Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡ്രൈവർ ഉറങ്ങിയതോ അമിത വേഗത്തിൽ വളവ് അശ്രദ്ധമായി തിരിഞ്ഞതോ ദുരന്തമായി; ടയർ പൊട്ടാൻ കാരണം ട്രാക്കിലെ ഡിവൈഡറിന്റെ വശത്ത് 60 മീറ്ററോളം ദൂരത്തിൽ ഉരഞ്ഞതുകൊണ്ട്; രജിസ്റ്റർ ചെയ്തിട്ട് 6 മാസം മാത്രമായ വാഹനത്തിന് സാങ്കേതിക തകരാർ ഉണ്ടാകാനുള്ള സാധ്യത കുറവ്; അവിനാശിയിൽ 19 പേരുടെ ജീവനെടുത്ത അപകടത്തിന് പിന്നിൽ 'മനുഷ്യ കരങ്ങൾ' തന്നെ; ഡ്രൈവർ ഹേമരാജ് റിമാൻഡിലും; ചികിൽസയിലുള്ളവർ അപകട നില തരണം ചെയ്തു; മരിച്ചവർക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

ഡ്രൈവർ ഉറങ്ങിയതോ അമിത വേഗത്തിൽ വളവ് അശ്രദ്ധമായി തിരിഞ്ഞതോ ദുരന്തമായി; ടയർ പൊട്ടാൻ കാരണം ട്രാക്കിലെ ഡിവൈഡറിന്റെ വശത്ത് 60 മീറ്ററോളം ദൂരത്തിൽ ഉരഞ്ഞതുകൊണ്ട്; രജിസ്റ്റർ ചെയ്തിട്ട് 6 മാസം മാത്രമായ വാഹനത്തിന് സാങ്കേതിക തകരാർ ഉണ്ടാകാനുള്ള സാധ്യത കുറവ്; അവിനാശിയിൽ 19 പേരുടെ ജീവനെടുത്ത അപകടത്തിന് പിന്നിൽ 'മനുഷ്യ കരങ്ങൾ' തന്നെ; ഡ്രൈവർ ഹേമരാജ് റിമാൻഡിലും; ചികിൽസയിലുള്ളവർ അപകട നില തരണം ചെയ്തു; മരിച്ചവർക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: അവിനാശിയിൽ 19 പേരുടെ മരണകാരണമായ അപകടത്തിന് കാരണം ഡ്രൈവർ ഉറങ്ങിയതോ അമിത വേഗത്തിൽ ദേശീയപാതയിലെ വളവ് അശ്രദ്ധമായി തിരിച്ചതോ ആണ് വാഹനം നിയന്ത്രണം വിട്ട് ഡിവൈഡർ മറികടക്കാനുള്ള ശ്രമമോ എന്ന് പ്രാഥമിക വിലയിരുത്തൽ. അപകടം നടന്നത് ലോറിയുടെ സാങ്കേതിക തകരാർ മൂലമല്ലെന്നാണു പ്രാഥമിക കണ്ടെത്തൽ. ടയർ പൊട്ടിയതാണെന്ന വാദം അന്വേഷണം തള്ളിക്കളയുകയാണ്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് എൻഫോഴ്‌സ്‌മെന്റ് ആർടിഒ പി.ശിവകുമാർ ഇന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർക്കു നൽകും.

ലോറി സഞ്ചരിച്ചിരുന്ന ട്രാക്കിലെ ഡിവൈഡറിന്റെ വശത്ത് 60 മീറ്ററോളം ദൂരത്തിൽ ടയർ ഉരഞ്ഞു. വേഗത്തിൽ സഞ്ചരിക്കുന്ന ഭാരംകയറ്റിയ ലോറിയുടെ ടയർ ഉരഞ്ഞപ്പോൾ ശക്തമായി ചൂടാകുകയും ഒരു ടയർ ഡ്രമ്മിൽനിന്ന് ഊരിപ്പോവുകയുമാണു ചെയ്തിരിക്കുന്നതെന്നാണ് വിലയിരുത്തൽ. രജിസ്റ്റർ ചെയ്തിട്ട് 6 മാസം മാത്രമായ വാഹനത്തിന്റെ ടയറുകൾക്ക് മറ്റു കുഴപ്പമുണ്ടാകാൻ സാധ്യതയില്ല. ഡ്രം നിലത്ത് ഉരഞ്ഞ് ഡിവൈഡറിലൂടെ സഞ്ചരിച്ചപ്പോൾ മറ്റ് ടയറുകൾ പൊട്ടി ലോറി ചെരിയുകയും ആ ആഘാതത്തിൽ പ്ലാറ്റ്‌ഫോമിലെ ലോക്ക് പൊട്ടി കണ്ടെയ്‌നർ ബോക്‌സ് എതിർ വശത്തുനിന്നു വന്ന ബസിലേക്ക് ഇടിച്ചുകയറുകയും ചെയ്തതാകാനാണു സാധ്യതയെന്നും ആർടിഒ വ്യക്തമാക്കി.

അതിനിടെ അവിനാശിയിൽ അപകടമുണ്ടാക്കിയ കണ്ടെയ്നർ ലോറി ഡ്രൈവർ ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി ഹേമരാജിനെ തിരുപ്പൂർ കോടതി 15 ദിവസത്തേക്കു റിമാൻഡ് ചെയ്തു. ഇയാളെ കോയമ്പത്തൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. അപകടത്തെ തുടർന്ന് കടന്നുകളഞ്ഞ ഹേമരാജ് കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് ഈറോഡ് പൊലീസിൽ കീഴടങ്ങുകയായിരുന്നു. പിന്നീട് തിരുപ്പൂർ നോർത്ത് പൊലീസിനു കൈമാറിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹേമരാജിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റമാണു ചുമത്തിയിരിക്കുന്നത്. അപകടം നടന്നയുടൻ ലോറിയിൽനിന്ന് ഇറങ്ങി ഓടിപ്പോയ ഡ്രൈവർ ഹേമരാജ് പൊലീസിൽ കീഴടങ്ങുന്നതിനു മുൻപ് ബന്ധുവിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു.

ലോറി അപകടത്തിൽപ്പെട്ടു, കുറച്ചുപേർക്കു പരുക്കുണ്ടെന്നാണു കരുതിയത്. പക്ഷേ, ഒട്ടേറെ പേർ മരിച്ചതായി കേൾക്കുന്നു. അതിനാൽ പൊലീസിൽ കീഴടങ്ങുകയാണ്-എന്ന് ബന്ധുവിനെ അറിയിച്ച ശേഷമാണ് പൊലീസിന് മുമ്പിൽ എത്തിയത്.

ചികിൽസയിലുള്ളത് ഏഴ് പേർ

ഇനി അപകടത്തിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ കഴിയുന്നത് ഏഴുപേരാണ്. കോയമ്പത്തൂർ ഗവ. ആശുപത്രിയിലുള്ള തൃശ്ശൂർ സ്വദേശി ബിൻസി(32), തിരുപ്പൂർ രേവതി ആശുപത്രിയിലുള്ള തെങ്കാശി സ്വദേശി മാരിയപ്പൻ(25), ആധാർ ആശുപത്രിയിലുള്ള എറണാകുളം സ്വദേശി കെ.എ. തങ്കച്ചൻ(55), കോയമ്പത്തൂർ കെ.എം.സി.എച്ച്. ആശുപത്രിയിലുള്ള പത്തനംതിട്ട സ്വദേശി ജെമിൻ ജോർജ്(25), കോയമ്പത്തൂർ റോയൽ കെയർ ആശുപത്രിയിലുള്ള എറണാകുളം സ്വദേശി പ്രവീൺ(41), ഗംഗ ആശുപത്രിയിലുള്ള എറണാകുളം സ്വദേശി ബിനു ബൈജു(20), കോയമ്പത്തൂർ കെ.എം.സി.എച്ച്. ആശുപത്രിയിലുള്ള കോട്ടയം സ്വദേശി തോംസൺ ഡേവിസ്(19) എന്നിവരാണു ചികിത്സയിലുള്ളത്. അപകടത്തിൽ നിസ്സാര പരിക്കേറ്റ് തിരുപ്പൂരിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയവരെല്ലാം ആശുപത്രി വിട്ടു. ഇവരെല്ലാം അപകട നില തരണം ചെയ്തു.

ജീവൻ പൊലിഞ്ഞവർക്കു യാത്രാമൊഴി

മരിച്ച 19 പേരിൽ 16 പേരുടെ മൃതദേഹങ്ങൾ എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലും ബെംഗളൂരുവിലുമായി സംസ്‌കരിച്ചു. ബസ് ഓടിച്ച പെരുമ്പാവൂർ വളയൻചിറങ്ങര വളവനായത്ത് വി.ഡി.ഗിരീഷ്, കണ്ടക്ടർ പിറവം വെളിയനാട് വാളകത്ത് വി.ആർ.ബൈജു എന്നിവരടക്കം 7 പേരുടെ സംസ്‌കാരം എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടന്നു. മരിച്ച ഡ്രൈവർ ഗിരീഷിന്റെ വീട്ടിൽ കെഎസ്ആർടിസി മുൻ എംഡിയും ക്രൈംബ്രാഞ്ച് എഡിജിപിയുമായ ടോമിൻ തച്ചങ്കരിയും ആദരാഞ്ജലിയർപ്പിച്ചു.

തൃശൂർ സ്വദേശികളായ 8 പേരിൽ 4 പേരുടെ സംസ്‌കാരമാണ് ഇന്നലെ നടന്നത്. ഒരാളുടെ കബറടക്കം അപകടം നടന്ന അന്നു തന്നെ നടത്തിയിരുന്നു. ഒല്ലൂർ അപ്പാടൻ വീട്ടിൽ ഇഗ്‌നി റാഫേലിന്റെ സംസ്‌കാരം ഇന്നു 3.30നു ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ. അപകടസമയം ബസിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ വിൻസിയെ കൊണ്ടുവരാനാണ് ഇന്നത്തേക്കു നീട്ടിവച്ചത്. എന്നാൽ വിൻസിയുടെ ആരോഗ്യനില മോശമായതിനാൽ തമിഴ്‌നാട്ടിൽനിന്ന് കൊണ്ടുവരാനായില്ല.

പാലക്കാട്ട് 3 പേരുടെയും കണ്ണൂരിൽ ഒരാളുടെയും സംസ്‌കാരം നടത്തി. ബെംഗളൂരുവിൽ സ്ഥിര താമസമാക്കിയ 2 മലയാളികളുടെ സംസ്‌കാരം അവിടെ നടന്നു. ജനപ്രതിനിധികളും സമുദായ നേതാക്കളും പൗരപ്രമുഖരുമുൾപ്പെടെ വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരച്ചടങ്ങുകൾ. മിക്ക സ്ഥലങ്ങളിലും വ്യാപാരികൾ കടകളടച്ച് ആദരം പ്രകടിപ്പിച്ചു.

കണ്ടക്ടർ ബൈജുവിന്റെ ചിതയ്ക്ക് പത്തുമണിയോടെ അനുജൻ ബിജു വീട്ടുവളപ്പിൽ തീകൊളുത്തി. ഡ്രൈവർ ഗിരീഷിന്റെ ശരീരം 11 മണിയോടെ ഒക്കൽ എസ്.എൻ.ഡി.പി. ശ്മശാനത്തിൽ സംസ്‌കരിച്ചു. ഗോപികയുടെ മൃതദേഹം പത്തരയ്ക്ക് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു. ഐശ്വര്യയുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെ 10.45-ന് വീട്ടിലെ ചടങ്ങുകൾക്കുശേഷം ഇടപ്പള്ളി ശ്മശാനത്തിൽ ദഹിപ്പിച്ചു.

ജിസ്മോന്റെ മൃതദേഹം തുറവൂർ മാർ അഗസ്റ്റിൻ പള്ളി സെമിത്തേരിയിലും എംസി മാത്യുവിന്റെ മൃതദേഹം വൈകുന്നേരം മൂന്നരയ്ക്ക് വീട്ടിലെ ശുശ്രൂഷകൾക്കുശേഷം അങ്കമാലി സെയ്ന്റ് ജോർജ് ബസലിക്ക സെമിത്തേരിയിലും സംസ്‌കരിച്ചു. ശിവശങ്കറിന്റെ മൃതദേഹം ഉച്ചയ്ക്ക് 12 മണിയോടെ തിരുവാണിയൂർ പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP