Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വീട്ടമ്മയെ ഫോൺ വിളിച്ചുവെന്ന് ആരോപിച്ച് ഗൾഫുകാരനായ ഭർത്താവിന്റെ പരാതി; ഓട്ടോ ഡ്രൈവറുടെ ഫോൺ പൊലീസ് കസ്റ്റഡിയിൽ വാങ്ങി വച്ചത് മൂന്നു നാൾ; ഫോൺ ചോദിച്ച് കയറി ഇറങ്ങിയിട്ടും നൽകിയില്ല; ഒടുവിൽ പൊലീസ് സ്റ്റേഷന് സമീപത്തെ മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; ഫോൺ ടവറിൽ എത്തിച്ചു കൊടുത്ത് പൊലീസ് തടിയൂരി; സംഭവം പത്തനംതിട്ടയിൽ

വീട്ടമ്മയെ ഫോൺ വിളിച്ചുവെന്ന് ആരോപിച്ച് ഗൾഫുകാരനായ ഭർത്താവിന്റെ പരാതി; ഓട്ടോ ഡ്രൈവറുടെ ഫോൺ പൊലീസ് കസ്റ്റഡിയിൽ വാങ്ങി വച്ചത് മൂന്നു നാൾ; ഫോൺ ചോദിച്ച് കയറി ഇറങ്ങിയിട്ടും നൽകിയില്ല; ഒടുവിൽ പൊലീസ് സ്റ്റേഷന് സമീപത്തെ മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; ഫോൺ ടവറിൽ എത്തിച്ചു കൊടുത്ത് പൊലീസ് തടിയൂരി; സംഭവം പത്തനംതിട്ടയിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പുനലൂർ സ്വദേശിയായ വീട്ടമ്മയെ ഫോൺ വിളിച്ച് ശല്യം ചെയ്യുന്നുവെന്ന് ഗൾഫുകാരനായ ഭർത്താവിന്റെ പരാതി. ഓട്ടോഡ്രൈവറായ യുവാവിനെ വിളിച്ചു വരുത്തി പൊലീസ് മൊബൈൽ ഫോൺ വാങ്ങി വച്ചു. തനിക്ക് പരാതിയില്ലെന്ന് വീട്ടമ്മ പറഞ്ഞിട്ടും ഫോൺ തിരികെ നൽകിയില്ല. മൂന്നു ദിവസം പൊലീസ് സ്റ്റേഷനിൽ രാപകൽ കയറി ഇറങ്ങിയിട്ടും ഫോൺ തിരികെ കിട്ടാതെ വന്നപ്പോൾ ഓട്ടോ ഡ്രൈവർ സമീപത്തെ മൊബൈൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. പൊലീസും ഫയർ ഫോഴ്സും സ്ഥലത്ത് വന്നിട്ടും താഴെ ഇറങ്ങാൻ യുവാവ് തയാറായില്ല.

ഒടുവിൽ തൊണ്ടിമുതൽ തിരികെ ടവറിലെത്തിച്ച് കൊടുത്ത് പൊലീസ് തടിയൂരി. ഇതോടെ യുവാവ് താഴെ ഇറങ്ങി വീട്ടിൽ പോയി. ആർക്കും കേസുമില്ല, പരാതിയുമില്ല. പൊലീസിനും ആശ്വാസം. പത്തനംതിട്ട ടൗണിലെ ഓട്ടോഡ്രൈവർ അമീറാണ് ഇന്നലെ വൈകിട്ട് ആറു മണിയോടെ പൊലീസ് സ്റ്റേഷന് സമീപത്തെ പാർക്കിങ് ഗ്രൗണ്ടിലുള്ള മൊബൈൽ ഫോൺ ടവറിൽ കയറി കൂടിയത്. വിവരം അറിഞ്ഞ് നാട്ടുകാരും തടിച്ചു കൂടി. പൊലീസും ഫയർഫോഴ്സും പിന്നാലെ എത്തി. കേസോ വഴക്കോ ഒന്നുമില്ലാതെ മൂന്നു ദിവസമായി പൊലീസ് തന്റെ ഫോൺ കൈവശം വച്ചിരിക്കുകയാണെന്ന് യുവാവ് ടവറിൽ നിന്ന് വിളിച്ചു പറഞ്ഞു. ഫോൺ തിരികെ കിട്ടിയില്ലെങ്കിൽ ചാടി മരിക്കും എന്നായിരുന്നു ഭീഷണി.

പൊലീസ് ഇതിനിടെ യുവാവിന്റെ മാതാവിനെ വിളിച്ചു കൊണ്ടു വന്ന് അനുനയിപ്പിക്കാൻ ശ്രമം നടത്തി. ആരെ കൊണ്ടു വന്നാലും താൻ താഴെ ഇറങ്ങില്ല എന്നായിരുന്നു യുവാവിന്റെ നിലപാട്. ചെയ്യാത്ത കുറ്റത്തിനാണ് തന്റെ ഫോൺ പിടിച്ചു വച്ചിരിക്കുന്നത് എന്ന നിലപാടിൽ അമീർ ഉറച്ചു നിന്നു. തനിക്കെതിരേ ആരും പരാതി നൽകിയിട്ടില്ല. വിളിച്ചുവെന്ന് പറയുന്ന യുവതിക്ക് പരാതിയില്ല.

ആരോ ഫോൺ ചെയ്ത് പറഞ്ഞതിന്റെ പേരിലാണ് തന്റെ ഫോൺ കസ്റ്റഡിയിൽ വച്ചിരിക്കുന്നത്. ദിവസവും താൻ ചെന്ന് ഫോൺ ചോദിക്കുന്നു തരുന്നില്ല. ഇനിയും വിട്ടു തന്നില്ലെങ്കിൽ ചാടി മരിക്കുമെന്ന് അമീർ വ്യക്തമാക്കി. ഇതോടെ ഒരു പൊലീസുകാരൻ സ്റ്റേഷനിലേക്ക് ഓടിപ്പോയി ഫോൺ എടുത്തു കൊണ്ടു വന്നു കൊടുക്കുകയായിരുന്നു.

ഇതോടെ യുവാവ് താഴെ ഇറങ്ങി. ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനം അടച്ച്, ഫിനാൻസ് എടുത്ത് വാങ്ങിയ 18000 രൂപയുടെ ഫോൺ ആണ് ഇതെന്നും അത് പിടിച്ചു വക്കാൻ താൻ ആരെയും അനുവദിക്കില്ലെന്നും യുവാവ് മാധ്യമങ്ങളോട് പറഞ്ഞു. താഴെ ഇറങ്ങിയ യുവാവ് കൂളായി വീട്ടിലേക്കും പോയി. പിന്നീട് കേസെടുക്കാനൊന്നും പൊലീസ് മെനക്കെട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP