Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എല്ലാ ഭൂവുടമകൾക്കും ഇനി ആധാർ അധിഷ്ഠിത യുണീക് തണ്ടപ്പേർ: ലാന്റ് റവന്യൂ കമ്മീഷണറുടെ ശുപാർശ അംഗീകരിച്ച് ഉത്തരവിറക്കി സംസ്ഥാന റവന്യൂ സെക്രട്ടറി; നടപ്പാക്കുന്നത് ഒരു നമ്പറിലേക്ക് ക്രോഡീകരിച്ച് വിവിധ തണ്ടപ്പേരിലുള്ള ഭൂമികൾ; ഇനി ഒരാൾക്ക് കേരളത്തിൽ എവിടെയൊക്കെ ഭൂമിയുണ്ടെന്ന് ഇനി ഒറ്റ ക്ലിക്കിൽ അറിയാം

എല്ലാ ഭൂവുടമകൾക്കും ഇനി ആധാർ അധിഷ്ഠിത യുണീക് തണ്ടപ്പേർ: ലാന്റ് റവന്യൂ കമ്മീഷണറുടെ ശുപാർശ അംഗീകരിച്ച് ഉത്തരവിറക്കി സംസ്ഥാന റവന്യൂ സെക്രട്ടറി; നടപ്പാക്കുന്നത് ഒരു നമ്പറിലേക്ക് ക്രോഡീകരിച്ച് വിവിധ തണ്ടപ്പേരിലുള്ള ഭൂമികൾ; ഇനി ഒരാൾക്ക് കേരളത്തിൽ എവിടെയൊക്കെ ഭൂമിയുണ്ടെന്ന് ഇനി ഒറ്റ ക്ലിക്കിൽ അറിയാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ഭൂവുടമകൾക്കും ആധാർ അധിഷ്ഠിത യുണീക് തണ്ടപ്പേർ നടപ്പാക്കാനുള്ള പദ്ധതിക്കു സർക്കാർ അനുമതി. ഇതോടെ ഒരു വ്യക്തിക്കു കേരളത്തിലെവിടെ ഭൂമിയുണ്ടെങ്കിലും ഒറ്റ തണ്ടപ്പേരാകും. ഇനി ഒരാൾക്ക് കേരളത്തിൽ എവിടെയൊക്കെ ഭൂമിയുണ്ടെന്ന് ഇനി ഒറ്റ ക്ലിക്കിൽ അറിയാൻ സാധിക്കും. ഇതിനായി റെലീസ് സോഫ്റ്റ് വേർ (റവന്യൂ ലാൻഡ് ഇൻഫോർമേഷൻ സിസ്റ്റം) പരിഷ്‌ക്കരിച്ച് വിവരങ്ങൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കും. ലാൻഡ് റവന്യു കമ്മിഷണറുടെ ശുപാർശയിൽ, നിയമ വകുപ്പിന്റെ കൂടി അനുമതിയോടെയാണ് റവന്യു വകുപ്പ് ഉത്തരവിറക്കിയത്. എന്നുമുതൽ നടപ്പിൽ വരുമെന്നതും നിലവിലുള്ള ഭൂവുടമകൾ ആധാർ നമ്പർ ലിങ്ക് ചെയ്യേണ്ടത് എപ്രകാരമെന്നതും സംബന്ധിച്ചു വിശദ മാർഗരേഖയും ഉത്തരവും പിന്നീടു വരും.

ഭൂമി വാങ്ങുന്നവർ പോക്കുവരവ് ചെയ്യുന്ന സമയത്ത് ഭൂമിയുടെ രേഖകളും ആധാറും തമ്മിൽ ബന്ധിപ്പിക്കണം. ഭൂനികുതി അടയ്ക്കുന്ന സമയത്ത് ഭൂരേഖകളെല്ലാം ആധാറുമായി ബന്ധിപ്പിക്കേണ്ടിവരും. നിലവിൽ ഒരാളുടെ ഉടമസ്ഥതയിൽ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള ഭൂമിക്ക് പല തണ്ടപ്പേരാണുള്ളത്. ഇതുമൂലം ഒരാളുടെ പേരിൽ എവിടെയൊക്കെ ഭൂമിയുണ്ടെന്ന് കണ്ടെത്തുക ദുഷ്‌കരമാണ്. പുതിയ സംവിധാനം വരുന്നതോടെ ഒരു പൗരന് ഒരു ആധാർ അധിഷ്ഠിത തണ്ടപ്പേരേ ഉണ്ടാകൂ. അയാൾക്ക് എവിടെയൊക്കെ ഭൂമിയുണ്ടെങ്കിലും ആ തണ്ടപ്പേരിനു കീഴിലാകും. പുതുതായി വാങ്ങുന്ന ഭൂമിയും ആ തണ്ടപ്പേരിനു കീഴിലേ ഉൾപ്പെടുത്താനാകൂ എന്നതാണ് ഇതിന്റെ പ്രത്യേകത.

ഒറ്റ തണ്ടപ്പേർ വരുന്നതോടെ ഓരോ വ്യക്തിക്കും സംസ്ഥാനത്ത് എത്ര ഭൂമി കൈവശമുണ്ടെന്നു കണ്ടെത്താനാകും. നിലവിൽ വ്യക്തിക്ക് 7.5 ഏക്കറും കുടുംബത്തിന് 15 ഏക്കറുമാണു പരമാവധി കൈവശം വയ്ക്കാവുന്നത്. കൂടുതൽ അംഗങ്ങളുള്ള കുടുംബമെങ്കിൽ പരമാവധി 20 ഏക്കർ വരെയും അനുവദിക്കും. അതേസമയം, ആധാർ നമ്പർ മാത്രമാണു ശേഖരിക്കുന്നതെന്നും ആധാറിലെ മറ്റു വിവരങ്ങൾ എവിടെയും സൂക്ഷിക്കില്ലെന്നും അധികൃതർ വിശദീകരിക്കുന്നു. ചില വില്ലേജുകളിൽ ആധാർ വിവരങ്ങൾ ശേഖരിച്ചിരുന്നെങ്കിലും സർക്കാർ ഉത്തരവു ലഭിക്കാത്തതിനാൽ സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിച്ചിട്ടില്ല. നിലവിൽ സംസ്ഥാനത്തെ ഓരോ വില്ലേജിലെയും ഭൂമി വിവിധ ബ്ലോക്കുകളായാണു തിരിച്ചിരിക്കുന്നത്. ഒരു വ്യക്തിക്ക് ഒരേ വില്ലേജിൽ പല ബ്ലോക്കുകളിൽ ഭൂമിയുണ്ടെങ്കിൽ പോലും തണ്ടപ്പേരുകൾ വ്യത്യസ്തമായിരുന്നു. ഇനി ഇതു മാറും. ഭൂമി വിവരങ്ങളും ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശപ്രകാരമാണു നടപടികൾ. സംസ്ഥാനത്തു നിലവിൽ 2 കോടി തണ്ടപ്പേരുകളെങ്കിലും ഉള്ളതായാണ് അനുമാനം. ഇതിൽ ഭൂമി വിറ്റൊഴിഞ്ഞ ശൂന്യ തണ്ടപ്പേരുകളും ഒട്ടേറെയാണ്.

എന്നാൽ, ഇത് സംബന്ധിച്ച് ഭൂവുടമകൾ ഉടൻ രേഖകളൊന്നും ഹാജരാക്കേണ്ടതില്ലെന്നാണ് റിപ്പോർട്ട്. റെലിസ് സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്തിയ ശേഷം വിശദ മാർഗനിർദേശവും ഉത്തരവും ഇറക്കുമ്പോൾ ഭൂമിയുടെ പ്രമാണം, നികുതി രേഖകൾ, ഭൂവുടമയുടെ ആധാർ നമ്പർ എന്നിവ വില്ലേജ് ഓഫിസിൽ ഹാജരാക്കേണ്ടിവരും. സംസ്ഥാനത്തെ അധിക ഭൂമി കണ്ടെത്തുക. ഇത് കണ്ടുപിടിച്ച ശേഷം മിച്ചഭൂമിയായി ഭൂരഹിതർക്ക് നൽകാൻ ഭൂപരിഷ്‌ക്കരണം നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതുവഴി ജനങ്ങൾക്ക് മെച്ചപ്പെട്ട ഓൺലൈൻ സേവനമാണ് ലഭിക്കുന്നതെന്നും ഭൂരേഖകളിൽ കൂടുതൽ കൃത്യത കൊണ്ടുവരാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP