Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒന്നര വർഷമായി വർക്കിങ് പ്രസിഡന്റായിരുന്ന തന്നെ ഒരിക്കൽ പോലും മുല്ലപ്പള്ളി രാമചന്ദ്രൻ വിളിച്ചിട്ടില്ലെന്ന് കെ സുധാകരൻ; വന്ന് കാണാഞ്ഞത് എന്തെന്ന് മുല്ലപ്പള്ളിയും; സർവ്വ പ്രതാപിയായിരുന്ന കരുണാകരന്റെ അധികാരം നഷ്ടമായ ശേഷമുള്ള അവസ്ഥ ഓർമ്മയിലുണ്ടാകണമെന്ന് വി എം സുധീരൻ; പാർട്ടിയിൽ അഭിപ്രായ ഐക്യമില്ലെന്ന കാര്യത്തിൽ മാത്രം രാഷ്ട്രീയകാര്യ സമിതിയിൽ ഒരേ സ്വരം; പൗരത്വ പ്രതിഷേധത്തിന്റെ പേരിൽ പിണറായി ആളെ കൂട്ടുമ്പോൾ കെപിസിസിയിൽ ചക്കളത്തിപോരാട്ടം

ഒന്നര വർഷമായി വർക്കിങ് പ്രസിഡന്റായിരുന്ന തന്നെ ഒരിക്കൽ പോലും മുല്ലപ്പള്ളി രാമചന്ദ്രൻ വിളിച്ചിട്ടില്ലെന്ന് കെ സുധാകരൻ; വന്ന് കാണാഞ്ഞത് എന്തെന്ന് മുല്ലപ്പള്ളിയും; സർവ്വ പ്രതാപിയായിരുന്ന കരുണാകരന്റെ അധികാരം നഷ്ടമായ ശേഷമുള്ള അവസ്ഥ ഓർമ്മയിലുണ്ടാകണമെന്ന് വി എം സുധീരൻ; പാർട്ടിയിൽ അഭിപ്രായ ഐക്യമില്ലെന്ന കാര്യത്തിൽ മാത്രം രാഷ്ട്രീയകാര്യ സമിതിയിൽ ഒരേ സ്വരം; പൗരത്വ പ്രതിഷേധത്തിന്റെ പേരിൽ പിണറായി ആളെ കൂട്ടുമ്പോൾ കെപിസിസിയിൽ ചക്കളത്തിപോരാട്ടം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭരണത്തിലിരിക്കെ പോലും ഇടതുപക്ഷം ജനങ്ങൾക്കിടയിൽ സ്വാധീനം വർധിപ്പിക്കുന്നതിനിടെ സംസ്ഥാന കോൺഗ്രസിൽ തമ്മിലടി രൂക്ഷമാകുന്നു. രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ കെപിസിസി അധ്യക്ഷനെതിരെ രൂക്ഷ വിമർശനമാണ് നേതാക്കൾ ഉയർത്തിയത്. പൗരത്വ ഭേദഗതി, പള്ളി തർക്കം എന്നീ വിഷയങ്ങളിലെ ഇടപെടലിലൂടെ ന്യൂനപക്ഷങ്ങൾക്കിടയിൽ സിപിഎം സ്വാധീനം വർധിപ്പിക്കുന്നുണ്ടെന്നും ഇതു ഗൗരവമായി കണ്ട് പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും രാഷ്ട്രീയകാര്യസമിതിയിൽ നേതാക്കൾ ആവശ്യപ്പെട്ടു.

സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ ഐക്യമില്ലെന്നും നേതാക്കൾ തമ്മിൽ അഭിപ്രായസമന്വയമുണ്ടാക്കാൻ കെപിസിസി അധ്യക്ഷന് സാധിക്കുന്നില്ലെന്നുമുള്ള വിമർശനമാണ് നേതാക്കൾ പ്രധാനമായും ഉയർത്തിയത്. നേതാക്കൾ വ്യത്യസ്ത അഭിപ്രായം പറയുകയാണെന്നും പല വിഷയങ്ങളിലും പാർട്ടിയിൽ അഭിപ്രായ ഐക്യമില്ലെന്നും കെവി തോമസ്, പിസി ചാക്കോ, വി എം സുധീരൻ എന്നീ നേതാക്കൾ വിമർശിച്ചു. സിഎജി റിപ്പോർട്ടിലുണ്ടായ വിവാദങ്ങളിൽ രണ്ട് തരത്തിലുള്ള അന്വേഷണം നേതാക്കൾ ആവശ്യപ്പെട്ടത് ഈ അഭിപ്രായഭിന്നതയുടെ പരസ്യ ഉദാഹരണമായി നേതാക്കൾ ചൂണ്ടിക്കാട്ടി. മുല്ലപ്പള്ളിയുടെ പ്രവർത്തനശൈലിയെ വിമർശിച്ച വി എം സുധീരൻ സർവ്വപ്രതാപിയായിരുന്ന കെ.കരുണാകരൻ പോലും കൂടിയാലോചനകൾ നടത്തിയാണ് പാർട്ടിയെ മുന്നോട്ട് കൊണ്ടു പോയിരുന്നതെന്ന് ഓർമ്മിപ്പിച്ചു. അധികാരം നഷ്ടപ്പെട്ട കരുണാകരന്റെ അവസ്ഥ എന്തായിരുന്നുവെന്ന് ഓർക്കണമെന്നും സുധീരൻ പറഞ്ഞു.

കെപിസിസി അധ്യക്ഷൻ കൂടിയാലോചനകൾ നടത്താറില്ലെന്ന് കെ.സുധാകരൻ എംപിയും ചൂണ്ടിക്കാട്ടി. ഒന്നര വർഷമായി കെപിസിസി വർക്കിങ് പ്രസിഡന്റായിരുന്ന തന്നെ മുല്ലപ്പള്ളി ഒരിക്കൽ പോലും വിളിച്ചിട്ടില്ലെന്ന് സുധാകരൻ തുറന്നടിച്ചു. സുധാകരൻ ഇതേവരെ തന്നെയും വന്നു കണ്ടിട്ടില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ പരാതി. പാർട്ടിയെ നയിക്കുന്നതിലും നിർണായക വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടപ്പോഴും നേതാക്കൾ എന്തു കൊണ്ട് കൂടിയാലോചന നടത്തുന്നില്ലെന്ന് വിഡി സതീശൻ ചോദിച്ചു. പാർട്ടിയിലും നേതാക്കൾക്കിടയിലും സമവായമുണ്ടാക്കേണ്ട ഉത്തരവാദിത്തം കെപിസിസി അധ്യക്ഷനാണെന്നും ആ ഉത്തരവാദിത്തം മുല്ലപ്പള്ളി നിർവഹിക്കുന്നില്ലെന്നും വിഡി സതീശൻ തുറന്നടിച്ചു.

പൗരത്വ നിയമത്തിനെതിരെ യോജിച്ച സമരം ദേശീയതലത്തിൽ വേണമെന്ന് കെവി തോമസ് യോഗത്തിൽ ആവശ്യപ്പെട്ടെങ്കിലും രാഷ്ട്രീയകാര്യസമിതി ഈ ആവശ്യം തള്ളി. സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രത്യക്ഷ സമരപരിപാടികൾ നടത്താൻ യോഗം തീരുമാനിച്ചു. പൊലീസിലെ അഴിമതി സംബന്ധിച്ച സി.എ.ജിയുടെ കണ്ടെത്തലുകളിൽ സിബിഐ അന്വേഷണം വേണമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് ഏഴിന് മാർച്ച് നടത്താനും തീരുമാനമായി.

സംസ്ഥാനത്തെ ഹിന്ദു വോട്ടുകൾ ലക്ഷ്യമാക്കിയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തീവ്രവാദബന്ധം ആരോപിച്ചതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. മോദിയെ പ്രീണിപ്പിക്കുകയാണ് മുഖ്യമന്ത്രിയെന്നും മുല്ലപ്പള്ളി ആരോപിച്ചു. എപ്പോഴാണ് എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‌ലാമിയും മുഖ്യമന്ത്രി പിണറായി വിജയന് കയ്പുള്ള കഷായമായതെന്ന് മുല്ലപ്പള്ളി ചോദിച്ചു. ഈ സംഘടനകളുമായി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലൊഴികെ സിപിഎമ്മിന് ബന്ധമുണ്ടായിരുന്നു. എസ്.ഡി.പി.ഐയുമായി സിപിഎം പഞ്ചായത്തുകളിൽ സഹകരിക്കുന്നുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP