Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കേരള പൊലീസിന്റെ തോക്ക് കാണായതുകൊണ്ട് സുരക്ഷാഭീഷണി എന്ന സിഎജി റിപ്പോർട്ട് പുച്ഛത്തോടെ തള്ളുന്നു; ഓഡിറ്റിങ് നടത്തിയത് തോക്ക് കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് ഒരുവിവരവുമില്ലാത്ത വ്യക്തി; തോക്കുകൾ നഷ്ടമായെങ്കിൽ റിപ്പോർട്ടിൽ അവയുടെ സീരിയൽ നമ്പറുകൾ എടുത്തുപറയണ്ടേ? പൊലീസിലെ അനാവശ്യ പർച്ചേസുകൾ അഴിമതിക്ക് കുടപിടിക്കാൻ; ഡിജിപി ബെഹ്‌റയ്ക്ക് എതിരെയുള്ള ആരോപണം സീരിയസ്; തോക്കുവിവാദത്തിൽ ടി.പി.സെൻകുമാർ മറുനാടനോട്

'കേരള പൊലീസിന്റെ തോക്ക് കാണായതുകൊണ്ട് സുരക്ഷാഭീഷണി എന്ന സിഎജി റിപ്പോർട്ട് പുച്ഛത്തോടെ തള്ളുന്നു; ഓഡിറ്റിങ് നടത്തിയത് തോക്ക് കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് ഒരുവിവരവുമില്ലാത്ത വ്യക്തി; തോക്കുകൾ നഷ്ടമായെങ്കിൽ റിപ്പോർട്ടിൽ അവയുടെ സീരിയൽ നമ്പറുകൾ എടുത്തുപറയണ്ടേ? പൊലീസിലെ അനാവശ്യ പർച്ചേസുകൾ അഴിമതിക്ക് കുടപിടിക്കാൻ; ഡിജിപി ബെഹ്‌റയ്ക്ക് എതിരെയുള്ള ആരോപണം സീരിയസ്; തോക്കുവിവാദത്തിൽ ടി.പി.സെൻകുമാർ മറുനാടനോട്

ഗീവർഗീസ് എം തോമസ്

തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായെന്നുള്ള സി.എ.ജി. റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. സംസ്ഥാന സർക്കാരിനെയും പൊലീസിനെയും വെട്ടിലാക്കിയ റിപ്പോർട്ടിൽ തിരുവനന്തപുരം എസ്.എ.പി. ബറ്റാലിയനിൽ ആയുധങ്ങളുടെ കുറവുണ്ടെന്നും കേരളത്തിലെ അഞ്ച് പൊലീസ് സ്റ്റേഷനുകളിൽ ഒരു വാഹനം പോലുമില്ലെന്നും പറയുന്നു .തിരുവനന്തപുരം എസ്.എ.പി. ക്യാമ്പിൽനിന്ന് 12061 വെടിയുണ്ടകളും 25 തോക്കുകളും കാണാതായിട്ടുണ്ട് എന്നാണ് സി.എ.ജി. റിപ്പോർട്ടിലെ പ്രധാന പരാമർശം. എന്നാൽ സി എ ജി റിപ്പോർട്ടിലെ പരാമർശങ്ങളെ തള്ളുകയാണ് മുൻ ഡിജിപിയായ ടിപി സെൻകുമാർ. സെൻകുമാർ മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലേക്ക്.

'ഇപ്പോൾ വന്നിരിക്കുന്ന റിപ്പോർട്ട് സർക്കാരിനെയും പൊലീസിനെയും പ്രതിക്കൂട്ടിലാക്കുന്നതാണെങ്കിലും, സി എ ജി റിപ്പോർട്ടിലെ പല പരമർശങ്ങൾക്കും വ്യക്തത ഇല്ല എന്നതാണ് സത്യം. വെടിയുണ്ടകളും ഇരുപത്തിയഞ്ച് ഇൻസാസ് തോക്കുകളും നഷ്ടമായി എന്നാണ് റിപ്പോർട്ടിൽ ഉള്ളത്. എന്നാൽ നഷ്ടമായി എന്ന് പറയപ്പെടുന്ന തോക്കുകളുടെ സീരിയൽ നമ്പറുകൾ റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. ഉദാഹരണമായി ഒരു തോക്കിന്റെ പലയിടങ്ങളിലായി പരമാവധി അഞ്ചുഇടങ്ങളിലെങ്കിലും ആ ആയുധത്തിന്റെ ബോഡി നമ്പർ അഥവാ സീരിയൽ നമ്പറുകൾ കാണേണ്ടതാണ്. ഇത് കൂടാതെ മാഗ്‌സിൻ നമ്പർ ഉണ്ടാവേണ്ടതാണ്. ഇത് ആർക്കെങ്കിലും കൈമാറുകയാണെങ്കിലും എസ് എ പിയിൽ നിന്നും മറ്റൊരു സ്ഥലത്തേക്ക് ട്രാൻസ്ഫർ ചെയ്യുകയാണെങ്കിലും വെപ്പണിന്റെ നമ്പർ അടക്കമുള്ളവ രജിസ്റ്ററിൽ രേഖപ്പെടുത്താറുണ്ട്. അതിനെ കുറിച്ചുള്ള ഒരു പരാമർശങ്ങളും ഈ റിപ്പോർട്ടിൽ പറയുന്നില്ല.

25 തോക്കുകൾ കാണ്മാനില്ല എന്ന് മാത്രമാണ് സി എ ജി റിപ്പോർട്ട്. കാണാതായി എന്ന് പറയപ്പെടുന്ന തോക്കുകളുടെ സീരിയൽ നമ്പരുകൾ വ്യക്തമാക്കാതിരുന്നാൽ അവ ഏതൊക്കെയാണെന്ന് മനസിലാക്കാൻ ബുദ്ധിമുട്ടാണ്. 3625 ഇൻസാസ് റൈഫിൾസ് ആണ് കേരളാപൊലീസിന്റെ കൈവശമുള്ളത് ഉള്ളത്. എല്ലാ ആയുധങ്ങളും സുരക്ഷിതമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പരസ്പരം മാറ്റിയെടുത്താലും ഇങ്ങനെ സംഭവിക്കാം. റൈഫിൾസ് നഷ്ടമായെന്ന് ഇതിൽ നിന്ന് വ്യക്തമാകില്ല. നമ്പറുകൾ സൂചിപ്പിച്ചിരുന്നാൽ മാത്രമേ ഇത് തിരിച്ചറിയാൻ സാധിക്കു. ഇതിനെ കുറിച്ചു വ്യക്തത ഇല്ലാത്ത വ്യക്തിയാണ് ഓഡിറ്റിങ് നടത്തിയത്' എന്ന് സെൻ കുമാർ പറഞ്ഞു.

'പൊലീസ് അന്വേഷണം നടത്തിയാൽ ദുരൂഹത നീങ്ങും. ക്യാമ്പിൽ നിന്നും ആർക്കും പെട്ടെന്ന് ആയുധങ്ങൾ വാങ്ങികൊണ്ടുപോരാൻ സാധിക്കില്ല. എസ് ഐ ക്കു മുതൽ ഡിജിപി ക്കു വരെ ഇഷ്യൂ ചെയ്യുന്ന ആയുധങ്ങളിലെ സീരിയൽ നമ്പറുകൾ രജിസ്റ്ററുകളിൽ രേഖപ്പെടുത്തും. വാക്കാൽ ആരും പരാമർശിച്ചാലും ക്യാമ്പിൽ നിന്നും ആയുധങ്ങൾ നൽകില്ല. അതിനാൽ ആയുധങ്ങൾ നഷ്ടപ്പെടാൻ ഒരു സാധ്യതയും ഇല്ല. ഇനി വെടിയുണ്ടകൾ നഷ്ടമായതിനെ കുറിച്ച് പറഞ്ഞാൽ ഇതുപോലെയുള്ള സമാനമായ സംഭവം 'പൊലീസ് ജീവിതം' എന്ന എന്റെ പുസ്തകത്തിൽ ഞാൻ പരാമർശിച്ചിട്ടുണ്ട്. 1996 ൽ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ നിന്ന് കാണാതായ വെടിയുണ്ടകളാണ് കൂത്തുപറമ്പ് വെടിവെപ്പിന് ഉപയോഗിച്ചത് എന്ന് വാർത്ത പുറത്തു വന്നു. ഇത് സംബന്ധിച്ചു എന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. അന്ന് യഥാർത്ഥത്തിൽ നടന്നത് ഇതാണ്. പൊലീസുകാർ ഫയർ പ്രാക്ടിസ് കടപ്പുറത്തു വച്ചാണ് നടത്തുന്നത്. പലപ്പോഴായി അതിന്റെ എംപ്റ്റി ഷെല്ലുകൾ തിരികെ ലഭിക്കാറില്ല. തിരിച്ചു കിട്ടാത്തത് എത്രയെന്നു അതിനു നേതൃത്വം നൽകിയ ഓഫീസർ രജിസ്റ്ററിൽ രേഖപ്പെടുത്തണം. പലരും അത് ചെയ്യാതെ വരുമ്പോൾ ബുള്ളറ്റുകൾ മിസ്സായി എന്നാണ് കാണിക്കുക. ഇതാണ് അങ്ങനെ ഒരു വാർത്ത അന്ന് പുറത്തു വരാണുണ്ടായ സാഹചര്യം.

ഇതിനു സമാനമായ സാഹചര്യമാണ് വർഷങ്ങൾക്കു ശേഷം ഇപ്പോഴും സംഭവിച്ചിരിക്കുന്നത്. ഇതിന്റെ കാരണം എന്തെന്നാൽ ഇൻസാസിന്റെ ഫയറിങ് പ്രാക്ടിസ് കാടുകളിലും മറ്റുമായിരിക്കും നടന്നിട്ടുണ്ടാകുക. അതിനാൽ ഇത് തിരികെ ലഭിക്കുക ദുഷ്‌കരമാണ്.ഇത് യഥാസമയം റിപ്പോർട്ട് ചെയ്യപ്പെടാത്തതും ഇങ്ങനെ ഒരു സി എ ജി റിപ്പോർട്ടിന് കാരണമായി മാറി. 2008 -2009 കാലഘട്ടത്തിൽ ആക്രിയായി മെറ്റൽ പാർട്‌സ് നൽകിയിട്ടുണ്ട് എന്നാണ് കേട്ടിട്ടുള്ളത്. ഇതും മറ്റൊരു സാധ്യത ആണ്. ബുള്ളറ്റുകളും അതെ ഇൻസാസിൽ ഉപയോഗിക്കുന്നത് ആയതിനാൽ ഇതിനാണ് കൂടുതൽ സാധ്യത. ഇത് ഒരു അന്വേഷണത്തിൽ വെളിപ്പെടാവുന്നതേ ഉള്ളു.

കുറച്ചു പേർ ആരോപിക്കുന്നത് 2015 ലാണ് ഇത് സംഭവിച്ചത് എന്നാണ്. എന്നാൽ ഇത് 2015 ൽ സംഭവിച്ചത് അല്ല 1999 ൽ മിസ്സായതാണ് എന്നാണ്. 1999 ൽ വന്ന റൗണ്ട്‌സിലെ പാക്കറ്റിൽ അതിനു ശേഷം വന്ന റൗണ്ടസ് വെച്ചു എന്നതാണ് യാഥാർഥ്യം. ഇത് എസ് എ പി യിൽ കണ്ടുപിടിച്ചത് 2015 സെപ്റ്റംബറിലാണ്. അന്ന് താൻ സർവീസിൽ ഉണ്ടായിരുന്നില്ല. ഇത് അന്വേഷിച്ചു റിപ്പോർട്ട് 2016 ജൂണിൽ ഇപ്പോഴത്തെ ഡി ജി പിക്ക് കൈമാറി. ഈ സംഭവത്തെ കുറിച്ചു അന്വേഷിക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടിരുന്നു എങ്കിലും അന്വേഷണം എവിടെയും എത്തിയില്ല എന്നതാണ് സത്യം. ഇതാണ് സി എ ജി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് .

എന്നാൽ പർച്ചേസുമായി ബന്ധപെട്ടു നിരവധി അഴിമതികളാണ് ഡിപ്പാർട്‌മെന്റിൽ നടന്നിട്ടുള്ളത്. ഉദാഹരണമായി ആന്റി നക്‌സൽ ഓപ്പറേഷനായി വാങ്ങിച്ച നൈറ്റ് വിഷൻ ക്യാമറ കൊണ്ട് ഒരു ഉപയോഗവും ഡിപ്പാർട്‌മെന്റിന് ഇല്ല. 98 ലക്ഷം രൂപയാണ് ഇതിനു മാത്രമായി നഷ്ടമായിരിക്കുന്നത്. ഇതിനെ കുറിച്ചു ഒരു അന്വേഷണവും ഇതുവരെ ഉണ്ടായിട്ടില്ല. ഇത് പോലെയുള്ള അനാവശ്യമായ പർച്ചേസുകൾ നിരവധിയാണ് ഡിപ്പാർട്‌മെന്റിൽ നടന്നിട്ടുള്ളത്. അനാവശ്യമായി പർച്ചേസ് നടത്തുന്ന മേഖലയായി മാറിയിരിക്കുന്നു ഇന്ന് ഡിപാർട്‌മെന്റ്. താൻ ഡിജിപി യായി ഇരുന്നപ്പോൾ അനാവശ്യമായ പർച്ചേസുകൾ ഒന്നും തന്നെ താൻ പ്രോത്സാഹിപ്പിച്ചിട്ടില്ലന്നും സെൻകുമാർ വ്യക്തമാക്കി.

കെൽട്രോണുമായിട്ടുള്ള പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിന്റെ അവിശുദ്ധ ബന്ധം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. സി എ ജി റിപ്പോർട്ടിലുള്ള ഡി ജി പി ലോക്‌നാഥ് ബെഹ്‌റ ക്കെതിരായുള്ള ആരോപണങ്ങൾ ഗൗരവതരമാണ്. ഇതിനെതിരെ അന്വേഷണം ആവശ്യമാണ്. ടെൻഡർ വിളിക്കാതെ വാഹനങ്ങൾ വാങ്ങിയത് തെറ്റാണ്. ഡിപ്പാർട്‌മെന്റിൽ അഴിമതി നല്ലരീതിയിൽ തന്നെയാണ് നടക്കുന്നത . ഇതിനെതിരെ എന്ത് ചെയ്യാൻകഴിയുമെന്നാണ് നോക്കേണ്ടത്. അതെ സമയം അഞ്ചു സ്റ്റേഷനുകളിൽ വാഹനങ്ങൾ ഇല്ല എന്ന റിപ്പോർട്ടിലെ പരാമർശം തെറ്റാണ്. കേരളത്തിൽ അങ്ങനെ ഒരു സംഭവമേ ഇല്ല എന്ന് സെൻകുമാർ ആവർത്തിച്ചു. യാഥാർഥ്യത്തോടു നീതി പുലർത്താത്ത പരാമർശങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഇത് ആശയക്കുഴപ്പത്തിന് ഇടയാക്കുന്നതാണ് . പർച്ചേസിൽ അന്വേഷണം ആവശ്യമാണ്. സി എ ജി റിപ്പോർട്ട് വിശ്വാസത്തിൽ എടുക്കാൻ സാധിക്കില്ല എന്നതാണ് സത്യം. സുരക്ഷാ ഭീഷണി ഉണ്ട് എന്ന രീതിയുള്ള വാർത്തകളെ അങ്ങേയറ്റം പുച്ഛത്തോടെ തള്ളി കളയുന്നതായും സെൻകുമാർ വ്യക്തമാക്കി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP