Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദി ട്രംപിനെ വീഴ്‌ത്തിയത് ഇന്ത്യാ ചരിത്രത്തിൽ ഏറ്റവും വലിയ പരിപാടിയെന്ന് മോഹിപ്പിച്ച്; ഇന്ത്യയുടെ ചെലവിൽ ഭാര്യയും മകളും കുടുംബവുമായി ഒരു ഹോളിഡേ എന്നതിനപ്പുറം ഒരു പ്രാധാന്യവുമില്ലാത്ത സന്ദർശനം; ഒന്നും ഇങ്ങോട്ട് തരാതെ 25,000 കോടിയുടെ ആയുധ വ്യാപാരം ഉറപ്പിച്ചേ ട്രംപ് മടങ്ങൂ; അമേരിക്കൻ പ്രസിഡന്റിന്റെ ഏറ്റവും ലാഭകരമായ വിദേശ സന്ദർശനമായി ഇന്ത്യയിലേക്കുള്ള യാത്ര

മോദി ട്രംപിനെ വീഴ്‌ത്തിയത് ഇന്ത്യാ ചരിത്രത്തിൽ ഏറ്റവും വലിയ പരിപാടിയെന്ന് മോഹിപ്പിച്ച്; ഇന്ത്യയുടെ ചെലവിൽ ഭാര്യയും മകളും കുടുംബവുമായി ഒരു ഹോളിഡേ എന്നതിനപ്പുറം ഒരു പ്രാധാന്യവുമില്ലാത്ത സന്ദർശനം; ഒന്നും ഇങ്ങോട്ട് തരാതെ 25,000 കോടിയുടെ ആയുധ വ്യാപാരം ഉറപ്പിച്ചേ ട്രംപ് മടങ്ങൂ; അമേരിക്കൻ പ്രസിഡന്റിന്റെ ഏറ്റവും ലാഭകരമായ വിദേശ സന്ദർശനമായി ഇന്ത്യയിലേക്കുള്ള യാത്ര

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശനത്തിനായി പുറപ്പെട്ടത് ആഘോഷ മൂഡിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത സുഹൃത്താണെന്ന് ട്രംപ് യാത്രയ്ക്കു തൊട്ടുമുൻപ് പ്രതികരിച്ചു. ഇന്ത്യാ സന്ദർശനം ഏറെക്കാലം മുൻപേ ഏറ്റ പരിപാടിയാണെന്നും ഇന്ത്യയിലെ ജനങ്ങളോടൊപ്പം നിൽക്കുന്നതിൽ സന്തോഷമുണ്ടെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയിലേക്കു പുറപ്പെടുന്നതിനു മുൻപ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോടു സംസാരിക്കുകവേ ഇന്ത്യയുമായി കരാറൊന്നും ഒപ്പിടില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഹോളി ഡേ ആഘോഷത്തിന് ഇന്ത്യയിലേക്ക് പോവുകയാണ് താനെന്ന സൂചനയാണ് ട്രംപ് നൽകുന്നത്.

നിറങ്ങളും തോരണങ്ങളും നിറച്ച് ഉൽസവപ്പറമ്പ് പോലെ അഹമ്മദാബാദ്. 36 മണിക്കൂറിൽ താഴെയുള്ള ഇന്ത്യാ സന്ദർശനത്തിനു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലനിയയും ഇന്നു 11.40നു സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങും. എയർ ഫോഴ്‌സ് വൺ വിമാനത്തിൽ എത്തുന്ന ട്രംപിന്റെ തുടർയാത്ര, അമേരിക്കയിൽനിന്ന് ഇവിടെയെത്തിച്ചിരിക്കുന്ന തന്റെ ഔദ്യോഗിക വാഹനമായ കാഡിലാക് വണ്ണിലാണ് (ദ് ബീസ്റ്റ്). വിമാനത്താവളത്തിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 22 കിലോമീറ്റർ റോഡ് ഷോ. റോഡിനിരുവശവും കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങൾ അണിനിരക്കും. തുടർന്ന് സബർമതി സന്ദർശനം, നമസ്‌തേ ട്രംപ് പരിപാടി എന്നിവയ്ക്കു ശേഷം ആഗ്രയിലേക്ക്. ഇതോടെ അടിപൊളി യാത്ര പുതിയ തലത്തിലെത്തും.

ഇന്ത്യാ പര്യടനത്തിന് ആദ്യമെത്തിയത് 1959ലെ യുഎസ് പ്രസിഡന്റ് ഡൈ്വറ്റ് ഡി. ഐസനോവർ ആയിരുന്നു. തുടർന്ന് റിച്ചഡ് നിക്‌സൺ, ജിമ്മി കാർട്ടർ, ബിൽ ക്ലിന്റൻ, ജോർജ് ഡബ്ല്യു. ബുഷ്, ബറാക് ഒബാമ എന്നിവരുമെത്തി. എട്ടാം തവണത്തെ പ്രസിഡന്റായാണ് ട്രംപ് എത്തുന്നതെങ്കിലും ഒബാമ 2 തവണ വന്നതിനാൽ ഇന്ത്യയിലെത്തുന്ന ഏഴാമത്തെ യുഎസ് പ്രസിഡന്റായി ട്രംപിനെ കണക്കാക്കാം. മുൻഗാമികൾക്കൊന്നും കിട്ടാത്ത പരിഗണനയാണ് പക്ഷേ ട്രംപിന് കിട്ടുന്നത്. ലക്ഷങ്ങളുടെ വരവേൽപ്പ് നൽകാമെന്ന് പറഞ്ഞാണ് ട്രംപിനെ മോദി ഇന്ത്യയിൽ എത്തിക്കുന്നത്. അഹമ്മദാബാദിൽ താരമാകാനുള്ള മോദിയുടെ ശ്രമം. അതിന് അപ്പുറത്തേക്ക് അമേരിക്കൻ പ്രസിഡന്റിന്റെ വരവ് കൊണ്ട് ഇന്ത്യയ്ക്ക് ഗുണമൊന്നും ഉണ്ടാകില്ല. എന്നാൽ അമേരിക്കയുമായി 25,000 കോടിയുടെ ആയുധ ഇടപാടിൽ ഇന്ത്യ ഒപ്പിടുകയും ചെയ്യും. അതായത് വരവ് കൊണ്ട് കോളടിക്കുന്നത് ട്രംപിന് മാത്രമാണ്. അമേരിക്കൻ പ്രസിഡന്റിന്റെ ഏറ്റവും ലാഭകരമായ വിദേശയാത്രയായി ഇന്ത്യയിലേക്കുള്ള വരവ് മാറുന്നത് അതുകൊണ്ടാണ്. ഭാര്യയും മക്കളും കുടുംബവുമൊത്ത് താജ്മഹലും കണ്ട് അടിച്ചു പൊളിച്ച് ട്രംപ് ഇന്ത്യയിൽ നിന്ന് മടങ്ങും.

ഇന്ത്യയിലേക്കുള്ളതു വലിയ യാത്രയായാണു കണക്കാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മികച്ച ബന്ധമാണുള്ളത്. ഇന്ത്യയിൽ വലിയ പരിപാടിയാണു നടക്കാൻ പോകുന്നതെന്നാണു ഞാൻ കേട്ടത്. ഇന്ത്യയിൽ നടത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ പരിപാടി. ചരിത്ര സംഭവമാകുമെന്നാണു പ്രധാനമന്ത്രി മോദി എന്നോടു പറഞ്ഞത്. അതിന്റെ ആശ്ചര്യം ഉണ്ടെന്നും ട്രംപ് യാത്രയ്ക്ക് മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. അതായത് തനിക്ക് കിട്ടുന്ന സ്വീകരണമാണ് ട്രംപിനെ അഹമ്മദാബാദിലെത്തിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. എച്ച് 1 ബി വീസ നടപടികൾ ഇന്ത്യക്കാർക്കായി എളുപ്പമാക്കുന്ന കാര്യം പ്രധാനമന്ത്രി യുഎസ് പ്രസിഡന്റിനോടു ചർച്ച ചെയ്യുമോയെന്ന ചർച്ചയും സജീവമാണ്.

ട്രംപ് എത്തുമ്പോൾ പ്രാധാന്യമുള്ള പല ചോദ്യങ്ങളും ഇന്ത്യക്കാർ ഉയർത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ താൽപര്യം അനുസരിച്ചുള്ള പ്രശ്‌നപരിഹാരമാണ് ഈ വിഷയങ്ങളിൽ വേണ്ടതെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ആവശ്യപ്പെട്ടു. എന്നാൽ ഇതിന് സാധ്യത കുറവാണ്. പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും തമ്മിലുള്ള ചർച്ചയിലും നിർണ്ണായ വിഷയങ്ങൾ കടന്നുവരാൻ ഇടയില്ല. മൊട്ടേര സ്റ്റേഡിയത്തിൽ 'നമസ്‌തേ ട്രംപ്' ചടങ്ങിലേക്ക് മുൻ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെൻഡുൽക്കർ, കപിൽ ദേവ്, സുനിൽ ഗാവസ്‌കർ, സൗരവ് ഗാംഗുലി, നടൻ അമിതാഭ് ബച്ചൻ, സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ എന്നിവർക്കു ക്ഷണമുണ്ട്.

അഹമ്മദാബാദിൽ ട്രംപിനെ സ്വീകരിക്കാൻ ആയിരക്കണക്കിന് ആളുകൾ എത്തുമെന്നാണു വിവരം. തിങ്കളാഴ്ച അഹമ്മദാബാദിൽ 22 കിലോമീറ്റർ റോഡ്‌ഷോയിൽ മോദിയോടൊപ്പം പങ്കെടുക്കും. 24നും 25നും അഹമ്മദാബാദ്, ആഗ്ര, ഡൽഹി എന്നിവിടങ്ങളിലെ പരിപാടികളിൽ പങ്കെടുക്കും. ചൊവ്വാഴ്ച ട്രംപിനും സംഘത്തിനും രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക വരവേൽപ്പ് നൽകും. മകൾ ഇവാൻകയും മരുമകൻ ജെറാഡും മറ്റ് ഉന്നത യുഎസ് ഉദ്യോഗസ്ഥരും ട്രംപിനെ അനുഗമിക്കുന്നുണ്ട്. ഇവർക്കെല്ലാം തീർത്തും ആവേശം നൽകുന്നതാകും സ്വീകരണങ്ങൾ. ഇത് പൊളിയാതിരിക്കൻ വേണ്ടത്ര ജാഗ്രത കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുക്കുന്നുണ്ട്. ഗുജറാത്തിലും യുപിയിലും ഭരണം ബിജെപിക്കാണ്. അതുകൊണ്ട് ട്രംപിന്റെ സന്ദർശനത്തെ വിജയിപ്പിക്കാൻ ബിജെപിയുടെ സംവിധാനങ്ങൾ എല്ലാം സജീവമായി രംഗത്തുണ്ട്.

ട്രംപിന്റെ ഇന്ത്യൻ സന്ദർശനം കൊഴുപ്പിക്കാൻ പണം വാരിയെറിയുകയാണ് ഗുജറാത്ത് സർക്കാർ. അഹമ്മദാബാദിൽ ട്രംപ് ചെലവഴിക്കുന്ന 3 മണിക്കൂറുകൾക്കായി അനൗദ്യോഗിക കണക്കുകൾ പ്രകാരം 85 കോടി രൂപയാണു സർക്കാർ ചെലവഴിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ട്രംപിന്റെയും ചിത്രങ്ങളുള്ള ഫ്‌ളെക്‌സുകളാണു നഗരത്തിലെങ്ങും. ചേരി പ്രദേശങ്ങളടക്കം നഗരത്തിന്റെ ദൈന്യമുഖം ട്രംപിൽനിന്നു കെട്ടിമറച്ച്, മിനുക്കിയ മുഖം മാത്രം പുറത്തുകാട്ടി നിൽക്കുകയാണു നഗരം. പശുവിനേയും തെരുവ് പട്ടികളേയും ഓട്ടിച്ചിട്ട് പിടിച്ചു. മകൾ ഇവാൻകയും മരുമകൻ ജാറെദ് കഷ്‌നറും ഉപദേഷ്ടാക്കളും ഉൾപ്പെടെ 12 അംഗ യുഎസ് സംഘമാണ് ട്രംപിനെ അനുഗമിക്കുന്നത്.

മൊട്ടേര സ്റ്റേഡിയത്തിലെ സുരക്ഷ ഇന്നലെ മുതൽ യുഎസ് സംഘം ഏറ്റെടുത്തു. ട്രംപ് സന്ദർശനം കണക്കിലെടുത്ത് നഗരത്തിൽ സ്‌കൂളുകൾക്കും ഓഫിസുകൾക്കും ഇന്ന് അവധി നൽകി. റോഡ് ഷോയ്ക്കായി പാതയോരങ്ങളിലും സമ്മേളനത്തിനായി സ്റ്റേഡിയത്തിലും ആളുകളെ നിറയ്‌ക്കേണ്ട ചുമതല സംസ്ഥാന സർക്കാരിനും ബിജെപി ഗുജറാത്ത് ഘടകത്തിനുമാണ്. വർഷാവസാനം പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, യുഎസിലെ ഗുജറാത്തി സമൂഹത്തെ ഒപ്പം നിർത്താൻ കൂടി ലക്ഷ്യമിട്ടാണു സന്ദർശനത്തിന്റെ തുടക്കം അഹമ്മദാബാദിലാക്കാൻ ട്രംപ് തീരുമാനിച്ചത്.

ട്രംപിനെ വരവേൽക്കാൻ അണിനിരക്കുന്ന കലാരൂപങ്ങളിൽ കേരളത്തിൽ നിന്നു കഥകളിയും മോഹിനിയാട്ടവും ഉൾപ്പെടുത്തിയിട്ടുണ്ട്. അഹമ്മദാബാദ് മുദ്ര സ്‌കൂൾ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസസ് സംഘമാണു ട്രംപ് റോഡ് ഷോയ്‌ക്കൊപ്പം കലാരൂപങ്ങൾ അവതരിപ്പിക്കുക. 28 സംസ്ഥാനങ്ങളിൽ നിന്നുള്ള കലാരൂപങ്ങൾ അരങ്ങേറും. ട്രംപിനെ വരവേൽക്കാൻ റോഡ് ഷോയ്‌ക്കൊപ്പം അണിനിരക്കുന്നതിനായി, അഹമ്മദാബാദ് മുദ്ര സ്‌കൂൾ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസസിലെ മലയാളി സംഘം റിഹേഴ്‌സൽ നടത്തുന്നു.

പാലക്കാട് കൊല്ലങ്കോട് സ്വദേശികളായ അനന്ത് മേനോൻ, സഹോദരി അപർണ എന്നിവരാണു മുദ്രയ്ക്കു നേതൃത്വം നൽകുന്നത്. മുൻപ് ജപ്പാൻ, ഇസ്രയേൽ പ്രധാനമന്ത്രിമാർ അഹമ്മദാബാദ് സന്ദർശിച്ചപ്പോഴും ഇവർ കലാരൂപങ്ങൾ അവതരിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP