Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

18 വർഷം മുമ്പ് ജോലി ചെയ്തിരുന്ന കടയിൽ രമ വീണ്ടും ജോലിക്ക് പോയത് രണ്ട് മാസം മുമ്പ്; ഭാര്യയുടെ കടയുടമയുമായുള്ള സൗഹൃദത്തിൽ ഭർത്താവിനുണ്ടായിരുന്നത് സംശയമെന്നതിന് തെളിവായി ഓഡിയോ ക്ലിപ്പുകൾ; ഭർത്താവ് എന്നെ വെട്ടിക്കൊല്ലുമെന്ന ഭാര്യയുടെ ഓഡിയോ ക്ലിപ്പ് നൽകുന്നതുകൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യാ വാദത്തിലേക്ക്; മകളുടെ ഫോണിലും പ്രണയ സന്ദേശങ്ങൾ; ആര് ആരെ കൊന്നുവെന്നതിന് ഇനിയും ഉത്തരമില്ല; കൊടുങ്ങല്ലൂരിലെ കൂട്ടമരണത്തിൽ നിറയുന്നത് വിനോദിന്റെ സംശയ രോഗം

18 വർഷം മുമ്പ് ജോലി ചെയ്തിരുന്ന കടയിൽ രമ വീണ്ടും ജോലിക്ക് പോയത് രണ്ട് മാസം മുമ്പ്; ഭാര്യയുടെ കടയുടമയുമായുള്ള സൗഹൃദത്തിൽ ഭർത്താവിനുണ്ടായിരുന്നത് സംശയമെന്നതിന് തെളിവായി ഓഡിയോ ക്ലിപ്പുകൾ; ഭർത്താവ് എന്നെ വെട്ടിക്കൊല്ലുമെന്ന ഭാര്യയുടെ ഓഡിയോ ക്ലിപ്പ് നൽകുന്നതുകൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യാ വാദത്തിലേക്ക്; മകളുടെ ഫോണിലും പ്രണയ സന്ദേശങ്ങൾ; ആര് ആരെ കൊന്നുവെന്നതിന് ഇനിയും ഉത്തരമില്ല; കൊടുങ്ങല്ലൂരിലെ കൂട്ടമരണത്തിൽ നിറയുന്നത് വിനോദിന്റെ സംശയ രോഗം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കൊടുങ്ങല്ലൂരിലെ കൂട്ടമരണത്തിന്റെ ചുരുൾ അഴിച്ച് പൊലീസ്. കൂട്ട മരണത്തിന് കാരണമായത് ഭാര്യയുടെ സൗഹൃദത്തെക്കുറിച്ചു ഭർത്താവിനുണ്ടായ സംശയമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം വിനോദ് ജീവനൊടുക്കുകയായിരുന്നോ എന്നതിന് ഇനിയും സ്ഥിരീകരണമായിട്ടില്ല. ഇതിന് വേണ്ടി പൊലീസ് ശാസ്ത്രീയ അന്വേഷണ മാർഗങ്ങൾ തേടിയിട്ടുണ്ട്. മൃതദേഹങ്ങൾ തൂങ്ങിനിന്ന കയർ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചു.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് പുല്ലൂറ്റ് കോഴിക്കട തൈപ്പറമ്പത്ത് വിനോദിനെയും കുടുംബത്തിനെയും തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിനോദ് (46), ഭാര്യ രമ (40), മക്കളായ നയന (17), നീരജ (9) എന്നിവരുടെ മരണത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഭർത്താവും മക്കളും മരിച്ച് 24 മണിക്കൂർ പിന്നിട്ട ശേഷമാണ് ഭാര്യ രമ മരിച്ചെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടാണു ഇപ്പോൾ പൊലീസിനെ വലയ്ക്കുന്നത്. ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു വിനോദിന്റെ മൃതദേഹം. ഭാര്യയും രണ്ടു മക്കളെയും ജനലിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

18 വർഷം മുമ്പ് ജോലി ചെയ്തിരുന്ന കടയിൽ രണ്ട് മാസം മുമ്പാണ് രമ വീണ്ടും ജോലിക്കെത്തിയത്. ജോലിചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമയുമായി രമയ്ക്കുണ്ടായിരുന്ന സൗഹൃദത്തിൽ ഭർത്താവ് വിനോദ് അസ്വസ്ഥനായിരുന്നെന്നു തെളിയിക്കുന്ന ഓഡിയോ ക്ലിപ്പുകൾ പൊലീസിന് കിട്ടി. രമ സ്ഥാപനമുടമയ്ക്ക് അയച്ച ഓഡിയോ ക്ലിപ്പ് കിട്ടിയതോടെയാണ് പൊലീസിന് നിഗമനങ്ങളിലേക്ക് എത്താനാകുന്നത്. 'ഭർത്താവ് എന്നെ വെട്ടിക്കൊല്ലുമെന്നു പറഞ്ഞു' എന്ന് ഓഡിയോ ക്ലിപ്പിൽ രമ പറയുന്നുണ്ട്. ഈ ബന്ധത്തിന്റെ പേരിലുണ്ടായ അസ്വാരസ്യങ്ങളാണ് കുടുംബത്തിൽ ഉണ്ടായിരുന്നതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇരുവർക്കുമൊപ്പം മക്കളായ നയന, നീരജ് എന്നിവരെയും വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.

രമയുടെ മൊബൈൽ ഫോണിൽനിന്നു ലഭിച്ച 3 സന്ദേശവും പൊലീസ് പരിശോധിച്ചു. രമ ജോലി ചെയ്തിരുന്ന സ്ഥാപനമായ കൊടുങ്ങല്ലൂർ വടക്കേനടയിലെ റീഗൽ സ്റ്റോഴ്‌സിന്റെ ഉടമ അബ്ബാസിനാണ് മരിക്കുന്നതിനു 2 ദിവസം മുൻപ് തുടർച്ചയായി സന്ദേശം അയച്ചത്. വർഷങ്ങൾക്കുശേഷം രമ അബ്ബാസിന്റെ കടയിൽ വീണ്ടും ജോലിക്കു പോകുന്നതു ഭർത്താവ് വിനോദ് വിലക്കിയിരുന്നു. ഇതു സംബന്ധിച്ചു വാക്കേറ്റവും തർക്കവും ഉണ്ടായതാണു മെസേജിലൂടെ അറിയിച്ചിട്ടുള്ളത്. ഭർത്താവ് തന്നെ വെട്ടിക്കൊല്ലുമെന്നു സൂചിപ്പിച്ചെന്നും താനും കടുപ്പിച്ചു മറുപടി പറഞ്ഞെന്നും രമ സന്ദേശത്തിൽ പറയുന്നുണ്ട്. ഇതേത്തുടർന്നു 2 ദിവസമായി വിനോദ് ഭക്ഷണം കഴിച്ചിട്ടില്ലെന്നു സന്ദേശത്തിലൂടെ അറിയിച്ചിട്ടുണ്ട്.

നയനയുടെ മൊബൈലിൽനിന്നു സുഹൃത്തിനു സന്ദേശം അയച്ചതും പൊലീസ് പരിശോധിച്ചു. ഇതു പ്രണയ സന്ദേശങ്ങൾ മാത്രമായിരുന്നെന്നു പൊലീസ് പറയുന്നു. മൂന്നുപേരെയും കൊന്നശേഷം വിനോദ് ജീവനാടുക്കിയെന്നായിരുന്നു പൊലീസ് സംശയിച്ചിരുന്നത്. എന്നാൽ ഭർത്താവും രണ്ടു മക്കളും മരിച്ച് 24 മണിക്കൂറിനു ശേഷം ഭാര്യ മരിച്ചെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നത്. രമയുടെ തലയിൽ അടിയേറ്റ പാടുണ്ട്. തലയ്ക്കടിയേറ്റതോടെ ബോധം നഷ്ടപ്പെട്ടിരിക്കാം. ഈ സമയം വിനോദ് മക്കളെ കൊന്ന ശേഷം തൂങ്ങി മരിച്ചിരിക്കാം. പിന്നീട് ബോധം തെളിഞ്ഞപ്പോൾ ഭർത്താവും മക്കളും തൂങ്ങി മരിച്ചതു കണ്ട രമയും ജീവനൊടുക്കിയതാകാനാണു സാധ്യതയെന്നു പൊലീസ് പറയുന്നു. രമയുടെ മൃതദേഹം മറ്റു മൃതദേഹങ്ങളുടെ അത്രയും ജീർണിച്ചിരുന്നില്ല

വീടിന്റെ വാതിലുകളെല്ലാം അകത്തു നിന്ന് പൂട്ടിയിട്ട നിലയിലായിരുന്നു. പൊലീസ് എത്തി വാതിൽ പൊളിച്ചാണ് അകത്തു കയറിയത്. പരിസരത്ത് രൂക്ഷമായ ദുർഗന്ധം പടർന്നപ്പോഴാണ് പ്രദേശവാസികൾ പൊലീസിനെ വിവരം അറിയിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഇവരെ കുറിച്ച് വിവരം ഇല്ലായിരുന്നുവെന്നു പ്രദേശവാസികൾ പറഞ്ഞു. കുടുംബ പ്രശ്‌നങ്ങൾ ഒന്നും ഉള്ളതായി അറിയില്ലെന്നും നാട്ടുകാർ പറയുന്നു നാലു പേരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം സംസ്‌കരിച്ചു. കെട്ടിടങ്ങളുടെ ഡിസൈൻ ജോലിക്കാരനായ വിനോദ് സൗമ്യനും മിതഭാഷിയുമായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
എല്ലാവർക്കും മാപ്പ്.......തെറ്റു ചെയ്തവർക്കു മാപ്പില്ല

ഇവരുടെ വീട്ടിൽ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പ് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മകൻ നീരജിന്റെ നോട്ട് പുസ്തകത്തിൽ നിന്നു കീറിയെടുത്ത പേജിൽ 'എല്ലാവർക്കും മാപ്പ്.......തെറ്റു ചെയ്തവർക്കു മാപ്പില്ല'... .. എന്ന് കുറിച്ചിരുന്നു. വ്യാഴാഴ്ചയാണ് വീട്ടുകാരെ അവസാനമായി നാട്ടുകാർ കാണുന്നത്. അന്ന് ഇതുവഴി പോയ നഗരസഭ കൗൺസിലർ കവിത മധു, നയനയെ വീടിനു മുന്നിൽ കണ്ടിരുന്നു. പതിവു പോലെ തലയാട്ടി ചിരിച്ചു. ഇന്നു ഞങ്ങളുടെ വിവാഹ വാർഷികമാണ്; നേരത്തെ പോകുകയാണ് എന്നായിരുന്നു രമ ജോലി ചെയ്തിരുന്ന സ്റ്റേഷനറി കടയിലെ സുഹൃത്തുക്കളോടു വ്യാഴാഴ്ച രമ പറഞ്ഞിരുന്നത്.

വ്യാഴാഴ്ച രാത്രി എല്ലാവരും ഭക്ഷണം കഴിച്ചതായി പൊലീസ് കരുതുന്നുണ്ട്. പാത്രങ്ങളെല്ലാം കഴുകി വച്ച നിലയിലായിരുന്നു. ഇവർക്കു സാമ്പത്തിക ബാധ്യതയുണ്ടായതായി ബന്ധുക്കളും പറയുന്നില്ല. ഈയിടെ സ്വർണാഭരണം വാങ്ങിയതും ചിട്ടി ലഭിച്ച തുക ഡിപ്പോസിറ്റ് ചെയ്തതായും ബന്ധുക്കൾ പറയുന്നു. വീട്ടിൽ നിന്നു ലഭിച്ച രമയുടെ പഴ്‌സിൽ അത്യാവശ്യം പണം ഉണ്ടായിരുന്നു. ദമ്പതികൾ തമ്മിലുണ്ടായിരുന്ന തർക്കങ്ങളുടെയും കുട്ടികളെ ഉപദ്രവിക്കുന്നതിന്റെയും കഥകൾ അയൽവാസികളും പൊലീസിനോട് പറഞ്ഞിരുന്നു. കുട്ടികളെ ഏറെ ഉപദ്രവിച്ചു പഠിപ്പിച്ചിരുന്നതായി അയൽവാസികൾ പൊലീസിനോട് പറഞ്ഞു.

നേരത്തെ കുടുംബശ്രീ യോഗത്തിൽ രമ ദേഹത്തു മണ്ണെണ്ണ ഒഴിച്ചും മറ്റൊരു ദിവസം വീട്ടിൽ വെട്ടുകത്തികൊണ്ടു തലയിൽ വെട്ടിയും കിഴക്കേ നടയിലെ സൂപ്പർ മാർക്കറ്റിൽ ജോലിചെയ്യുമ്പോൾ ഞരമ്പ് മുറിച്ചും ആത്മഹത്യയ്ക്കു ശ്രമിച്ചതായി പൊലീസിനു മൊഴി ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP