുന്ന ബ്രിട്ടനിലേക്ക് ഇനി ഹാരിക്ക് മടക്കമില്ലേ..? ഭാര്യയുടെ വാക്ക് കേട്ട് കൊട്ടാരം വിട്ടോടിയ രാജകുമാരനെ ഓർത്ത് സങ്കടപ്പെട്ട് രാജഭക്തർ

സ്വന്തം ലേഖകൻ

' ഏറെ പ്രിയപ്പെട്ട ഹാരിരാജകുമാരനെ എന്നെന്നേക്കുമായി കൈവിട്ട് പോവുകയാണോ...' ബ്രിട്ടീഷ് രാജഭക്തർ ഹൃദയം തകരുന്ന വേദനയോടെ പരസ്പരം ഈ ചോദ്യം കൈമാറുകയാണിപ്പോൾ. ആഴ്ചകൾക്ക് മുമ്പ് ഭാര്യ മേഗന്റെ വാക്ക് കേട്ട് രാജപദവികൾ ഉപേക്ഷിച്ചിറങ്ങിയ ഹാരി രാജകുമാരൻ ഓരോ ദിവസം കഴിയുന്തോറും കൊട്ടാരത്തിൽ നിന്നും ബ്രിട്ടനിൽ നിന്നും അകലുന്ന വിധത്തിലാണ് പെരുമാറിക്കൊണ്ടിരിക്കുന്നതെന്നതാണ് രാജഭക്തരെ വിഷമത്തിലാക്കിയിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ബക്കിങ്ഹാം കൊട്ടാരത്തിലെ തങ്ങളുടെ ഓഫീസ് അടച്ച് പൂട്ടി സകല ജോലിക്കാരെയും പിരിച്ച് വിട്ടിരിക്കുകയാണ് ഹാരിയും മേഗനും.

മാധ്യമങ്ങൾ പിന്നാലെ നടന്ന് വേട്ടയാടുന്ന ബ്രിട്ടനിലേക്ക് ഇനി ഹാരിക്ക് മടക്കമില്ലേ..? എന്ന ചോദ്യവും ഈ അവസരത്തിൽ ഉയരുന്നുണ്ട്.ഭാര്യയുടെ വാക്ക് കേട്ട് കൊട്ടാരം വിട്ടോടിയ രാജകുമാരനെ ഓർത്ത് സങ്കടപ്പെടുകയാണ് രാജഭക്തരിപ്പോൾ.ഹാരിയും മേഗനും പിരിച്ച് വിട്ട 15 ജീവനക്കാരിൽ വളരെ കാലം രാജകുടുംബത്തിന് വേണ്ടി വിശ്വസ്തതയോടെ ജോലി ചെയ്തിരുന്നവരും ഉൾപ്പെടുന്നുണ്ട്. ഇത് വളരെ വിഷമം പിടിച്ച് നീക്കമാണെന്നാണ് ബക്കിങ്ഹാം കൊട്ടാരം പ്രതികരിച്ചിരിക്കുന്നത്. രാജപദവികൾ ഉപേക്ഷിച്ച് സാമ്പത്തികമായി സ്വന്തം കാലിൽ ജീവിക്കാനായി കാനഡയിലേക്ക് പോയ ഹാരിയും മേഗനും മകൻ ആർച്ചിയും ഇനി ഒരിക്കലും ബ്രിട്ടനിലേക്ക് വരില്ലെന്നതിന്റെ ആദ്യ സൂചനയായിട്ടാണ് ഓഫീസ് അടച്ച് പൂട്ടി ജീവനക്കാരെ പിരിച്ച് വിട്ട നടപടിയെ ചിലർ വേദനയോടെ വ്യാഖ്യാനിച്ചിരിക്കുന്നത്.

രാജപദവികൾ ഉപേക്ഷിച്ച് പോകാൻ തയ്യാറെടുക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ഹാരിയും മേഗനും നടത്തിയിരുന്നത്.ജീവനക്കാരെ പറഞ്ഞ് വിട്ട കാര്യത്തിൽ അഭിപ്രായം ഒന്നും പറയില്ലെന്നാണ് കഴിഞ്ഞ രാത്രി ബക്കിങ്ഹാം പാലസ് പ്രതികരിച്ചിരിക്കുന്നത്. എന്നാൽ പുതിയ നീക്കത്തെ രാജ്ഞി, ചാൾസ് രാജകുമാരൻ, വില്യം രാജകുമാരൻ തുടങ്ങിയവരടക്കമുള്ള മുതിർന്ന രാജകുടുംബാംഗങ്ങൾ ഗൗരവത്തോടെയാണ് കണക്കാക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ബ്രിട്ടൻ വിട്ട് പോകാൻ ഹാരിയും മേഗനും തീരുമാനിച്ചതിനാൽ കൊട്ടാരത്തിൽ ഇനി ഒരു ഓഫീസിന്റെ ആവശ്യമില്ലാത്തതിനാലാണ് അത് അടച്ച് പൂട്ടിയിരിക്കുന്നതെന്നാണ് കൊട്ടാരം ഉറവിടം വിശദീകരിച്ചിരിക്കുന്നത്.

എന്നാൽ ഇത് സംബന്ധിച്ച വിശദാംശങ്ങൾ ഇനിയും പുറത്ത് വരാനിരിക്കുന്നതേയുള്ളുവെന്നും പിരിച്ച് വിട്ടവരെ വീണ്ടും കൊട്ടാരത്തിൽ ജോലി നൽകുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും കൊട്ടാരം ഉറവിടം പറയുന്നു.ഹാരിയും മേഗനും അടുത്തിടെ നിയമിച്ച പ്രൈവറ്റ് സെക്രട്ടറിയായ ഫിയോന എംസിൽവാം ദമ്പതികളുടെ കമ്മ്യൂണിക്കേഷൻ ചീഫായ സാറാ ലതാം അടക്കമുള്ളവർ പിരിച്ച് വിട്ടവരിൽ ഉൾപ്പെടുന്നു. ദീർഘകാലമായി ഹാരിയുടെ പ്രോഗ്രാം കോ ഓഡിനേറ്ററായി വർത്തിക്കുന്ന ക്ലാറ ലൗഗ്റാനും പണി നഷ്ടപ്പെട്ടിട്ടുണ്ട്.മേഗന്റെ ഡെപ്യൂട്ടിയും അസിസ്റ്റന്റെ കമ്മ്യൂണിക്കേഷൻ സെക്രട്ടറിയുമായ മാർനി ഗാഫ്നെയും പിരിച്ച് വിട്ടവരിൽ ഉൾപ്പെടുന്നു.

പ്രസ് ഓഫീസറായ ജൂലി ബർലെയ്ക്കും ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. ഹാരിയുടെയും മേഗന്റെയും വില്യം, കേയ്റ്റ് എന്നിവരുടെയും വിജയകരമായ മെന്റൽ ഹെൽത്ത് ക്യാമ്പയിായ ഹെഡ്സ് ടുഗെദറിന്റെ പ്രധാന വിജയശിൽപികളിലൊരാളാണ് ജൂലി. ഹാരിയുടെയും മേഗന്റെയും സോഷ്യൽ മീഡിയ എക്സ്പർട്ടായി സേവനമനുഷ്ഠിച്ചിരുന്ന ഡേവിഡ് വാറ്റ്കിൻസിനെയും പറഞ്ഞ് വിട്ടിട്ടുണ്ട്. ദമ്പതികളുടെ ടീമിന് ഇത്തരത്തിൽ 'മെഗ്ക്സിറ്റ് 'പ്രക്രിയ കടുത്ത ആഘാതമാണേൽപ്പിച്ചിരിക്കുന്നതെന്നാണ് കൊട്ടാരവുമായി ബന്ധപ്പെട്ട ഉറവിടം വെളിപ്പെടുത്തുന്നത്. മേഗൻ കൊട്ടാരം വിട്ട് പോകുന്നതിനെ സൂചിപ്പിക്കുന്ന പദമായിട്ടാണ് മെഗ്ക്സിറ്റ് വിശേഷിപ്പിക്കപ്പെടുന്നത്.

ജോലി നഷ്ടപ്പെട്ടവരെല്ലാം തങ്ങളുടെ വിധിയെ ഉൾക്കൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഈ ടീമിലെ എല്ലാവരും വളരെ തിരക്കുള്ളവരും പരസ്പരം സഹായിക്കുന്നവരുമായിരുന്നുവെന്നും ഇവർ മേഗനോടും ഹാരിയോടും കൊട്ടാരത്തോടും കൂറു പുലർത്തിയിരുന്നവരാണെന്നും കൊട്ടാരം ഉറവിടം ഈ അവസരത്തിൽ ഓർക്കുന്നു. ഇവർ ഹാരിക്ക് വേണ്ടി തങ്ങളുടെ അവസാന സേവനങ്ങൾക്ക് ഒരുങ്ങുകയാണ്.മാർച്ച് ഏഴിന് റോയൽ ആൽബർട്ട് ഹാളിൽ നടക്കുന്ന മൗണ്ട് ബാറ്റൺ ഫെസ്റ്റിവൽ ഓഫ് മ്യൂസിക്കിന് ക്യാപ്റ്റൻ ജനറൽ ഓഫ് ദി റോയൽ മറൈൻസ് എന്ന നിലയിൽ ഹാരി പങ്കെടുക്കുന്ന അവസാന പരിപാടിയുമായിരിക്കുമിത്. ഹാരിയുടെ പിരിച്ച് വിടപ്പെട്ട ടീം ഈ പരിപാടിക്ക് വേണ്ടിയായിരിക്കും അവസാനമായി പ്രവർത്തിക്കുന്നത്.മാർച്ച് ഒമ്പതിന് നടക്കുന്ന കോമൺവെൽത്ത് ഡേ സർവീസിലും ഹാരിയും മേഗനും പങ്കെടുത്തേക്കും.

തങ്ങളുടെ പുതിയ ജീവിതത്തിന്റെ തിരക്കുകളിൽ അലിയുന്നതിനായി ഹാരിയും മേഗനും കാനഡയിലേക്ക് തിരിച്ച് പോകുന്നതിന് മുമ്പ് ഇവർ യുകെയിലെ ഒന്നോ രണ്ടോ പരിപാടികളിൽ കൂടി പങ്കെടുത്തേക്കും. രാജപദവികൾ വിട്ടാലും തങ്ങൾ കാനഡയിലും യുകെയിലുമായി ശേഷിക്കുന്ന കാലം കഴിയുമെന്നായിരുന്നു ഇരുവരും പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇനി തങ്ങൾ യുകെയിലേക്ക് വളരെ അപൂർവമായി മാത്രമേ വരുകയുള്ളുവെന്ന സൂചനയാണ് ഓഫീസ് അടച്ച് പൂട്ടിയതിലൂടെയും ജീവനക്കാരെ പറഞ്ഞ് വിട്ടതിലൂടെയും ഇരുവരും നൽകിയിരിക്കുന്നതെന്ന് വിലയിരുത്തുന്നവരേറെയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP