Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സകുടുംബം ഇന്ത്യയിലെത്തുന്ന ട്രംപിനെ സ്വീകരിക്കാൻ അവസാന മിനുക്ക് പണിയിൽ ഗുജറാത്ത് സർക്കാർ; ലോകത്തെ ഏറ്റവും സുരക്ഷയുള്ള നേതാവിന്റെ മുന്നിൽ ചാടാതിരിക്കാൻ പശുക്കളെയും തെരുവ് പട്ടികളെയും ഓടിച്ചിട്ട് പിടിച്ച് അധികൃതർ; അഹമ്മദാബാദിലും ഡൽഹിയിലും ഒരുക്കിയിരിക്കുന്നത് ത്രിതല സുരക്ഷാവലയം; ട്രംപിന്റെ ഇന്ത്യ സന്ദർശനം ഉറ്റുനോക്കി ലോകരാഷ്ട്രങ്ങൾ

സകുടുംബം ഇന്ത്യയിലെത്തുന്ന ട്രംപിനെ സ്വീകരിക്കാൻ അവസാന മിനുക്ക് പണിയിൽ ഗുജറാത്ത് സർക്കാർ; ലോകത്തെ ഏറ്റവും സുരക്ഷയുള്ള നേതാവിന്റെ മുന്നിൽ ചാടാതിരിക്കാൻ പശുക്കളെയും തെരുവ് പട്ടികളെയും ഓടിച്ചിട്ട് പിടിച്ച് അധികൃതർ; അഹമ്മദാബാദിലും ഡൽഹിയിലും ഒരുക്കിയിരിക്കുന്നത് ത്രിതല സുരക്ഷാവലയം; ട്രംപിന്റെ ഇന്ത്യ സന്ദർശനം ഉറ്റുനോക്കി ലോകരാഷ്ട്രങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നമസ്‌തേ ട്രംപ് മെഗാ ഷോയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാളെ അഹമ്മദാബാദിൽ. മോദിയും-ട്രംപും ഒരേ വേദിയിലെത്തുന്ന പരിപാടിയുടെ അവസാന മിനുക്കുപണിയിലാണ് ഗുജറാത്ത് സർക്കാർ. മൂന്ന് മണിക്കൂർ നേരമാണ് അമേരിക്കൻ പ്രസിഡന്റ് അഹമ്മദാബാദിൽ ചെലവഴിക്കുക. അതേസമയം, അമേരിക്ക-ഇറാൻ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മൂന്നുവലയമുള്ള സുരക്ഷയാണ് അഹമ്മദാബാദിലും ഡൽഹിയിലും ഒരുക്കിയിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ബാക്കിനിൽക്കെയുള്ള ട്രംപിന്റെ ഇന്ത്യാ സന്ദർശനം ലോകരാഷ്ട്രങ്ങളും ഉറ്റുനോക്കുന്നുണ്ട്. രണ്ടുദിവസത്തെ സന്ദർശനത്തിനെത്തുന്ന ട്രംപും സംഘവും തിങ്കളാഴ്ച ഉച്ചയോടെ ഗുജറാത്തിലെ അഹമ്മദാബാദിൽ വിമാനമിറങ്ങും. അഹമ്മദാബാദിൽ 'നമസ്തെ ട്രംപ്' പരിപാടി, ആഗ്രയിൽ താജ്മഹൽ സന്ദർശനം, ഡൽഹിയിൽ നയതന്ത്ര ചർച്ച എന്നിവയാണ് 36 മണിക്കൂർ സന്ദർശനത്തിലെ പ്രധാനപരിപാടികൾ. ഉഭയകക്ഷി ബന്ധം ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ എത്തുന്ന ട്രംപിന് വൻ വരവേൽപ്പാണ് നൽകുന്നത്.

താജ്മഹൽ കാണാൻപോകുന്ന ട്രംപിനെയും കുടുംബാംഗങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുഗമിച്ചേക്കില്ലെന്ന് അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലാണ് നയതന്ത്ര ചർച്ചകൾ. രാവിലെ രാജ്ഘട്ടിൽ മഹാത്മാഗാന്ധി സമാധിയിൽ പുഷ്പചക്രം അർപ്പിച്ച ശേഷം രാഷ്ട്രപതി ഭവനിൽ നൽകുന്ന ആചാരപരമായ സ്വീകരണം ട്രംപ് ഏറ്റുവാങ്ങും. പന്ത്രണ്ടോടെയാണ് ഹൈദരാബാദ് ഹൗസിൽ ട്രംപും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള ചർച്ച. വൈകീട്ട് ഏഴിന് രാഷ്ട്രപതിഭവനിൽ രാഷ്ട്രപതി നൽകുന്ന അത്താഴവിരുന്നിൽ പങ്കെടുത്ത ശേഷം രാത്രി പത്തോടെ ട്രംപ് മടങ്ങും.

സകുടുംബം തിങ്കളാഴ്ച ഉച്ചയ്ക്ക് നഗരത്തിലെത്തുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റിന് അഹമ്മദാബാദ് നൽകാൻ ആഗ്രഹിക്കുന്ന വികാരം അതാണ്. തെരുവുപട്ടികളെ പിടിക്കുന്നതു മുതൽ ബി.എസ്.എഫിന്റെ ഒട്ടകപ്പടയെ വിന്യസിക്കുന്നതിൽ വരെ നീളുന്ന തീരുമാനങ്ങൾ. ചേരിയുടെ കാഴ്ച മറയ്ക്കാൻ മതിൽ ഉയർത്തിക്കെട്ടിയ വിവാദങ്ങൾ ഇല്ലാതെയായി. സുരക്ഷയ്ക്കുതന്നെയാണ് പ്രാധാന്യം. 24-ന് ആകാശത്ത് ഡ്രോണുകളോ ബലൂണുകളോ പോലും പറക്കാൻ പാടില്ല. ജാമർ വാഹനങ്ങൾ യു.എസിൽ നിന്നും എത്തിച്ചു.

റോഡ് ഷോ നടക്കുന്ന വീഥിയിൽ രാവിലെ എട്ടിനുശേഷം ഗതാഗതം നിരോധിച്ചു. സി.ബി.എസ്.ഇ. പരീക്ഷയെഴുതുന്ന കുട്ടികൾ പോലും അതിനുമുന്നേ സ്‌കൂളിലെത്തണം. അവർക്ക് അവിടെ പ്രഭാതഭക്ഷണം തയ്യാർ. പൊതുപരിപാടി നടക്കുന്ന മൊട്ടേര സ്റ്റേഡിയത്തിന് സമീപത്തെ സൊസൈറ്റികൾ പൊലീസ് കാവലിലാണ്. അകത്ത് കയറാൻ തിരിച്ചറിയൽ കാർഡ് നിർബന്ധം. തെരുവുപട്ടികളെയും പശുക്കളെയും ഒരാഴ്ചയായി ഓടിച്ചിട്ട് പിടിക്കുന്നു. എങ്ങാനും പ്രസിഡന്റിന്റെമുന്നിൽ ചാടിയാലോയെന്ന ജാഗ്രത.

വിമാനത്താവളം മുതൽ സ്റ്റേഡിയം വരെയുള്ള റോഡരികിലെ മതിലുകളെല്ലാം നിറംപൂശി നിൽക്കുന്നു. പല ഭാവങ്ങളിൽ മോദിയും ട്രംപും ആ ചുവരുകളിൽ നിറഞ്ഞിട്ടുണ്ട്. മീഡിയനുകളിൽ വളർച്ചയെത്തിയ എണ്ണപ്പനകൾ അതേപടി നട്ടുപിടിപ്പിച്ചു. വഴികളിലെ ഓരോ മനുഷ്യനെയും ക്യാമറകൾ ഒപ്പിയെടുക്കും. സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെല്ലാം സി.സി.ടി.വി. ക്യാമറകൾ നിർബന്ധമാക്കി. സ്റ്റേഡിയത്തിനുമുന്നിലെ ടെലികോം ടവറുകൾ അശ്രീകര കാഴ്ചയാകാതിരിക്കാൻ അവയെല്ലാം പൈൻ മരങ്ങളുടെ രൂപത്തിലാക്കി.

സ്റ്റേഡിയത്തിനകത്തെ സീറ്റുകളുടെ വർണവിന്യാസം ഗംഭീരമാണ്. താഴത്തെ നിരകൾ മുഴുവൻ ഓറഞ്ച് നിറം. മുകളിലേക്ക് നീലയും മഞ്ഞയും ചേർന്ന ഡിസൈനുകൾ. പവലിയനുതാഴെയാണ് മോദിയും ട്രംപും അഭിവാദ്യം സ്വീകരിക്കുന്ന വൃത്താകൃതിയിലുള്ള വേദി. അത് കറങ്ങുന്നതാണെന്നും സൂചനയുണ്ട്. ഒരു ലക്ഷത്തിലേറെ വരുന്ന കാണികളെ രാവിലെ മുതൽ പിടിച്ചിരുത്താൻ ഗുജറാത്തിലെ മികച്ച ഗായകരും നർത്തകരും ഇവിടെ ഒത്തുചേരും. 25 കിടക്കകളുള്ള ഒരു ആധുനിക ആശുപത്രിയും സ്റ്റേഡിയത്തിൽ സജ്ജമാണ്.

27 പാർക്കിങ് കേന്ദ്രങ്ങിലേക്കാണ് സമീപത്തെ 12 ജില്ലകളിൽനിന്നുള്ള ജനം എത്തുക. അവിടെയെല്ലാം വെള്ളം, ഭക്ഷണം, ചികിത്സ സൗകര്യങ്ങൾ ഒരുക്കി. ഇവിടെ നിന്നും ഒന്നര കിലോമീറ്റർ നടന്നാണ് സ്റ്റേഡിയത്തിലെത്തുക. നൂറോളം കവാടങ്ങളിൽ എല്ലാവരുടെയും തിരിച്ചറിയൽ കാർഡ് നോക്കി സുരക്ഷാ പരിശോധനയ്ക്കു ശേഷം കടത്തിവിടും. റോഡ് ഷോ നടക്കുന്ന വീഥികളുടെ അരികിൽ അമ്പത് വേദികൾ തയ്യാറാണ്. ഇവിടെയാണ് വിവിധ സംസ്ഥാനങ്ങളുടെ കലാവിരുന്നുകൾ ട്രംപിനും കുടുംബത്തിനുമായി അവതരിപ്പിക്കുക. നഗരത്തിലെ മുന്നൂറോളം സംഘടനകളും വിദ്യാലയങ്ങളുമാണ് വഴിയരികിൽ ആളെക്കൂട്ടുക. എല്ലാവർക്കും സ്ഥലം അനുവദിച്ചു നൽകി. നാൽപ്പതോളം കാറുകളുടെ വ്യൂഹമാണ് പ്രസിഡന്റിന്റെ 'ബീസ്റ്റ്' എന്ന വാഹനത്തിന് ഒപ്പം റോഡ് ഷോയിലുണ്ടാവുക എന്നാണ് സൂചന. യു.എസ്. വ്യോമസേനയുടെ ആറു ചരക്കുവിമാനങ്ങളാണ് പ്രസിഡന്റിനും പരിവാരങ്ങൾക്കും മൂന്നരമണിക്കൂർ ചെലവഴിക്കുന്നതിനുള്ള സജ്ജീകരണങ്ങളുമായി എത്തുന്നത്. അവയിൽ മൂന്നെണ്ണം ഇതുവരെ സർദാർ പട്ടേൽ വിമാനത്താവളത്തിൽ ഇറങ്ങിയിട്ടുണ്ടെന്നാണ് സൂചന.

എന്നാൽ, അതേസമയം, ഇന്ത്യ അമേരിക്ക വ്യാപാര കരാർ യഥാർഥ്യമാകില്ലെന്നത് അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനത്തിന്റെ മാറ്റുകുറയ്ക്കുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മിൽ വൻ പ്രതിരോധ ഇടപാടുകൾ നടക്കും. എച്ച് വൺ ബി വീസ പ്രശ്‌നം ഇന്ത്യ ഉന്നയിക്കും. പൗരത്വ നിയമം, എൻആർസി എന്നിവയുമായി ബന്ധപ്പെട്ട് ഡോണൾഡ് ട്രംപ് നരേന്ദ്ര മോദിയോട് വ്യക്തത തേടുമെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ രാഷ്ട്രീയ, നയതന്ത്ര രംഗത്ത് ആകാംക്ഷയേറി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP