Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെള്ളരിയുടെ ആകൃതിയിലുള്ള ഒരിനം കടൽ ജീവി: ഏഷ്യൻ രാജ്യങ്ങളിൽ ഉപയോഗിക്കുന്നത് മരുന്നിനും സൂപ്പിനും വേണ്ടി; ലക്ഷദ്വീപിൽ ലോകത്തെ ഏറ്റവും വലിയ കടൽവെള്ളരി വേട്ട; പിടികൂടിയത് രാജ്യാന്തര വിപണിയിൽ 4.26 കോടി വിലവരുന്ന 852 കിലോ പച്ച കടൽവെള്ളരി; വേട്ടയ്ക്കു പിന്നിൽ വൻ സംഘങ്ങളെന്ന് സൂചന

വെള്ളരിയുടെ ആകൃതിയിലുള്ള ഒരിനം കടൽ ജീവി: ഏഷ്യൻ രാജ്യങ്ങളിൽ ഉപയോഗിക്കുന്നത് മരുന്നിനും സൂപ്പിനും വേണ്ടി; ലക്ഷദ്വീപിൽ ലോകത്തെ ഏറ്റവും വലിയ കടൽവെള്ളരി വേട്ട; പിടികൂടിയത് രാജ്യാന്തര വിപണിയിൽ 4.26 കോടി വിലവരുന്ന 852 കിലോ പച്ച കടൽവെള്ളരി; വേട്ടയ്ക്കു പിന്നിൽ വൻ സംഘങ്ങളെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ കടൽവെള്ളരി വേട്ട. ലക്ഷദ്വീപിലാണ് ഇത്തരത്തിലുള്ള വലിയ കടൽവെള്ളരി വേട്ട നടന്നത്. മൽസ്യത്തൊഴിലാളികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സീ കുക്കുംബർ പ്രൊട്ടക്ഷൻ ടാസ്‌ക് ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ 12 ന് കയറ്റി അയയ്ക്കാൻ തയാറാക്കിയ 852 കിലോ കടൽവെള്ളരി പിടികൂടിയത്. ഏകദേശം നാലു കോടി 26 ലക്ഷം രൂപയിലധികം വില വരും ഇതിനെന്നാണ് കണക്കാക്കുന്നത്. ജനവാസമില്ലാത്ത സുഹലി ദ്വീപിൽ നിന്നാണ് ശ്രീലങ്കയിലേയ്ക്ക് കയറ്റി അയയ്ക്കുന്നതിനായി തയാറാക്കി സൂക്ഷിച്ചിരുന്ന കടൽവെള്ളരി കണ്ടെടുത്തത്. ലക്ഷദ്വീപിന്റെ തലസ്ഥാന ദ്വീപായ കവറത്തിയിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് സുഹലി. കുടലും മറ്റ് ആന്തരിക അവശിഷ്ടങ്ങളും നീക്കി പ്രിസർവേറ്റീവുകൾ ഉപയോഗിച്ച് ശേഷം വലിയ കണ്ടെയ്‌നറുകളിൽ നിറച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. രാജ്യാന്തര വിപണിയിൽ ഉണങ്ങാത്ത കടൽവെള്ളരി കിലോയ്ക്ക് 50,000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്.

വെള്ളരിയുടെ ആകൃതിയിലുള്ള ഒരിനം കടൽ ജീവിയാണ് കടൽവെള്ളരി എന്നറിയപ്പെടുന്നത്. ചൈന ഉൾപ്പടെയുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഭക്ഷണമായും സൂപ്പുണ്ടാക്കുന്നതിനും മരുന്നിനുമാണ് ഇവ ഉപയോഗിക്കുന്നത്. ലക്ഷദ്വീപ് സമൂഹങ്ങളിൽ നിന്നു പിടികൂടുന്ന കടൽവെള്ളരി ഫ്രീസ് ചെയ്ത് ശ്രീലങ്കയിലെത്തിച്ച് അവിടെ നിന്ന് ആവശ്യക്കാരുള്ള രാജ്യങ്ങളിലേയ്ക്ക് എത്തിക്കുന്നതാണ് രീതി. രാജ്യാന്തര വിപണിയിൽ വൻ വിലയാണ് ഇതിന് എന്നതാണ് ഇതിന്റെ കള്ളക്കടത്തിന് മുഖ്യ കാരണം. തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ മൽസ്യത്തൊഴിലാളികളാണ് ഇവയെ വേട്ടയാടുന്നതിനായി ലക്ഷദ്വീപിലെത്തുന്നത്. അതേ സമയം പ്രാദേശികമായ സഹായവും ഇവർക്ക് ലഭിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കവരത്തി, അഗത്തി ദ്വീപുകളിലുള്ളവരാണ് ഇതിനു പിന്നിലെന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്.

വലിയ അളവിൽ കടൽ വെള്ളരി കയറ്റി അയയ്ക്കുന്നതിന് തയാറാക്കി വച്ചിട്ടുണ്ടെന്ന് മൽസ്യത്തൊഴിലാളികളിൽ നിന്ന് വിവരം ലഭിച്ച് സ്ഥലത്തെത്തിയപ്പോഴേയ്ക്ക് കള്ളക്കടത്തു സംഘം ബോട്ട് ഉപേക്ഷിച്ച് സ്ഥലം വിട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കടൽവെള്ളരി കയറ്റിഅയയ്ക്കുന്നതിന് തയാറാക്കിയ നിലയിൽ കണ്ടെത്തിയത്. പരിശോധനയിൽ പിടിക്കുന്നതിനുള്ള ചൂണ്ട, വലകൾ, കത്തി, പ്രിസർവ് ചെയ്യുന്നതിനുള്ള മരുന്നുകൾ, മണ്ണെണ്ണ, ജിപിഎസ് സംവിധാനങ്ങൾ, പായ്ക്കു ചെയ്യുന്നതിനുള്ള വസ്തുക്കൾ തുടങ്ങിയവ കണ്ടെത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കടൽവെള്ളരി വേട്ടയ്ക്കു പിന്നിൽ പ്രവർത്തിച്ചവർക്കായി അന്വേഷണം പുരോഗമിക്കുകയാണ്. ഇവരെക്കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം. കടൽ വെള്ളരി പിടികൂടിയതു സംബന്ധിച്ച് അന്ദ്രോത്ത് ദ്വീപ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട് സമർപ്പിച്ചിട്ടുണ്ട്. ലക്ഷദ്വീപ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ എ.ടി. ദാമോദർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.

നേരത്തെ പ്രോസസ് ചെയ്തായിരുന്നു ഇവ വിദേശങ്ങളിലേയ്ക്ക് കടത്തിയിരുന്നതെങ്കിൽ വൃത്തിയാക്കി പ്രിസർവേറ്റീവ്‌സ് ഉപയോഗിച്ച് ഫ്രീസ് ചെയ്ത് അയയ്ക്കുന്നതാണ് ഇപ്പോഴത്തെ രീതി. 2001 വരെ കടൽവെള്ളരിയെ പിടികൂടുന്നതിൽ നിയമതടസമില്ലായിരുന്നു. എന്നാൽ 2001ൽ ഇവയെ വന്യജീവി സംരക്ഷണ നിയമത്തിൽ ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തി. ആഴക്കടലിൽ പവിഴപ്പുറ്റിനൊപ്പമാണ് ഇവ ഉണ്ടാകുന്നത്.
അതുകൊണ്ടാണ് ഇത് ആൻഡമാനിലും ലക്ഷദ്വീപിലും കൂടുതലായി കാണുന്നത്. പവിഴപ്പുറ്റ് എക്കോ സിസ്റ്റത്തിൽ ഒഴിവാക്കാനാവാത്തതാണ് കടൽ വെള്ളരി. കടലിലുള്ള മാലിന്യങ്ങൾ ഭക്ഷിച്ച് വൃത്തിയാക്കി കടൽ വെള്ളത്തിന്റെ സുതാര്യത നിലനിർത്തുന്നതിലും മുഖ്യ പങ്കു വഹിക്കുന്നു. അതേ സമയം കടത്തുകാർ ആയിരക്കണക്കിന് കടൽ വെള്ളരിയെ പിടികൂടുന്നത് കടലിന്റെ സംതുലിതാവസ്ഥയെ ബാധിക്കുകയും പവിഴപ്പുറ്റുകളുടെ നിലനിൽപ് അസാധ്യമാകുമെന്നും വിദഗ്ദ്ധർ വിശദീകരിക്കുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP