Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതുകൊടിഞ്ഞി ഫൈസൽ കുടുംബ ധനസഹായം മുസ്ലിംലീഗ് മുക്കിയെന്ന്; വ്യാജപ്രചാരണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി ലീഗ് പ്രവർത്തകൻ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതുകൊടിഞ്ഞി ഫൈസൽ കുടുംബ ധനസഹായം മുസ്ലിംലീഗ് മുക്കിയെന്ന്; വ്യാജപ്രചാരണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി ലീഗ് പ്രവർത്തകൻ

ജംഷാദ് മലപ്പുറം

മലപ്പുറം: ആർ.എസ്.എസ് കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസലിന്റെ കുടുംബത്തിനായി കെ.എം.സി.സി പിരിച്ചെടുത്ത പണം മുസ്ലിംലീഗ് മുക്കിയെന്ന വ്യാജ പ്രചരണത്തിനെതിരെ പൊലീസിൽ പരാതി നൽകി. ഓൺലൈനിലൂടെ നടത്തിയ വ്യാജ പ്രചരണത്തിനെതിരെയാണ് മുസ്ലിം യൂത്ത്ലീഗ് പ്രവർത്തകൻ യു.എ റസാഖ് തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയത്. കൊടിഞ്ഞി ഫൈസലിനായി കെ.എം.സി.സി പിരിച്ച ഫണ്ട് മുസ്ലിംലീഗ് കട്ടു, മുക്കി എന്ന തരത്തിൽ തെറ്റായ രീതിയിലാണ് വാർത്ത പ്രചരിക്കുന്നത്. അത് തികച്ചും അവാസ്തവമാണ്. അത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കയാണ്. 2020 ഫെബ്രുവരി 20ന് പ്രസിദ്ധീകരിച്ചതായാണ് ഈ വെബ് സൈറ്റിൽ കാണുന്നത്.

മുസ്ലിംലീഗ് പാർട്ടിയെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയും പ്രവർത്തകരെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയും കൊടിഞ്ഞി പ്രദേശത്ത് വീണ്ടും പുതിയ തർക്കത്തിന് തിരി കൊളുത്തുക എന്ന ലക്ഷ്യത്തോടെയും നടത്തിയ ഈ കള്ളപ്രചരണം പൊലീസ് ഗൗരവത്തിലെടുക്കണം. 2016 നവംബർ 19ലെ പുലർച്ചെയുണ്ടായ ആ ദാരുണ സംഭവത്തിന് ശേഷവും ജാതി, മത വർഗ, രാഷ്ട്രീയ വ്യത്യാസമില്ലാതെ വളരെ സമാധാന അന്തരീക്ഷത്തിൽ കഴിയുന്ന ജനതക്കിടയിൽ വിഭാഗീയത സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുമുള്ള ഈ വ്യാജ പ്രചരണത്തിനെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

ഇസ്ലാം മതം സ്വീകരിച്ച കാരണത്താൽ ആർ.എസ്.എസ് കൊലപ്പെടുത്തിയ ഫൈസലിന്റെ കുടുംബത്തെ ഇപ്പോൾ സംരക്ഷിച്ചു പോരുന്നതുകൊടിഞ്ഞി മഹല്ല് കമ്മിറ്റിയാണ്. എല്ലാ വിഭാഗം ജനങ്ങളും ഉൾക്കൊള്ളുന്നതാണ് കൊടിഞ്ഞിയിലെ മഹല്ല് കമ്മിറ്റി. വ്യാജ പ്രചരണം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നന്നമ്പ്ര പഞ്ചായത്ത് മുസ്ലിംലീഗ്, മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റികളും ആവശ്യപ്പെട്ടു.

2016 നവംബർ 19 നാണ് കൊടിഞ്ഞി ഫാറൂഖ് നഗറിൽ വച്ച് ഫാറൂഖ് നഗർ സ്വദേശി അനിൽകുമാർ (ഉണ്ണി) എന്ന ഫൈസൽ (30) കൊലചെയ്യപ്പെട്ടത്. അന്ന് രാവിലെ അഞ്ച് മണിയോടെ വീട്ടിൽ നിന്നിറങ്ങിയ ഇയാളെ കൊടിഞ്ഞി ഫാറൂഖ് നഗറിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഫൈസൽ ഗൾഫിലേക്ക് പോകുന്നതിനാൽ ഫൈസലിന്റെ ഭാര്യാ പിതാവും മാതാവും ട്രെയിൻ വഴി വരികയായിരുന്നു. ഇവരെ കൂട്ടുന്നതിനായി അതിരാവിലെ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു ഫൈസൽ. പ്രഭാത നിസ്‌കാരത്തിനായി പള്ളിയിലെക്ക് വന്നവരാണ് മരിച്ചു കിടക്കുന്നതായി കണ്ടത്.

സമീപത്തു തന്നെ ഫൈസലിന്റെ ഓട്ടോ ഹെഡ്‌ലൈറ്റ് തെളിച്ച നിലയിലും കാണപ്പെട്ടു. ഇസ്ലാം മതത്തിലേക്ക് മതം മാറുകയും കുടുംബത്തെ തന്നോടൊപ്പം മതം മാറ്റുകയും ചെയ്തതിന്റെ പേരിൽ വർഗ്ഗീയമായ വൈരാഗ്യവും ദുരഭിമാനവും ആണ് കൊലപാതകത്തിനു കാരണം. മുൻപ് ഗൾഫിൽ വച്ചാണ് ഫൈസൽ മതം മാറിയത്. അതിനു ശേഷം ഭാര്യയും 2 മക്കളും ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ അമ്മാവൻ നേരത്തെ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. കുടുംബത്തിൽ നിന്നും കൂടുതൽ പേർ ഇസ്ലാമിലേക്ക് പോകുന്നത് തടയാനായിരുന്നു കൊലപാതകമെന്നാണ് ആരോപണം. ഫൈസലിന് ഭീഷണിയുണ്ടായിരുന്നതായി മാതാവ് മീനാക്ഷി വെളിപ്പെടുത്തിയിരുന്നു. തുടർന്നു കേസിൽ പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP