Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗുംനാമി ബാബ നേതാജി തന്നെയോ? യുപിയിലെ ഫൈസാബാദിൽ 1985ൽ മരിച്ച ഈ സന്യാസി സുഭാഷ് ചന്ദ്രബോസ് എന്നതിന് പുതിയ തെളിവുകൾ; ഇരുവരുടെയും കൈപ്പട ഒന്നു തന്നെ; സന്യാസിയുടെ സ്വകാര്യ വസ്തുക്കളും പ്രമുഖർ നടത്തിയ കത്തിടപാടുകളും അനിഷേധ്യ തെളിവുകൾ; ബാബയുടെ ഡിഎൻഎ പരിശോധന നടത്തിയെന്നത് വ്യാജം; ശ്രീജിത്ത് പണിക്കർ ഉൾപ്പെടുന്ന മിഷൻ നേതാജി പുറത്തു വിടുന്നത് ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ

ഗുംനാമി ബാബ നേതാജി തന്നെയോ? യുപിയിലെ ഫൈസാബാദിൽ 1985ൽ മരിച്ച ഈ സന്യാസി സുഭാഷ് ചന്ദ്രബോസ് എന്നതിന് പുതിയ തെളിവുകൾ; ഇരുവരുടെയും കൈപ്പട ഒന്നു തന്നെ; സന്യാസിയുടെ സ്വകാര്യ വസ്തുക്കളും പ്രമുഖർ നടത്തിയ കത്തിടപാടുകളും അനിഷേധ്യ തെളിവുകൾ; ബാബയുടെ ഡിഎൻഎ പരിശോധന നടത്തിയെന്നത് വ്യാജം; ശ്രീജിത്ത് പണിക്കർ ഉൾപ്പെടുന്ന മിഷൻ നേതാജി പുറത്തു വിടുന്നത് ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ

എം മാധവദാസ്

തിരുവനന്തപുരം: ഇന്ത്യൻ രാഷ്ട്രീയ- സാമൂഹിക രംഗത്തെ ഏറ്റവും വലിയ വിവാദങ്ങളിൽ ഒന്നായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം. ലക്ഷങ്ങൾ ചെവലിട്ട മൂന്ന് കമ്മീഷനുകൾ അന്വേഷിച്ചിട്ടും നേതാജിക്ക് എന്താണ് സംഭവിച്ചത് എന്ന് കൃത്യമായ നിഗമനത്തിൽ എത്താനും കഴിഞ്ഞിരുന്നില്ല. 1945 ഓഗസ്റ്റ് 18-ന് തായ് വാനിലെ തായ്‌ഹോക്കുവിൽ നടന്ന വിമാനാപകടത്തിൽ നേതാജി കൊല്ലപ്പെട്ടുവെന്ന് പൊതുവെ വിലയിരുത്തുന്നത്. വാർത്ത വന്ന് 19 വർഷങ്ങൾക്കുശേഷം 1964 ഫെബ്രുവരിയിൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഗുംനാമി ബാബ എന്നപേരിലാണ് നേതാജി അവിടെ സ്ഥാപിച്ചതെന്നാണ് പറയുന്നത്. എന്നാൽ ഈ സംശയം ശരിയാണെന്ന് തെളിവുകൾ സഹിതം സമർഥിക്കയാണ്, മിഷൻ നേതാജി എന്ന സ്വതന്ത്ര ഗവേഷണ സംഘം.

നേതാജിയുടെയും സന്യാസിയുടെയും കൈപ്പട ഒന്നുതന്നെയെന്ന് ഇന്ത്യയിലും അമേരിക്കയിലും ഉള്ള വിദഗ്ദ്ധർ തെളിയിച്ചിട്ടുണ്ട്. സന്യാസിയുടെ സ്വകാര്യ വസ്തുക്കളും, അദ്ദേഹവുമായി പ്രമുഖർ നടത്തിയ കത്തിടപാടുകളും ഒക്കെ അനിഷേധ്യ സാഹചര്യ തെളിവുകളാണ്. ഗുംനാമി ബാബയുടെ വസതിയിൽ നിന്ന് കിട്ടിയ ഏതാനും പല്ലുകളിൽ കൊൽക്കത്തയിലെ സർക്കാർ ലാബ് ആയ സിഎഫ്എസ്എൽ നടത്തിയ ഡിഎൻഎ ടെസ്റ്റ് പക്ഷെ നെഗറ്റീവ് ആയിരുന്നു. സന്യാസി നേതാജിയല്ല എന്നായിരുന്നു അവരുടെ കണ്ടെത്തൽ. ഈ വാദമാണ് ഇതുവരെയും കോൺഗ്രസും നേതാജിയുടെ കുടുംബവും ഞങ്ങളുടെ കണ്ടെത്തലുകളെ എതിർക്കാൻ ഉപയോഗിച്ചിരുന്നത്.എന്നാൽ മിഷൻ നേതാജിയുടെ സായക് സെൻ നടത്തിയ വിവരാവകാശ പോരാട്ടത്തിനൊടുവിൽ പ്രസ്തുത ഡിഎൻഎ പരിശോധന നടത്തിയതായി യാതൊരു തെളിവുകളും ഇല്ലെന്ന് കൊൽക്കത്ത സിഎഫ്എസ്എൽ സമ്മതിച്ചിരിക്കുകയാണ്. ഡിഎൻഎ ടെസ്റ്റിന്റെ ആധികാരിക രേഖയായ ഇലക്ട്രോഫെറോഗ്രാം പുറത്തുവിടാൻ ഞങ്ങൾ കുറേക്കാലമായി ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാൽ ഇലക്ട്രോഫെറോഗ്രാം ലഭ്യമല്ലെന്നാണ് ലാബ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. 2004ൽ ഡിഎൻഎ ടെസ്റ്റ് നടക്കുന്നതിനു മുൻപു തന്നെ ടെസ്റ്റിന്റെ ഫലം നെഗറ്റീവ് ആണെന്ന് ആനന്ദ് ബസാർ പത്രിക റിപ്പോർട്ട് ചെയ്തത് വരാനിരുന്ന അട്ടിമറിയുടെ സൂചന ആയിരുന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

സാമൂഹിക നിരിക്ഷികനും എഴുത്തുകാരനുമായ ശ്രീജിത്ത് പണിക്കർ അടക്കമുള്ളവർ ചേർന്നാണ്, നേതാജി മിഷൻ. ഗുംനാമി ബാബ തന്നെയാണ്, സുഭാഷ് ചന്ദ്രബോസ് എന്ന വിവരവും ഫേസ്‌ബുക്കിൽ പുറത്തുവിട്ടത് ശ്രീജിത്ത് പണിക്കരാണ്. ഇതു സംബന്ധിച്ച് റിപ്പബ്ലക്ക് ടീവി വിശദമായ ചർച്ചയും നടത്തിയിട്ടുണ്ട്. ഗുംനാംമി ബാബയുടെ യഥാർഥ ചിത്രങ്ങൾ ആരുടെയും കൈയിലില്ല. അദ്ദേഹത്തെ കണ്ടവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചിത്രകാരമ്മാർ വരച്ചവയാണ് ഗുംനാമി ബാബയുടേതെന്നപേരിൽ പ്രചരിക്കുന്നത്.

ഇതുസംബന്ധിച്ച് ശ്രീജിത്ത് പണിക്കറുടെ പോസ്ററ് ഇങ്ങനെയാണ്

ഉത്തർപ്രദേശിലെ ഫൈസാബാദിൽ 1985ൽ മരിച്ച ഗുംനാമി ബാബ എന്ന സന്യാസി നേതാജി സുഭാഷ് ചന്ദ്ര ബോസ് ആയിരുന്നു എന്ന സത്യം എന്റെ സുഹൃത്തുക്കളും ഞാനും സ്ഥാപിച്ച മിഷൻ നേതാജി എന്ന സ്വതന്ത്ര ഗവേഷണ സംഘം ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിൽ കണ്ടെത്തിയതാണ്. നേതാജിയുടെയും സന്യാസിയുടെയും കൈപ്പട ഒന്നുതന്നെയെന്ന് ഇന്ത്യയിലും അമേരിക്കയിലും ഉള്ള വിദഗ്ദ്ധർ തെളിയിച്ചിട്ടുണ്ട്. സന്യാസിയുടെ സ്വകാര്യ വസ്തുക്കളും, അദ്ദേഹവുമായി പ്രമുഖർ നടത്തിയ കത്തിടപാടുകളും ഒക്കെ അനിഷേധ്യ സാഹചര്യ തെളിവുകളാണ്.

ഗുംനാമി ബാബയുടെ വസതിയിൽ നിന്ന് കിട്ടിയ ഏതാനും പല്ലുകളിൽ കൊൽക്കത്തയിലെ സർക്കാർ ലാബ് ആയ സിഎഫ്എസ്എൽ നടത്തിയ ഡിഎൻഎ ടെസ്റ്റ് പക്ഷെ നെഗറ്റീവ് ആയിരുന്നു. സന്യാസി നേതാജിയല്ല എന്നായിരുന്നു അവരുടെ കണ്ടെത്തൽ. ഈ വാദമാണ് ഇതുവരെയും കോൺഗ്രസും നേതാജിയുടെ കുടുംബവും ഞങ്ങളുടെ കണ്ടെത്തലുകളെ എതിർക്കാൻ ഉപയോഗിച്ചിരുന്നത്.എന്നാൽ മിഷൻ നേതാജിയുടെ സായക് സെൻ നടത്തിയ വിവരാവകാശ പോരാട്ടത്തിനൊടുവിൽ പ്രസ്തുത ഡിഎൻഎ പരിശോധന നടത്തിയതായി യാതൊരു തെളിവുകളും ഇല്ലെന്ന് കൊൽക്കത്ത സിഎഫ്എസ്എൽ സമ്മതിച്ചിരിക്കുകയാണ്. ഡിഎൻഎ ടെസ്റ്റിന്റെ ആധികാരിക രേഖയായ ഇലക്ട്രോഫെറോഗ്രാം പുറത്തുവിടാൻ ഞങ്ങൾ കുറേക്കാലമായി ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാൽ ഇലക്ട്രോഫെറോഗ്രാം ലഭ്യമല്ലെന്നാണ് ലാബ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. 2004ൽ ഡിഎൻഎ ടെസ്റ്റ് നടക്കുന്നതിനു മുൻപു തന്നെ ടെസ്റ്റിന്റെ ഫലം നെഗറ്റീവ് ആണെന്ന് ആനന്ദ് ബസാർ പത്രിക റിപ്പോർട്ട് ചെയ്തത് വരാനിരുന്ന അട്ടിമറിയുടെ സൂചന ആയിരുന്നു.

ഒരു കാലത്ത് ധീരത ആയിരുന്നെങ്കിൽ ഇന്ന് ഭീരുത്വം ആണ് നേതാജി കുടുംബത്തിലെ ഭൂരിപക്ഷത്തിന്റെ മുഖമുദ്ര. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഞാനുമായി നടത്താമെന്ന് സമ്മതിച്ച പരസ്യ സംവാദത്തിൽ നിന്ന് നേതാജി കുടുംബത്തിന്റെ ഔദ്യോഗിക വക്താവും ബംഗാൾ ബിജെപി ഉപാധ്യക്ഷനുമായ ചന്ദ്ര കുമാർ ബോസ് പിന്മാറിയതും ഇളിഭ്യനായതും. മിഷൻ നേതാജിയോടുള്ള വിരോധം കാരണം ഞങ്ങളുമായുള്ള എല്ലാ ചർച്ചകളും ബഹിഷ്‌കരിക്കുന്നു എന്ന് അവർ പ്രഖ്യാപിച്ചിട്ടുണ്ട്. ഞങ്ങളെ അറസ്റ്റ് ചെയ്യണമെന്നും ഞങ്ങൾക്കെതിരെ ഇന്റലിജൻസ് ബ്യൂറോ അന്വേഷണം നടത്തണമെന്നും ഒക്കെയാണ് പാർട്ടിയിലെ സ്ഥാനം മുൻനിർത്തി ചന്ദ്ര കുമാർ ബോസ് ആവശ്യപ്പെടുന്നത്. എന്നാൽ മുൻപ് രാജ്‌നാഥ് സിങ്ങും ഇപ്പോൾ അമിത് ഷായും അദ്ദേഹത്തിന്റെ ആവശ്യങ്ങളെ ചവറ്റുകുട്ടയിലേക്കാണ് എറിഞ്ഞത്!

സത്യത്തെ എക്കാലവും മൂടിവെക്കാൻ സാധിക്കില്ല. അത് ഒരിക്കൽ പുറത്തു വന്നേ മതിയാകൂ. നേതാജിയുടെ യഥാർത്ഥ കഥ അറിയപ്പെടാതെ പോയാൽ അത് അദ്ദേഹത്തോടും ചരിത്രത്തോടു തന്നെയുമുള്ള അനീതിയായി കാലം അടയാളപ്പെടുത്തും. അത് അനുവദിച്ചുകൂടാ.- ്ശ്രീജിത്ത് പണിക്കർ ചൂണ്ടിക്കാട്ടി.

നേതാജിയുടെ മരണാനന്തര ചടങ്ങുകൾ ചെയ്യരുതെന്ന് ഗാന്ധിജി പറഞ്ഞത് എന്തിന്?

നേതാജിയുമായി ബന്ധപ്പെട്ട നിരവധി ഫയലുകൾ മുൻ സർക്കാരുകൾ പുറത്തു വിട്ടിരുന്നു. അവ ഡൽഹിയിലെ നാഷണൽ ആർക്കൈവ്‌സിൽ ലഭ്യമാണ്. 1945 ഓഗസ്റ്റ് 18-ന് തായ് വാനിലെ തായ്‌ഹോക്കുവിൽ നടന്ന വിമാനാപകടത്തിൽ നേതാജി കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ വന്ന് എട്ടുമാസങ്ങൾക്കുശേഷം അദ്ദേഹം ജീവിച്ചിരിക്കുന്നുവെന്ന് ഗാന്ധിജി പറഞ്ഞിരുന്നുവെന്ന് അത്തരത്തിലെ ഒരു ഫയലിൽ പറയുന്നുണ്ട്. പിന്നീട് ഗാന്ധിജി ഇക്കാര്യം ബംഗാളിലെ ഒരു പ്രാർത്ഥനാ യോഗത്തിൽ പറയുകയും ഒരു ലേഖനത്തിൽ എഴുതുകയും ചെയ്തിരുന്നു. ഗാന്ധിജിക്ക് ലഭിച്ച രഹസ്യ വിവര പ്രകാരമാണ് അദ്ദേഹം പറയുകയും എഴുതുകയും ചെയ്തതെന്ന് കോൺഗ്രസുകാർ വിശ്വസിച്ചു. 1946 ഏപ്രിൽ എട്ടിനുള്ള ഒരു ഇന്റലിജൻസ് റിപ്പോർട്ടിലാണ് നേതാജിയുടെ തിരോധാനത്തെ കുറിച്ചുള്ള ഗാന്ധിയുടെ ചിന്ത രേഖപ്പെടുത്തിയിരിക്കുന്നത്. താൻ റഷ്യയിലാണെന്നും ഇന്ത്യയിലേക്ക് രക്ഷപ്പെട്ട് വരണമെന്ന് ആഗ്രഹമുണ്ടെന്നും കാണിച്ചുള്ള നേതാജിയുടെ കത്ത് നെഹ്‌റുവിന് ലഭിച്ചുവെന്ന് രഹസ്യ റിപ്പോർട്ടുണ്ട്. ബോസിന്റെ ഈ കത്ത് വന്ന സമയത്താകാം ഗാന്ധിജി പൊതുപ്രസ്താവന നടത്തിയതെന്ന് ഈ ഫയലിൽ പറയുന്നുണ്ട്. മഹാത്മാ ഗാന്ധിക്ക് ചിലത് അറിയാമായിരുന്നുവെന്ന് നേതാജിയുടെ കുടുംബാംഗങ്ങൾ വിശ്വസിക്കുന്നു. സുഭാഷ് ചന്ദ്ര ബോസിന്റെ മരണാന്തര ചടങ്ങുകൾ നടത്തുന്നതിൽ നിന്ന് കുടുംബാംഗങ്ങളെ ഗാന്ധിജി വിലക്കിയിരുന്നുവെന്ന് നേതാജിയുടെ ബന്ധുവായ ചന്ദ്ര ബോസ് പറയുന്നു.

തായ് വാനിൽ നേതാജി കൊല്ലപ്പെട്ടുവെന്ന വാർത്ത വന്ന് 19 വർഷങ്ങൾക്കുശേഷം 1964 ഫെബ്രുവരിയിൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തിയെന്ന് അക്കാലത്ത് അമേരിക്കൻ ഇന്റലിജൻസ് വൃത്തങ്ങൾ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. റഷ്യയെ കുറിച്ച് ഈ റിപ്പോർട്ടിൽ ഒന്നും പറയുന്നില്ലെങ്കിലും ചൈന വഴി റഷ്യയിൽ നിന്നും ഇന്ത്യയിലേക്ക് നേതാജി കടന്നുവെന്ന വിവരം അമേരിക്കൻ ഇന്റലിജൻസ് വൃത്തങ്ങൾക്ക് ലഭിച്ചിരുന്നുവെന്ന് ഗവേഷകർ കരുതുന്നു. 1941-ൽ നേതാജി വീട്ടു തടങ്കലിൽ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ചുള്ള യുഎസ് ഇന്റലിജൻസ് റിപ്പോർട്ടും ഇന്ന് പുറത്തുവിട്ട 64 ഫയലുകളിൽ ഉൾപ്പെടുന്നുണ്ട്.

2015ലാണ് സുഭാഷ് ചന്ദ്ര ബോസുമായി ബന്ധപ്പെട്ട 64 ഫയലുകൾ പശ്ചിമ ബംഗാൾ പൊലീസ് ഡീക്ലാസിഫൈ ചെയ്യുകയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് കൈമാറുകയും ചെയ്തതത്. ഇപ്പോൾ കൊൽക്കത്ത പൊലീസ് മ്യൂസിയത്തിൽ പൊതുജനങ്ങൾക്ക് ഫയലുകൾ കാണാനുമാകും. ഡീക്ലാസിഫൈ ചെയ്ത 64 ഫയലുകളിലെ 12744 പേജുകൾ ഡിജിറ്റൈസ് ചെയ്താണ് മ്യൂസിയത്തിൽ സൂക്ഷിക്കുന്നത്. ഫയലുകൾ ഡീക്ലാസിഫൈ ചെയ്ത ചടങ്ങളിൽ നേതാജിയുടെ കുടുംബാംഗങ്ങൾ പങ്കെടുത്തു. എങ്കിലും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ചടങ്ങിനെത്തിയില്ല. നേതാജിയുടെ കുടുംബാംഗങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു ഫയലുകൾ ഡീക്ലാസിഫൈ ചെയ്യണം എന്നുള്ളത്. 1937-1947 വരെയുള്ള ഈ ഫയലുകൾ നേതാജിയുടെ അപ്രത്യക്ഷമാകലിനെ കുറിച്ചുള്ള ദുരൂഹതകളിലേക്ക് വെളിച്ചം വീശുമെന്ന് കരുതുന്നു. വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന് പറഞ്ഞ് നേതാജിയുമായി ബന്ധമുള്ള ഫയലുകൾ പുറത്തു വിടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഓഗസ്റ്റിൽ കേന്ദ്ര വിവരാവകാശ കമ്മീഷനെ അറിയിച്ചിരുന്നു.

മൂന്നു കമ്മീഷനുകൾ അന്വേഷിച്ചിട്ടും തുമ്പില്ലാത്ത കേസ്

ഭാരതത്തിന്റെ അഭിമാനമായ നേതാജിയുടെ തിരോധാനം മൂന്നു കമ്മീഷനുകൾ ആണ് അന്വേഷിച്ചത്. നെഹ്‌റുവിന്റെ കാലത്ത് 1956ൽ ഷാനവാസ് കമ്മീഷൻ ആണ് സുഭാഷ് ചന്ദ്രബോസിന് എന്തു സംഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഇറങ്ങിത്തിരിച്ചത്. നേതാജി വിമാനാപകടത്തിൽ കൊല്ലപ്പെട്ടെന്ന് അന്വേഷണകമ്മീഷൻ വിധിയെഴുതി. പക്ഷേ ഇന്ത്യയിലെ ഭൂരിഭാഗം മനുഷ്യരും അത് വിശ്വസിച്ചില്ല. ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായപ്പോൾ 1970 ൽ വീണ്ടും ഒരു കമ്മീഷനെ നിയോഗിച്ചു. ജി ഡി ഖോസ്ലെ കമ്മീഷന്റെ അന്വേഷണത്തിലും വിമാനാപകടത്തിൽ കൂടിയതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ , വാജ്പയി പ്രധാനമന്ത്രിയായിരുന്ന എൻഡിഎ സർക്കാർ നിയോഗിച്ച ജസ്റ്റിസ് മനോജ് മുഖർജി കമ്മീഷൻ അങ്ങനെയൊരു വിമാനപകടമേ ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തി. 1999ൽ ആയിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. 1945ൽ തായ്വാനിൽ വിമാനപകടം ഉണ്ടായിട്ടില്ലെന്നും അതിനാൽ തന്നെ നേതാജി കൊല്ലപ്പെട്ടിട്ടില്ലെന്നും ആയിരുന്നു മുഖർജി കമ്മീഷന്റെ കണ്ടെത്തൽ . ഈ വെളിപ്പെടുത്തൽ വന്നതോടെ നേതാജി എവിടെയാണെന്ന് ചോദ്യം ഉയർന്നു തുടങ്ങി. എന്നാൽ ചോദ്യകർത്താക്കളെ തൃപ്തിപ്പെടുത്തുന്ന ഒരു ഉത്തരവും ലഭിച്ചില്ല.

നേതാജിയുടെ 118ആം പിറന്നാളിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ആയിരുന്നു ഇതു സംബന്ധിച്ച് ബി ജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി വിവാദപ്രസ്താവന നടത്തിയത്. നേതാജി വിമാനാപകടത്തിൽ കൊല്ലപ്പെട്ടതല്ല, സൈബീരിയൻ തടവറയിൽ വെച്ച് സോവിയറ്റ് ഏകാധിപതി ജോസഫ് സ്റ്റാലിൽ വെടിവെച്ചു കൊല്ലുകയായിരുന്നു എന്നായിരുന്നു വെളിപ്പെടുത്തൽ .നേതാജിയെ നെഞ്ചിലേറ്റി നടക്കുന്ന ബംഗാളിൽ വച്ചായിരുന്നു സ്വാമിയുടെ ഈ പ്രസ്താവന.നേരത്തെ കോൺഗ്രസിന്റെ മുൻ എം പിയും നയതന്ത്രജ്ഞനുമായിരുന്ന സത്യനാരായണൻ സിൻഹ സമാനമായ കാര്യം പറഞ്ഞിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകൾക്ക് ആരും വലിയ വില കല്പിച്ചില്ല. സൈബീരിയൻ തടവറയിലെ 45ആം മുറിയിൽ നേതാജിയെ കണ്ടതായി സോവിയറ്റ് രഹസ്യപൊലീസ് ഏജന്റായ കോസ്ലോവ് തന്നോട് പറഞ്ഞിരുന്നു എന്നായിരുന്നു സിൻഹയുടെ മൊഴി. ഈ മൊഴിയെ മുൻ കമ്മീഷനുകൾ പരിഗണിക്കാതിരുന്നതിൽ മുഖർജി കമ്മീഷൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

മുഖർജി കമ്മീഷന്റെ കണ്ടെത്തൽ വിവാദമായതോടെ റിപ്പോർട്ട് മന്മോഹൻ സിങ് ഗവൺമെന്റ് തള്ളിക്കളഞ്ഞു. ബോസിന്റേതെന്ന് ഗവൺമെന്റ് അവകാശപ്പെടുന്ന റെങ്കോജി ക്ഷേത്രത്തിലെ ചിതാഭസ്മം അദ്ദേഹത്തിന്റേത് അല്ലെന്നും കമ്മീഷൻ കണ്ടെത്തിയിരുന്നു. ബോസ് റഷ്യയിലേക്ക് കടന്നിരിക്കാം എന്നും കമ്മീഷൻ സൂചിപ്പിച്ചിരുന്നു. അതേസമയം, നേതാജി എങ്ങനെ കൊല്ലപ്പെട്ടു എന്ന കാര്യത്തിൽ വ്യക്തമായ ഒരു ഉത്തരം മുഖർജി കമ്മീഷനും നല്കുന്നില്ല.ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രൊവിൻസിലെ കട്ടക്കിൽ 1897 ജനുവരി 23ന് ആണ് നേതാജി സുഭാഷ് ചന്ദ്രബോസ് ജനിച്ചത്. 1945 ഓഗസ്റ്റ് 18ന് നേതാജി മരിച്ചെന്നാണ് വിക്കിപീഡിയ അടക്കമുള്ള ഇന്റർനെറ്റ് വിജ്ഞാനശേഖരങ്ങൾ പറയുന്നത്. .

സ്വാതന്ത്ര്യത്തിനായി അഹിംസാസമരവുമായി ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നോട്ടുപോകുമ്പോൾ ആണ് ക്ഷുഭിതയൗവനത്തിന്റെ പ്രതിനിധിയായി നേതാജി രംഗപ്രവേശം ചെയ്യുന്നത്. രണ്ടുതവണ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഗാന്ധിജിയുടെ സമരരീതികളോട് നേതാജി ഒരിക്കലും അനുകൂലമായിരുന്നില്ല. ഇക്കാരണത്താൽ കൊൽക്കട്ടയിലേക്ക് തിരിച്ചുപോയ അദ്ദേഹം അവിടെ ചിത്തരഞ്ജൻ ദാസ് എന്ന ബംഗാളി സ്വാതന്ത്ര്യസമര സേനാനിയുടെ കീഴിൽ പ്രവർത്തനം ആരംഭിച്ചു. പിന്നീട് പല നാടുകളിൽ പല വേഷങ്ങളിൽ നേതാജി എത്തി. അതുകൊണ്ടുതന്നെ നേതാജി മരിച്ചിട്ടില്ലെന്നും വേഷപ്രച്ഛന്നനായി ഇന്ത്യയിൽ തന്നെ തിരിച്ചെത്തിയെന്നും വിശ്വസിക്കുന്നവർ ഒട്ടനവധിയാണ്. ഇപ്പോൾ നേതാജി മിഷൻ പുറത്തുവിട്ട തെളിവുകും വെളിച്ചം വീശുന്നത് ഇതിലേക്കുതന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP