Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കണ്ണീരും കിനാവും ഒന്നൊതുങ്ങിയപ്പോഴാണ് ക്ലാസ്സിലെ കുട്ടികളുടെ ശ്രദ്ധ മുഴുവൻ എന്റെ മൂക്കിലേക്ക് നീണ്ടത്; ഒട്ടും വൈകാതെ 'മൂക്ക് ചപ്പി' എന്നും 'ചപ്ലി മൂക്കൻ' എന്നും മാറി മാറി വിളിക്കാവുന്ന പേരുകൾ പതിച്ചു കിട്ടി; ജീവിതത്തോട് വിരക്തി തോന്നിയ ക്വാഡൻ, നിന്നെ എനിക്കു മനസ്സിലാവും; ഒരു ഒമ്പതു വയസ്സുകാരന്റെ ഉള്ളിൽ ഹൃദയത്തിൽ സ്വയം കത്തി ഇറക്കി ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന പരിഹാസങ്ങളെ മനസ്സിലാവും; സോഷ്യൽ മീഡിയയിൽ വൈറലായി ഹൃദയത്തിൽ തൊടുന്ന കുറിപ്പ്

കണ്ണീരും കിനാവും ഒന്നൊതുങ്ങിയപ്പോഴാണ് ക്ലാസ്സിലെ കുട്ടികളുടെ ശ്രദ്ധ മുഴുവൻ എന്റെ മൂക്കിലേക്ക് നീണ്ടത്; ഒട്ടും വൈകാതെ 'മൂക്ക് ചപ്പി' എന്നും 'ചപ്ലി മൂക്കൻ' എന്നും മാറി മാറി വിളിക്കാവുന്ന പേരുകൾ പതിച്ചു കിട്ടി; ജീവിതത്തോട് വിരക്തി തോന്നിയ ക്വാഡൻ, നിന്നെ എനിക്കു മനസ്സിലാവും; ഒരു ഒമ്പതു വയസ്സുകാരന്റെ ഉള്ളിൽ ഹൃദയത്തിൽ സ്വയം കത്തി ഇറക്കി ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന പരിഹാസങ്ങളെ മനസ്സിലാവും; സോഷ്യൽ മീഡിയയിൽ വൈറലായി ഹൃദയത്തിൽ തൊടുന്ന കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പൊക്കം കുറവുള്ള കാരണത്താൽ കുട്ടികളുടെ നിരന്തര കളിയാക്കലുകൾക്ക് ഒടുവിൽ എന്നെയൊന്നും കൊന്നു തരുമോ എന്നു ചോദിച്ച ക്വാഡൻ എന്ന ഒമ്പതുവയസ്സുകാരനായ ഓസ്‌ട്രേലിയൻ ബാലനെലോകം നെഞ്ചിലേറ്റുകയാണ്. ഹോളിവുഡ്ഡ് താരങ്ങൾ മുതൽ ലോകത്തിന്റെ നാനാകോണിലുള്ള സെലബ്രിറ്റികൾ ഈ കുഞ്ഞിന് പിന്തുണയുമായി എത്തി. ജീവിതത്തിൽ പലതരത്തിൽ ഇത്തരം അനുഭവങ്ങൾ ഉണ്ടായവരുണ്ട്. തനിക്കും അത്തരം അനുഭവം നേരിടേണ്ടി വന്ന കഥ വിവരിക്കുകയാണ് ഒരു മലയാളി യുവാവ്. വിപിൻദാസ് ജി എന്ന യുവാവ് ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാണ്. തനിക്കും കുട്ടിക്കാലത്ത് ക്വാഡനെ പോലെ ആത്മഹത്യ ചെയ്യാൻ തോന്നുന്ന വിധത്തിൽ പരിഹാസങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ടെന്നാണ് വിപിൻദാസ് ജി എഴുതിയത്. 

വിപിൻദാസ് ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ് ഇങ്ങനെ:

ഓസ്ട്രേലിയയിലെ ക്വാഡൻ ബെയ്ലിയും ഇന്ത്യയുടെ ഇങ്ങ് തെക്കേയറ്റത്തു കിടക്കുന്ന പാലക്കാടുള്ള വിപിൻദാസ് എന്ന ഞാനും തമ്മിൽ പ്രഥമദൃഷ്ടിയാൽ ബന്ധമൊന്നുമില്ല. പക്ഷേ, കാലവും സ്ഥല-വ്യക്തിനാമങ്ങളും മാറി മാറി വരുന്നെങ്കിലും വ്യക്തിത്വത്തിൽ നിക്ഷേപിക്കപ്പെട്ട്, അധിക്ഷേപിക്കപ്പെടുന്ന കനത്ത ബോഡി ഷെയ്മിംഗിന്റെ കാര്യത്തിൽ പരോക്ഷമായല്ല, പ്രത്യക്ഷമായി തന്നെ ഞങ്ങൾ തമ്മിൽ ബന്ധമുണ്ട്. ലോകത്തിന്റെ പല കോണുകളിലും ക്വാഡന്മാരുണ്ട്. പരിഹാസങ്ങളിൽ മുറിപ്പെട്ടു സ്വയം പാർശ്വവൽക്കരിക്കപ്പെടാൻ നിർബന്ധിതരാക്കപ്പെടുന്ന ക്വാഡന്മാർ. വ്യക്തിത്വം രൂപപ്പെടുന്നതിൽ ബാല്യകാലത്തിനുള്ള പങ്കിനെ കുറിച്ച് വാചാലരാകുന്ന സമൂഹത്തിൽ ക്വാഡന്മാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ എത്രകണ്ട് ഇന്നും ലോകം ശ്രമിക്കുന്നു എന്നത് വീണ്ടും വീണ്ടും ചിന്തിക്കേണ്ടിവരുന്നു.

90'കളുടെ മധ്യത്തിൽ അംഗനവാടി അനുഭവങ്ങളൊന്നുമില്ലാതെ അമ്മമ്മയും അമ്മയും ഏടത്തിയും തന്ന ബാലപാഠങ്ങളുടെ പിൻബലത്തിൽ ആദ്യമായി സ്‌കൂളിൽ പോകുമ്പോൾ ഒട്ടും പരിഭ്രമം തോന്നിയില്ല. അന്ന് എളമ്പുലാശ്ശേരി ജി.എൽ.പി സ്‌കൂൾ തൊട്ടടുത്തുള്ള രാമകൃഷ്ണ ഗുപ്തന്റെ സ്ഥലത്തായിരുന്നു പ്രവർത്തിച്ചിരുന്നത്. വീട്ടിൽ ഇരുന്നാൽ സ്‌കൂളിലെ ഓരോ മണിയടിയും കേൾക്കാം. അതുകൊണ്ടുതന്നെ ഒട്ടും അങ്കലാപ്പില്ലാതെ അമ്മയുടെ പുറകെ സ്‌കൂളിൽ ചെന്നു കയറിയപ്പോൾ ചുറ്റിലും കരച്ചിലുകളുടെ, ചീറലുകളുടെ ബഹളമയം. കണ്ണീരും കിനാവും ഒന്നൊതുങ്ങിയപ്പോഴാണ് ക്ലാസ്സിലെ കുട്ടികളുടെ ശ്രദ്ധ മുഴുവൻ എന്റെ മൂക്കിലേക്ക് നീണ്ടത്. ഒട്ടും വൈകാതെ 'മൂക്ക് ചപ്പി' എന്നും 'ചപ്ലി മൂക്കൻ' എന്നും മാറി മാറി വിളിക്കാവുന്ന പേരുകൾ പതിച്ചു കിട്ടി. ഒന്നാം തരം തൊട്ട് നാലാംതരത്തിൽ പഠിക്കുന്ന ഘടാഘടിയന്മാർ വരേ അങ്ങനെ വിളിച്ചു തുടങ്ങിയപ്പോൾ ശരിക്കും സമചിത്തത കൈവിട്ടു കരയാൻ മാത്രമായി സമയം. വീട്ടിലും അച്ഛന്റെ വീട്ടിലും വേണ്ടുവോളം സ്‌നേഹലാളനകളും പരിഗണനകളും കിട്ടിയ എനിക്ക് അന്ന് ആദ്യമായാണ് സ്വന്തം മൂക്കിനെ കുറിച്ച് ബോധ്യപ്പെടുന്നതും, അതിന്റ പേരിൽ അപകർഷതാ ബോധം ഉടലെടുക്കുന്നതും.

സ്‌കൂളിൽ നിന്നും നിത്യവും കണ്ണുനിറച്ചെത്തുന്ന എന്റെ പരാതികളുടെ ഭാണ്ഡകെട്ടഴിച്ചിരുന്ന അമ്മ ഒന്നരാടം സ്‌കൂളിൽ വരികയും അദ്ധ്യാപികമാരോട് ഇതേപ്പറ്റി പറയുകയും ചെയ്തിരുന്നു. എന്നാൽ ക്ലാസ്സ് ടീച്ചർ ഉൾപ്പെടെ അന്ന് അതൊട്ടും കാര്യമാക്കിയെടുത്തില്ല. സ്റ്റാഫ് റൂമിലെ വെടിവെട്ടവും വലിപ്പ കൂട്ടവും സുപ്പീരിയോറിട്ടി കോംപ്ലക്‌സുമൊക്കെയായി നേരം കഴിച്ചു കൂട്ടിയിരുന്നവരെ പറ്റി പിന്നീട് നല്ല ധാരണയായി. അമ്മ നേരിട്ട് കുട്ടികളെ പലവട്ടം ഉപദേശിച്ചു നോക്കി. ചിലർ പിന്മാറി, ചിലർ പരിഹാസം തുടർന്നു. അങ്ങനെ ഒരു സന്ദർഭത്തിലാണ് അമ്മയുടെ സഹപാഠിയുടെ സഹോദരനായ വിനോദ് മാഷ് ഇതറിയുന്നതും പ്രശ്‌നം ഏറ്റെടുക്കുന്നതും. മൂക്കിനെ കുറിച്ച്, ശബ്ദ വൈകല്യത്തെ കുറിച്ച് അപകർഷതാ ബോധം തോന്നിയിടത്തുവച്ചു തന്നെ മാഷ് ആ പ്രശ്‌നം നീക്കി. സ്‌കൂളിൽ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമുള്ള സാഹിത്യ സമാജങ്ങളൊക്കെ എന്നെക്കൊണ്ട് കഥകൾ പറയിപ്പിച്ചു കൊണ്ട് തുടങ്ങിപ്പിച്ചത് മാഷായിരുന്നു. അടുത്ത് നിർത്തി ഫുൾ സ്റ്റോപ്പും കോമയും ഒക്കെ ശ്രദ്ധിച്ചു കഥ പറയേണ്ടുന്ന രീതിയെപ്പറ്റി പറഞ്ഞു പഠിപ്പിച്ചു. തുടരാൻ കഴിഞ്ഞില്ലെങ്കിലും ക്ലാസിക്കൽ നൃത്തത്തോട് എനിക്കുണ്ടായിരുന്ന പാഷനെയും വിനോദ് മാഷ് ആവോളം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. വരാന്തയിലൂടെ തല താഴ്‌ത്തി നടന്നു പോകുമ്പോൾ-

'തല നിവർത്തി നടക്കെടാ...'

എന്ന് ഒരു ചെറുചിരിയോടെ പറഞ്ഞത് ഇന്നും പാലിക്കുന്നു. അപൂർവ കാഴ്ചപോലെ മുഖത്തേക്ക് ഉറ്റുനൊക്കുന്നവർക്കുനേരെ ഒരു ചിരിയോടെ പതർച്ചയില്ലാതെ നോക്കാൻ പഠിപ്പിച്ചതും മാഷാണ്. വിനോദ് മാഷേ കൂടാതെ ഷീബ ടീച്ചർ, രാജി ടീച്ചർ, അറബി പഠിപ്പിച്ചിരുന്ന മൂസ മാഷൊക്കെ തന്ന പിന്തുണ... യു.പി. സ്‌കൂൾ കാലഘട്ടത്തിലും ഡെയ്സി ടീച്ചർ, നമ്പൂതിരി മാഷ്, രാധമ്മ ടീച്ചർ, സരള ടീച്ചർ, ജയ ടീച്ചർ, ശോഭ ടീച്ചർ തന്ന അങ്ങനെ നീളുന്ന ആ ലിസ്റ്റ് പൂർണ്ണമാകുന്നത് കാരകുറുശ്ശി ഹൈസ്‌കൂളോട് കൂടിയാണ്. ജീവിതത്തിൽ ഏറ്റവും നല്ല കാലമായി ഇന്നും തോന്നുന്നത് ആ ഹൈസ്‌കൂൾ കാലഘട്ടം തന്നെയാണ്. എൽസി ടീച്ചർ, ഹരിദാസൻ മാഷ്, ഉമദേവി ടീച്ചർ, സുലോചന ടീച്ചർ, തോമസ് മാഷ്, ജോളി ടീച്ചർ, വിജയപ്രകാശൻ മാഷ്, അനിൽ കുമാർ മാഷ് അങ്ങനെ ആ സ്‌കൂൾ മുഴുവൻ പ്രിയപ്പെട്ട അദ്ധ്യാപകരും പ്രിയപ്പെട്ട കൂട്ടുകാരും മാത്രമായിരുന്നു. ഏതൊരു സദസ്സിനെയും അഭിമുഖീകരിക്കാൻ, അനിഷ്ടം പ്രകടിപ്പിക്കാൻ, ചോദ്യം ചെയ്യാൻ ഊർജ്ജം പകർന്നു തന്ന ചുറ്റിലുമുള്ള സഹജീവികളോടൊക്കെ സ്‌നേഹം. അധിക്ഷേപങ്ങളും തുറിച്ചുനോട്ടങ്ങളും തെല്ലും തീണ്ടാതെ തിരിച്ചു നോട്ടം കൊണ്ട് അകറ്റാൻ പഠിപ്പിച്ച ഗുരുക്കന്മാർക്ക് നന്ദി.

എന്നാൽ, ഇന്നും സമൂഹത്തിൽ ഭിന്ന ശേഷിക്കാരും ട്രാൻസ്ജൻഡേഴ്സും, എന്തിനേറെ തൊലി കറുകറുത്തവർ പോലും അസഹ്യമായ തുറിച്ചുനോട്ടങ്ങളുടെ, അതിലും വൃത്തികെട്ട സഹതാപം തുളുമ്പുന്ന നോട്ടങ്ങൾക്കിരയാണ്. ഓസ്ട്രേലിയയിൽ ക്വാഡൻ സ്‌കൂളിൽ സഹപാഠികളാൽ നേരിടുന്ന പരിഹാസങ്ങൾക്ക് പകരം വയ്ക്കാവുന്നതുതന്നെയാണ് മുതിർന്നവരുടെ ഇത്തരം നോട്ടങ്ങൾ. കുട്ടികളായിരിക്കുമ്പോൾ തന്നെ വേണം ഇത്തരം തെറ്റായ പ്രവണതകളിൽ നിന്ന് അവരെ തിരുത്തിയെടുക്കാൻ. സഹജീവികളോട് സഹതാപ പൂർവ്വമല്ല, സൗഹൃദപൂർവ്വം ഇടപെടാൻ വീട്ടിലെ മുതിർന്നവർ കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക. സ്‌കൂൾ വിദ്യാർത്ഥികളായ എന്റെ അനന്തിരവന്മാരോട് കളിയായും കാര്യമായും കഥയായും ഞാൻ എന്നും ഈ കാര്യം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.

ജീവിതത്തോട് വിരക്തി തോന്നിയ ക്വാഡൻ, നിന്നെ എനിക്കു മനസ്സിലാവും. ഒരു ഒമ്പതു വയസ്സുകാരന്റെ ഉള്ളിൽ ഹൃദയത്തിൽ സ്വയം കത്തി ഇറക്കി ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന പരിഹാസങ്ങളെ മനസ്സിലാവും. ക്വാഡന്റെ അമ്മയെ മനസ്സിലാവും. തളരരുത്. പിന്മാറരുത്. മാറും. നമ്മൾ മാറ്റും. മുന്നോട്ട്, തലനിവർത്തി മുന്നോട്ട്... ജീവിതവും ലോകവും അത്ര മോശമൊന്നുമല്ലെന്ന് എനിക്ക് കാണിച്ചു തന്ന മനുഷ്യരെ പോലെ ഒരുപാടുപേർ നമുക്കുചുറ്റിലുമുണ്ട്. അപ്പോൾ നമ്മൾ മാറുകയും മാറ്റുകയും തന്നെ ചെയ്യും എന്ന ഉത്തമ ബോധ്യത്തിൽ മുന്നോട്ടു പോവുക...

-വിപിൻദാസ് ജി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP