Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്പീഡ് ത്രില്ലായ ശതകോടീശ്വരന്റെ താളം തെറ്റിച്ചത് നാലുവർഷമായി മാനേജ്‌മെന്റിൽ കാട്ടിയ അശ്രദ്ധ; ഫോക്കസ് മുഴുവൻ ഇന്ത്യയിലെ സംരംഭങ്ങളിലേക്ക് മാറിയതോടെ എൻഎംസി ഹെൽത്ത് കെയറിൽ കുഴപ്പങ്ങൾ പെരുമഴ പോലെ; ബുർജ് ഖലീഫയിലെ 100 ാം ഫ്‌ളോർ മുഴുവൻ സ്വന്തമാക്കിയും സ്വകാര്യ ജെറ്റിൽ പറന്ന കുതിപ്പിനും ഇറക്കം വന്നത് എൻഎംസി ഓഹരി കൂപ്പുകുത്തിയതോടെ; കോടികൾ അമ്മാനമാടിയ ഉഡുപ്പിക്കാരനായ പഴയ മെഡിക്കൽ റെപ്പിന് ഇത് വെല്ലുവിളികളുടെ കാലം; ബിആർ ഷെട്ടിയുടെ കഥ

സ്പീഡ് ത്രില്ലായ ശതകോടീശ്വരന്റെ താളം തെറ്റിച്ചത് നാലുവർഷമായി മാനേജ്‌മെന്റിൽ കാട്ടിയ അശ്രദ്ധ; ഫോക്കസ് മുഴുവൻ ഇന്ത്യയിലെ സംരംഭങ്ങളിലേക്ക് മാറിയതോടെ എൻഎംസി ഹെൽത്ത് കെയറിൽ കുഴപ്പങ്ങൾ പെരുമഴ പോലെ; ബുർജ് ഖലീഫയിലെ 100 ാം ഫ്‌ളോർ മുഴുവൻ സ്വന്തമാക്കിയും സ്വകാര്യ ജെറ്റിൽ പറന്ന കുതിപ്പിനും ഇറക്കം വന്നത് എൻഎംസി ഓഹരി കൂപ്പുകുത്തിയതോടെ; കോടികൾ അമ്മാനമാടിയ ഉഡുപ്പിക്കാരനായ പഴയ മെഡിക്കൽ റെപ്പിന് ഇത് വെല്ലുവിളികളുടെ കാലം; ബിആർ ഷെട്ടിയുടെ കഥ

മറുനാടൻ ഡെസ്‌ക്‌

അബുദബി: എന്താണ് ബിആർ.ഷെട്ടിക്ക് സംഭവിച്ചത്? സാധാരണക്കാരനായ മെഡിക്കൽ റെപ്രസന്റേറ്റീവിൽ നിന്ന് കോടികൾ അമ്മാനമാടുന്ന ബിസിനസുകാരനിലേക്കുള്ള വളർച്ചയ്ക്കിടെ വന്ന ചെറുതല്ലാത്ത ഒരു ചാഞ്ചാട്ടം. ഉഡുപ്പിക്കാരനായ ബാഗുതു രഘുറാം ഷെട്ടി 1973 ൽ സഹോദരിയെ വിവാഹം കഴിപ്പിച്ച് അയയ്ക്കാൻ എടുത്ത ഒരു ചെറിയ വായ്പ വീട്ടാനാണ് ഗൾഫിലേക്ക് പോയത്. സിൻഡിക്കേറ്റ് ബാങ്കിന്റെ മുൻ ചെയർമാനും എംഡിയുമായ കെക പൈയുടെ കൈയിൽ നിന്നാണ് ഷെട്ടി അന്ന കടം വാങ്ങിയത്. ഇപ്പോൾ ഷെട്ടി പറക്കുന്നത് സ്വകാര്യ ജെറ്റിൽ. വിന്റേജ് കാറുകളുടെ വൻശേഖരം, ദുബായിലെ ബുർജ് ഖലീഫയിൽ രണ്ട് ഫ്‌ളോറുകൾ മുഴുവനും. വെബ്‌സൈറ്റ് നോക്കിയാൽ, രാഷ്ട്രീയക്കാർക്കും, ബിൽഗേറ്റ്‌സ് പോലുള്ള പ്രമുഖർക്കുമൊപ്പമുള്ള ചിത്രങ്ങൾ. ബോളിവുഡ് താരങ്ങൾക്കൊപ്പമുള്ള ഫോട്ടോ ഷൂട്ട്. ആഡംബര കാറുകളുടെ ആരാധകൻ. സ്വാതന്ത്ര്യത്തിനോടും സ്പീഡിനോടുമുള്ള ത്രില്ലാണ് കാറുകളെ പ്രണയിക്കാൻ കാരണം, 77 കാരനായ ഷെട്ടി കഴിഞ്ഞ വർഷം പറഞ്ഞു. ശതകോടീശ്വരരുടെ ഫോബ്‌സ് പട്ടികയിൽ 42 ാം സ്ഥാനത്തുള്ള ഷെട്ടിക്ക് ഇതെല്ലാം നിസ്സാരം.

യുഎഇയിൽ അബുദബി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഏറ്റവും വലിയ ആശുപത്രി ശൃംഖലകളിൽ ഒന്നായ എൻഎംസി (ന്യൂ മെഡിക്കൽ സെന്റർ) ഹെൽത്തിൽ നിന്ന് രാജി വച്ചതോടെയാണ് ഷെട്ടി വീണ്ടും വാർത്തകളിൽ നിറഞ്ഞത്. മലയാളികൾക്ക് എംടിയുടെ രണ്ടാമൂഴം( മഹാഭാരതം) സിനിമാ പദ്ധതിയിൽ നിന്ന് ഷെട്ടി പിന്മാറിയതായിരുന്നു ഒരുപക്ഷേ ഏറ്റവും അവസാനം കേട്ട വാർത്ത. അതിന് പിന്നാലെ ദാ അദ്ദേഹം പ്രതിസന്ധിയിലാണെന്ന വാർത്തയും. 1.6 ബില്യൺ ഡോളറിന്റെ ഉടമയ്ക്ക് സംഭവിച്ചത് നിസാര കോട്ടമല്ല എന്നാണ് വ്യവസായ ലോകത്ത് നിന്നുള്ള വർത്തമാനം.

ഡിസംബർ മധ്യത്തിന് ശേഷം ഷെട്ടിയുടെ എൻഎംസി ഹെൽത്തിന്റെ ഓഹരി മൂല്യം 70 ശതമാനത്തിലേറെ ഇടിഞ്ഞിരിക്കുകയാണ്. അമേരിക്കൻ നിക്ഷേപക സ്ഥാപനമായ മഡി വാട്ടേഴ്‌സ് ഓഹരി പെരുപ്പിക്കൽ ആരോപണം ഉന്നയിച്ചതോടെയാണ് എൻഎംസിയുടെ ഓഹരി മൂല്യം ഇടിഞ്ഞത്. കമ്പനിയുടെ കോ ചെയർമാൻ പദവിയിൽ നിന്ന് ഫെബ്രുവരി 17 നാണ് ഷെട്ടി രാജി വച്ചത്. എൻഎംസി ബോർഡിന്റെ ആവശ്യപ്രകാരമായിരുന്നു രാജി. വൈസ് ചെയർമാൻ ഖലീഫ ബുട്ടി അടക്കം നാല് ബോർഡ് അംഗങ്ങളാണ് കഴിഞ്ഞ വെള്ളിയാഴ്ചയ്ക്ക് ശേഷം എൻഎംസിയിൽ നിന്ന് പുറത്തുപോയത്. കമ്പനിയുടെ ബാലൻസ് ഷീറ്റും ഏറ്റെടുത്ത സ്ഥാപനങ്ങളുടെ മൂല്യവും പെരുപ്പിച്ചു കാട്ടിയെന്ന ആരോപണം എൻഎംസിയിലെ അഴിമതിയുടെ ലക്ഷണമെന്നാണ് മഡി വാട്ടേഴ്‌സിന്റെ സ്ഥാപകനായ കാൾസൺ ബ്ലോക്ക് പ്രതികരിച്ചത്.

വിവാദത്തെ കുറിച്ച് അന്വേഷിക്കാൻ ഷെട്ടി തന്നെ മുൻ എഫ്ബിഐ ഡയറക്ടറെ നിയോഗിച്ചിരുന്നു. എൻഎംസിയിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചുള്ള ആരോപണങ്ങളാണ് അന്വേഷിക്കുക. ടെസ്ല അടക്കം മറ്റുകമ്പനികൾക്കെതിരെയും ഇതുപോലെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ മഡി വാട്ടേഴ്‌സ് ഉന്നയിച്ചുവെന്നാണ് ഷെട്ടിയോട് അടുത്ത കേന്ദ്രങ്ങൾ ആരോപിക്കുന്നത്. സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം ഉറപ്പാക്കാനാണ് ഷെട്ടി ഡയറക്ടർ സ്ഥാനത്ത് നിന്ന് രാജി വച്ചതെന്നാണ് ന്യായം. മാനേജ്‌മെന്റ് തലത്തിൽ കഴിഞ്ഞ നാലുവർഷമായി ഷെട്ടി സജീവമായിരുന്നില്ല. തന്റെ ഇന്ത്യൻ സംരംഭങ്ങളിലായിരുന്നു അദ്ദേഹം ശ്രദ്ധയൂന്നിയിരുന്നത്. നിലവിലുള്ള സിഇഒ പ്രശാന്ത് മംഗട്ടാണ് കാര്യങ്ങൾ നോക്കിയിരുന്നത്. ആശുപത്രി ശൃംഖല ലാഭത്തിലാണെന്നും ഷെട്ടിയുടെ വിശ്വസ്തർ പറയുന്നു. ആരോപണത്തെ കുറിച്ച് ഷെട്ടി ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

നേരത്തെ പറഞ്ഞ പോലെ വിന്റേജ് കാറുകൾ വാങ്ങാനും, ആഡംബര ജീവിതം നയിക്കാനും കടലാസിലെങ്കിലും ഷെട്ടിക്ക് കണക്കിലധികം പണമുണ്ട്. താൻ സ്ഥാപിച്ച എൻഎംസി ഹെൽത്തും, ധനകാര്യസേവന സ്ഥാപനമായ ഫിനബ്ലറും അടക്കമുള്ള കമ്പനികളിലെ ഷെട്ടിയുടെ ഓഹരി ഡിസംബർ 10 ലെ കണക്ക് പ്രകാരം 2.4 ബില്യനാണ്. അതിനിടെയാണ് മഡി വാട്ടേഴ്‌സിന്റെ ആരോപണം ഇരുട്ടടിയായത്.

യു.എ.ഇയിലും യൂറോപ്പിലുമായി 200 ലേറെ ആശുപത്രികളുള്ള ആശുപത്രി ശൃംഖലയാണ് എൻഎംസി. സ്ഥാനത്തിന്റെ ഡയറക്ടർ, ജോയിന്റ് നോൺ എക്സിക്യൂട്ടിവ് ചെയർമാൻ സ്ഥാനങ്ങളാണ് ബി ആർ ഷെട്ടി രാജിവെച്ചത്. മഡ്ഡി വാട്ടേഴ്സ്് ഓഹരി പെരുപ്പിക്കൽ ആരോപണം ഉയർത്തിയതാടെ എൻഎംസിയെ വളർത്തിയ പ്രമുഖ ഇന്ത്യൻ സംരംഭകൻ കടുത്ത സമ്മർദ്ദത്തിലായിരുന്നു.

ഹാനി ബുത്തിക്കി, അബ്ദുറഹ്മാൻ ബസ്സാദിക്ക് എന്നിവരും ഡയറക്ടർ സ്ഥാനമൊഴിഞ്ഞിരുന്നു. വൈസ് ചെയർമാനായ ഖലീഫ അൽ മുഹെയ്‌രി വെള്ളിയാഴ്ച രാജി വെച്ചിരുന്നു. ഷെട്ടിയെയും മുഹെയ്‌രിയെയും ബോർഡ് യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് കമ്പനി നേരത്തെ വിലക്കിയിരുന്നു. നിലവിൽ ബോർഡ് അധ്യക്ഷനായ യുകെ വ്യവസായി എച്ച്‌ജെ മാർക്ക് ടോംപ്കിൻസ് കമ്പനിയുടെ ഒരേയൊരു നോൺ എക്സിക്യൂട്ടിവ് ചെയർമാനായി തുടരും.

കുഴപ്പങ്ങൾ പെരുമഴ പോലെ

ഷെട്ടി പുറത്തായെങ്കിലും ഭാര്യയും മരുമകനും എൻഎംസിയുടെ തലപ്പത്തുണ്ട്. മഡ്ഡി വാട്ടേഴ്സിന്റെ ആരോപണങ്ങൾ മൂലം 70 ശതമാനം താഴേക്കു പോയ കമ്പനിയുടെ ഓഹരി മൂല്യം 77 കാരനായ ഭവഗുതു രഘുറാം ഷെട്ടിയുടെ രാജിക്ക് പിന്നാലെ വീണ്ടും 9 ശതമാനത്തിലേറെ ഇടിഞ്ഞു. ഷെട്ടിക്കും മുഹെയ്‌രിക്കും കമ്പനിയിലുള്ള ഓഹരികളുടെ ശരിയായ മൂല്യം നിർണയിച്ചുവരികയാണ്. ഓഹരിനിക്ഷേപകർ വലിയ പരിഭ്രാന്തിയിലാണെന്ന് നിരീക്ഷകർ പറയുന്നു.

1970 കളിൽ ന്യൂ മെഡിക്കൽ സെന്റർ എന്ന പേരിൽ അബുദാബിയിൽ ആരംഭിച്ച്, പ്രതിവർഷം 8.5 ദശലക്ഷത്തിൽ അധികം പേരെ ചികിൽസിക്കുന്ന മഹാ ശൃംഖലയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എൻഎംസിയെ വളർത്തിയത് മുഖ്യമായും ഷെട്ടിയാണ്. ആയിരക്കണക്കിനു മലയാളികൾ ഇവിടെ ജോലി ചെയ്തുവരുന്നു. എൻഎംസിയുടെ ആസ്തി മൂല്യനിർണ്ണയം, കടത്തിന്റെ അളവ്, എക്‌സിക്യൂട്ടീവ് പ്രതിഫലം, എതിരാളികളുമായുള്ള കരാറുകൾ എന്നിവയിൽ ആണ് സംശയം ഉന്നയിക്കപ്പെട്ടത്. മഡ്ഡി വാട്ടേഴ്സിന്റെ ആരോപണം നിഷേധിച്ച കമ്പനി, സ്വതന്ത്ര അന്വേഷണത്തിനായി മുൻ എഫ്ബിഐ ഡയറക്റ്റർ ലൂയി ഫ്രീയെ നിയമിക്കുകയും ചെയ്തു.

യുഎഇ എക്‌സ്‌ചേഞ്ചിന്റെ ചെയർമാനായ ഷെട്ടി ട്രാവലെക്സ് ആൻഡ് എക്സ്‌പ്രസ് മണി, നിയോ ഫാർമ, ബിആർഎസ് വെൻചേഴ്‌സ്, ബിആർ ലൈഫ്, ഫിനാബ്ലർ ഉൾപ്പെടെയുള്ള വിവിധ സംരംഭങ്ങളുടെയും അമരക്കാരിലൊരാളാണ്. യുഎഇയിലെയും ഇന്ത്യയിലെയും ഷെട്ടിയുടെ മറ്റ് ബിസിനസ്സ് സംരംഭങ്ങളെ നിലവിലെ പ്രതിസന്ധി ബാധിക്കില്ലെന്ന് ഫർസ കൺസൾട്ടിങ് സിഇഒയും മാനേജിങ് പാർട്ണറുമായ അബ്ദുൾ മോയിസ് ഖാൻ പറഞ്ഞു. കമ്പനിയിൽ ഷെട്ടിയുടെ ഉടമസ്ഥാവകാശം എത്രയാണെന്നതു സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാത്തതാണു നിയമപ്രശ്നങ്ങളിലേക്കു വഴിതെളിച്ചതെന്ന് അറിയുന്നു. ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ 2012ൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനി 1974 ലാണ് അബുദാബിയിൽ സ്ഥാപിച്ചത്. യുഎഇയിലെ ആരോഗ്യമേഖലയിലെ പ്രമുഖ കമ്പനിയാണ് എൻഎംസി. കമ്പനി ഓഹരികൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് പ്രമുഖ രണ്ട് അമേരിക്കൻ കമ്പനികൾ അടുത്തിടെ രംഗത്തു വന്നിരുന്നു.

കമ്പനിക്കെതിരെ ആരോപണങ്ങൾ ഉയർന്ന 2019 ഡിസംബർ മുതൽ ഓഹരികളുടെ മൂല്യം മൂന്നിൽ രണ്ട് ഭാഗം ഇടിഞ്ഞിരുന്നു. കമ്പനിയുടെ ബാലൻസ് ഷീറ്റും ഏറ്റെടുത്ത സ്ഥാപനങ്ങളുടെ മൂല്യവും പെരുപ്പിച്ചു കാട്ടിയെന്ന ആരോപണമാണ് ഉയർന്നിരുന്നത്. മഡ്ഡി വാട്ടേഴ്‌സിന്റെ ആരോപണം നിഷേധിച്ച കമ്പനി, സ്വതന്ത്ര അന്വേഷണത്തിനായി മുൻ എഫ്ബിഐ ഡയറക്റ്റർ ലൂയി ഫ്രീച്ചിനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഷെട്ടിയുടെ കമ്പനികളിലൊന്നായ ബിആർഎസ് ഇന്റർനാഷണൽ ഹോൾഡിങ്‌സിൽ അദ്ദേഹത്തിലുള്ള 20 ദശലക്ഷം ഓഹരികളുടെ ഉടമസ്ഥാവകാശം അൽ മുഹെയ്‌രിക്കും അൽ കബെയ്‌സിക്കും ആവാമെന്നും അങ്ങനെയെങ്കിൽ ഷെട്ടി കൈവശം വെച്ചിരിക്കുന്ന ഓഹരികളുടെ മൂല്യം 9.58 ശതമാനം കുറയാമെന്നും കഴിഞ്ഞയാഴ്ചത്തെ ഫയലിംഗിൽ സൂചിപ്പിച്ചിട്ടുണ്ട്.

അതേസമയം 77 കാരനായ ഭവഗുതു രഘുറാം ഷെട്ടിയുടെ വീഴ്ച ആഗോള നിക്ഷേപക ലോകത്തെയും പ്രത്യേകിച്ച് ഇന്ത്യൻ സംരംഭകരെയും ഞെട്ടിച്ചിട്ടുണ്ട്. 1970 കളിൽ അബുദാബിയിലെത്തി ആരംഭിച്ച്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എൻഎംസിയെ വളർത്തിയ വമ്പൻ ഇന്ത്യൻ സംരംഭകനാണ് സ്വന്തം കമ്പനിയിൽ നിന്ന് പുറത്തായിരിക്കുന്നത്. ഓഹരി മൂല്യത്തിൽ തട്ടിപ്പു നടത്തപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞാൽ ഷെട്ടിയുടെ മടക്കം വിഷമകരമാവും. ഷെട്ടി പുറത്തായെങ്കിലും ഭാര്യയും മരുമകനും എൻഎംസിയുടെ തലപ്പത്തുള്ളതാണ് ആശ്വാസം നൽകുന്ന കാര്യം. എങ്കിലും ഷെട്ടിയുടെ അസാന്നിധ്യം ഓഹരി നിക്ഷേപകർക്ക് കടുത്ത ആശങ്കയാണ് സമ്മാനിച്ചത്.

കമ്പനിയുടെ ഭരണപരവും മറ്റുമായ ഉത്തരവാദിത്തങ്ങൾ എറ്റവും മികച്ച രീതിയിൽ നടത്താൻ ബോർഡിനെ അനുവദിക്കുന്നതിന് വേണ്ടിയാണ് തന്റെ രാജിയെന്ന് ഷെട്ടി പ്രതികരിച്ചു. ഷെട്ടിക്കും മുഹെയ്‌രിക്കും കമ്പനിയിലുള്ള ഓഹരികളുടെ ശരിയായ മൂല്യം നിർണയിക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു. ഇതിനായി നിയമ-ധനകാര്യ ഉപദേശകരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. യുഎഇ എക്സ്ചേഞ്ച്, ട്രാവലക്സ് എന്നിവയുടെ സ്ഥാപകൻ കൂടിയാണ് കർണാടക സ്വദേശിയായ ഈ വ്യവസായി.

ജീവിത വഴി

1942 ൽ ഉഡുപ്പിയിലെ കൗപ്പിൽ ജനിച്ച ഷെട്ടി ഫാർമസിയിൽ ക്ലിനിക്കൽ ഡിഗ്രിയുമായാണ് യുഎഇയിലേക്ക് പറന്നത്. എൻഎംസി സ്ഥാപിച്ചത് 1975 ൽ. 2012 ൽ ലണ്ടൻ സ്റ്റോക് എക്‌സചേഞ്ചിൽ ലിസ്റ്റ് ചെയ്ത ആദ്യ ഹെൽത്ത് കെയർ കമ്പനി. ധനകാര്യ സ്ഥാപനമായ ഫിനാബ്ലർ, ഫാർമസിക്യൂട്ടീക്കൽ നിർമ്മാതാണ കമ്പനി നിയോ ഫാർമ എന്നിവയുടെ സ്ഥാപകൻ.

ഹെൽത്ത് കെയർ സ്ഥാപനമായ ബിആർ ലൈഫിന് ഇന്ത്യയിൽ മാത്രമല്ല. നേപ്പാൾ, ആഫ്രിക്ക, ഗൾഫ് എന്നിവിടങ്ങളിലും സാന്നിധ്യം. ബുർജ് ഖലീഫയുടെ 100 ാമത്തെ ഫ്‌ളോറിന്റെ മുഴുവൻ ഉടമ. മിഡിൽസക്‌സ് സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ്. ചന്ദ്രകുമാരി രഘുറാം ഷെട്ടിയാണ് ഭാര്യ. ഇവർ എൻഎംസി മെഡിക്കൽ ഡയറക്ടറാണ്. 2017 ൽ സിനിമാ വ്യവസായത്തിലേക്ക് കടക്കാനുള്ള ശ്രമം വിജയകരമായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP