Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇവിടെ ഇസ്തിരിയിടുന്നത് കൗമാരക്കാരികളുടെ സ്തനങ്ങൾ! ചുടുകല്ലുകൊണ്ട് അമർത്തിയും, പൊള്ളുന്ന ചട്ടകം കൊണ്ട് തേച്ചെടുത്തും, ചൂടാക്കിയ അമ്മിക്കല്ലുകൊണ്ട് ഉരുട്ടിയുമൊക്കെ മാറിടങ്ങൾ 'പരത്തി'യെടുക്കുന്നു; നടപടി വലിപ്പമുള്ള മുലകൾ ഉള്ള കുട്ടികൾ എളുപ്പത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമെന്ന ഭീതി മൂലം; ഇങ്ങനെ മാറിടം ഛേദിച്ചു കളഞ്ഞ സംഭവങ്ങൾ വരെ നിരവധി; 38 ലക്ഷം ആഫ്രിക്കൻ പെൺകുട്ടികളുടെ ജീവിതം ദുരിതമാക്കിയ ബ്രസ്റ്റ് അയണിങിന്റെ കഥ

ഇവിടെ ഇസ്തിരിയിടുന്നത് കൗമാരക്കാരികളുടെ സ്തനങ്ങൾ! ചുടുകല്ലുകൊണ്ട് അമർത്തിയും, പൊള്ളുന്ന ചട്ടകം കൊണ്ട് തേച്ചെടുത്തും, ചൂടാക്കിയ അമ്മിക്കല്ലുകൊണ്ട് ഉരുട്ടിയുമൊക്കെ മാറിടങ്ങൾ 'പരത്തി'യെടുക്കുന്നു; നടപടി വലിപ്പമുള്ള മുലകൾ ഉള്ള കുട്ടികൾ എളുപ്പത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമെന്ന ഭീതി മൂലം; ഇങ്ങനെ മാറിടം ഛേദിച്ചു കളഞ്ഞ സംഭവങ്ങൾ വരെ നിരവധി; 38 ലക്ഷം ആഫ്രിക്കൻ പെൺകുട്ടികളുടെ ജീവിതം ദുരിതമാക്കിയ ബ്രസ്റ്റ് അയണിങിന്റെ കഥ

എം മാധവദാസ്

ലണ്ടൻ: ഷർട്ടും പാന്റ്‌സുമൊക്കെ ഇസ്തിരിയിടുത്തത് മനസ്സിലാക്കാം. പക്ഷേ ഇവിടെ ഇസ്തിരിയിടുന്നത് കൗമാരക്കാരികളായ പെൺകുട്ടികളുടെ സ്തനങ്ങളാണ്! അത് ചെയ്യുന്നതാവട്ടെ അതിക്രൂരമായും. ചുടുകല്ലുകൊണ്ട് അമർത്തിയും, പൊള്ളുന്ന ചട്ടകം കൊണ്ട് തേച്ചെടുത്തും, ചൂടാക്കിയ അമ്മിക്കല്ലുകൊണ്ട് ഉരുട്ടിയുമൊക്കെ ഇങ്ങനെ മാറിടങ്ങൾ 'പരത്തി'യെടുക്കുന്നത് സ്വന്തം അമ്മമാരോ അടുത്തബന്ധുക്കളോ തന്നെയാണ്. അതാണ് ബ്രസ്റ്റ് അയണിങ്. ജെൻഡർ വയലൻസിന്റെ പേരിൽ ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്ന അഞ്ച് തരം പ്രാകൃത ആചാരങ്ങളിൽ ഒന്ന് എന്ന് യുഎൻ വിശേഷിപ്പിച്ച ദുരചാരം. വലിപ്പമുള്ള മുലകൾ ഉള്ള കുട്ടികൾ എളുപ്പത്തിൽ ബലാൽസംഗം ചെയ്യപ്പെടും, അല്ലെങ്കിൽ അവർ ലൈംഗിക ബന്ധത്തിലേക്ക്  ആകർഷിക്കപ്പെടും എന്ന ഭീതിമൂലമാണത്രേ, ഇങ്ങനെ പ്രാകൃതമായ രീതയിൽ സ്തനങ്ങൾ പരത്തിയെടുക്കുന്നത്.

സ്തനങ്ങൾ ഉയർന്നുതുടങ്ങുന്ന പെൺകുട്ടികളിൽ അവയെ താഴ്‌ത്താനും, വളർച്ചയുടെ തുടക്കത്തിലുള്ളവരുടെ മുരടിപ്പിക്കാനുമാണ് ഈ ക്രൂരമായ അനാചാരം അടിച്ചേൽപ്പിക്കുന്നത്. ലോകത്തിന്റെ വിവിധഭാഗങ്ങളിലായി ഇന്നുവരെ 38 ലക്ഷം ആഫ്രിക്കൻ പെൺകുട്ടികളെങ്കിലും ഈ ദുരാചാരത്തിന്റെ ഇരകളാണ് എന്ന് ഐക്യരാഷ്ട്ര സഭ നടത്തിയ പഠനത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. പടിഞ്ഞാറേ ആഫ്രിക്കയിലെ കാമറൂൺ, ഗിനിയ-ബിസാവു, ഛാഡ്, ടോഗോ, ബെനിൻ തുടങ്ങിയ രാജ്യങ്ങളിലാണ് ഇത് വ്യാപകമായി ഇന്നും നടന്നുവരുന്നത്. കാമറൂണിലെ ജെൻഡർ എംപവർമെന്റ് ആൻഡ് ഡെവലപ്പ്‌മെന്റ് (ഏലഋഉ) എന്ന എൻജിഒ കാമറൂണിൽ നടത്തിയ പഠനം സൂചിപ്പിക്കുന്നത്, 60 ശതമാനം കേസുകളിലും ഈ ക്രൂരത പെൺകുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് അവരുടെ സ്വന്തം അമ്മമാർ തന്നെയാണ് എന്നാണ്.

ലോകവ്യാപകമായി ആഫ്രിക്കൻ വംശജരിൽ കണ്ടുവരുന്ന ഒരു ദുരാചാരം കൂടിയാണിത്. ബ്രിട്ടൻപോലുള്ള ഒരു വികസിത രാജ്യത്തും ഇത് വ്യാപകമാണെന്ന് കഴിഞ്ഞ വർഷം ദി ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ബ്രിട്ടീഷ് സർക്കാർ നടപ്പാക്കിയ ശക്തമായ ബോധവത്്ക്കരണ പരിപാടിയെ തുടർന്ന് ഇവിടെ ബ്രസ്റ്റ് അയണിങ്ങ് ഏതാണ്ട് തടയപ്പെട്ടിരുന്നു. പക്ഷേ ആഫ്രിക്കൻ രാജ്യങ്ങളിൽ ഇന്നും കൗമാരക്കാരികളായ പെൺകുട്ടികളുടെ പേടി സ്വപ്നമാണിത്.

അമ്പരപ്പിക്കുന്ന പീഡനങ്ങൾ

സ്തനങ്ങളിലെ കോശങ്ങളുടെ വളർച്ച മുരടിപ്പിക്കാൻ കരിങ്കല്ല് ചൂടാക്കി മാറിടത്തിൽ മസ്സാജ് ചെയ്യുന്നതാണ് രീതിയാണ്, ഇതിൽ സാധാരണ ഉപയോഗിക്കുന്നത്. സ്തന വളർച്ച ഉണ്ടാകുന്നതിനനുസരിച്ചാണ് എത്ര തവണ വേണമെന്ന് തീരുമാനിക്കുക. ആഴ്ചയിലൊരുക്കിലോ രണ്ടാഴ്ച കൂടുമ്പോഴൊ പെൺകുട്ടികളിൽ ഇത് അടിച്ചേൽപ്പിക്കുകയാണ് പതിവ്. ഇത്തരത്തിൽ ചെയ്യുന്ന പെൺകുട്ടികളിൽ ബ്രസ്റ്റ് ക്യാൻസറും മറ്റ് നിരവധി ഗുരുതര ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ഭാവിയിൽ മുലയൂട്ടാനും വിഷമം നേരിടും.

കൗമാരം എന്നത് ഒരു പെൺകുട്ടി ശാരീരികമായി ഏറ്റവുമധികം മാറ്റങ്ങൾക്ക് വിധേയയാകുന്ന കാലയളവാണ്. ശാരീരികമായി മാത്രമല്ല, മാനസികമായും അവൾ ഏറെ മാറും. കൗമാരത്തിൽ നിന്ന് യൗവ്വനത്തിലേക്കുള്ള വർഷങ്ങളിൽ അവളുടെ ശരീരത്തിൽ ഹോർമോണുകളുടെ തേരോട്ടമായിരിക്കും. ആർത്തവം എന്ന വലിയമാറ്റം സംഭവിക്കുന്നതും ആ കാലയളവിലാണ്. ആ ശാരീരിക മാറ്റത്തിന്റെ കാലത്താണ് ചൂടാക്കിയ കല്ലുകൾ കൊണ്ട് സ്വന്തം അമ്മമാർ തന്നെ ആ കുരുന്നു മാറിടങ്ങളെ ഇസ്തിരി ചെയ്‌തെടുക്കുന്നത്. ഒരു ദിവസമല്ല മാസങ്ങളോളം ആ പീഡനം തുടരും.

മിറാബെൽ എന്ന കൗമാരക്കാരിയുടെ അനുഭവം ഒരു ഡോക്യുമെന്റിയിലൂടെ വെളിപ്പെട്ടതാണ് ബ്രസ്റ്റ് അയണങ്ങിനെതിരായ കാമ്പയിൽ ശക്തമാക്കാൻ ഇടയാക്കിയതി. മാറാബെൽ താമസിക്കുന്നത് നൈജീരിയയിലെ ക്രോസ് റിവർ സ്റ്റേറ്റിലെ ഒഗോജ എന്ന കാമറൂൺ അഭയാർത്ഥിമേഖലയിലാണ്. ആ ക്യാമ്പിനുള്ളിലും അവൾക്ക് ഈ പീഡനങ്ങൾ നിത്യം സഹിക്കേണ്ടി വരുന്നു. ഇവരുടെ അനുഭങ്ങൾ പിന്നീട് ബിബിസിയും വാർത്തയാക്കിയിരുന്നു. അയൽക്കാരിയായ സ്ത്രീ അവളുടെ അമ്മയ്ക്ക് സഹായത്തിനുണ്ട്. അമ്മ അടുപ്പിൽ വെച്ച് ചൂടാക്കിയെടുക്കുന്ന കല്ല് തുണികൊണ്ടു പിടിച്ചെടുത്ത് മിറാ ബെല്ലിന്റെ നെഞ്ചത്തമർത്തുമ്പോൾ അവൾ വേദനകൊണ്ട് പിടഞ്ഞെണീറ്റ് ഓടാതിരിക്കാൻ അവളുടെ കാലുകൾ പിടിച്ചു വെച്ചുകൊടുക്കുന്നത് ആ അയൽക്കാരിയാണ്. 'കരുന്നു മാറിടങ്ങൾ പൊന്തിവന്നു ഭാവിയിൽ അവൾ അവശ്യമില്ലാത്ത പ്രലോഭനങ്ങൾ സൃഷ്ടിച്ച് അപകടങ്ങൾ ക്ഷണിച്ചുവരുത്താതിരിക്കാനുള്ള ഒരു അമ്മയുടെ കരുതലാണത്, അവരുടെ സംസ്‌കാരത്തിൽ. പക്ഷേ, എനിക്കാണെങ്കിൽ നെഞ്ചത്ത് കനൽക്കട്ട വെച്ചമർത്തുന്ന നീറ്റലാണ് തോന്നാറുള്ളത്. മിറാബെൽ പറഞ്ഞു, 'ആദ്യം അമ്മ എന്നോടത് ചെയ്ത അന്നുതൊട്ട് എനിക്ക് എന്നും അത് വേദനമാത്രമാണ് തന്നിട്ടുള്ളത്.'- അവർ പറയുന്നു.

'ഞാൻ എന്റെ മോളെ എത്ര സ്നേഹിക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയില്ല. അവൾ ഇവിടത്തെ ആൺകുട്ടികളുടെ കണ്ണിൽ മുലയും തെറിപ്പിച്ച് നടന്ന് അപകടത്തിൽ ചെന്ന് ചാടരുത് എന്നുമാത്രമേ എനിക്കുള്ളൂ. ഇവിടെ പല പയ്യന്മാർക്കും, ആണുങ്ങൾക്കും, എന്തിന് കിളവന്മാർക്കുവരെ കൊച്ചു പെമ്പിള്ളേരെ കണ്ടാലുള്ള ഇളക്കം എനിക്ക് നേരനുഭവമുള്ളതാണ്.'- അവളുടെ അമ്മ പറഞ്ഞു.

'വണ്ടിനെ ഭയന്ന് പൂവിന്റെ ഇതളുകൾ വെട്ടിയൊതുക്കുന്നു'

ആഫ്രിക്കയിലെ പെൺകുട്ടികൾക്ക് പരമ്പരാഗതമായ സ്തനവളർച്ച കുറച്ച് കൂടുതലാണ്. അതുകൊണ്ടുതന്നെ നൈസർഗികമായ നടക്കുന്ന ഈ വളർച്ചയെ തടയുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഈ ഇസ്തിരിയിടീൽ പെൺകുട്ടികൾക്ക് വല്ലാതെ വേദന പകരുന്ന ഒന്നാണ്. പ്രായപൂർത്തിയാകും മുമ്പുള്ള ലൈംഗികബന്ധങ്ങൾക്ക് തടയിടുക എന്നതാണ് അമ്മമാർ ഈ പ്രവൃത്തിയിലൂടെ നേടാൻ ഉദ്ദേശിക്കുന്ന കാര്യം. വേണ്ടത്ര വീണ്ടുവിചാരമില്ലാത്ത പ്രായത്തിൽ ഇങ്ങനെ ബന്ധങ്ങളിൽ ഏർപ്പെട്ട ഗർഭം ധരിക്കുന്നത് ഒഴിവാക്കാനാണ്, തങ്ങളുടെ സ്വന്തം മക്കളുടെ മനസ്സുകളിൽ ഒരിക്കലും മാറാത്ത മുറിവുകൾ ഉണ്ടാക്കുന്ന, അവരുടെ ശരീരത്തിന്റെ സ്വാഭാവികമായ വളർച്ചയ്ക്ക് മനഃപൂർവ്വമായ തടസ്സം സൃഷ്ടിച്ചുകൊണ്ട് അവരുടെ ശാരീരിക ഭംഗിക്ക് ഉടവുതട്ടിക്കുന്ന ഈ ക്രൂരപീഡനങ്ങൾക്ക് അവരെ വിധേയരാക്കുന്നത്. ആൺകുട്ടികൾ തങ്ങളുടെ പെണ്മക്കളിലേക്ക് ആകൃഷ്ടരാകുന്നത് തടയാൻ അവരുടെ ആകർഷണീയത കുറയ്ക്കുക എന്ന നയമാണ് അവർ സ്വീകരിച്ചു പോരുന്നത്. തേനീച്ചയെയും വണ്ടിനേയും ഭയന്ന് പൂവിന്റെ ഇതളുകൾ വെട്ടിയൊതുക്കുന്ന തരത്തിലുള്ള ഒരു പരിപാടിയാണിതെന്ന് ബിബിസി ലേഖകൻ സാം ക്രിസ്റ്റഫർ എഴുതുന്നു.

തങ്ങളുടെ മക്കൾ രജസ്വലകളാകുന്നതോടനുബന്ധിച്ചാണ് കാമറൂണിലെ അമ്മമാർ കല്ലുകളും ചൂടാക്കി അവരുടെ പിന്നാലെ ഇറങ്ങിപ്പുറപ്പെടുന്നത്. പതിനൊന്നിനും പതിനഞ്ചിനും ഇടയിൽ വയസ്സുള്ള പെൺകുട്ടികളാണ് അവിടെ ഈ ക്രൂരതയ്ക്ക് ഇരയാക്കപ്പെടുന്നത്. ബലാത്സംഗത്തിൽ നിന്നും ലൈംഗിക ചൂഷണത്തിൽ നിന്നുമൊക്കെ സ്വന്തം മകളെ സംരക്ഷിക്കുകയാണ് അവളെ ഇങ്ങനെ ഉപദ്രവിക്കുന്നതിലൂടെ തങ്ങൾ ചെയ്യുന്നത് എന്ന മിഥ്യാധാരണയാണ് കാമറൂണിലെ അമ്മമാരെ ഈ ദുരാചാരത്തിനു പ്രേരിപ്പിക്കുന്നത്. ഇത് ആ പെൺകുട്ടികളിൽ ഏൽപ്പിക്കുന്ന ശാരീരികപീഡയും മാനസികവ്യഥകളും അളവറ്റതാണ്. അത് അവരുടെ മാറിടങ്ങളിൽ മുഴകളും, പൊള്ളലും, അണുബാധയുമുണ്ടാക്കുന്നു. അവരിൽ അടിച്ചേൽപ്പിക്കുന്ന തീർത്തും അനാവശ്യമായ ഈ നടപടിക്ക് കാൻസർ വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

പെൺകുട്ടികളുടെ സ്തനങ്ങൾക്ക് ആകർഷകത്വം കൂടുതലാണ് എന്നാരോപിച്ച് അവ ഛേദിച്ചു കളയുന്ന സംഭവങ്ങൾ വരെ കാമറൂണിൽ സ്ഥിരമായി നടക്കുന്നുണ്ട്. ആശുപത്രികളിൽ പോയി ശസ്ത്രക്രിയ നടത്തി സ്താന വലിപ്പം കുറക്കുന്നുവരു്മുണ്ട്. സ്ത്രീകളുടെ ജനനേന്ദ്രിയങ്ങൾ ഛേദിച്ച് വികൃതമാക്കുന്ന മറ്റൊരു ദുരാചാരവും ആഫ്രിക്കയിൽ വ്യാപകമായി നടന്നുവരുന്നുണ്ട്. ലോകത്തിന്റെ മറ്റുഭാഗങ്ങളിൽ ഉള്ള മനുഷ്യാവകാശസംഘടനകൾ സ്ത്രീകളെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും തുല്യതയോടെ പരിഗണിക്കണം എന്ന ആവശ്യമുന്നയിച്ച് അവരുടെ ഉന്നമനത്തിനും ശാക്തീകരണത്തിനുമായി പ്രവർത്തിക്കുന്നതിനിടയിലും തീർത്തും അവിശ്വസനീയം എന്നുതന്നെ തോന്നിക്കാവുന്ന ഇത്തരത്തിലുള്ള ദുരാചാരങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട് എന്നത് ഏറെ വേദനാജനകമായ ഒരു സത്യമാണ്. അവയ്ക്കെതിരെ അന്താരാഷ്ട്രതലത്തിൽ തന്നെ മനുഷ്യാവകാശ പ്രവർത്തകർ സംഘടിച്ച് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു.

ദുരാചാരം ബ്രിട്ടനിലും

സ്തന വളർച്ച തടയാൻ പെൺകുട്ടികളുടെ മാറിടത്തിൽ ചുട്ടകല്ല് വയ്ക്കുന്ന രീതി ബ്രിട്ടനിലും വർദ്ധിക്കുന്നതായി നേരെത്ത റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആൺകുട്ടികളുടെ അനാവശ്യ നോട്ടങ്ങൾ ഒഴിവാക്കാനാണ് സ്തന വളർച്ച തടയാൻ കുടുംബാംഗങ്ങൾ പ്രാകൃതരീതി ഉപയോഗിക്കുതെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് കഴിഞ്ഞ വർഷം ഗാർഡിയൻ പത്രമാണ് പുറത്തുവിട്ടത്.ബ്രസ്റ്റ് അയേണിങ്ങിന് വിധേയരാകുന്ന പെൺകുട്ടികളെല്ലാം ബ്രിട്ടീഷ് പൗരത്വം ഉള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ലണ്ടനിലെ ക്രൊയ്‌ഡോൺ പട്ടണത്തിൽ മാത്രം 15 മുതൽ 20 വരെ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ലണ്ടൻ, യോർക്ക്‌ഷൈൻ, എസ്സെക്‌സ്, വെസ്റ്റ് മിഡ്‌ലാൻഡ്, എന്നിവിടങ്ങളിൽ ഇത്തരം നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് സന്നദ്ധപ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ ഇതുവരെയും ഇത് സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ലണ്ടൻ പൊലീസ് പറയുന്നത്. യുകെയിൽ മാത്രമായി ഇതുവരെ 1000ത്തോളം പെൺകുട്ടികൾ ബ്രെസ്റ്റ് അയേണിങ്ങിന് വിധേയരായി എന്ന് ചേലാകർമ്മത്തിനെതിരെ പോരാടുന്ന ബ്രിട്ടീഷ് സൊമാലിയൻ സ്വദേശിയായ ലെയ്ല ഹുസ്സൈൻ പറയുന്നു.ുലണ്ടൻ, യോർക്ക്ഷൈർ, എസ്സെക്സ്, വെസ്റ്റ് മിഡ്ലാൻഡ് എന്നിവിടങ്ങളിൽ ഇത്തരം നിരവധി കേസുകൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട് എന്ന് സന്നദ്ധ പ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.ഇതുവരെ ബ്രസ്റ്റ് അയണിങ്ങിനെതിരേ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ലണ്ടൻ പൊലീസ് പറയുന്നത്. പക്ഷേ സർക്കാറും സന്നദ്ധ പ്രവർത്തകരും ഇതുപരിഗണിക്കാൻ കൂട്ടാക്കാതെ ശക്തമായ ബോധവത്ക്കരണത്തിന് ഇറങ്ങുകയായിരുന്നു. അതിന്റെ മാറ്റം ഇപ്പോൾ ബ്രിട്ടനിൽ ഉണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

ബിബസിയും മറ്റും ചെയ്ത നിരവധി ഡോക്യുഫിക്ഷനുകളും ഈ വിഷയത്തിൽ ജനവികാരം പുറത്തെത്തിക്കാൻ സഹായിച്ചു. 'നീ ബ്രസ്റ്റ് അയണിങ് ചെയ്തില്ലെങ്കിൽ പുരുഷന്മാർ നീയുമായി ലൈംഗിക ബന്ധം പുലർത്തുന്നതിന് എത്തും' പത്താം വയസിൽ ബ്രസ്റ്റ് അയണിങ് ചെയ്യുന്നതിന് മുൻപ് കിനയയോട് അമ്മ പറഞ്ഞത് ഇങ്ങനെയാണ്. അസഹ്യമായ വേദനയുണ്ടാകുന്ന ഈ പ്രവർത്തിക്ക് ഇരയാക്കപ്പെടുമ്പോഴും കരയുന്നതിന് പെൺക്കുട്ടികൾക്ക് അവകാശം ഉണ്ടായിരുന്നില്ല എന്ന് കിനയ ഡോക്യുമെന്ററിയിൽ പറയുന്നു.

പെൺ ചേലാകർമ്മത്തിനെതിരെയും കാമ്പയിൽ

പെൺ ചേലാകർമ്മവും ആഫ്രിക്കയിൽ വ്യാപകമാണെന്ന് റിപ്പോർട്ടുകൾ ഉണ്ട്. വൈദ്യശാസ്ത്രപരമായ കാരണങ്ങൾ കൂടാതെ പൂർണ്ണമായോ, ഭാഗികമായോ സ്ത്രീകളുടെ ബാഹ്യ ലൈംഗികാവയവങ്ങൾ നീക്കം ചെയ്യുന്ന എല്ലാത്തരം പ്രക്രിയകളും സ്ത്രീകളുടെ ചേലാ കർമ്മം എന്നറിയപ്പെടുന്നവെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ചേലാകർമ്മം ചെയ്യുന്നതിലൂടെ പലവിധ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നുണ്ട്. രോഗാണുബാധ, സ്ഥിരമായ വേദന, കുട്ടികളുണ്ടാകാതിരിക്കുക, രക്തസ്രാവം, പ്രസവസമയ ത്തുണ്ടാകുന്ന വേദന എന്നിവ കൂടാതെ ലൈംഗികമായി ബന്ധപ്പെടുമ്പോൾ വേദന, രതിമൂർച്ഛയില്ലായ്മ എന്നിവയും അനുഭവപ്പെടാറുണ്ട്.

ഇറാഖിൽ തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളിലുള്ള നാൽപത് ലക്ഷം സ്ത്രീകളിൽ ഐസിസ് ഭീകരവാദികൾ ചേലാകർമം നിർബന്ധമാക്കുന്നു എന്ന റിപ്പോർട്ടാണ് സ്ത്രീകളിലെ സുന്നത്ത് കല്യാണം അഥവാ ചേലാകർമത്തെ വീണ്ടും വാർത്തകളിൽ എത്തിച്ചത്. പുറത്തുകാണുന്ന സ്ത്രീ ലൈംഗികാവയവങ്ങൾ ഭാഗികമായോ പൂർണമായോ മുറിച്ചുമാറ്റുന്ന പ്രക്രിയയാണ് ഇത്. ഭഗശിശ്നിക, ഗുഹ്യഭാഗത്തെ തൊലി എന്നിവയാണ് മുറിച്ചുകളയുന്നത്.സ്ത്രീകളിലെ ലൈംഗിക വികാരം കുറയ്ക്കാൻ വേണ്ടി എന്നാണ് ഇതിന് കാരണമായി പലപ്പോഴും പറയപ്പെടുന്നത്. സ്ത്രീയുടെ വൃത്തിയില്ലാത്ത ലൈംഗിക അവയവങ്ങൾ ശുചിയാക്കലാണ് ഇതെന്നും പറയപ്പെടുന്നുണ്ട്.

സോമാലിയ, സുഡാൻ, എതോപ്യ, ഈജിപ്ത്, മാലി തുടങ്ങിയ രാജ്യങ്ങളിൽ സ്ത്രീകളിലാണ് പെൺചേലാകർമ്മം ഏറ്റവും കൂടിയ അളവിലുള്ളത്. 13 കോടിയിലധികം സ്ത്രീകൾ സുന്നത്ത് കല്യാണത്തിന് വിധേയയായിട്ടുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. മാസമുറ താളം തെറ്റൽ, അണുബാധ, രക്തസ്രാവം, വൃക്ക തകരാറിലാകൽ, ഗർഭധാരണത്തിലെ പ്രശ്നങ്ങൾ, പ്രസവത്തിൽ പ്രശ്നങ്ങൾ എന്നിങ്ങനെ എണ്ണമറ്റ പ്രത്യാഘാതങ്ങളാണ് സ്ത്രീ ശരീരത്തിൽ സുന്നത്ത് കല്യാണം ഉണ്ടാക്കുന്നത്.

മാസമുറ പോകാനും മൂത്രമൊഴിക്കാനും ചെറിയ ഒരു ദ്വാരം മാത്രം ബാക്കിയാക്കി രണ്ട് വശത്തെ തൊലികൾ തുന്നിക്കെട്ടുന്ന പരിപാടിയും ചിലയിടങ്ങളിൽ സാധാരണമാണ്. കല്യാണം കഴിഞ്ഞ് മാത്രമേ തുന്നിക്കെട്ട് അഴിക്കാവൂ എന്നാണ് അലിഖിത നിയമം. സ്വയം ഭോഗം, വിവാഹത്തിന് മുൻപുള്ള ബന്ധങ്ങൾ തുടങ്ങിയവയിൽ നിന്നും സ്ത്രീകളെ അകറ്റിനിർത്താനാണ് ഇതെന്ന് പറയപ്പെടുന്നു.ആശുപത്രിയിലല്ല, ആയമാരോ പ്രായമായ സ്ത്രീകളോ ആണ് സുന്നത്ത് കല്യാണം നടത്തിക്കൊടുക്കുന്നത്. കത്തി, ബ്ലേഡ്, ഉളി തുടങ്ങിയ സാധനങ്ങൾ ഉപയോഗിച്ചാണ് മുറിച്ചുമാറ്റൽ.

ഇങ്ങനെ അണുബാധമൂലവും നിരവധിപേർ മരിച്ചിട്ടുണ്ട്. പക്ഷേ വ്യാപകമായ ബോധവത്ക്കരണത്തിന്റെ ഭാഗമായി പെൺചേലാകർമ്മം ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ ദാവൂദി ബോറ സമുദായക്കാർക്കിടയിൽ ന്ിൽക്കുന്ന ഈ ദുരാചാരം ഇപ്പോൾ കോടതി കയറിയിട്ടുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP