Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആർത്തവമുള്ള 28 സ്ത്രീകൾ പാചകം ചെയ്തത് പരസ്യമായി; ആർത്തവ സദ്യ കഴിക്കാനെത്തിയത് ഡൽഹി ഉപമുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ; ആധുനിക യുഗത്തിൽ ആർത്തവ അശുദ്ധി എന്നൊന്നില്ലെന്ന് 'സച്ചി സഹേലി' പ്രവർത്തകർ

ആർത്തവമുള്ള 28 സ്ത്രീകൾ പാചകം ചെയ്തത് പരസ്യമായി; ആർത്തവ സദ്യ കഴിക്കാനെത്തിയത് ഡൽഹി ഉപമുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ; ആധുനിക യുഗത്തിൽ ആർത്തവ അശുദ്ധി എന്നൊന്നില്ലെന്ന് 'സച്ചി സഹേലി' പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആർത്തവം പാപവും അശുദ്ധിയുമല്ലെന്ന പ്രഖ്യാപനവുമായി സന്നദ്ധ സംഘടനയായ 'സച്ചി സഹേലി' യുടെ വേറിട്ട പ്രവർത്തനം. ആർത്തവമുള്ള സ്ത്രീകൾ പാചകം ചെയ്താൽ അടുത്ത ജന്മം നായയായി ജനിക്കുമെന്ന സ്വാമി കൃഷ്ണസ്വരൂപ് ദാസിന്റെ വിവാദ പ്രസ്താവനക്കെതിരെ ആർത്തവമുള്ള സ്ത്രീകളെ പങ്കെടുപ്പിച്ച് ഭക്ഷണം പാകം ചെയ്താണ് ആർത്തവ വിരുദ്ധതക്കെതിരായ പ്രചാരണം സംഘടിപ്പിച്ചത്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എഴുത്തുകാരിയായ കമല ഭാസിൻ അടക്കം നിരവധി പേർ പേർ പരിപാടിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എത്തിയിരുന്നു. 'ഈ ആധുനിക യുഗത്തിൽ ആർത്തവത്തിൽ ശുദ്ധി അശുദ്ധി എന്നൊന്നില്ല. സാധാരണമായ ജൈവിക പ്രക്രിയ മാത്രമായി അതിനെ കണ്ടാൽ മതി', സിസോദിയ പറഞ്ഞു.

ഗുജറാത്തിലെ കോളേജ് ഹോസ്റ്റലിൽ ആർത്തവമുണ്ടോ എന്നറിയാൻ പെൺകുട്ടികളുടെ വസ്ത്രം അഴിച്ച് പരിശോധന നടത്തിയിരുന്നു. ആർത്തവമുള്ള പെൺകുട്ടികളുടെ പ്രവേശനം അടുക്കളയിലും കോളേജിനകത്തെ ക്ഷേത്ര പരിസരത്തും അനുവദിച്ചിരുന്നില്ല. ഇത് ഉറപ്പുവരുത്താനാണ് പെൺകുട്ടികളുടെ അടിവസ്ത്രം വരെ അഴിച്ചു പരിശോധന നടത്തിയത്. ആർത്തവമുള്ള സ്ത്രീകൾ പാചകം ചെയ്താൽ അടുത്ത ജന്മത്തിൽ നായയായി ജനിക്കുമെന്ന് ഗുജറാത്തിലെ സ്വാമി നാരായൺ ക്ഷേത്രത്തിലെ പുരോഹിതരിലൊരാളായ കൃഷ്ണസ്വരൂപ് ദാസ് ആർത്തവ പരിശോധനയെ ന്യായീകരിച്ച് പറഞ്ഞിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു ആർത്തവമുള്ള സ്ത്രീകളെ ഉൾക്കൊള്ളിച്ച് സംഘടനയുടെ നേതൃത്വത്തിൽ ഭക്ഷണം പാകം ചെയ്തത്.

കോളേജ് വിദ്യാർത്ഥിനികളുടെ ആർത്തവ പരിശോധന നടന്ന ഗുജറാത്തിലെ വിവാദ ഹോസ്റ്റൽ സ്വാമി കൃഷ്ണസ്വരൂപ് ദാസ് പ്രവർത്തിക്കുന്ന സ്വാമി നാരായൺ ക്ഷേത്ര ട്രസ്റ്റിന്റേതാണ്. ഈ ട്രസ്റ്റിന്റെ കീഴിലുള്ള എസ്.എസ്.ജി.ഐ കോളേജിലെ വനിതാ ഹോസ്റ്റലിലാണ് ആർത്തവ സമയത്ത് മറ്റുള്ളവർക്കൊപ്പം ഭക്ഷണം കഴിക്കാൻ വിദ്യാർത്ഥികൾക്ക് അനുവാദമില്ലാതിരുന്നത്. ചിലർ ഈ നിബന്ധന ലംഘിച്ചുവെന്ന ആരോപണത്തെ തുടർന്നായിരുന്നു 60 വിദ്യാർത്ഥിനികളെ ഹോസ്റ്റലിലെ വനിതാ ജീവനക്കാർ പരിശോധനയ്ക്ക് വിധേയരാക്കിയത്.

ഇത്തരത്തിലുള്ള മനുഷ്യത്വവിരുദ്ധവും സ്ത്രീവിരുദ്ധവുമായ സമീപനങ്ങളോടുള്ള പ്രതിഷേധമായാണ് ആർത്തവ സദ്യ സംഘടിപ്പിച്ചത്. ആർത്തവമുള്ള 28 സ്ത്രീകളാണ് ഭക്ഷണം പാകം ചെയ്തത്. ഞങ്ങൾ ആർത്തവമുള്ള സ്ത്രീകൾ എന്ന ഏപ്രൺ ധരിച്ചാണ് ഇവർ പരിപാടിയിൽ പങ്കെടുത്തത്. ഒരു സ്ത്രീക്ക് ആർത്തവമുണ്ടെന്നതിന്റെ പേരിൽ അവളെ അപമാനിക്കാൻ ആർക്കും അധികാരമില്ലെന്നും. നായയാകുമെന്ന ഭയമില്ലാത്ത അനേകം പേർ എത്തിയെന്നും സച്ചി സഹേലി സംഘടനാ പ്രതിനിധികൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP