Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എന്തൊക്കെ പ്രകോപനമുണ്ടായാലും ശാന്തരായി തുടരൂ; ഡൽഹി പൊലീസിന് നിർദേശവുമായി അമിത്ഷാ; നിർദ്ദേശം ജാമിഅ മില്ലിയ്യ സർവകലാശാലയിലെ പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ

എന്തൊക്കെ പ്രകോപനമുണ്ടായാലും ശാന്തരായി തുടരൂ; ഡൽഹി പൊലീസിന് നിർദേശവുമായി അമിത്ഷാ; നിർദ്ദേശം ജാമിഅ മില്ലിയ്യ സർവകലാശാലയിലെ പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പൗരത്വ പ്രക്ഷോഭങ്ങൾക്ക് നേരെ നടത്തിയ അതിക്രമങ്ങളുടെ പേരിൽ ഡൽഹി പൊലീസ് വ്യാപക വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ലൈബ്രറിയിൽ കയറി ആക്രമിക്കുന്ന ദൃശ്യങ്ങൾ അടക്കം പുറത്തുവന്നതോടെ സംഭവത്തിൽ പ്രതികരിച്ചു കൊണ്ട് കേന്ദ്രമന്ത്രി അമിത്ഷാ രംഗത്തെത്തി. പ്രകോപനവും വിദ്വേഷവും സൃഷ്ടിക്കാനുള്ള എന്തൊക്കെ ശ്രമങ്ങളുണ്ടായാലും ഡൽഹി പൊലീസ് ശാന്തരായി നിലകൊള്ളുന്നത് തുടരണമെന്ന് ഷാ നിർദേശിച്ചു. അതേസമയം, നിയമലംഘകരിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം നൽകാൻ ഉറച്ച കരങ്ങളോടെ തയാറായി നിൽക്കണം -ഡൽഹി പൊലീസ് സംഘടിപ്പിച്ച ചടങ്ങിൽ അമിത് ഷാ പറഞ്ഞു.

ഇത് സർദാർ പട്ടേൽ നൽകിയ നിർദേശമാണെന്നും നിരവധി സാഹചര്യങ്ങളിൽ ഡൽഹി പൊലീസ് ഇപ്രകാരം പ്രവർത്തിച്ചിട്ടുണ്ടെന്നും ഷാ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്കിടെ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ പൊലീസ് അതിക്രമം നടത്തിയത് വലിയ വിവാദമായിരുന്നു. എന്നാൽ വിദ്യാർത്ഥികളാണ് പ്രശ്‌നങ്ങൾ സൃഷ്ടിച്ചതെന്ന നിലപാടിലായിരുന്നു കേന്ദ്ര സർക്കാർ. പൊലീസ് നടപടിയെച്ചൊല്ലി തർക്കങ്ങൾ തുടരുന്നതിനിടെ ലൈബ്രറിയിൽ കയറി വിദ്യാർത്ഥികളെ മർദ്ദിക്കുന്ന പൊലീസിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. മുഖം മറച്ചുകൊണ്ട് ലൈബ്രറിയിലേക്ക് കയറിയ പൊലീസ് അവിടെ വായിച്ച്ക്കൊണ്ടിരിക്കുകയായിരുന്ന വിദ്യാർത്ഥികളെ ലാത്തിക്കൊണ്ട് മർദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന വിദ്യാർത്ഥികളെ പൊലീസ് പിന്തുടർന്ന് മർദ്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.

ജാമിയയിലെ വിദ്യാർത്ഥികൾ പ്രതിഷേധത്തിന്റെ പേരിൽ അക്രമം അഴിച്ച് വിടുകയായിരുന്നെന്നായിരുന്നു അധികൃതർ ഇതുവരെ നൽകികൊണ്ടിരുന്ന വിശദീകരണം. എന്നാൽ ലൈബ്രറിയിൽ വായിച്ച് കൊണ്ടിരിക്കുകയായിരുന്ന വിദ്യാർത്ഥികളെ പോലും പൊലീസ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഈ വാദമാണ് പൊളിഞ്ഞത്. വായനയിൽ മുഴുകിയിരിക്കുന്ന വിദ്യാർത്ഥികളെ യാതൊരു പ്രകോപനവുമില്ലാതെ മർദ്ദിച്ച പൊലീസ് ലൈബ്രറിയിലെ ഉപകരണങ്ങൾ നശിപ്പിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.

നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ആളിക്കത്തിയപ്പോൾ പ്രതിഷേധക്കാർ ബസ് കത്തിച്ചെന്ന വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഇതിനു പിന്നാലെ തന്നെ പൊലീസ് യൂണിഫോം ധരിച്ചയാൾ ബസിലേക്ക് പെട്രോൾ ഒഴിക്കുന്നതിന്റെ വീഡിയോയും പുറത്ത് വന്നിരുന്നു. പൊലീസ് തന്നെയാണ് ബസ് കത്തിച്ചതെന്ന് പ്രതിഷേധക്കാരും അതല്ലെന്ന് പൊലീസും വാദിക്കുന്നതിനിടെയാണ് ജാമിയ വീഡിയോ പൊലീസിനെതിരെ തെളിവായിരിക്കുന്നത്.

പൊലീസിനെതിരെ രൂക്ഷ വിമർശനമുണ്ടായപ്പോൾ പോലും പ്രതികരിക്കാതിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒടുവിൽ പൊലീസിന് നിർദേശവുമായി രംഗത്തെത്തിയിരിക്കുകയാണ്. എത്ര പ്രകോപനം ഉണ്ടായിരുന്നാലും സംയമനം പാലിക്കണമെന്നാണ് പൊലീസ് മന്ത്രിയുടെ ഉപദേശം. എത്ര ദേഷ്യവും പ്രകോപനവും ഉണ്ടായാലും ഡൽഹി പൊലീസ് സംയമനം പാലിക്കണമെന്നും പക്ഷേ ജനങ്ങളുടെ സുരക്ഷയ്ക്കായി അക്രമികളെ ശക്തമായി തന്നെ നേരിടണമെന്നും അമിത് ഷാ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP