Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മിടുമിടുക്കനായി മൂവാറ്റുപുഴയിൽ നിന്നും ജയിച്ചുകൊണ്ടിരിക്കെ ജോസഫിനെ വിട്ട് ജേക്കബിനൊപ്പം പോയതോടെ കണ്ടകശനി തുടങ്ങി; ജേക്കബിന്റെ മരണത്തിന് ശേഷം ഒരു സീറ്റിൽ പാർട്ടി ഒതുങ്ങിയപ്പോൾ സീറ്റ് നിഷേധിക്കപ്പെട്ടു; യു.ഡി.എഫ് ആശിർവാദത്തോടെ ജോസഫിൽ ലയിച്ച് സീറ്റ് ഉറപ്പിക്കാനുള്ള നീക്കം അനൂപ് ജേക്കബ് മുടക്കിയതോടെ ജോസഫിൽ ചേർന്നാലും ഗുണമുണ്ടാകില്ല; ജോണി നെല്ലൂർ എന്ന മിടുക്കനും സ്വീകാര്യനുമായ നേതാവിനെ വിടാതെ പിന്തുടർന്ന് കണ്ടകശനി

മറുനാടൻ ഡെസ്‌ക്‌

മൂവാറ്റുപുഴ: രാഷ്ട്രീയഗോദയിൽ കളം അറിഞ്ഞ് കളിക്കുമ്പോഴാണ് ജോസഫ് ഗ്രൂപ്പ് വിട്ട് ജേക്കബ് പക്ഷത്തേക്കുള്ള ജോണി നെല്ലൂരിന്റെ ചുവടുമാറ്റം. മിടുമിടുക്കനായിമൂവാറ്റുപുഴയിൽ നിന്ന് ജയിച്ച് കയറുമ്പോഴാണ് കൂട് വിട്ട് കൂടുമാറ്റം നടത്തിയത്. ജേക്കബ് വിഭാഗത്തിലേക്ക് പോയെങ്കിലും ജോണിനെല്ലൂരിന് കളംപിടിക്കാൻ പറ്റാത്തതോടെ കണ്ടകശനി അവിടെ തുടങ്ങുകയായിരുന്നു. ടി.എം ജേക്കബിന്റെ മരണത്തോടെ പാർട്ടിയുടെ സീറ്റ് വീതം ഒന്നായി ചുരുങ്ങിയപ്പോൾ ജോണി നെല്ലൂരിന്റെ പ്രതീക്ഷകളും അവിടെ മങ്ങി.

ഇപ്പോൾ ജേക്കബിൽ നിന്ന് ജോസഫിലേക്കുള്ള പരകായ പ്രവേശനമാണ് അദ്ദേഹത്തിന്റെ മുന്നിലുള്ള പോം വഴി. യു.ഡി.എഫ് ആശിർവാദത്തോടെ ജോസഫ് ഗ്രൂപ്പിലേക്ക് ലയിച്ച് കേരളാ കോൺഗ്രസ് ഇതു ടീമുകളേയും ഒരുമിപ്പിക്കാനുള്ള ശ്രമമാണ് ജോണി നെല്ലൂർ ശ്രമിക്കുന്നത്. എന്നാൽ അനൂപ് ജേക്കബ് കടയ്ക്കൽ കത്തിവച്ചതോടെ ഈ നീക്കത്തിനും തിരിച്ചടി കിട്ടിയിരിക്കുകയാണ്.

കേരള കോൺഗ്രസുകൾ ഒരുമിച്ചു പോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കേരള കോൺഗ്രസ് ജേക്കബ് ചെയർമാൻ ജോണി നെല്ലൂർ പറഞ്ഞു. രണ്ട് ദിവസം മുൻപ് നടന്ന ലയന ചർച്ചകൾക്ക് പിന്നാലെയാണ് അദ്ദേഹം ഈ രീതിയിൽ പ്രതികരിച്ചത്. കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ് എറണാകുളം ജില്ലാ സ്‌പെഷ്യൽ കൺവെൻഷൻ മൂവാറ്റുപുഴ വൈസ്മെൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം വേളയിലാണ് ജോണിയുടെ പ്രസംഗം.

ഒരു വിഭാഗത്തിന് ലയനത്തിൽ താൽപര്യമുണ്ടെങ്കിലും അനൂപ് അമ്പിനും വില്ലിനും അടുക്കാത്ത സാഹചര്യമാണ്. പാർട്ടിയിലെ മഹാ ഭൂരിപക്ഷം നേതാക്കളും പ്രവർത്തകരും കേരള കോൺഗ്രസ്-എമ്മുമായി ലയിച്ചു മുന്നോട്ടുപോകണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് ജോണി നെല്ലൂർ പറയുന്നത് കേരള കോൺഗ്രസ് (എം) നേതാവ് പി.ജെ. ജോസഫുമായി ഒന്നിലേറെ തവണ ചർച്ച ചെയ്തത് അനൂപ് ജേക്കബ് ആണ്. അദ്ദേഹമാണ് ലയന കാര്യവുമായി മുന്നോട്ടുവന്നത്. എന്നിട്ടിപ്പോൾ ചിലരുടെ ഇംഗിതത്തിനു വഴങ്ങി ലയന ചർച്ചകളിൽ നിന്ന് പിന്നോട്ടുപോവുകയാണെന്നും ജോണി നെല്ലൂർ പ്രതികരണം രേഖപ്പെടുത്തിയത്.

പാർട്ടിയുടെ ഭരണഘടനയ്ക്ക് അനുസൃതമായി ഉന്നതാധികാര സമിതിയും സംസ്ഥാന കമ്മിറ്റിയും 21-ന് കോട്ടയത്ത് കൂടുകയാണ്. അതിന് ബദലായി, യോഗം വിളിക്കാൻ അധികാരമില്ലാത്ത ആളുകൾ ഫോണിൽ വിളിച്ച് തന്റെ അനുയായികളെ ചേർത്ത് ലയനത്തിനില്ലെന്നു പറഞ്ഞു നടക്കുകയാണ്. സംസ്ഥാനത്ത് എട്ട് ജില്ലാ കമ്മിറ്റികളും ഭൂരിപക്ഷം സംസ്ഥാന ഭാരവാഹികളും തന്നോടൊപ്പമാണെന്നും ജോണി നെല്ലൂർ പ്രതികരിച്ചത്. ഇതോടെ അനൂപിന് ബദലായി പാളയത്തിൽ പടക്കോപ്പ് സജ്ജമെന്നാണ് നീരീക്ഷണങ്ങൾ.

വിൻെസന്റ് ജോസഫ് അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ 143 അംഗ ജില്ലാ കമ്മിറ്റിയിൽ 110 പേർ കൺവെൻഷനിൽ പങ്കെടുത്തുവെന്നാണ് ജോണി നെല്ലൂരും കൂട്ടരും അവകാശപ്പെടുന്നത്. ജില്ലയിൽ തദ്ദേശ സ്വയംഭരണ സഹകരണ സ്ഥാപനങ്ങളുടെ 41 ജനപ്രതിനിധികളിൽ 28 പേർ പങ്കെടുത്തതായും ജില്ലയിലെ 90 ശതമാനം പാർട്ടി പ്രവർത്തകരും നേതാക്കളും ലയനത്തെ അനുകൂലിക്കുന്നുവെന്നും ജോണി നെല്ലൂർ പറഞ്ഞു. ഴിഞ്ഞദിവസം ചേർന്ന ഹൈപവർ കമ്മിറ്റി യോഗത്തിൽ ലയനം വേണ്ടെന്നു തീരുമാനിച്ചിരുന്നു. പാർട്ടി ചെയർമാനെ അറിയിച്ച ശേഷം നടത്തിയ യോഗത്തിൽ ഉയർന്നുവന്ന വികാരം ജോണി നെല്ലൂർ മനസ്സിലാക്കുമെന്നാണ് കരുതുന്നതെന്നാണ് അനൂപ് ജേക്കബ് പ്രതികരിച്ചത്.

പാർട്ടിയിൽ അനവസരത്തിലുള്ള ചർച്ചകളാണ് നടക്കുന്നത്. യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് ഇപ്പോഴത്തെ ആവശ്യം. തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ മാർച്ച് 15ന് ജില്ലാ കമ്മിറ്റികൾ വിളിച്ചുകൂട്ടും. മാർച്ച് 6ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. പാർട്ടിയിൽ പിളർപ്പില്ല. പാർട്ടി സമ്പൂർണ സംസ്ഥാന കമ്മിറ്റി 21ന് ചേരും. ഈ യോഗത്തിൽ ജോണി നെല്ലൂർ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്നും അനൂപ് ജേക്കബ് കൂട്ടിച്ചേർത്തു. ജോണി നെല്ലൂരിനെ അനുകൂലിക്കുന്ന ജില്ലാ നേതാക്കൾ ജോസഫ് ഗ്രൂപ്പുമായി ലയനം വേണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അനൂപിന്റെ നേതൃത്വത്തിൽ കോട്ടയത്ത് യോഗം ചേർന്നത്.

എന്നാൽ, അനൂപ് ജേക്കബിന്റെ അഭിപ്രായം വ്യക്തിപരമാണെന്നും ജേക്കബ് ഗ്രൂപ്പുമായി ലയനത്തെക്കുറിച്ച് ഉന്നതാധികാര സമിതിയിൽ ചർച്ച ചെയ്തതായും പി ജെ ജോസഫ് പ്രതികരിച്ചു. ആശയപരമായി ഒരുമിച്ചുനിൽക്കുന്നവർ ഒന്നിക്കണം. ലയനകാര്യം അവരുടെ പാർട്ടി ചർച്ച ചെയ്യണമെന്നും ജോസഫ് കൂട്ടിച്ചേർത്തു. കേരള കോൺഗ്രസ് ലയനവുമായി മുന്നോട്ടുപോവുമെന്ന് ജോണി നെല്ലൂരും പറഞ്ഞിരുന്നു. ജോസഫുമായി ചർച്ച തുടങ്ങിവച്ച അനൂപ് പിന്നോട്ടുപോയതെന്തിനാണെന്നറിയില്ലെന്നും ജോണി നെല്ലൂർ പറഞ്ഞു. ലയനചർച്ചകളുടെ പേരിൽ പിളർപ്പ് ആസന്നമായ കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽ ജോണി നെല്ലൂർ അനൂപ് ജേക്കബ് വിഭാഗങ്ങൾ അണികളെ സ്വന്തം ചേരിക്കൊപ്പം പിടിച്ചുനിർത്താനുള്ള തത്രപ്പാടിലാണ്.

ഇതിന്റെ ഭാഗമായി സംസ്ഥാന, ജില്ലാ കമ്മിറ്റി അംഗങ്ങളെ ഇരു വിഭാഗങ്ങളും നിരന്തരം ബന്ധപ്പെടുന്നുണ്ട്. ലയനചർച്ചയുമായി ആദ്യം മുന്നിട്ടിറങ്ങിയത് അനൂപ് ജേക്കബാണെന്നാണ് ജോണി നെല്ലൂർ വിഭാഗത്തിന്റെ ആരോപണം. കുട്ടനാട് സീറ്റ് താൻപോലും ആവശ്യപ്പെടാതെ തനിക്കായി പി ജെ ജോസഫിനോട് ആവശ്യപ്പെട്ടത് രാഷ്ട്രീയമാന്യതയ്ക്ക് യോജിച്ചതല്ലെന്നാണ് ജോണി നെല്ലൂരിന്റെ നിലപാട്. അതിലൂടെ നടത്തിയ തന്ത്രങ്ങൾ പൊളിഞ്ഞതോടെയാണ് അനൂപ് ലയന ചർച്ചയിൽനിന്ന് പിന്മാറിയതെന്നും അദ്ദേഹം പറയുന്നു. പാർട്ടിയെ തകർത്ത് വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമമാണ് ജോണി നെല്ലൂരും കൂട്ടരും നടത്തുന്നതെന്ന് അനൂപ് വിഭാഗവും ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP