Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാടറിയാവുന്ന ദിവാകരൻ ട്രൈബൽ വാച്ചറായത് 2014ൽ; ചുറ്റും തീവളഞ്ഞപ്പോൾ പുറത്തു കടക്കാനാവാതെ വെന്ത് മരിച്ച വേലായുധൻ സിപിഎം എരുമപ്പെട്ടി പഞ്ചായത്ത് മുൻ പ്രസിഡന്റ് എകെ കണ്ണന്റെ സഹോദരൻ; ശങ്കരന്റെ കാര്യം പുറംലോകത്ത് എത്തിച്ചത് സാഹസികമായി പുറത്തു ചാടി രക്ഷപ്പെട്ട രഞ്ജിത്തും; ഞാൻ രക്ഷപ്പെടില്ല... ഞാൻ മരിക്കും എന്ന ശങ്കരന്റെ വാക്കും അറംപറ്റി; കൊറ്റമ്പത്തൂർ കാട്ടിലെ അഗ്നിഗോളം വിഴുങ്ങിയത് ജീവിക്കാനായി കാടിനെ രക്ഷിക്കാനെത്തിയവരെ

കാടറിയാവുന്ന ദിവാകരൻ ട്രൈബൽ വാച്ചറായത് 2014ൽ; ചുറ്റും തീവളഞ്ഞപ്പോൾ പുറത്തു കടക്കാനാവാതെ വെന്ത് മരിച്ച വേലായുധൻ സിപിഎം എരുമപ്പെട്ടി പഞ്ചായത്ത് മുൻ പ്രസിഡന്റ് എകെ കണ്ണന്റെ സഹോദരൻ; ശങ്കരന്റെ കാര്യം പുറംലോകത്ത് എത്തിച്ചത് സാഹസികമായി പുറത്തു ചാടി രക്ഷപ്പെട്ട രഞ്ജിത്തും; ഞാൻ രക്ഷപ്പെടില്ല... ഞാൻ മരിക്കും എന്ന ശങ്കരന്റെ വാക്കും അറംപറ്റി; കൊറ്റമ്പത്തൂർ കാട്ടിലെ അഗ്നിഗോളം വിഴുങ്ങിയത് ജീവിക്കാനായി കാടിനെ രക്ഷിക്കാനെത്തിയവരെ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: തീക്കുള്ളിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടും ശങ്കരനും യാത്രയായി. അങ്ങനെ കൊറ്റമ്പത്തൂർ വനത്തിൽ കൊല്ലപ്പെട്ടത് മൂന്ന് പേരുമായി. കത്തിക്കരിഞ്ഞ കൊറ്റമ്പത്തൂർ വനത്തിൽ രക്ഷാപ്രവർത്തകർ എത്തുമ്പോൾ ഗുരുതരമായി പൊള്ളലേറ്റു കാട്ടിൽ വീണുകിടന്ന നിലയിലായിരുന്നു ശങ്കരൻ. മറ്റു 2 പേരും മരിച്ചുവെന്നറിഞ്ഞപ്പോൾ ശങ്കരൻ പറഞ്ഞു: 'ഞാൻ രക്ഷപ്പെടില്ല... ഞാൻ മരിക്കും..' തോളിൽ താങ്ങി ശങ്കരനെ അരക്കിലോമീറ്ററോളം താഴെ എത്തിച്ചാണ് ആംബുലൻസിൽ കയറ്റിയത്.

അപ്പോഴേക്കും വനംവകുപ്പ് അധികൃതർ താഴെ 108 ആംബുലൻസ് തയാറാക്കി നിർത്തിയിരുന്നു. ഇതിൽ ശങ്കരനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. പക്ഷേ അധിക സമയം ജീവൻ നിന്നില്ല. ശങ്കരനും യാത്രയായി. കാട്ടിനുള്ളിൽ മരിച്ചനിലയിലാണു വേലായുധനെയും ദിവാകരനെയും കണ്ടെത്തിയത്. ചുറ്റും തീവളഞ്ഞപ്പോൾ പുറത്തുകടക്കാൻ മാർഗമില്ലാതെ ഇവർ കുടുങ്ങിപ്പോവുകയായിരുന്നു. സിപിഎം എരുമപ്പെട്ടി പഞ്ചായത്ത് മുൻ പ്രസിഡന്റ് എ.കെ. കണ്ണന്റെ സഹോദരനാണു വേലായുധൻ.

മരിച്ച വാഴച്ചാൽ ആദിവാസി കോളനി സ്വദേശി ദിവാകരൻ 2014ൽ ആണ് ട്രൈബൽ വാച്ചറായി നിയമിതനായത്. മക്കളിലൊരാൾക്ക് 10 മാസം പ്രായമേയുള്ളു. കാടറിയാവുന്ന ദിവാകരൻ കാറ്റിൽ ആളിപ്പടർന്നെത്തിയ തീയിൽ പെട്ടുപോവുകയായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന രഞ്ജിത് തീയിൽ നിന്നു പുറത്തുചാടി രക്ഷപ്പെടുന്നതിനിടെ പരുക്കുപറ്റിയെങ്കിലും ഗുരുതരമല്ല. രഞ്ജിത് സമീപത്തുണ്ടായിരുന്ന ഫോറസ്റ്റ് ഗാർഡുമാരുടെ അടുത്ത് ഓടിയെത്തി വിവരമറിയിച്ചതിനാലാണ് ശങ്കരനെ ജീവനോടെ കണ്ടെത്തിയതും ആശുപത്രിയിൽ എത്തിച്ചതും. എന്നാൽ ശങ്കരന്റെ ജീവനും നഷ്ടമായി.

ദേഹം മുഴുവൻ പൊള്ളലേറ്റ് അതീവഗുരുതര നിലയിലായ ശങ്കരൻ ഞായറാഴ്ച രാത്രി 11 മണിയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ സി.ആർ. രഞ്ജിത്താണ് കാട്ടുതീയിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ചിലെ പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് കാട്ടുതീയുണ്ടായ കൊറ്റമ്പത്തൂർ. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഇവിടെ അക്കേഷ്യ അടക്കമുള്ള മരങ്ങളുണ്ട്. മുൻവർഷങ്ങളിലും ഇവിടെ കാട്ടുതീയുണ്ടായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് പ്രദേശത്ത് തീ പടർന്നത്. വനംവകുപ്പുദ്യോഗസ്ഥരും വാച്ചർമാരുമടക്കം 14 പേർ തീയണയ്ക്കാൻ സ്ഥലത്തെത്തി. പതിനഞ്ചോളം നാട്ടുകാരും ഇവരെ സഹായിക്കാൻ ഒപ്പംചേർന്നു. നാലുമണിയോടെ തീ നിയന്ത്രിച്ചു. ഇതോടെ, നാട്ടുകാർ വനംവകുപ്പുകാർക്ക് കുടിവെള്ളം നൽകി തിരിച്ചുപോന്നു.

ഇതിനുശേഷം ശക്തമായ കാറ്റിൽ തീ പെട്ടെന്ന് ഉയരത്തിൽ പടർന്നുപിടിച്ചു. അടിക്കാട് കത്തിയതോടെ പ്രദേശമാകെ വലിയതോതിൽ പുകനിറഞ്ഞ് പരസ്പരം കാണാനാകാത്ത സ്ഥിതിയിലായി. കുറേപ്പേർ ഓടിരക്ഷപ്പെട്ടു. എന്നാൽ, ദിവാകരൻ, വേലായുധൻ, ശങ്കരൻ, രഞ്ജിത്ത് തുടങ്ങിയവർ തീച്ചുഴിയിൽപ്പെടുകയായിരുന്നു. എങ്ങോട്ട് ഓടണമെന്നറിയാത്ത അവസ്ഥയായിരുന്നു. ഇതിനിടെ രഞ്ജിത്ത് പുറത്തേക്ക് എടുത്തുചാടി രക്ഷപ്പെടുകയായിരുന്നു. ഇന്ദിരയാണ് ദിവാകരന്റെ ഭാര്യ. ഒരുവയസ്സുകാരൻ ധ്യാൻ ഏക മകനാണ്. കാർത്യായനിയാണ് വേലായുധന്റെ ഭാര്യ. മക്കൾ: സുബീഷ്, അനിലൻ, സുബിത. മരുമക്കൾ: സ്മിജ, വിജയൻ. ബിന്ദുവാണ് ശങ്കരന്റെ ഭാര്യ. മക്കൾ ശരത്ത്, ശനത്ത്.

കൊറ്റമ്പത്തൂർ വനത്തിൽ 3 പേരുടെ ജീവനെടുത്തിട്ടും ഏക്കർ കണക്കിനു ഭൂമി തിന്നൊടുക്കിയിട്ടും അണയാതെ തീ പടരുകയാണ്. 3 ദിവസമായി കാടിനെ വിഴുങ്ങുന്ന തീ ഒരുപരിധി വരെ നിയന്ത്രിക്കാൻ വനംവകുപ്പ് ജീവനക്കാർക്കു കഴിഞ്ഞെങ്കിലും പൂർണമായി അണയ്ക്കാനായിട്ടില്ല. ജനവാസമേഖലയായ പള്ളിക്കര മേഖലയിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് അഗ്‌നിരക്ഷാസേനയും ജനപ്രതിനിധികളും. രക്ഷാപ്രവർത്തനത്തിനെത്തുന്ന സേനാംഗങ്ങൾ പുകയും ചൂടും മൂലം വലയുന്നു. ചെറുതുരുത്തി പൊലീസ് സ്റ്റേഷനിൽ നിന്നെത്തിയ ജയരാജിന് അസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വനംവകുപ്പിന്റെ ഫയർ റെസ്‌പോണ്ടർ വാഹനങ്ങളും അഗ്‌നിരക്ഷാസേനയും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. മധ്യമേഖല സിസിഎഫ് ദീപക് മിശ്ര, ഡിഎഫ്ഒമാരായ എ. രഞ്ജൻ, എസ്.വി. വിനോദ്, ത്യാഗരാജൻ, നരേന്ദ്രബാബു, സെൻട്രൽ സർക്കിൾ ടെക്‌നിക്കൽ അസിസ്റ്റന്റ് സുർജിത്, വടക്കാഞ്ചേരി റേഞ്ച് ഓഫിസർ ഡൽട്ടോ എൽ മറോക്കി എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. തൃശൂരിലെ അഗ്‌നിരക്ഷാസേനയ്ക്കു പുറമേ ഷൊർണൂരിൽ നിന്നുള്ള സംഘവും എത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP