Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്മയുടെ മുന്നിലിട്ട് രണ്ടാനച്ഛൻ അതിക്രൂരമായി അടിച്ചതിന്റെ കണ്ണുനിറഞ്ഞുപോകുന്ന വിഷ്വലുകൾ; ശരീരത്തിലെ പാടുകൾ, കുട്ടിയുടെ കരച്ചിൽ, നിസഹായത; അതിന്റെയൊക്കെ അപ്പുറത്ത് ആ കുഞ്ഞിൽ കാണുന്ന എന്റെ മകന്റെ മുഖം... അനാഥ ബാല്യങ്ങളുടെ അവസ്ഥ കണ്ട് ഉറക്കം നഷ്ടപ്പെട്ട അവസ്ഥ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ച് കെ സി ബിപിൻ

അമ്മയുടെ മുന്നിലിട്ട് രണ്ടാനച്ഛൻ അതിക്രൂരമായി അടിച്ചതിന്റെ കണ്ണുനിറഞ്ഞുപോകുന്ന വിഷ്വലുകൾ; ശരീരത്തിലെ പാടുകൾ, കുട്ടിയുടെ കരച്ചിൽ, നിസഹായത; അതിന്റെയൊക്കെ അപ്പുറത്ത് ആ കുഞ്ഞിൽ കാണുന്ന എന്റെ മകന്റെ മുഖം... അനാഥ ബാല്യങ്ങളുടെ അവസ്ഥ കണ്ട് ഉറക്കം നഷ്ടപ്പെട്ട അവസ്ഥ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ച് കെ സി ബിപിൻ

മറുനാടൻ ഡെസ്‌ക്‌

അനാഥമാകുന്ന ബാല്യങ്ങളുടെ വേദന അധികമാരും അറിയാതെ പോകുകയാണ് പതിവ്. അഥവാ അറിഞ്ഞാലും അവയൊന്നും കണ്ടില്ലെന്ന് നടിച്ച് സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഭൂരിപക്ഷവും ചെയ്യുന്നത്. പലരും കണ്ണുകൾ മടക്കുന്നത് അത് കണ്ടു നിൽക്കാനുള്ള മനക്കട്ടി ഇല്ലാത്തതിനാലാണ്. എന്നാൽ, അമ്പലപ്പുഴയിൽ മൂന്നു വയസുകാരനെഅമ്മയുടെ മുന്നിലിട്ട് രണ്ടാനച്ഛൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ മാധ്യമപ്രവർത്തകനായതുകൊണ്ട് കാണേണ്ടി വന്നതിന്റെ നൊമ്പരം പങ്കുവെക്കുകയാണ് കെ സി ബിപിൻ. ആ കാഴ്‌ച്ചകൾ കണ്ടതിന്റെ വേദന രാത്രി മുഴുവൻ അനുഭവിച്ചതിനെ കുറിച്ച് ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ബിപിൻ വിവരിക്കുന്നത്.

കെ സി ബിപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

കാണാൻ ഒട്ടും പറ്റാത്തതും അറിയാതെയെങ്ങാൻ കണ്ടുപോയാൽ മനസിനെ വല്ലാതെ അലട്ടുന്നതും കുഞ്ഞുങ്ങൾക്ക് നേരെയുള്ള അക്രമങ്ങളുടെ ദൃശ്യങ്ങളാണ്. 'പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്ത് ഇയാൾക്ക് അർഹിക്കുന്ന ശിക്ഷവാങ്ങി നൽകണം' എന്നൊക്കെയുള്ള തലക്കെട്ടിൽ പ്രചരിക്കുന്ന ചില വീഡിയോകൾ കാണാൻ തുടങ്ങുമ്പോഴാണ് അയ്യോ! എന്ന് വിളിച്ചുപോകുന്നത്..ഒന്നോ രണ്ടോ സെക്കന്റ്‌കൊണ്ട് വീഡിയോ ഡിലീറ്റ് ചെയ്യാറാണ് പതിവ്. അല്ലെങ്കിൽ അത് പിന്നെയും അറിയാതെ എപ്പോഴെങ്കിലും കണ്മുന്നിൽ വരും. ഉറക്കംവരെ ഇല്ലാതെപോയ രാത്രികളുണ്ട്. അതുകൊണ്ട് ഒരിക്കലും വീഡിയോകളുടെ ഉള്ളടക്കം ഇതാണെന്നു മനസിലായാൽ തുറക്കാൻതന്നെ നിൽക്കാറില്ല.

എന്നിട്ടും ഇന്നലെ അങ്ങനെ ഒരെണ്ണം അറിഞ്ഞുകൊണ്ട് കാണേണ്ടിവന്നു. കാണാതെ ആ വാർത്ത റിപ്പോർട്ട് ചെയ്യാനാകില്ല എന്ന നിവൃത്തികേടുകൊണ്ട്..ആലപ്പുഴ അമ്പലപ്പുഴയിൽ മൂന്നുവയസുള്ള കുഞ്ഞിനെ അമ്മയുടെ മുന്നിലിട്ട് രണ്ടാനച്ഛൻ അതിക്രൂരമായി അടിച്ചതിന്റെ കണ്ണുനിറഞ്ഞുപോകുന്ന വിഷ്വലുകൾ... കുറച്ചുനേരം ഇതെങ്ങനെകാണും എന്ന് ആലോചിച്ചു. ശരീരത്തിലെ പാടുകൾ, കുട്ടിയുടെ കരച്ചിൽ, നിസഹായത, അതിന്റെയൊക്കെ അപ്പുറത്ത് ആ കുഞ്ഞിൽ കാണുന്ന എന്റെ മകന്റെ മുഖം...എന്നിട്ടും, ഈ തൊഴിലിന്റെ നിവൃത്തികേടുകൊണ്ട് അത് കാണേണ്ടിവന്നു...ഉള്ളുവേദനിച്ചാണ് ഓരോ അക്ഷരങ്ങളും എഴുതിയതും പറഞ്ഞതും... രാത്രിമുഴുവൻ അതിന്റെ വേദനയും പേറി..

ഇങ്ങനെ വേദനിച്ച ഒരു രാത്രി മുൻപും ഉണ്ടായിരുന്നു. കുറച്ചുമാസങ്ങൾക്കു മുൻപ് ഒരു സുഹൃത്തിനൊപ്പം ശിശുക്ഷേമ സമിതിയിൽ പോയപ്പോൾ. അവിടെ പുതുതായി വന്ന കുറച്ചുകുട്ടികൾക്ക് ആവശ്യമുള്ള സഹായങ്ങൾ ചെയ്യലാണ് സുഹൃത്തിന്റെ ലക്ഷ്യം. പോവുമ്പോൾ കുറച്ചു കേക്കും മറ്റു മധുരങ്ങളും കൊണ്ടുപോയി... ഗേറ്റ് തുറന്ന് അകത്തേക്ക് ചെന്നു... നേരത്തെ വിളിച്ചറിയിച്ചതുകൊണ്ട് നടത്തിപ്പുകാരിയായ സ്ത്രീ സ്‌നേഹത്തോടെ ഞങ്ങളെ അകത്തേക്ക് കൂട്ടികൊണ്ടുപോയി.. പത്തുകുട്ടികൾ ഉണ്ടായിരുന്നു...എല്ലാം കുഞ്ഞുമക്കൾ ആണ്... വാതിൽ തുറന്നതും എല്ലാവരും ഒച്ചവച്ച് ഓടിവന്നു... കയ്യിലെ പൊതിയാകും കാരണം എന്നുകരുതി കുട്ടികൾക്ക് നൽകാനായി ചോക്ലേറ്റ് എല്ലാം ഞങ്ങൾ പുറത്തേക്ക് എടുത്തു. അപ്പോഴാണ് മനസിലായത് അതല്ല പ്രശ്‌നമെന്ന്... ഒരു രണ്ടുവയസ് പ്രായം തോന്നുന്ന മോൾ എന്റെ കാലിൽ തൂങ്ങിനിന്നിട്ട് അവളെ എടുക്കാൻ രണ്ടുകൈയും ഉയർത്തി കാണിച്ചു.. ഞാൻ എടുത്തു...'പേര് പറ' എന്നു പറയുമ്പോഴേക്കും കാലിൽ പിടിച്ച് മറ്റൊരു കുട്ടി വലിക്കുന്നു..അവനെയും എടുക്കണമെന്ന്... രണ്ടുപേരെയും ഒരുമിച്ച് എടുത്തു. രണ്ടു കൈയിൽ ഇരുത്തി നെഞ്ചോട് ചേർത്തു...സുഹൃത്തിനെ ബാക്കി കുട്ടികളും ഇതുപോലെ കറക്കി.

നടത്തിപ്പുകാരി ചേച്ചി വന്ന് അല്പം ജാള്യതയൊക്കെ കാണിച്ച് എന്നോട് പതിയെ പറഞ്ഞു..'സാറെ ആരും എടുക്കാനൊന്നും ഇല്ലാത്തതുകൊണ്ട്, കൊതിയായിട്ടാണ് കുട്ടികൾ ഇങ്ങനെയൊക്കെ കാണിക്കുന്നത്. ബുദ്ധിമുട്ടായല്ലേ' എന്ന്.....എന്റെ കണ്ണുനിറഞ്ഞുപോയി.

നമ്മുടെ കുട്ടികളൊക്കെ നമ്മളെ വിട്ട് ഒരാളുടെ കൂടെപോലും പോകാതെ മുഖംതിരിക്കുന്ന ലോകത്താണ് സ്‌നേഹിക്കാനും താലോലിക്കാനും ആരെങ്കിലും വേണമെന്ന് ആശിക്കുന്ന ഒരുപറ്റം കുഞ്ഞുങ്ങൾ ജീവിക്കുന്നത്...
ആ കൂട്ടത്തിലേക്കാണ് ഇന്നലെ അമ്പലപ്പുഴയിൽ കണ്ട കുഞ്ഞും പോവേണ്ടത്. അവരെയൊക്കെ നമ്മുടെ നെഞ്ചോട് ചേർത്തുവേണം വളർത്താൻ...കാരണം അവർക്ക് പിടിക്കാൻ ഈ ലോകത്ത് വേറെ കരങ്ങളില്ല

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP