Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുന്നോർ'! സിപിഐ അനുഭാവിയായ കവി ഒ.ൻ.വി സ്മാരകസമിതിയിലേക്ക് നുഴഞ്ഞുകയറി സിപിഎം അനുയായികൾ; സ്മാരകസമിതി രൂപീകരണത്തിന് സർക്കാർ പൈതൃകമന്ദിരം തന്നെ വേണമെന്ന് സിപിഎം അനുഭാവികളായ അംഗങ്ങളുടെ വാശി; കോടികളുടെ മുദ്രപത്രം സൂക്ഷിക്കുന്ന കൊട്ടാരം വിട്ടുനൽകാനാകില്ലെന്ന് റവന്യു വകുപ്പും കട്ടായം വച്ചതോടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മൂന്നംഗസമിതിയെ നിയമിച്ച് പ്രശ്‌നപരിഹാരത്തിന് നീക്കം; കമ്യൂണിസ്റ്റ് കവിയുടെ പേരിൽ കൊള്ളയ്ക്ക് കോപ്പുകൂട്ടൽ!

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം::' ഇല്ലിനീ തർക്കം പ്രിയപ്പെട്ടജീവിതമേ.നിൻ തല്ലേറ്റു മരിച്ചുഞാൻ....സംസ്‌കരിക്കുകെൻ എൻ ജഡം-ഒ.എൻ.വി! ഒരു കാലഘട്ടത്തെ വിപ്ലവഗാനങ്ങളാൽ സമരമുഖരിതമാക്കിയ പ്രിയകവി ഒ.എൻ.വി. കമ്യൂണിസ്റ്റ് വിപ്ലവ പോരാട്ടങ്ങൾക്ക് തൂലികൾ കൊണ്ട് പുതുചരിത്രമെഴുതിയ പ്രിയകവിക്ക് ഇന്നും സാംസ്‌കാരിക കേരളം നൽകുന്നത് അവഗണനമാത്രം. അന്തരിച്ച കവി ഒ.എൻ.വി. കുറുപ്പിന്റെ പേരിൽ, തലസ്ഥാനഹൃദയത്തിലെ പൈതൃകമന്ദിരം കൈക്കലാക്കാൻ സിപിഎം. നേതൃത്വത്തിലുള്ള സംഘം തിരക്കിട്ട ചരടുവലി. രാഷ്ട്രീയത്തിൽ സിപിഐ. സഹയാത്രികനായിരുന്ന ഒ.എൻ.വിയുടെ പേരിൽ രൂപീകരിച്ച സ്മാരകസമിതിയിലുള്ളതു സിപിഎം സഹയാത്രികരായതോടെ ഈ നടപടി ചോദ്യം ചെയ്യപ്പെടുകയാണ്.

ഒ.എൻ.വി. സ്മാരകത്തിനായി തൈക്കാട് സർക്കാർ ഗസ്റ്റ് ഹൗസ് വളപ്പിലെ പുരാതനമായ റസിഡന്റ്സ് ബംഗ്ലാവുതന്നെ വേണമെന്ന നിലപാടിലാണു സമിതി. എന്നാൽ, സെൻട്രൽ സ്റ്റാമ്പ് ഡിപ്പോ പ്രവർത്തിക്കുന്ന പൈതൃകമന്ദിരം പൊളിക്കാനാവില്ലെന്നു റവന്യൂ മന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്കു തിരുവനന്തപുരം ജില്ലാ കലക്ടർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തിരുവിതാംകൂർ രാജഭരണകാലത്തു ബ്രിട്ടീഷ് റസിഡന്റ് താമസിച്ചിരുന്ന കൊട്ടാരമാണു 25,000 കോടി രൂപയുടെ മുദ്രപ്പത്രങ്ങൾ സൂക്ഷിക്കുന്ന ഇപ്പോഴത്തെ സ്റ്റാമ്പ് ഡിപ്പോ. 1960-ലാണ് ഇവിടെ സ്റ്റാമ്പ് ഡിപ്പോ പ്രവർത്തനമാരംഭിച്ചത്.

പുരാരേഖകളടക്കമുള്ള ബംഗ്ലാവും 65 സെന്റ് സ്ഥലവും ഉൾപ്പെടുന്ന പൈതൃകസ്വത്ത് കൈമാറ്റം ചെയ്യുന്നതിൽ സിപിഐ. ഭരിക്കുന്ന റവന്യൂ വകുപ്പ് നേരത്തേ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ, എതിർപ്പ് മറികടക്കാൻ സ്മാരകസമിതിതന്നെ സിപിഎം. കൈയടക്കി. ഒ.എൻ.വി. സ്മാരകമന്ദിരം നിർമ്മിക്കാൻ സർക്കാർ അഞ്ചുകോടി രൂപയാണു മാറ്റിവച്ചിട്ടുള്ളത്. കേരള സർവകലാശാലയ്ക്കു കീഴിൽ പാളയത്തു പബ്ലിക് ലൈബ്രറിക്കു സമീപം 50 സെന്റ്, ജവഹർ ബാലഭവനു സമീപമുള്ള സ്ഥലം, കവടിയാർ കൊട്ടാരത്തിനു സമീപം സർക്കാർ വക മൂന്നര ഏക്കറിൽ ഒരുഭാഗം എന്നിങ്ങനെ പല സ്ഥലങ്ങളും സ്മാരകത്തിനായി റവന്യൂ വകുപ്പ് നിർദ്ദേശിച്ചിരുന്നു. എന്നിട്ടും, 25,000 കോടിയുടെ മുദ്രപ്പത്രങ്ങൾ സൂക്ഷിക്കുന്ന പൈതൃകമന്ദിരംതന്നെ വേണമെന്ന വാശിയിലാണു സ്മാരകസമിതി.പ്രശ്നം വഷളാകുമെന്നു ബോധ്യപ്പെട്ടതോടെ, പരിഹാരത്തിനായി മുഖ്യമന്ത്രി മൂന്നംഗസമിതിയെ ചുമതലപ്പെടുത്തി. പൊതുമരാമത്ത് ചീഫ് ഇലക്ട്രിക്കൽ എൻജിനീയർ, സംസ്ഥാന ആർക്കൈവ്സ് ഡയറക്ടർ, സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് എന്നിവരാണു സമിതിയിലുള്ളത്. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലും റസിഡന്റ്സി ബംഗ്ലാവ് വിട്ടുകൊടുക്കാനാവില്ലെന്നു റവന്യൂ മന്ത്രി വ്യക്തമാക്കിയതായാണു സൂചന.

ഒ.എൻ.വി. സ്മാരകം: ജില്ലാ കലക്ടറുടെ റിപ്പോർട്ട്

രാജഭരണകാലത്തു തിരുവിതാംകൂർ റസിഡന്റിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്ന പൈതൃകമന്ദിരമാണു സെൻട്രൽ സ്റ്റാമ്പ് ഡിപ്പോ. 1960 മുതലാണ് ഡിപ്പോ പ്രവർത്തനം തുടങ്ങിയത്. 90 സെന്റിൽ ഏഴു കൂറ്റൻ സ്ട്രോങ് റൂമുകൾ അടങ്ങുന്നതാണ് ഈ മന്ദിരം. ഓരോ സ്ട്രോങ് റൂമിലും 12 അടി നീളത്തിലും 10 അടി നീളത്തിലുമുള്ള കൂറ്റൻ തടിയലമാരകൾ സ്റ്റാമ്പ്/മുദ്രപ്പത്രം സൂക്ഷിക്കാനുള്ളതാണ്. ഇതിനുപുറമേ പ്രധാന സ്ട്രോങ് റൂമുകളിൽ കൂറ്റൻ ഇരുമ്പലമാരകളും പത്തായത്തോളം വലിപ്പമുള്ള കാൽപ്പെട്ടികളുമുണ്ട്. ഇവ പുറത്തെടുക്കാൻ പൈതൃകമന്ദിരം പൊളിക്കേണ്ടിവരും. കൂറ്റൻ ഇരുമ്പുവാതിലുകളും ഈർപ്പം കടക്കാത്ത ചുവരുകളുമാണു കെട്ടിടത്തിന്റെ പ്രത്യേകത. തീ, വൈദ്യുതി, ചിതൽ, ഈർപ്പം എന്നിവ മൂലം ഉരുപ്പടികൾ കേടാകാതിരിക്കാൻ വലിയ സുരക്ഷാമാർഗങ്ങളാണ് അവലംബിച്ചിട്ടുള്ളത്. തീ പിടിക്കാതിരിക്കാൻ വൈദ്യുതിപോലും നിയന്ത്രിച്ചാണ് ഉപയോഗിക്കുന്നത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പൈതൃകപട്ടികയിൽ ഉൾപ്പെടുന്ന മന്ദിരത്തിൽനിന്നു സാധനങ്ങൾ മാറ്റിയാൽ സാരമായ കേടുപാടുകൾ സംഭവിക്കും.

നാസിക്കിൽ അച്ചടിച്ച കോടികൾ വിലവരുന്ന സ്റ്റാമ്പുകളും മുദ്രപ്പത്രങ്ങളും ഈ പൈതൃകമന്ദിരത്തിൽ സൂക്ഷിച്ചുവരുന്നു. ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് മുതൽ 25,000 രൂപ വിലവരുന്ന മുദ്രപ്പത്രങ്ങൾവരെ ഇവിടെയാണു സൂക്ഷിക്കുന്നത്. ഇവ സൂക്ഷിക്കുന്ന സംസ്ഥാനത്തെ ഏകസ്ഥാപനമാണു തൈക്കാട് സെൻട്രൽ സ്റ്റാമ്പ് ഡിപ്പോ. പ്രതിവർഷം 5000 കോടി രൂപയുടെ വരുമാനമാണു സർക്കാരിന് ഇവയുടെ വിൽപ്പനയിൽനിന്നു ലഭിക്കുന്നത്. അതീവ സുരക്ഷാമേഖലയിലാണു സ്റ്റാമ്പ് ഡിപ്പോ.

കോടികൾ വിലയുള്ള മുദ്രപ്പത്രങ്ങളും സ്റ്റാമ്പുകളും സുരക്ഷിതമായി മാറ്റാനും സൂക്ഷിക്കാനും സ്ട്രോങ് റൂമുകൾ മറ്റൊരു സ്ഥലത്തു നിർമ്മിക്കാൻ വൻസാമ്പത്തികബാധ്യതയാകും. അത് അഭികാമ്യമല്ല. പകരം നാലു സ്ഥലങ്ങൾ ഒ.എൻ.വി. സ്മാരകത്തിനു കണ്ടെത്തിയിട്ടുണ്ട്. 1) തൈക്കാട് വില്ലേജ് ഓഫീസിനോടുചേർന്ന് 25 സെന്റ് ഭൂമി, 2) കവടിയാറിൽ എയർ ഇന്ത്യയുടെ കൈവശമുള്ളതും ഉപയോഗിക്കാതെ കിടക്കുന്നതുമായ 25 സെന്റ്, 3) ഗസ്റ്റ് ഹൗസിനോടു ചേർന്ന് വാട്ടർ അഥോറിറ്റിയുടെ കൈവശമുള്ള ഉപയോഗിക്കാതെ കിടക്കുന്ന 25 സെന്റ്, 4) ജലഭവൻ സ്ഥിതിചെയ്യുന്ന, മാനവീയം വീഥിയോടു ചേർന്ന്, വാട്ടർ അതോറ്റിയുടെ 25 സെന്റ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP