Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം തുടങ്ങും മുമ്പേ സംഭാവനകൾ ഒഴുകുന്നു; രാമക്ഷേത്ര ട്രസ്റ്റിന് രണ്ടു കോടി സംഭാവന നൽകി മുൻ ഐപിഎസുകാരൻ; സംവിധാനമില്ലാത്തതിനാൽ മടക്കി നൽകി; 'അയോധ്യയിലെ ഭൂമി മുസ്ലിംകളുടെ ശവപ്പറമ്പ്', രാമക്ഷേത്രം ഇവിടെ വേണോയെന്ന് കത്തെഴുതി അയോധ്യയിലെ മുസ്ലിംകളും

അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം തുടങ്ങും മുമ്പേ സംഭാവനകൾ ഒഴുകുന്നു; രാമക്ഷേത്ര ട്രസ്റ്റിന് രണ്ടു കോടി സംഭാവന നൽകി മുൻ ഐപിഎസുകാരൻ; സംവിധാനമില്ലാത്തതിനാൽ മടക്കി നൽകി; 'അയോധ്യയിലെ ഭൂമി മുസ്ലിംകളുടെ ശവപ്പറമ്പ്', രാമക്ഷേത്രം ഇവിടെ വേണോയെന്ന് കത്തെഴുതി അയോധ്യയിലെ മുസ്ലിംകളും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാനുള്ള നീക്കങ്ങൾക്ക് സർക്കാർ തുടക്കമിട്ടു കഴിഞ്ഞു. സുപ്രീം കോടതി നിർദേശിച്ചത് പ്രകാരമുള്ള ട്രസ്റ്റിന് രൂപം നൽകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ആദ്യം പാർലമെന്റിനെ അറിയിച്ചിരുന്നു. ഉത്തർ പ്രദേശ് ബജറ്റിൽ യോഗി ആദിത്യനാഥ് അയോധ്യയ്ക്ക് വേണ്ടി വൻ തുക തന്നെ നീക്കി വെച്ചിട്ടുണ്ട്. അതിനിടെ രാമക്ഷേത്ര നിർമ്മാണത്തിനായി രൂപീകരിച്ച ട്രസ്റ്റിന് ആദ്യ വലിയ സംഭാവനയും ലഭിച്ചു തുടങ്ങി. രണ്ടു കോടി രൂപയാണു ബിഹാറിൽനിന്നുള്ള വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ കിഷോർ കുണാൽ സംഭാവനയായി നൽകിയത്.

വിശ്വഹിന്ദു പരിഷത് അംഗവും ശ്രീരാം ജന്മഭൂമി തീർത്ത ക്ഷേത്ര ട്രസ്റ്റിലെ ഏക ദളിത് അംഗവുമായ കമലേഷ് ചൗപലാണ് ഇക്കാര്യം മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. ട്രസ്റ്റിന് ഇത്രയും വലിയ തുക സംഭാവനയായി സ്വീകരിക്കാൻ സംവിധാനമില്ലാത്തതിനാൽ തുക മടക്കി നൽകിയെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രം നിർമ്മാണത്തിനു ട്രസ്റ്റ് രൂപീകരിച്ചതായി പ്രഖ്യാപിച്ച ഉടൻ, ക്ഷേത്ര നിർമ്മാണത്തിനായി 10 കോടി രൂപ സംഭാവന നൽകുമെന്നു മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ കമലേഷ് കുണാൽ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണു രണ്ടു കോടിയുടെ ചെക്കുമായി കുണാൽ അയോധ്യയിൽ എത്തിയത്.

കേന്ദ്ര സർക്കാരാണു ക്ഷേത്ര നിർമ്മാണത്തിനായി രൂപീകരിച്ച ട്രസ്റ്റിലേക്ക് ആദ്യ സംഭാവന നൽകിയത്. ഒരു രൂപയായിരുന്നു കേന്ദ്ര ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി ഡി. മുർമുവിന്റെ പേരിലുള്ള സംഭാവന. അതിനിടെ ക്ഷേത്രം നിർമ്മിക്കാൻ പോകുന്ന ഭൂമി മുസ്ലിംകളുടെ ശവപ്പറമ്പാണ് എന്ന് വ്യക്തമാക്കി അയോധ്യയിലെ മുസ്ലിംകൾ എഴുതിയ കത്ത് ചർച്ചയാവുകയാണ്.

അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനായി ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര എന്ന പേരിലാണ് ട്രസ്റ്റ് രൂപീകരിച്ചിട്ടുള്ളത്. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ കെ പരാശരൻ അടക്കം 9 സ്ഥിരം അംഗങ്ങളും 6 നോമിനേറ്റഡ് അംഗങ്ങളുമാണ് ട്രസ്റ്റിലുള്ളത്. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് അയോധ്യയിലെ താമസക്കാരായ 9 മുസ്ലിംകൾ ചേർന്നാണ് കത്തയച്ചിരിക്കുന്നത്.

മുസ്ലിംകളുടെ ശവപ്പറമ്പിൽ രാമക്ഷേത്രം നിർമ്മിക്കരുത് എന്നാണ് കത്തിലെ ആവശ്യം. ബാബറി മസ്ജിദ് നിലനിന്നിരുന്ന 1480 സ്‌ക്വയർ ഫീറ്റ് സ്ഥലത്തിന്റെ പരിസരത്ത് ശവപ്പറമ്പായിരുന്നുവെന്നും ഇവർ പറയുന്നു. 67 ഏക്കർ ഭൂമിയാണ് ക്ഷേത്ര നിർമ്മാണത്തിന് വേണ്ടി സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. ശവക്കല്ലറകൾ ഇന്ന് കാണാൻ സാധിക്കില്ല എന്നും കത്തിൽ പറയുന്നു.

കാരണമായി ചൂണ്ടിക്കാട്ടുന്നത് 1949ന് ശേഷം ഈ പ്രദേശത്ത് വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട് എന്നതാണ്. 1949ലാണ് ശ്രീരാമന്റെ പ്രതിമ പള്ളിക്കുള്ളിൽ സ്ഥാപിക്കുന്നതും തുടർന്ന് 1992ൽ ബാബറി മസ്ജിദ് തകർക്കപ്പെടുന്നതും. പുതിയ പള്ളി പണിയാൻ മുസ്സീംകൾക്ക് അനുവദിച്ച 5 ഏക്കർ ഭൂമി ബാബറി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയിൽ നിന്നും വളരെ അകലത്താണ് എന്നും കത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP