Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എയർ ഇന്ത്യയുടെ ആകാശഭീമൻ വിമാനം ഇറങ്ങിയപ്പോൾ കരിപ്പൂർ വിമാനത്താവളത്തിന് അത് പുത്തൻ ഉണർവ്വായി; ജംബോയിലെ ആദ്യ യാത്ര മികച്ച അനുഭവമെന്ന് യാത്രക്കാർ; വലിയ വിമാനങ്ങളുടെ സർവീസ് എയർ ഇന്ത്യ പുനഃരാരംഭിച്ചതിന് പിന്നാലെ എത്തുന്നവരും ചില്ലറക്കാരല്ല; ഇൻഡിഗോയുടെ കോഡ് സി ശ്രേണിയിൽ പെട്ട വിമാനങ്ങൾ അടുത്തമാസം സർവ്വീസ് തുടങ്ങും; പിന്നാലെ എമിറേറ്റ്‌സിന്റെ സർവീസും ഉടൻ തുടങ്ങും

എയർ ഇന്ത്യയുടെ ആകാശഭീമൻ വിമാനം ഇറങ്ങിയപ്പോൾ കരിപ്പൂർ വിമാനത്താവളത്തിന് അത് പുത്തൻ ഉണർവ്വായി; ജംബോയിലെ ആദ്യ യാത്ര മികച്ച അനുഭവമെന്ന് യാത്രക്കാർ; വലിയ വിമാനങ്ങളുടെ സർവീസ് എയർ ഇന്ത്യ പുനഃരാരംഭിച്ചതിന് പിന്നാലെ എത്തുന്നവരും ചില്ലറക്കാരല്ല; ഇൻഡിഗോയുടെ കോഡ് സി ശ്രേണിയിൽ പെട്ട വിമാനങ്ങൾ അടുത്തമാസം സർവ്വീസ് തുടങ്ങും; പിന്നാലെ എമിറേറ്റ്‌സിന്റെ സർവീസും ഉടൻ തുടങ്ങും

മറുനാടൻ മലയാളി ബ്യൂറോ

കരിപ്പൂർ: നാലുവർഷത്തെ ഇടവേളയ്ക്കുശംഷം എയർ ഇന്ത്യയുടെ ആകാശഭീമൻ വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയതോടെ കരിപ്പൂർ വിമാനത്താവളത്തിന്റെ പ്രവർത്തനം വീണ്ടും സജീവമാകുകയാണ്. തിങ്കളാഴ്ച രാവിലെ 7.10-നാണ് ജിദ്ദയിൽ നിന്നുള്ള ബി. 777-400 ജംബോ വിമാനം കോഴിക്കോട് നിലം തൊട്ടത്.  രാത്രി 11.15-ന് ജിദ്ദയിൽനിന്ന് പുറപ്പെടാനാണ് വിമാനം ചാർട്ടർ ചെയ്തിരുന്നതെങ്കിലും 45 മിനിറ്റ് വൈകി 12-നാണ് വിമാനം ജിദ്ദ വിമാനത്താവളം വിട്ടത്. 388 യാത്രക്കാരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. തെളിഞ്ഞ ആകാശത്തിൽ സുരക്ഷിതമായ ലാൻഡിങ്ങാണ് വിമാനം നടത്തിയത്. വിമാനസർവീസ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സർവീസ് ഉദ്ഘാടനംചെയ്തു.

ജംബോ വിമാനത്തിലെ കന്നിയാത്ര മികച്ച അനുഭവമായിരുന്നുവെന്ന് യാത്രക്കാർ. സുരക്ഷിതമായാണ് കരിപ്പൂരിൽ ഇറങ്ങിയത്. യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല. 45 മിനിറ്റ് വൈകിയാണ് ജിദ്ദയിൽനിന്ന് പുറപ്പെട്ടതെങ്കിലും കൃത്യസമയത്തുതന്നെ കോഴിക്കോട്ടെത്തി. കൊണ്ടോട്ടി സ്വദേശിനി ഷാജിദ പറഞ്ഞു. മകൾ ഖുൽസിനയും ഇവർക്കൊപ്പമുണ്ടായിരുന്നു. കൊണ്ടോട്ടി തങ്ങൾ കുടുംബത്തിലെ ഇളമുറക്കാരിയാണ് ഖുൽസിന' താരതമ്യേന കുറഞ്ഞ ടിക്കറ്റ് നിരക്കും കൂടുതൽ ലഗേജും ജംബോയെ പ്രിയപ്പെട്ടതാക്കുമെന്ന് പുളിക്കൽ സ്വദേശി മുജീബ് റഹ്മാൻ പറഞ്ഞു. മറ്റ് വിമാനങ്ങൾ 23 കിലോ ലഗേജ് അനുവദിക്കുമ്പോൾ ജംബോയിൽ 45 കിലോ ബാഗേജും എട്ടുകിലോ ഹാൻഡ് ബാഗേജും ലഭ്യമാണ്. ഉംറ തീർത്ഥാടകർക്ക് സർവീസ് അനുഗ്രഹമാവുമെന്ന് മുജീബ് പറഞ്ഞു.

അതേസമയം വലിയ വിമാനങ്ങൾ വന്നു തുടങ്ങിയതോടെ മറ്റു കമ്പനികളുടെ വിമാനങ്ങളും പതിയെ കോഴിക്കോട്ടേക്ക് എത്തുകയാണ്. ഇതോടെ ഇടക്കാലത്ത് നഷ്ടമായ പഴയ പ്രതാപം തിരിച്ചു പിടിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. റൺവേ വികസനത്തിനായി 2015ൽ വിമാനത്താവളം അടച്ചിട്ടതിനു പിന്നാലെ കോഴിക്കോട് വിട്ടുപോയ രണ്ടു വിമാനക്കമ്പനികൾ ഇതോടെ തിരിച്ചെത്തി. മലബാറിൽനിന്ന് 12.5 ലക്ഷം പേർ ജോലി ചെയ്യുന്ന സൗദി അറേബ്യയുമായുള്ള ആകാശബന്ധം കൂടുതൽ ശക്തമാകുന്നുവെന്നതാണ് എയർ ഇന്ത്യ വലിയ വിമാനങ്ങളുടെ മടങ്ങിവരവിലൂടെ കോഴിക്കോടിനുണ്ടാകുന്ന പ്രധാന നേട്ടം. കോഴിക്കോട്ടുനിന്ന് സൗദിയിലേക്കു വിമാന സർവീസുകൾ ഇതോടെ 29 ആകും. ജിദ്ദയിലേക്കു 16, റിയാദിലേക്ക് 11, ദമാമിലേക്ക് 2 എന്നിങ്ങനെയാണു പ്രതിവാര സർവീസുകൾ. ഇതിൽ സൗദി എയർലൈൻസും എയർ ഇന്ത്യയും മാത്രമാണു വലിയ വിമാനങ്ങളുടെ സർവീസ് നടത്തുന്നത്. 385 ഇക്കോണമി സീറ്റുകൾ അടക്കം 423 സീറ്റുകളടങ്ങിയ ജംബോ ബോയിങ് 747-400 വിമാനവുമായാണു എയർ ഇന്ത്യ ജിദ്ദ സർവീസിനെത്തുന്നത്. തുടക്കത്തിൽ ആഴ്ചയിൽ 2 ദിവസം മാത്രമുള്ള സർവീസ് പിന്നീട് എല്ലാ ദിവസവുമാക്കാനാണു തീരുമാനം.

എയർ ഇന്ത്യയുടെ വലിയ വിമാനമെത്തി ഒരു മാസത്തിനുള്ളിൽ അടുത്ത സന്തോഷവും പറന്നിറങ്ങും. ഇൻഡിഗോയുടെ കോഡ് സി ശ്രേണിയിൽ പെട്ട വിമാനങ്ങൾ മാർച്ച് 20ന് കോഴിക്കോട്ടുനിന്നു സർവീസ് ആരംഭിക്കും. ജിദ്ദയിലേക്ക് എല്ലാ ദിവസവും സർവീസ് നടത്തും. ഇൻഡിഗോയും എത്തുന്നതോടെ കോഴിക്കോട്ടു നിന്ന് സൗദിയിലേക്കു സർവീസ് നടത്തുന്ന എയർലൈൻസുകളുടെ എണ്ണം ആറാകും. അതേസമയം ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്‌സിന്റെ മടങ്ങിവരവിൽ അനിശ്ചിതത്വം തുടരുന്നു. 2015 മെയ്‌ വരെ ദിവസവും സർവീസ് നടത്തിയിരുന്ന എമിറേറ്റ്‌സ്, റൺവേ നവീകരണത്തെ തുടർന്നാണ് സർവീസ് അവസാനിപ്പിച്ചത്. ഈ സർവീസുകൾ ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളിലേക്കു മാറ്റി. കോഴിക്കോട്ടുനിന്നുള്ള സർവീസ് പുനരാരംഭിക്കുന്നതിനു പുതിയ സീറ്റുകൾ അനുവദിക്കണമെന്നാണ് എമിറേറ്റ്‌സിന്റെ ആവശ്യം. ഇത് അംഗീകരിക്കണമെങ്കിൽ കേന്ദ്രസർക്കാർ യുഎഇയുമായുള്ള വ്യോമയാന ഉടമ്പടിയിൽ മാറ്റംവരുത്തേണ്ടതുണ്ട്.

കൂടുതൽ ആളുകളുമായി വലിയ വിമാനങ്ങൾ പറന്നെത്തുമ്പോഴും യാത്രക്കാരെ വേഗത്തിൽ പുറത്തെത്തിക്കാൻ കോഴിക്കോട് വിമാനത്താവളത്തിൽ സൗകര്യങ്ങൾ കുറവ്. പുതുമണം മാറാത്ത പുതിയ ആഗമന ടെർമിനലിന്റെ കൂടെപ്പിറപ്പാണ് അസൗകര്യങ്ങൾ. പരിശോധനയ്ക്കു വേണ്ടത്ര ജീവനക്കാരില്ലാത്തതിനാൽ കസ്റ്റംസ് പരിശോധനയ്ക്കു മണിക്കൂറുകൾ സമയമെടുക്കുന്നു. പുതിയ ടെർമിനലിൽ 3 കൺവെയർ ബെൽറ്റുകളിൽ രണ്ടെണ്ണം മാത്രമാണു പ്രവർത്തിക്കുന്നത്. എമിഗ്രേഷൻ വേഗത്തിൽ പൂർത്തിയാക്കുന്ന യാത്രക്കാർ ബാഗേജിനായി ഏറെനേരം കാത്തുനിൽക്കണം. വേണ്ടത്ര ഇൻസ്‌പെക്ടർമാരും ജീവനക്കാരും ഇല്ലാത്തതാണ് കസ്റ്റംസ് പരിശോധന വൈകാൻ കാരണമായി പറയുന്നത്.

മികച്ച വിമാനത്താവളങ്ങൾക്കുള്ള 'റൂട്ട് ഏഷ്യ 2020' പുരസ്‌കാരത്തിനു കോഴിക്കോടിനെ എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ ശുപാർശ ചെയ്തിരുന്നു. 40 ലക്ഷം വരെ രാജ്യാന്തര യാത്രക്കാർ സഞ്ചരിക്കുകയും മികച്ച നിലവാരം പുലർത്തുകയും ചെയ്യുന്ന വിമാനത്താവളം എന്ന നിലയിലാണു കോഴിക്കോടിനെ പരിഗണിച്ചത്. ഒരു വർഷത്തിനിടെ കൈവരിച്ച വികസനവും യാത്രക്കാരെ ആകർഷിക്കുന്നതിനും വിനോദ സഞ്ചാരികൾക്കായി നടത്തുന്ന പ്രവർത്തനങ്ങളുമാണു പുരസ്‌കാരത്തിനു പരിഗണിക്കുന്നത്. റൂട്ട് ഏഷ്യ പുരസ്‌കാരം ലഭിക്കുന്ന വിമാനത്താവളത്തെ റൂട്ട് വേൾഡ് പുരസ്‌കാരത്തിനും പരിഗണിക്കും.

കോഴിക്കോട്ടുനിന്നുള്ള വലിയ വിമാനങ്ങളുടെ സർവീസ് എയർ ഇന്ത്യ പുനഃരാരംഭിക്കുമ്പോൾ യാത്രക്കാരുമായി പറക്കാനെത്തുന്നതു ചില്ലറക്കാരനല്ല. ജംബോ ബോയിങ് 747-400 വിമാനം നിലവിൽ എയർ ഇന്ത്യയുടെ കൈവശമുള്ള ഏറ്റവും വലിയ യാത്രാ വിമാനമാണ്. ഈ കാറ്റഗറിയിലെ 2 വിമാനങ്ങൾ മാത്രമാണു നിലവിൽ സർവീസിന് ഉപയോഗിക്കുന്നത്. അതിലൊന്നാണു കോഴിക്കോട്ടേക്ക് എത്തുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി വിദേശയാത്രകൾ നടത്തുന്നതും ജംബോ ബോയിങ് 747-400 വിമാനത്തിലാണ്. 3 കംപാർട്‌മെന്റുകളിലായി 423 യാത്രക്കാരെ വിമാനത്തിന് ഉൾക്കൊള്ളാനാകും. ഇക്കോണമി 385, ബിസിനസ് ക്ലാസ് 26, ഫസ്റ്റ് ക്ലാസ് 12 എന്നിങ്ങനെയാണു സീറ്റുകളുടെ എണ്ണം.

ചരക്കു വിമാനങ്ങൾ ഒന്നുമില്ലാത്ത വിമാനത്താവളത്തിലേക്ക് എയർ ഇന്ത്യയുടെ വലിയ യാത്രാ വിമാനമെത്തുന്നതോടെ കോഴിക്കോട്ടെ ചരക്കുനീക്കത്തിൽ വൻ വളർച്ചയുണ്ടാകുമെന്നാണു പ്രതീക്ഷ. സൗദിയിൽ നിന്നുള്ള ഇറക്കുമതിയിലും കയറ്റുമതിയിലും വർധനയുണ്ടാകും. പച്ചക്കറികളും പഴ വർഗങ്ങളുമാണു സൗദിയിലേക്കു കോഴിക്കോടുവഴി പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. ചെറിയതോതിൽ വ്യാപാര ഉൽപന്നങ്ങളുടെ ഇറക്കുമതിയുമുണ്ട്. കോഴിക്കോട്ടുനിന്നുള്ള കയറ്റുമതി പ്രതിദിനം ശരാശരി 75 ടൺ ആണ്. എയർ ഇന്ത്യ വരുന്നതോടെ ഇതു 100 ടണ്ണായി വർധിക്കുമെന്നാണു കണക്കുകൂട്ടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP